Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ പറഞ്ഞിട്ടും ഇരട്ടി സമയം എടുത്തിട്ടും ഓഡിറ്റ് പൂർത്തിയായില്ല; ദേശീയ ഗെയിംസിൽ സർവ്വത്ര അഴിമതിയെന്ന് ഇടക്കാല റിപ്പോർട്ട്; പ്രധാന ഇടപാടുകൾ പരിശോധിക്കാൻ സൗകര്യമില്ലെന്ന് പരാതി

സർക്കാർ പറഞ്ഞിട്ടും ഇരട്ടി സമയം എടുത്തിട്ടും ഓഡിറ്റ് പൂർത്തിയായില്ല; ദേശീയ ഗെയിംസിൽ സർവ്വത്ര അഴിമതിയെന്ന് ഇടക്കാല റിപ്പോർട്ട്; പ്രധാന ഇടപാടുകൾ പരിശോധിക്കാൻ സൗകര്യമില്ലെന്ന് പരാതി

തിരുവനന്തപുരം: നാൽപ്പത്തിയഞ്ച് ദിവസത്തിനകം ദേശീയ ഗെയിംസിന്റെ ഓഡിറ്റിങ് പൂർത്തിയാക്കാനായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ മാസങ്ങളായിട്ടും ഇടക്കാല റിപ്പോർട്ട് മാത്രമേ തയ്യാറായിട്ടുള്ളൂ. ഒരുക്കങ്ങൾ വൈകിയത് ദേശീയ ഗെയിംസിന്റെ ചെലവ് വർധിപ്പിച്ചതായാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തൽ. തയ്യാറെടുപ്പുകളിലുണ്ടായ പാളിച്ചയും ഗെയിംസിനെ ബാധിച്ചതായി ഇടക്കാല പരിശോധനാ റിപ്പോർട്ടിൽ ഉണ്ട്. 45 ദിവസത്തിനകം പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന പരിശോധന 90 ദിവസമായപ്പോഴാണ് ഭാഗികമായെങ്കിലും പൂർത്തിയായത്.

സംസ്ഥാനസർക്കാരിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വകുപ്പ് നടത്തിയ ഓഡിറ്റിന്റെ റിപ്പോർട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കു സമർപ്പിച്ചു. എന്നാൽ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോർട്ട് പൂർണമല്ല. 625 കോടി ചെലവുവന്ന ഗെയിംസിൽ 425 കോടിയുടെ കണക്കുകൾ മാത്രമാണ് പരിശോധിച്ചത്. വിശദമായ പരിശോധന വേണമെന്ന് റിപ്പോർട്ടിൽ ശുപാർശചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് ധനകാര്യവകുപ്പിന്റെ സുക്ഷ്മ പരിശോധനയ്ക്കു ശേഷമാകും സർക്കാരിനു സമർപ്പിക്കുക.

രണ്ടു ഘട്ടമായിട്ടായിരുന്നു പരിശോധന. ഗെയിംസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഇടതുസർക്കാരിന്റെ കാലത്തെ കണക്കുകളാണ് പരിശോധിച്ചത്. അത് പൂർത്തിയായതിന് ശേഷം രണ്ടാംഘട്ടമായിട്ടാണ് ഈ സർക്കാരിന്റെ കാലത്ത് നടന്ന ഇടപാടുകൾ പരിശോധിച്ചത്. ഓഡിറ്റ് വകുപ്പിന്റെ പരിശോധന കഴിഞ്ഞെങ്കിലും ഇനി എ.ജിയുടെ ഓഡിറ്റിങ് ഉടൻ ആരംഭിക്കും.

ഗെയിംസ് നടത്തിപ്പിൽ സർക്കാരിനു വീഴ്ചയുണ്ടായിട്ടുണ്ടെന്നു റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണു സൂചന. സാമഗ്രികൾ വിലകൊടുത്തു വാങ്ങുന്നതിന് പകരം വാടകയ്ക്ക് എടുത്തത് അധികച്ചെലവിന് ഇടയാക്കിയിട്ടുണ്ട്. പലകാര്യങ്ങളിലുമുണ്ടായ കാലതാമസവും ചെലവ് അധികരിക്കാൻ കാരണമായതായി റിപ്പോർട്ട് പറയുന്നു. എന്നാൽ രാജ്യാന്തര സംവിധാനങ്ങളുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഓഡിറ്റ് സംഘത്തിന് പരിശോധിക്കാൻ കഴിഞ്ഞിട്ടുമില്ല. ആഗോള ടെൻഡർ വിളിച്ച് വാങ്ങിയ സാധനങ്ങളെക്കുറിച്ച് പരിശോധിക്കാനുള്ള സംവിധാനം ഓഡിറ്റിനുണ്ടായിരുന്നില്ല. ഇത് അന്വേഷണത്തിലെ കുറവായി റിപ്പോർട്ടിൽ പരമാർശിക്കപ്പെട്ടിട്ടുണ്ട്.

ഗ്ലോബൽ റേറ്റുകൾ സംസ്ഥാനത്തിനോ രാജ്യത്തിനോ പോലും നിശ്ചയിക്കാൻ കഴിയുന്നതല്ലെന്നും റിപ്പോർട്ടിലുണ്ട്. രാജ്യാന്തര നിരക്കുകളാണ് പലതിനും ബാധകമാകുക. അതുകൊണ്ടുതന്നെ വ്യക്തമായ പരിശോധനയ്ക്ക് വിധേയമാക്കാനാവില്ല. അതുപോലെ നിരക്കുകൾ നിശ്ചയിച്ചിട്ടില്ലാത്ത സേവനം, സാധനങ്ങൾ എന്നിവയുടെ പരിശോധനയും വേണ്ടരീതിയിൽ നടത്താനായിട്ടില്ല. കണക്കുകൾ മുഴുവൻ ലഭിക്കാത്തതും ഓഡിറ്റ് പൂർണമാക്കുന്നതിനു തടസമായിട്ടുണ്ട്. ആ സാഹചര്യത്തിൽ 2013 മുതൽ 15 വരെയുള്ള ഇന്റേണൽ ഓഡിറ്റ് കഴിഞ്ഞശേഷം വിശദപരിശോധന നടത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലുള്ള 17 അംഗ സംഘമാണ് ഓഡിറ്റ് നടത്തിയത്.

ഗെയിംസിൽ അഴിമതി നടന്നെന്ന ആരോപണങ്ങളെത്തുടർന്ന് കണക്കുകൾ പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനെ കഴിഞ്ഞ ഫെബ്രുവരി 18നാണ് സർക്കാർ ചുമതലപ്പെടുത്തിയത്. പരിശോധന നീണ്ടപ്പോൾ ഈ മാസം 31 വരെ സമയം നീട്ടിചോദിച്ചു.അതിന്റെ അടിസ്ഥാനത്തിൽ മെയ്‌ 31 വരെ സമയം ദീർഘിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം റിപ്പോർട്ട് നൽകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP