Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചുമതല ഏറ്റപ്പോഴേ ജിജി തോംസണ് നാവ് പിഴച്ചു; ഗെയിംസിനെ വിമർശിച്ച ചീഫ് സെക്രട്ടറിയോട് പരസ്യമായി ക്ഷോഭിച്ച് മന്ത്രി തിരുവഞ്ചൂർ; ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി ചെന്നിത്തല

ചുമതല ഏറ്റപ്പോഴേ ജിജി തോംസണ് നാവ് പിഴച്ചു; ഗെയിംസിനെ വിമർശിച്ച ചീഫ് സെക്രട്ടറിയോട് പരസ്യമായി ക്ഷോഭിച്ച് മന്ത്രി തിരുവഞ്ചൂർ; ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി ചെന്നിത്തല

തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടനത്തിൽ ഗുരുതരമായ പിഴവുപറ്റിയെന്ന് ചീഫ് സെക്രട്ടറി ജിജിതോംസണിന്റെ പ്രസ്താവനയിൽ കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് അതൃപ്തി. സർക്കാരിന്റെ അഭിപ്രായം താനാണ് പറയേണ്ടതെന്ന് മന്ത്രി തുറന്നടിച്ചു. ചീഫ് സെക്രട്ടറിയുടെ പരാമർശത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിയെയും അതൃപ്തി അറിയിച്ചു. ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എത്തി.

ചീഫ് സെക്രട്ടറിയായി ജിജി തോംസൺ ചുമതലയേറ്റിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിലെ അനുഭവ സമ്പത്തുമായി ദേശീയ ഗെയിംസിനെ നേരെയാക്കാൻ ജിജി തോംസൺ ഇന്നലെയാണ് ഉന്നതതല യോഗം വിളിച്ചത്. അതിന് ശേഷമാണ് ഗെയിംസിനെ വിമർശിച്ചത്. ഓണാഘോഷം നടത്തുന്നതു പോലെയാണ് ഗെയിംസ് നടത്തുന്നതെന്നായിരുന്നു പരാതി. മാദ്ധ്യമങ്ങളോടും പരസ്യമായി ചിലത് പറഞ്ഞു. ഇതാണ് കായിക മന്ത്രിയെ ക്ഷോഭിപ്പിച്ചത്. ഇക്കാര്യത്തിലുള്ള അസന്തുഷ്ടി മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുമുണ്ട്.

അതിനിടെ ദശീയ ഗെയിംസുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ജിജി തോംസന്റെ നിലപാടിനെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത് എത്തി. ഉദ്ഘാടനച്ചടങ്ങിൽ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ സമാപനച്ചടങ്ങിൽ അതു സംഭവിക്കാതിരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുക മാത്രമാണു ചീഫ് സെക്രട്ടറി ചെയ്തതെന്നാണു മനസ്സിലാകുന്നതെന്നു ചെന്നിത്തല പറഞ്ഞു.

കായിക മേളയുടെ ഉദ്ഘാടനച്ചടങ്ങുകൾ വിവാദത്തിൽ മുങ്ങിയതോടെയാണ് സ്ഥിതി വിലയിരുത്താൻ ചൊവ്വാഴ്ച രാവിലെ ചീഫ് സെക്രട്ടറി ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഗെയിംസ് സംഘാടനത്തിലെ പാളിച്ചകൾ തിരുത്തി മുന്നോട്ടുപോകാനും ബോധപൂർവം പിഴവു വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ചീഫ് സെക്രട്ടറി നിർദേശിച്ചു. അനാവശ്യച്ചെലവ് ഒഴിവാക്കണമായിരുന്നു. ഉദ്ഘാടനത്തിന് ചെലവാക്കിയ തുക വളരെ കൂടുതലാണ്. സമാപനച്ചടങ്ങിൽ പോരായ്മ ഒഴിവാക്കാൻ ആവശ്യമായ നിർദ്ദേശം നൽകും. ചെലവ് നിയന്ത്രിക്കാനും കണക്ക് സുതാര്യമാക്കാനും കായിക മന്ത്രിയുമായി ആലോചിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തുമെന്നും യോഗത്തിനുശേഷം ചീഫ് സെക്രട്ടറി അറിയിച്ചു.

കലാപരിപാടികൾക്ക് റിഹേഴ്‌സൽ ഇല്ലാതിരുന്നതാണ് പോരായ്മയ്ക്കുള്ള പ്രധാന കാരണം. മോഹൻലാൽ പ്രശസ്ത നടനാണ്. കലാപരിപാടികളുമായി ബന്ധപ്പെട്ട പോരായ്മകൾ അദ്ദേഹം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഇനി അത് വിവാദമാക്കേണ്ടതില്ലെന്നും ജിജി തോംസൺ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. കണക്കുകൾ ഹാജരാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ കായികതാരങ്ങളെ ആദരിച്ചില്ല. കായിക ബന്ധമില്ലാത്തവരെ ചടങ്ങിൽ കൊണ്ടുവരേണ്ട ആവശ്യമില്ല. ഓണാഘോഷമല്ല, ദേശീയ ഗെയിംസാണ് നടക്കുന്നതെന്ന ബോധ്യമുണ്ടാകണമെന്നും അദ്ദേഹം യോഗത്തിൽ അഭിപ്രായപ്പെട്ടു. ഉപഹാരസമർപ്പണവും ദീർഘപ്രസംഗങ്ങളും കായിക മേളയിൽ താൻ കണ്ടിട്ടില്ല അദ്ദേഹം പറഞ്ഞു.

ഇതാണ് കായിക മന്ത്രിയെ പ്രകോപിപ്പിച്ചത്. മേളയുടെ ഉദ്ഘാടനത്തിനായി 15 കോടി തീരുമാനിച്ചത് ഗെയിംസ് സെക്രട്ടേറിയറ്റല്ല സർക്കാരാണെന്ന് വ്യക്തമാക്കി ഗെയിംസ് സിഇഒ. ജേക്കബ്ബ് പുന്നൂസും പറഞ്ഞതും മന്ത്രിയെ ചൊടിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിലെ പിഴവിന്റെയും ധൂർത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് മന്ത്രി തിരുവഞ്ചൂർ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ അഭിപ്രായങ്ങൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്നു പറഞ്ഞ മന്ത്രി, ഗെയിംസുമായി ബന്ധപ്പെട്ട മുഴുവൻ കണക്കും സർക്കാർ സംവിധാനം ഉപയോഗിച്ച് ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

സമാപന സമ്മേളനത്തിന്റെ ചെലവു കുറച്ച് വർണാഭമാക്കാൻ ശ്രമിക്കും. സമാപനത്തിന് സച്ചിൻ ടെൻഡുൽക്കർ എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP