Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണിക്കു പോയ വീട്ടിലെ ടി.വിയിൽ മകളുടെ മുഖം തെളിഞ്ഞപ്പോൾ ആ അമ്മ പൊട്ടിക്കരഞ്ഞു; ഏഷ്യൻ അത് ലറ്റിക്ക്‌ ചാമ്പ്യൻഷിപ്പിന്റെ 44 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യ കിരീടമണിഞ്ഞപ്പോൾ അമരത്തിരുന്ന പി യു ചിത്രയുടേത് കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെയും വിജയം

പണിക്കു പോയ വീട്ടിലെ ടി.വിയിൽ മകളുടെ മുഖം തെളിഞ്ഞപ്പോൾ ആ അമ്മ പൊട്ടിക്കരഞ്ഞു; ഏഷ്യൻ അത് ലറ്റിക്ക്‌ ചാമ്പ്യൻഷിപ്പിന്റെ 44 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യ കിരീടമണിഞ്ഞപ്പോൾ അമരത്തിരുന്ന പി യു ചിത്രയുടേത് കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെയും വിജയം

തിരുവനന്തപുരം: പണിക്കു പോയ വീട്ടിലെ ടി.വിയിൽ മകളുടെ മുഖം തെളിഞ്ഞപ്പോൾ ആ അമ്മ പൊട്ടിക്കരഞ്ഞു; ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ 44 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യ കിരീടമണിഞ്ഞപ്പോൾ അമരത്തിരുന്ന പി യു ചിത്രയുടേത് കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെയും വിജയം. 

മുണ്ടൂരിൽ നിന്നും ലണ്ടനിലേക്ക് വിമാനം കയറാൻ ഒരുങ്ങുകയാണ് പി യു ചിത്ര എന്ന 22 കാരി. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പ് മീറ്റിൽ വനിതാ വിഭാഗത്തിൽ 1500 മീറ്ററിൽ സ്വർണം നേടി രാജ്യത്തിന് അഭിമാനമായി മാറിയ പി.യു ചിത്ര എന്ന മിടുക്കിയുടെ വിജയം കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ വിജയം കൂടിയാണ്. 

കൃഷിപ്പണി ചെയ്ത് നാല് മക്കളെ വളർത്താൻ നന്നേ പാടുപെട്ട അച്ഛനും അമ്മയ്ക്കും ഓട്ടക്കാരിയായ മകൾ മെഡലുകൾ വാരിക്കൂട്ടുമ്പോൾ സന്തോഷം നൽകിയിരുന്നെങ്കിലും അതിനും അപ്പുറമായിരുന്നു അവളെ കുറിച്ചുള്ള ആശങ്കകൾ. മകൾക്ക് വേണ്ടത് പ്രോത്സാഹനം മാത്രമല്ല മികച്ച പരിശീലനവും നല്ല ഭക്ഷണവും ആണെന്ന തിരിച്ചറിവായിരുന്നു ഈ മാതാപിതാക്കളെ വേദനിപ്പിച്ചത്. പാലും മുട്ടയും പോഷകാഹാരങ്ങളും മകളിലെ കായികതാരത്തെ വളർത്തി എടുക്കാൻ നൽകണമെന്ന് എല്ലാവരും പറയുമ്പോഴും പാവപ്പെട്ടവരായ തങ്ങൾക്ക് അത് എങ്ങിനെ സാധിക്കും എന്നുള്ള വിഷമമായിരുന്നു ഇവരെ അലട്ടിയിരുന്നത്. 

ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻ ഷിപ്പിൽ 44 വർഷത്തെ ചൈനയുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ കിരീടം അണിഞ്ഞപ്പോൾ അതിൽ തന്റെ മകളുടെ പങ്കും ഉണ്ടെന്ന് ചിത്രയുടെ അമ്മ വസന്തകുമാരി അറിയുന്നത് പണിക്കു പോയ വീട്ടിലെ ടിവിയിലൂടെയാണ്. മകളുടെ മുഖം ടിവിയിൽ തെളിഞ്ഞപ്പോൾ ആ അമ്മയുടെ ഉള്ളു പിടഞ്ഞു. ചിരിയിൽ തുളുമ്പേണ്ടേ സമയമാണെങ്കിലും കരച്ചിലാണ് ആ അമ്മക്ക് ആദ്യം വന്നത്. കൂടെ ജോലി ചെയ്യുന്നവർ നല്ലവാക്കു കൊണ്ട് പൊതിഞ്ഞപ്പോളും ചിത്രയുടെ പാവം അമ്മ കരയുകയായിരുന്നു. 

'മകളുടെ വിജയം സന്തോഷം തരുന്നത് തന്നെ', വലിയ സന്തോഷം തോന്നാറുമുണ്ട്. ഓരോ ഓട്ടത്തിനും പോയി സമ്മാനങ്ങളും കൊണ്ടുവരുമ്പോൾ എന്നിക്കാദ്യം കരച്ചിലാണ് വരാറ്. എത്ര ബുദ്ധിമുട്ടീട്ടാ എന്റെ കുട്ടി ഓടണത്. തളർന്ന് പോയിരുന്ന് വെള്ളംകുടിക്കണകാണുമ്പോ കണ്ണ് നിറയും. നല്ല ആഹാരമൊക്കെ കൊടുത്താലേ അവൾക്ക് നന്നായി ഓടാൻ പറ്റൂന്ന് മാഷ് പറയാറ്ണ്ട്...!'ആ അമ്മ കണ്ണുതുടച്ചു പറയുകയാണ്..! 

പഴങ്ങളും മുട്ടയും പോഷകാഹാരങ്ങളുമൊക്കെ കൊടുക്കണമെന്ന് പരിശീലകൻ പറയുമ്പോൾ അച്ഛനമ്മമാർക്ക് കുറ്റബോധമാണ്. രാവിലെ ഒരുഗ്ലാസ് പാൽ മുടക്കാറില്ല. കൂലിപ്പണിചെയ്ത് കുടുംബം പോറ്റുന്നതിനിടെ അന്നത്തെ ജീവിതത്തിനപ്പുറം മറ്റൊന്നുമോർക്കാൻ അവർക്ക് കഴിയില്ല....! 

കൂലിപ്പണിക്കാരായ അച്ഛനമ്മമാർ മകൾക്ക് വേണ്ടതെല്ലാം നൽകാൻ മത്സരിച്ചപ്പോൾ ഒഡീഷയിലെ കലിംഗത്തിൽ ഈ പാലക്കാട്ടുകാരി നടത്തിയത് യഥാർത്ഥത്തിൽ കലിംഗ യുദ്ധം തന്നെയായിരുന്നെന്നു വേണം പറയാൻ. ഒന്നും ഇല്ലായ്മയിൽ നിന്നാണ് പി യു ചിത്ര എന്ന കായികതാരത്തിന്റെ പിറവി. 

സ്‌കൂൾ മീറ്റിൽ തുടങ്ങിയ പടയോട്ടം ജീവിതത്തിലെ പല പ്രതിസന്ധിയിലൂം മറികടന്ന് ജീവിതത്തിന്റെ റൈറ്റ് ട്രാക്കിൽ തന്നെ എത്തിക്കുകയായിരുന്നു ഈ മിടുക്കി. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പ് മീറ്റിൽ വനിതാ വിഭാഗത്തിൽ 1500 മീറ്ററിൽ സ്വർണം നേടിയാണ് ചിത്ര ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം. നാല് മിനറ്റ് 17 സെക്കൻഡ് കൊണ്ടാണ് ഓടി എത്തിയത്.

സ്‌കൂൾ മീറ്റിലൂടെയാണ് പി യു ചിത്ര എന്ന കായികതാരത്തിന്റെ പിറവി. കുട്ടിക്കാലത്ത് തുടങ്ങിയ പടയോട്ടത്തിനിടയിൽ നിരവധി അവാർഡുകളാണ് വാരിക്കൂട്ടിയത്. സംസ്ഥാന, ദേശിയ, അന്തർദേശിയ തലത്തിൽ നിരവധി ഗോൾഡ് മെഡലുകളും ഈ താരം വാരിക്കൂട്ടി. 1500 മീറ്റർ ഓട്ടത്തിൽ ചിത്രയുടെ സ്വർണ മെഡൽ നേട്ടം ഇതാദ്യമായല്ല. കേരള സംസ്ഥാന സ്‌കൂൾ കായിക മേളയിലും ദേശിയ സ്‌കൂൾ കായിക മേളയിലുമായി മുൻപ് ആറ് വട്ടം സ്വർണ മെഡൽ നേടിയിട്ടുണ്ട്. 

സ്‌കൂൾ മീറ്റിലെ മികച്ച പ്രകടനത്തിന് യുപി സർക്കാരും കേരള സർക്കാരും നാനോ കാർ സമ്മാനമായി നൽകിയും ചിത്രയെ ആദരിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ വസന്തകുമാരി ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമത്തെയാളാണ് ചിത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP