Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാലിസത്തിന്റെ പണം തിരിച്ച് കൊടുക്കുന്നത് വിജിലൻസ് കേസ് ഭയന്ന്; ഗെയിംസ് കഴിഞ്ഞാൽ ഉടനെ അന്വേഷണം പ്രഖ്യാപിച്ചേക്കും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്താൻ ബിജെപിയും; പണം തിരികെ വാങ്ങണോ എന്ന് നാളെ തീരുമാനിക്കുമെന്ന് തിരുവഞ്ചൂർ

ലാലിസത്തിന്റെ പണം തിരിച്ച് കൊടുക്കുന്നത് വിജിലൻസ് കേസ് ഭയന്ന്; ഗെയിംസ് കഴിഞ്ഞാൽ ഉടനെ അന്വേഷണം പ്രഖ്യാപിച്ചേക്കും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്താൻ ബിജെപിയും; പണം തിരികെ വാങ്ങണോ എന്ന് നാളെ തീരുമാനിക്കുമെന്ന് തിരുവഞ്ചൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാലിസത്തിനായ ഒന്നും കൈപ്പറ്റിയില്ലെന്ന് മോഹൻലാൽ പറയുമ്പോഴും സാമ്പത്തിക ഇടപാട് നടന്നത് നടന്റെ അക്കൗണ്ടിലൂടെയാണെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് ലാലിസത്തിന്റെ പേരിൽ കിട്ടിയ 1,63,77,600 കോടി രൂപ തിരിച്ചു കൊടുക്കാൻ മോഹൻലാൽ തീരുമാനിച്ചത്. ദേശീയ ഗെയിംസിന് എതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമെന്നത് ഉറപ്പാണ്. കോൺഗ്രസ് എംഎൽഎമാരായ കെമുരളീധരനും പാലോട് രവിയുമൊക്കെ അഴിമതി ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാകും. വിജിലൻസ് പരിശോധനയ്ക്കാകും സാധ്യത. ഇത്തരം നിയമപ്രശ്‌നങ്ങളിലേക്ക് വീഴാതിരിക്കാനാണ് ലാൽ പണം തിരിച്ചു നൽകാൻ തീരുമാനിച്ചതെന്നാണ് സൂചന.

അതേസമയം മോഹൻലാലിൽ നിന്നും പണം തിരികെ വാങ്ങുന്ന കാര്യത്തിൽ നാളെ തീരുമാനം കൈക്കൊള്ളുമെന്ന് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ലാലിസം പരിപാടിക്ക് വാങ്ങിയ മുഴുവൻ പണവും തിരികെ നൽകാമെന്ന് മോഹൻലാൽ അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ നാളെ മാത്രമെ തീരുമാനം എടുക്കുകയുള്ളൂവെന്ന് തിരുവഞ്ചൂർ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയ ശേഷം നാളത്തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്നാണ് സർക്കാർ ചീഫ് വിപ്പ് പി.സി.ജോർജ് ആവശ്യപ്പെട്ടുന്നത്. ഇതു തന്നെയാണ് ബിജെപി നേതൃത്വവും ആഗ്രഹിക്കുന്നത്. കേരളത്തിൽ വേരുറപ്പിക്കാൻ യുഡിഎഫ് സർക്കാരിനെ അഴിമതിക്കേസിൽ മുക്കാനുള്ള സാധ്യതയാണ് ബിജെപി തേടുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര ധനകാര്യ എൻഫോഴ്‌സുമെന്റും പ്രശ്‌നം അന്വേഷിക്കും. അതിന് ശേഷം സിബിഐയിലേക്ക് കാര്യങ്ങൾ എത്തിക്കും.

ഈ ഘട്ടത്തിൽ ലാൽ കേസിൽ കുടുങ്ങരുതെന്ന് ബിജെപിയും ആഗ്രഹിക്കുന്നു. നടന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർ ബിജെപി നേതാക്കളുമായി വ്യക്തി ബന്ധം പുലർത്തുന്നവരാണ്. സിബിഐ അന്വേഷണത്തിന്റെ സാധ്യതകൾ ഈ സുഹൃത്തുക്കളും ലാലിനോട് വിശദീകരിച്ചു. ഏതായാലും വിജിലൻസ് അന്വേഷണം ഉറപ്പാണെന്നും ്അതിനെ മറികടക്കാനുള്ള ബുദ്ധിപരമായ നീക്കം വേണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് പണം മടക്കി നൽകാമെന്ന് വ്യക്തമാക്കി കത്ത് നൽകിയത്.

കലാപരമായി ലാലിസത്തെ മികച്ചതാക്കാനാണ് ശ്രമിച്ചത്. അതിനായുള്ള പ്രവർത്തനങ്ങൾക്കാണ് തുക നൽകിയത്. അല്ലാതെ സർക്കാർ ഖജനാവിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചില്ലെന്ന് വ്യക്തമാക്കാൻ പണം തിരിച്ചു നൽകുന്നതിലൂടെ സാധിക്കും. അല്ലാത്ത പക്ഷം ലാലിസത്തിന്റെ കണക്കുകൾ വിജിലൻസ് പിരശോധിക്കുമ്പോൾ കണക്കിലെ പൊരുത്തക്കേട് ലാലിന് വിയാകും. ഷോയ്ക്ക് എത്തിയ താരങ്ങളുടെ താമസവും മറ്റ് സാങ്കേതിക ചെലവുകളും സംഘാടക സമിതിയാണ് നൽകിയത്. അതിനാൽ ലാലിസം പോലൊരു സാധാരണ ഗാനമേള പരിപാടിക്ക് പ്രതിഫലമായി 1,63,77,600 കോടി വാങ്ങിയതിലെ പൊരുത്തക്കേടുകൾ പുറത്തുവരും. ഒരു പക്ഷേ വിജിലൻസ് കേസിൽ ലാൽ പ്രതിയുമാകും. ഇതെല്ലാം മുന്നിൽ കണ്ടാണ് സൂപ്പർ താരം തുക തിരികെ നൽകിയത്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് ലാലിസം അവതരിപ്പിച്ചത് സംബന്ധിച്ച് വൻ വിവാദമുയർന്നിരുന്നു. ഇതേതുടർന്ന് ലാലിസത്തിനായി വാങ്ങിയ മുഴുവൻ പണവും സർക്കാരിലേക്ക് തിരിച്ചുനൽകുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഏറ്റവും നല്ല ഉദ്ദേശ്യത്തോടെ ചെയ്!ത കർമ്മത്തെ വളരെ നിസ്സാരമായി, നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത് അഗാധമായി വ്യസനിപ്പിച്ചുവെന്ന് വ്യക്തമാക്കിയാണ് പണം തിരിച്ചുകൊടുക്കുമെന്ന് മോഹൻലാൽ സർക്കാരിനെ അറിയിച്ചത്. ഇതോടെ പ്രതിപക്ഷവും ലാലിനെ പിന്തുണച്ച് രംഗത്ത് എത്തി. എന്നാൽ അതിന് മുമ്പേ പ്രതിപക്ഷ എംഎൽഎയായ വി ശിവൻകുട്ടി ലാലിസത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഇതിനൊപ്പം സാമൂഹിക സംഘടനകൾ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് കൂടിയാണ് പണം തിരിച്ചു നൽകി സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയില്ലെന്ന് തെളിയിക്കാൻ ലാൽ നീക്കം തുടങ്ങിയത്.

പക്ഷേ ദേശീയ ഗെയിംസിന്റെ അഴിമതിയെ കുറിച്ച് മൊത്തത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടതെങ്കിലും ഇതിന്റെ ഭാഗമായ ചെലവുകൾ കാണിക്കുമ്പോൾ മോഹൻലാലിനെതിരെയും അന്വേഷണം വരുമെന്ന കാര്യം ഉറപ്പാണ്. മൊഴി നൽകാനെങ്കിലും എത്തേണ്ടി വരും. ഈ സമയം പണം തിരികെ നൽകിയത് ലാലിന് ഉയർത്താം. പരിപാടി പൊളിഞ്ഞതിലെ സാങ്കേതികത്വവും വിശദീകരിക്കാം. കലയ്ക്ക് വിലയിടുന്നതിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടും. അങ്ങനെ കേസിൽ പ്രതിസ്ഥാനത്ത് എത്താതെ രക്ഷപ്പെടുകയും ചെയ്യാം. ലാലിസത്തെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള ഈ നീക്കം ഫലിക്കുമെന്നതാണ് സൂചന. കാരണം പണം തട്ടിയെടുക്കാൻ വേണ്ടി ലാൽ ശ്രമിച്ചുവെന്ന ആരോപണം പ്രഥമ ദൃഷ്ട്യാ പോലും ആരും അംഗീകരിക്കില്ല.

ഗെയിംസ് ഉദ്ഘാടനത്തിന് 15.5 കോടി രൂപ ചെലവിട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് ശിവൻകുട്ടിയുടെ ആവശ്യം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിന് സാങ്കേതിക ആവശ്യത്തിന് ഉപകരണങ്ങൾ വാടകയ്ക്ക് എടുത്തതിന് 9.37കോടി രൂപയാണ് ചെലവിട്ടത്. ഇത്രയും ഉപകരണങ്ങൾ വാങ്ങിയിരുന്നെങ്കിൽപോലും ഇത്രയും തുക ചെലാവാക്കേണ്ടിവരില്ലായിരുന്നുവെന്ന് ശിവൻകുട്ടി ആരോപിച്ചു. ലൈറ്റ് അറേഞ്ച്‌മെന്റിനുവേണ്ടിയുള്ള ഉപകരണങ്ങൾക്ക് 2.65 കോടി രൂപയാണ് നൽകിയിരിക്കുന്നത്. എൽ.ഇ.ഡി വാൾ ഡിസ്പ്‌ളേയ്ക്ക് 2.67 കോടി രൂപ. വീഡിയോ ടീമിന് 48 ലക്ഷം തുടങ്ങി എല്ലാത്തിന് ലക്ഷങ്ങളും കോടികളുമാണ് ചെലവിട്ടിരിക്കുന്നത്. ഇതെല്ലാം സംഘാടക സമിതിയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ലാലിനെ കുടുക്കാനും കഴിയില്ലെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP