Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

കരുത്തിന്റെ രഹസ്യം മരുന്നടിയോ? ഉത്തേജക ഏജൻസിയുടെ റിപ്പോർട്ട് അടുത്ത മാസം 20ന്; കേരളത്തിന്റെ ചില താരങ്ങൾ സംശയത്തിന്റെ നിഴലിൽ; മെഡലുകൾ നഷ്ടമാകും

കരുത്തിന്റെ രഹസ്യം മരുന്നടിയോ? ഉത്തേജക ഏജൻസിയുടെ റിപ്പോർട്ട് അടുത്ത മാസം 20ന്; കേരളത്തിന്റെ ചില താരങ്ങൾ സംശയത്തിന്റെ നിഴലിൽ; മെഡലുകൾ നഷ്ടമാകും

തിരുവനന്തപുരം: ദേശീയഗെയിംസിന് ഇന്നു വൈകിട്ടോടെ കൊടിയിറങ്ങുന്നതു കേരളത്തിനു വലിയ നിരാശയാകും. 14 ദിവസത്തെ കായികമാമാങ്കം പെട്ടെന്നില്ലാതാകുമ്പോൾ കായികപ്രേമികൾക്ക് വിഷമമുണ്ടാകുന്നത് സ്വാഭാവികം. ഇനി ഒരു കായികമേള കേരളത്തിലെത്താൻ 20 വർഷമെങ്കിലും കാത്തിരിക്കേണ്ടിവരും.

എന്നാൽ കേരളീയർക്ക് ഇതിലും വലിയ സങ്കടം വരാനിരിക്കുന്നതേയുള്ളു. ദേശീയ ഗെയിംസിൽ പങ്കെടുത്ത താരങ്ങളുടെ വൈദ്യപരിശോധനാ റിപ്പോർട്ട് നാഡ (നാഷണൽ ആന്റി ഡോപ്പിങ് ഏജൻസി) അടുത്ത മാസം 20 നു പുറത്തുവിടും. ഇതോടെ പല താരങ്ങളുടെയും കരുത്തിന്റെ രഹസ്യം പുറത്താകുമെന്നാണ് അറിയുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 22 താരങ്ങൾ സംശയത്തിന്റെ നിഴലിലാണ്. ഇതിൽ അഞ്ചോളം പേർ കേരളത്തിന്റെ താരങ്ങളാണെന്നാണു സൂചന. മുമ്പു മരുന്നടിക്കു പിടിയിലായവരും പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവച്ചവരുമാണ് നിരീക്ഷണത്തിലുള്ളത്. മരുന്നടി പിടിച്ചാൽ നേടിയ മെഡലുകൾ തിരിച്ചുപിടിക്കുകയും തൊട്ടുപിന്നിലെത്തിയ താരങ്ങളെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യും. മാത്രമല്ല, ഒന്നു മുതൽ അഞ്ചുവരെ വർഷമോ, ആജീവനാന്തമോ വിലക്കു ലഭിക്കാനും സാധ്യതയുണ്ട്.

മഹാരാഷ്ട്രയുടെ വേഗം കൂടിയ ഓട്ടക്കാരൻ ധരംബീർ നൂറു മീറ്റർ ഓട്ടമത്സരശേഷം ഡോപ്പിങ് പരിശോധനയ്ക്ക് വിധേയനാകാതിരുന്നത് സംശയം ജനിപ്പിച്ചിരുന്നു. പക്ഷേ ഇദ്ദേഹം അടുത്ത ദിവസം രാവിലെ പരിശോധനയ്ക്കു വിധേയനായി. ഒരുതവണ മരുന്നടിച്ച് പിടിക്കപ്പെട്ടിട്ടുള്ള താരമാണ് ധരംബീർ. മത്സരം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ പരിശോധനയ്ക്ക് വിധേയനാകണം എന്നാണു നിയമം.

താരങ്ങളിൽനിന്നു ശേഖരിച്ച രക്തം, മൂത്രം എന്നിവയുടെ സാമ്പിളുകൾ ഡൽഹിയിലെ ദേശീയ ഡോപ് ടെസ്റ്റിങ് ലബോറട്ടറിയിലേക്ക് തിങ്കളാഴ്ച എത്തിക്കും. അടുത്ത മാസം ഇരുപതിനോ അതിനു മുമ്പോ ഫലം വെളിപ്പെടുത്താനാകുമെന്നാണ് നാഡ അധികൃതർ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്.

കേരളത്തിന്റെ മുതിർന്ന ചില അത്‌ലറ്റുകളാണ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. ഇവരിൽ ചിലർ മുമ്പു പിടിക്കപ്പെട്ടിട്ടുള്ളവരാണ്. കേരളത്തിന്റെ മുതിർന്ന താരങ്ങളെ ട്രയൽ ടെസ്റ്റിന് വിധേയരാക്കാതെ സർക്കാരിന്റെ പ്രത്യേക താൽപര്യപ്രകാരം ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇവരിൽ പലരും സ്വർണം നേടി. ചിലർക്ക് കാര്യമായ സംഭാവന ചെയ്യാൻ കഴിഞ്ഞില്ല.

എന്നാൽ 17 മുതൽ 25 വരെ വയസുള്ള താരങ്ങളെ കഠിനപരിശീലനത്തിനും ട്രയൽ പരിശോധനയ്ക്കും ശേഷമാണ് ടീമിലെടുത്തത്. മികച്ച കായികക്ഷമത പ്രകടിപ്പിച്ച ഇവരെ മുന്നേറാൻ അനുവദിക്കാതെ മത്സരത്തിനിടെ മുതിർന്ന താരങ്ങൾ തടസപ്പെടുത്തിയത് വിവാദമായിരുന്നു. തുടർന്ന് അണിയറയിൽ നടന്ന സംഘർഷങ്ങൾ ടീം അധികൃതർ ഇടപെട്ട് ഒതുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP