Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദേശീയ ഗെയിംസിൽ മാവോയിസ്റ്റുകൾ നുഴഞ്ഞുകയറും; സുരക്ഷ കർശനമാക്കാൻ പ്രത്യേക പൊലീസ് സ്‌ക്വാഡ്; തിരുവനന്തപുരത്ത് ലോഡ്ജുകളിൽ കർശന പരിശോധന; അന്യസംസ്ഥാന തൊഴിലാളികളേയും നിരീക്ഷിക്കും

ദേശീയ ഗെയിംസിൽ മാവോയിസ്റ്റുകൾ നുഴഞ്ഞുകയറും; സുരക്ഷ കർശനമാക്കാൻ പ്രത്യേക പൊലീസ് സ്‌ക്വാഡ്; തിരുവനന്തപുരത്ത് ലോഡ്ജുകളിൽ കർശന പരിശോധന; അന്യസംസ്ഥാന തൊഴിലാളികളേയും നിരീക്ഷിക്കും

തൃശൂർ: ദേശീയ ഗെയിംസിനിടെ മാവോയിസ്റ്റുകളിൽ നിന്ന് ആക്രമണമുണ്ടാകാതെ നോക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവികളാണ് നേതൃത്വം നൽകുന്നത്. അതിനിടെ ഗെയിംസിന്റെ പ്രധാന വേദിയായ തിരുവനന്തപുരത്ത് മാവോയിസ്റ്റ് ആക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോഡ്ജുകളും അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളും കോളനികളും പൊലീസ് നിരീക്ഷണത്തിലാക്കി.

അഗളിയിലും പാലക്കാട്ടും വയനാടും കണ്ണൂരിലും ആക്രമണ പരമ്പരകൾ ഉണ്ടായതാണ് ദേശീയ ഗെയിംസിനോടനുബന്ധിച്ച് പുതിയ ടീമിനെ സജ്ജമാക്കാൻ കാരണം. മാവോയിസ്റ്റുകളെ നേരിടാൻ നിലവിൽ തണ്ടർബോൾട്ടും കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡുമുണ്ട്. ഇതിന് പുറമേയാണ് പുതിയ സ്‌ക്വാഡ്. തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കും. പ്രധാന വേദികളിൽ എല്ലാം അത്യാധുനിക സുരക്ഷയും ഒരുക്കും.

ഗെയിംസിനോട് അനുബന്ധിച്ച് തൃശൂരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യം ഇവിടെ സജീവമാണെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് ഇത്. കൂടുതൽ നിരീക്ഷണം തൃശൂരിലും നടക്കും. നഗരങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് പുതിയ സ്‌ക്വാഡ് കൂടുതൽ ശ്രദ്ധ നൽകുന്നത്. രണ്ട് സീനിയർ സിവിൽ പൊലീസുകാരും രണ്ട് എഎസ്ഐമാരും ഉൾപ്പെടെ 16 പേരാണ് സ്‌ക്വാഡിലുണ്ടാവുക. റൂറൽ ജില്ലകളിൽ അഞ്ചംഗ സ്‌ക്വാഡ് പ്രവർത്തിക്കും.

മറ്റ് ജില്ലകളിൽ അവിടത്തെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ പേരെ സ്‌ക്വാഡിലുൾപ്പെടുത്തും. എ.ആർ ക്യാമ്പിൽ നിന്നുള്ള യുവാക്കളെയാണ് സ്‌ക്വാഡിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെയോ ജില്ലാ പൊലീസ് മേധാവിയുടെയോ ഓഫീസിനോട് ചേർന്നാണ് സ്‌ക്വാഡ് പ്രവർത്തിക്കുക. പ്രത്യേക വാഹനം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് അത്യാധുനിക ആയുധങ്ങൾ നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തിരക്കിട്ടായിരുന്നു ഈ സ്‌ക്വാഡ് രൂപീകരണ പ്രഖ്യാപനവും രൂപീകരണവും.

ദേശീയ ഗെയിംസ് നടക്കുമ്പോൾ തലസ്ഥാനത്ത് സെക്രട്ടേറിയറ്റ്, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, മുക്കുന്നിമലയിലെ ക്വാറിയുടമകൾ, റിസർവ്വ് ബാങ്ക് എന്നിവിടങ്ങളിൽ മാവോയിസ്റ്റ് ആക്രമണ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കോട്ടൂരിലെ ആദിവാസി കോളനികൾ, കൊല്ലം അതിർത്തിയിലെ കോളനികൾ എന്നിവിടങ്ങളിൽ ഷാഡോ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ലോഡ്ജുകളിലും ഇടത്തരം, ചെറുകിട ഹോട്ടലുകളിലും മുറികളെടുക്കുന്നവർ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ പൊലീസിന് കൈമാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ആക്രമണ സാധ്യത കണക്കിലെടുത്ത് റിസർവ്വ് ബാങ്കിലെ സുരക്ഷാ സംവിധാനം ശക്തമാക്കി. സായുധ പൊലീസ് ബറ്റാലിയൻ ടീമിനെ അധികമായിവിന്യസിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സുരക്ഷാ അംഗങ്ങളുടെ എണ്ണം കൂട്ടി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ സ്ഥാപനത്തിനകത്തും പുറത്തും സി സി ടി വി ക്യാമറ സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പ്രധാന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി വിഭാഗത്തിന് പൊലീസ് ബീറ്റുമായി ബന്ധപ്പെടാനുള്ള സംവിധാനം ഏർപ്പെടുത്തി.

സംശയകരമായി തോന്നുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിശദ വിവരങ്ങൾ അവരുടെ നാട്ടിലെ പൊലീസുമായി ബന്ധപ്പെട്ട് അറിയാനും സംവിധാനം ഏർപ്പെടുത്തും. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്ന കരാറുകാരോട് കൃത്യമായ വിവരങ്ങൾ പൊലീസിന് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP