Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോഹൻലാലിന്റെ യുടേണിൽ സർക്കാർ വീണ്ടും കുടുങ്ങി; പണം തിരികെ വാങ്ങരുതെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ; നടന്റെ മാന്യതക്ക് സോഷ്യൽ മീഡിയയുടെ കൈയടി; ബാർ കോഴപണം മന്ത്രിമാർ തിരികെ നൽകുമോയെന്ന് ചോദ്യം

മോഹൻലാലിന്റെ യുടേണിൽ സർക്കാർ വീണ്ടും കുടുങ്ങി; പണം തിരികെ വാങ്ങരുതെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ; നടന്റെ മാന്യതക്ക് സോഷ്യൽ മീഡിയയുടെ കൈയടി; ബാർ കോഴപണം മന്ത്രിമാർ തിരികെ നൽകുമോയെന്ന് ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ മോഹൻലാൽ അവതരിപ്പിച്ച ലാലിസം പരിപാടിയുടെ നിലവാരത്തകർച്ചയെ തുടർന്ന് നടൻ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയത് സോഷ്യൽ മീഡിയയിലൂടെയായിരുന്നു. രണ്ട് കോടിയോളം രൂപ ലാലിസത്തിന്റെ പ്രതിഫലമായി മോഹൻലാൽ വാങ്ങിയെന്ന വാർത്ത പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. മറുനാടന്റെ വാർത്ത പിന്നീട് മുഖ്യധാരാ മാദ്ധ്യമങ്ങൾ അടക്കം ഏറ്റെടുക്കുകയും ചെയ്തു. ഇതിന് ശേഷം പരിപാടി മോശമാണെന്ന് അഭിപ്രായം ഉയർന്നതോടെ മോഹൻലാൽ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഹാഷ് ടാഗുകളിലൂടെയായിരുന്നു പ്രതിഷേധം ഉയർന്നത്. #lalismgivebackour2crore എന്ന പേരിൽ തുടങ്ങിയ ഹാഷ് ടാഗ് പ്രചരണത്തിന്റെ വിജയം കൂടിയായിരുന്നു പണം തിരികെ നൽകുമെന്ന മോഹൻലാലിന്റെ തീരുമാനം. ദേശീയ മാദ്ധ്യമങ്ങളിൽ പോലും സോഷ്യൽ മീഡിയയുടെ വിജയമെന്ന വിധത്തിലാണ് മോഹൻലാലിന്റെ തീരുമാനത്തെ വിലയിരുത്തിയതും.

അതേസമയം പരിപാടി മോശമായതിന്റെ കുറ്റം മുഴുവനും മോഹൻലാലിന്റെ മേൽ കെട്ടിവച്ച് കൈകഴുകാനുള്ള കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും സംഘാടകർക്കും ഏറ്റ കനത്ത തിരിച്ചടികൂടിയായണ് പ്രതിഫല തുക തിരികെ നൽകുമെന്ന മോഹൻലാലിന്റെ തീരുമാനം. മറ്റൊരു ബാൻഡിനെ സമീപിച്ച് ലഭിക്കാതെ വന്നപ്പോൾ അവസാന നിമിഷം മുഖ്യമന്ത്രിയും കായികമന്ത്രിയും നിർബന്ധിച്ചതുകൊണ്ടാണ് ലാലിസം അവതരിപ്പിക്കാൻ തയ്യാറായതെന്നാണ് സൂപ്പർതാരം വിശദീകരിച്ചത്.

'അവസാന നിമിഷം, അതുവരെ ആസൂത്രണം ചെയ്ത വലിയൊരു സംഗീത വിരുന്ന് നടക്കാതെ പോകുമെന്ന് വന്നപ്പോൾ, അധികാരികളെന്നെ സമീപിച്ച്, ഞാനേറെ താൽപര്യത്തോടെ തയ്യാറെടുത്തുവന്ന 'ലാലിസം എന്ന ഷോ, ദേശിയ ഗെയിംസിന്റെ
ഉത്ഘാടന വേദിയിൽ അവതരിപ്പിക്കാനാവുമോ എന്നഭ്യർത്ഥിച്ചു. സർക്കാരിന്റെ ഇത്തരം പരിപാടികളുമായി എന്നും സന്തോഷത്തോടെ സഹകരിച്ചിട്ടുള്ള ഞാൻ, കെട്ടിലും മട്ടിലും, ഏറെ വിഭിന്നമായ ലാലിസം എന്ന പെർഫോമൻസ്, ഉള്ളടക്കത്തിലും അവതരണത്തിലും സാങ്കേതിക സങ്കീർണതകൾ ഒഴിവാക്കി ലളിതമായി അവതരിപ്പിക്കാമെന്നേറ്റു. ഒപ്പം, കുഞ്ഞാലിമരയ്ക്കാരെന്ന ധീര ദേശസ്‌നേഹിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഷോയിലും പങ്കെടുക്കാമെന്നേറ്റു'.

ഇതാണ് ഇന്നലെ മോഹൻലാൽ മാദ്ധ്യമങ്ങൾക്ക് അയച്ച ഇമെയിലിൽ പറഞ്ഞിരിക്കുന്നത്. ലാലിന്റെ ഈ വാദത്തോടെ വെട്ടിലായ സർക്കാർ ഇപ്പോൾ വീണ്ടും മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. എ ആർ റഹ്മാന്റെ ഷോയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നുവെന്നാണ് നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ലാൽ തന്റെ ഭാഗം വിശദീകരിച്ചതോടെ സംഘാടകരുടെ ഭാഗത്തു നിന്നു വന്ന വീഴ്‌ച്ചയാണ് എല്ലാം കുഴപ്പത്തിലാക്കിയതെന്നാണ് വിലയിരുത്തൽ വന്നത്.

ഇതോടെ ഭരണപക്ഷ എംഎൽഎമാർക്കിടയിലും മോഹൻലാലിൽ നിന്നും പണം തിരികെ വാങ്ങുന്നതിൽ രണ്ടഭിപ്രായം രൂപപ്പെട്ടു. പണം തിരികെ വാങ്ങുന്നതിൽ തെറ്റില്ലെന്ന് കെ മുരളീധരൻ അടക്കമുള്ളവർ ആവശ്യപ്പെട്ടപ്പോൾ, അങ്ങനെ ചെയ്യരുതെന്നും അത് രാജ്യം ആദരിച്ച കലാകാരനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഷാഫി പറമ്പിൽ അടക്കമുള്ളർ അഭിപ്രായപ്പെടുന്നു. നടന്റെ മാന്യതയ്ക്ക് വില പറയരുതെന്നാണ് പാലോട് രവി എംഎൽഎ അഭിപ്രായപ്പെട്ടത്.

അതിനിടെ സർക്കാറിനെ സഹായിക്കാനെത്തി സ്വയം കുടുങ്ങിയെന്ന അവസ്ഥയിലാണ് മോഹൻലാൽ. ഇതിൽ അദ്ദേഹത്തിന് കടുത്ത അമർഷമുണ്ട്. പണം തിരികെ നൽകുമെന്ന കടുത്ത തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് മോഹൻലാലിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ മോഹൻലാൽ തീരുമാനം മാറ്റില്ലെന്നാണ് അറിയുന്നത്. തന്റെ അഭിനയ ജീവിതത്തിൽ ഇത്രയും കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടില്ലെന്നാണ് മോഹൻലാൽ കരുതുന്നത്. അതുകൊണ്ട് തന്നെ എത്ര കോടികൾ തന്നാലും തന്റെ പ്രതിച്ഛായയ്ക്ക് വന്ന കോട്ടം നികത്താൻ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ ആരാധകരും കരുതുന്നു. എന്നിരുന്നാലും മോഹൻലാലിന്റെ സുഹൃത്തുക്കൾ വഴി താരത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഗെയിംസ് സംഘാടകരും സർക്കാറും നടത്തുന്നത്.

അതേസമയം ലാലിസത്തിനായി പ്രതിഫലം പറ്റിയ രണ്ട് കോടി രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട ഹാഷ്ടാഗ് പ്രതിഷേധക്കാർ തന്നെ ലാലിന്റെ ഇപ്പോഴത്തെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. നടന്റെ ഭാഗത്തു നിന്നുമുണ്ടായത് മാന്യമായ തീരുമാനമാണെന്നാണ് ഇവരുടെ അഭിപ്രായം. താരത്തിന്റെ പാതയിൽ ബാർകോഴ പണം തിരികെ നൽകാൻ നമ്മുടെ മന്ത്രിമാർ തയ്യാറാകുമോ എന്ന ചോദ്യം ചിലർ ഫേസ്‌ബുക്കിലൂടെ ഉന്നയിച്ചു. അതേസമയം ബാർകോഴ കേസിൽ നിന്നു ശ്രദ്ധതിരിക്കാനാണ് മോഹൻലാലിനെ ആക്രമിച്ചതെന്ന അഭിപ്രായവും ചിലർ ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP