Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അന്ന് ലാലിസമെങ്കിൽ ഇന്ന് തിരുവഞ്ചൂരിസം; സമാപന ചടങ്ങിൽ ടീം ലീഡറെ കണ്ടില്ല; രണ്ട് മന്ത്രിമാരെ വേദിയുടെ മുൻനിരയിൽ ഇരുത്താത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കുടുംബത്തിനൊപ്പം മുൻനിരയിൽ ഇരിക്കില്ലെന്ന് പറഞ്ഞ് തിരുവഞ്ചൂർ പിൻവാങ്ങി

അന്ന് ലാലിസമെങ്കിൽ ഇന്ന് തിരുവഞ്ചൂരിസം; സമാപന ചടങ്ങിൽ ടീം ലീഡറെ കണ്ടില്ല; രണ്ട് മന്ത്രിമാരെ വേദിയുടെ മുൻനിരയിൽ ഇരുത്താത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കുടുംബത്തിനൊപ്പം മുൻനിരയിൽ ഇരിക്കില്ലെന്ന് പറഞ്ഞ് തിരുവഞ്ചൂർ പിൻവാങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലെ മുഖ്യ വില്ലനായി ആതിഥേയൻ തന്നെ മാറി. സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന ചടങ്ങ് ബഹിഷ്‌കരിച്ചു. സമാപന വേദിയിൽ തിരുവഞ്ചൂരിനായുള്ള കസേര ഒഴിഞ്ഞു കിടക്കുകയാണ്. സംഘാടക സമിതിയോടുള്ള എതിർപ്പ് കാരണം മന്ത്രി എത്തിയില്ലെന്നാണ് സൂചന. മന്ത്രിമാരായ വി എസ് ശിവകുമാറിനും എപി അനിൽകുമാറിനും പ്രധാനവേദിയിൽ കസേര അനുവദിക്കാത്തതാണ് തിരുവഞ്ചൂരിനെ ചൊടിപ്പിച്ചത്. അതുകൊണ്ട് മുഖ്യവേദിയിലെ ഇരിപ്പിടത്തിൽ കായികമന്ത്രി എത്തിയില്ല.

ഉദ്ഘാടന ചടങ്ങിലെ താളപ്പിഴകൾ വിവാദമായതിനാൽ സമാപനചടങ്ങ് കർശന മുന്നൊരുക്കത്തോടെയാണ് സംഘടിപ്പിച്ചത്. എന്നിട്ടും കായികമന്ത്രിയുടെ പരാതി പോലും പരിഹരിക്കപ്പെട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഉദ്ഘാടന ചടങ്ങിൽ അതിഥികൾക്ക് പലർക്കും ഇരിപ്പിടം കിട്ടാത്തതിനാൽ ഓരോരുത്തർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. എന്നിട്ടും മന്ത്രിമാർക്ക് വേണ്ട പരിഗണന നൽകിയില്ല. മുഖ്യമന്ത്രിയുടെ കുടുംബ പോലും പ്രധാനവേദിയിലെത്തി. ഇതാണ് കായിക മന്ത്രിയെ ചൊടിപ്പിച്ചത്. അതുകൊണ്ട് സ്റ്റേഡിയത്തിൽ ഉണ്ടായിട്ടും കായിക മന്ത്രി പ്രധാനവേദിയിൽ എത്തിയില്ല. താഴെയിരുന്നാണ് തിരുവഞ്ചൂർ സമാപന ചടങ്ങ് കണ്ടത്.

ഗെയിംസ് സമാപനത്തിന് ശേഷം ഗെയിംസ് പതാക ഏറ്റുവാങ്ങി അടുത്ത ആതിഥേയ സംസ്ഥാനമായ ഗോവയുടെ പ്രതിനിധികൾക്ക് കൈമാറേണ്ടത് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. എന്നാൽ ഇതിനും കായിക മന്ത്രി എത്തിയില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് അതുകൊണ്ട് പതാക ഏറ്റുവാങ്ങി തിരിച്ചു നൽകിയത്. സമാപന ചടങ്ങിൽ രണ്ട് മന്ത്രിമാർക്ക് ഇരിപ്പിടം നൽകാനാകാത്തതിൽ ദുഃഖമുണ്ടെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. അതുകൊണ്ടാണ് താൻ പിൻനിരയിലേക്ക് മാറിയത്. എന്താണ് സംഭവിച്ചതെന്ന് പിന്നീട് പരിശോധിക്കും. ആരേയും പഴിചാരാനില്ലെന്നും കായിക മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം എംപിക്കും കഴക്കൂട്ടം എംഎൽഎയും മുഖ്യവേദിയിൽ സീറ്റുണ്ടായിരുന്നു. എന്നിട്ടും മന്ത്രിസഭയിലെ സഹപ്രവർത്തകർക്ക് സീറ്റ് ലഭിച്ചില്ല. പ്രധാന വേദിയുടെ താഴെയാണ് ശിവകുമാറിനും എപി അനിൽകുമാറിനും സീറ്റ് ലഭിച്ചത്. എന്നാൽ ധനമന്ത്രി കെഎം മാണിക്ക് പ്രധാനവേദിയിൽ സീറ്റ് നൽകുകയും ചെയ്തു. പ്രോട്ടോകോൾ പ്രകാരം എംഎൽഎയ്ക്ക് മുകളിലാണ് മന്ത്രി. എന്തിന്റെ പേരിലായാലും മന്ത്രിമാരെ ഒഴിവാക്കിയത് ശരിയായില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധിച്ച് തന്നെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രധാന വേദിയിൽ നിന്ന് വിട്ട് നിന്നത്. ഉദ്ഘാടന വേദിയിൽ കായിക വകുപ്പിന് വന്ന വീഴ്ചകൾ ചീഫ് സെക്രട്ടറി ജിജി തോംസൺ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തിരുവഞ്ചൂർ എതിർക്കുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് തിരുവഞ്ചൂരിന്റെ വിട്ടു നിൽക്കൽ ശ്രദ്ധേയമാകുന്നത്.

ഉദ്ഘാടന ചടങ്ങിൽ പാസ് നൽകിയതിൽ വലിയ വീഴ്ച വന്നുവെന്നായിരുന്നു ചീഫ് സെക്രട്ടറി പരസ്യമായി പറഞ്ഞത്. പല പ്രമുഖർക്കും പ്രധാനവേദിയിൽ ഇരിപ്പിടം കിട്ടാത്തതിനേയും വിമർശിച്ചു. അതുകൊണ്ട് സമാപന ചടങ്ങുകളിൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടം പ്രത്യേകമായി ഉണ്ടായി. എന്നിട്ടും മന്ത്രസഭയിലെ അംഗങ്ങൾക്ക് പോലും സീറ്റ് ലഭിച്ചില്ലെന്ന വിമർശനമാകും തിരുവഞ്ചൂർ ഉയർത്തുക. കായിക മന്ത്രി പറഞ്ഞിട്ടും മന്ത്രിമാർക്ക് സീറ്റ് നൽകുന്നില്ല. ഈ സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് തന്നെയാണ് തിരുവഞ്ചൂർ സാധാരക്കാരെ പോലെ ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങ് വീക്ഷിച്ചത്.

ഉദ്ഘാടന ദിവസം കാര്യവട്ടത്തെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. എന്നാൽ ലാലിസം അടക്കമുള്ളവ ഉണ്ടാക്കിയ വിവാദങ്ങൾ ജനങ്ങളുടെ താൽപ്പര്യവും കുറച്ചു. തിങ്ങി നിറയാത്ത സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ് നടന്നത്. ഇതിനൊപ്പം കായിക മന്ത്രിയുടെ പ്രതിഷേധം കൂടിയായപ്പോൾ ഉദ്ഘാടനത്തെ പോലെ സമാപനവു്ം വിവാദത്തിലായി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസംഗത്തേയും കൂവലോടെയാണ് കാണികൾ വരവേറ്റത്.

ഗവർണർ ജസ്റ്റിസ് പി.സദാശിവമായിരുന്നു സമാപന ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിൽ ഗെയിംസ് പതാക അടുത്ത ഗെയിംസ് നടക്കുന്ന ഗോവയ്ക്ക് കൈമാറി. ദേശീയ ഗെയിംസ് കിരീടം സർവ്വീസസിനായിരുന്നു. കേരളം ചരിത്രത്തിലെ മികച്ച പ്രകടനവുമായി രണ്ടാമത് എത്തി. ദേശീയ ഗെയിംസിൽ ഒന്നാമത് എത്തിയ സംസ്ഥാനത്തിനുള്ള കിരീടം ക്യാപ്ടൻ പ്രീജാ ശ്രീധരനും മാനേജർ വിൽസൺ ചെറിയാനും ചേർന്ന് ഏറ്റുവാങ്ങി. രാജാ ഭലേന്ദ്ര സിംഗിന്റെ പേരിലെ ദേശീയ ഗെയിംസ് കിരീടം സർവ്വീസസും ഏറ്റുവാങ്ങി.

ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരമായി കേരളത്തിന്റെ സജൻ പ്രകാശിനെ തെരഞ്ഞെടുത്തിരുന്നു. ആറു സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ എട്ടു മെഡലുകളാണുസജൻ നീന്തൽക്കുളത്തിൽനിന്നു വാരിയെടുത്തത്. മഹാരാഷ്ട്രയുടെ ആകാംഷ വോറയായിരുന്നു മികച്ച വനിതാ താരം. ഇവരും അവാർഡുകൾ ഏറ്റുവാങ്ങി. ഒളിമ്പിക്‌സ് മെഡൽ നേടിയ ഏക മലയാളിയായ ഹോക്കി താരം മാനുവൽ ഫെഡ്രിക്‌സിനേയും ആദരിച്ചു.

അതിന് ശേഷം ചടങ്ങുകളിലേക്ക് കടന്നു. നടി ശോഭനയുടെ റിവേഴ്‌സ് ഓഫ് ഇന്ത്യ എന്ന നൃത്തശിൽപമായിരുന്നു ചടങ്ങിലെ മുഖ്യ ആകർഷണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും പരിപാടികൾ അവതരിപ്പിച്ചു. ടി.കെ. രാജീവ് കുമാറാണ് സമാപനചടങ്ങുകളുടെ സംവിധാനം. വെടിക്കെട്ടും ലൈറ്റ് ഷോയും സമാപന ചടങ്ങിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP