Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുന്നമടയിൽ എല്ലാ സൗകര്യങ്ങളുമുള്ളപ്പോൾ സ്വകാര്യവ്യക്തികളുടെ പുരയിടം അടിച്ചുനിരത്തി രണ്ടരകിലോമീറ്റർ റോഡ്; ആലപ്പുഴയിലും ഗെയിംസ് അഴിമതിക്ക് കളമൊരുങ്ങി

പുന്നമടയിൽ എല്ലാ സൗകര്യങ്ങളുമുള്ളപ്പോൾ സ്വകാര്യവ്യക്തികളുടെ പുരയിടം അടിച്ചുനിരത്തി രണ്ടരകിലോമീറ്റർ റോഡ്;  ആലപ്പുഴയിലും ഗെയിംസ് അഴിമതിക്ക് കളമൊരുങ്ങി

ആലപ്പുഴ : ഭൂമാഫിയകൾക്കു സൗകര്യമൊരുക്കി, ദേശീയ ഗെയിംസ് മൽസരങ്ങൾക്കായി സംഘാടകർ സ്വകാര്യവ്യക്തികളുടെ പുരയിടം അടിച്ചുനിരത്തി ഉശിരൻ റോഡു പണിതു. ആലപ്പുഴയിൽ നടക്കേണ്ട റോവിങ്, കനോയിങ്, കയാകിങ് ഇനങ്ങൾക്കു സൗകര്യമൊരുക്കാനെന്ന പേരിലാണു പുതിയ അഴിമതിക്കു വേദിയൊരുങ്ങുന്നത്. ഈ മത്സരങ്ങൾ നടത്താൻ വേണ്ടതിലേറെ സൗകര്യമുള്ള പുന്നമടയെ അവഗണിച്ചുകൊണ്ടാണ് യാതൊരു അടിസ്ഥാനസൗകര്യവുമില്ലാത്ത, നഗരത്തിൽനിന്നൊഴിഞ്ഞ കോണിൽ ഗെയിംസ് വേദിയൊരുക്കുന്നത്.

പട്ടണത്തിലെ പ്രമുഖ കുടവ്യവസായികളുടെ സ്ഥലമായറിയപ്പെടുന്ന മണ്ണഞ്ചേരിയിൽ രണ്ടര കിലോമീറ്റർ നീളത്തിലാണ് ദേശീയ ഗെയിംസ് ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മിക്കുന്നത്. മൽസരങ്ങൾ അവസാനിച്ചാലുടൻ ഇവിടം സ്വകാര്യ റിസോർട്ട് ലോബികൾ കൈയടക്കും. പുത്തൻ റോഡ് വന്നതോടെ ഭൂമിവിലയിൽ ഇവിടെ വൻ കുതിച്ചുകയറ്റമാണ്. മണ്ണഞ്ചേരിയിലെ സ്ഥലങ്ങൾ കൈക്കലാക്കാൻ ഭൂമാഫിയ തമ്പടിച്ചു കഴിഞ്ഞു. പുന്നമടക്കായലും വേമ്പനാട്ടുകായലും ചേർന്നൊഴുകുന്ന ഈ പ്രദേശം ടൂറിസത്തിന് പേരുകേട്ട സ്ഥലമാണ്. ചതുപ്പായ പ്രദേശം ഇപ്പോൾ പൊന്നുംവിലയ്ക്ക് വാങ്ങാൻ ആളുകൾ ഏറെയാണ്.  

രണ്ടുകിലോമീറ്റർ ട്രാക്കിൽ നടക്കുന്ന മൽസരങ്ങൾക്ക് ആലപ്പുഴയിൽ ആവശ്യത്തിലേറെ സൗകര്യങ്ങളുള്ളപ്പോഴാണ് പ്രാന്തപ്രദേശമായ മണ്ണഞ്ചേരിയിലെ ആസ്പിൻവാളിനു സമീപത്തേക്ക് പറിച്ചുനട്ടത്. നടത്തിപ്പുകാരനായ പ്രദേശത്തെ വില്ലേജ് ജീവനക്കാരന്റെ താല്പര്യപ്രകാരമാണിതെന്ന വിവാദം രൂപപ്പെടുന്നുണ്ട്. പ്രശസ്തമായ നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ, ഇവിടെ നിർമ്മിച്ചിട്ടുള്ള സ്ഥിരം പവലിയൻ, സായിയുടെ പരിശീലനകേന്ദ്രം, തുഴച്ചിൽ പരിശീലനം നടത്തുന്ന വിശാലമായ ആർ ബ്ലോക്ക് തുടങ്ങിയവയൊക്കെ സ്ഥിതിചെയ്യുന്നത് പുന്നമടയിലാണ്. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് മൽസരങ്ങൾ സുഗമമായി നടത്താമെന്നിരിക്കെയാണ് ഇതിനുവേണ്ടി കോടികൾ ധൂർത്തടിക്കുന്നത്. 


മാത്രമല്ല, മൽസരങ്ങളുടെ നടത്തിപ്പിനായി രൂപപ്പെടുത്തിയിട്ടുള്ള കമ്മിറ്റികളിൽ ഇടംനേടിയവർ ഈ മത്സരങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. തുഴച്ചിൽ ഇനങ്ങളുടെ നടത്തിപ്പുകാരായെത്തിയിട്ടുള്ളത് ഭാരോദ്വഹനക്കാരും കബഡി കളിക്കാരുമാണ്. ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹിയായിരിക്കെ സാമ്പത്തികക്രമക്കേടിന്റെ പേരിൽ ആരോപണവും വിജിലൻസ് അന്വേഷണവും നേരിട്ടയാളും പ്രധാന നടത്തിപ്പുകാരനാണ്.

ജില്ലാ ഭരണാധികാരിയുടെ നേത്യത്വത്തിൽ രൂപപ്പെടുത്തിയ കമ്മിറ്റികളിൽ എട്ടിലും ഇവർ കൺവീനർമാരാണ്. എന്നാൽ ഈ മേഖലയിലെ അന്തരാഷ്ട്രതാരങ്ങളും അവാർഡു ജേതാക്കളുമായ ഒട്ടേറെ താരങ്ങൾ ആലപ്പുഴക്കാരായുണ്ട്. സിജി കുമാർ, ജലീൽ ക്യഷ്ണൻ, സജി തോമസ്, പി ടി പൗലോസ്, എസ് ബീന, ജെസി മോൾ തുടങ്ങിയവർക്ക് എവിടെയും ഇടംകണ്ടിട്ടില്ല. സംഘാടകർ ഇവരെ അറിയുമോയെന്നുതന്നെ ഉറപ്പില്ല. കാണികൾക്ക് ഇരിക്കാനോ, മൽസരങ്ങൾ കാണാനോ സൗകര്യങ്ങളില്ലാത്ത ഇവിടെ താല്ക്കാലിക പവലിയൻ ഒരുക്കിയാണ് ധൂർത്തടി പൊടിപൊടിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP