Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റോക്ക് ലാൻഡ് ഹോളി ഫാമിലി ഇടവകക്കു ദേവാലയം സ്വന്തമായി; പുതിയ ചരിത്രത്തിലേക്ക് ഇടവക സമൂഹം

റോക്ക് ലാൻഡ് ഹോളി ഫാമിലി ഇടവകക്കു ദേവാലയം സ്വന്തമായി; പുതിയ ചരിത്രത്തിലേക്ക് ഇടവക സമൂഹം

സ്വന്തം ലേഖകൻ

ന്യു യോർക്ക്: രണ്ടു പതിറ്റാണ്ടായുള്ള വിശ്വാസിസമൂഹത്തിന്റെ പ്രാർത്ഥനയും, പ്രയത്നവും, സ്വപ്നവും സഫലമാക്കി റോക്ക് ലാൻഡ് ഹോളിഫാമിലി ചർച്ചിന് സ്വന്തമായ ദേവാലയം

കോവിഡ് മൂലം സോഷ്യൽ ഡിസ്റ്റൻസിങ് ഉള്ളതിനാൽ ഇടവകാംഗങ്ങളിലെ കുറച്ച് പേര് മാത്രം പങ്കെടുത്ത ചടങ്ങിൽ ഇടവകക്ക് വേണ്ടി വികാരി ഫാ. റാഫേൽ അമ്പാടൻ പള്ളി വാങ്ങുന്നതായുള്ള രേഖകളിൽ ഒപ്പുവച്ചു. അറ്റോർണി ജൂലിയൻ ഷുൾട്‌സ് നിയമാനുസൃതമുള്ള നടപടികൾ പൂർത്തിയാക്കി.

ഓഗസ്റ്റ് 25 , ചൊവ്വാഴ്‌ച്ച വൈകുന്നേരം പള്ളിയിൽ നടന്ന ചടങ്ങിൽ ഫാദർ റാഫേൽ അമ്പാടൻ എല്ലാവരെയും സ്വാഗതം ചെയ്തു. ഈ ദേവാലയം വാങ്ങുന്നതിനായി സഹകരിക്കുകയും സഹായിയിക്കുകയും ചെയ്തവരെ അനുസ്മരിക്കുകയും അവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ട്രസ്റ്റി ജോസഫ് കടംതോട്ട് ക്ലോസിങ് ചടങ്ങിനായി ഏവരെയും ക്ഷണിച്ചു.

ഈ ദേവാലയം വാങ്ങുന്നതിനു ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം ന്യു യോർക്ക് ആർച്ച് ഡയോസിസിലേക്ക് സ്ഥലം മാറിപ്പോയ മുൻ വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്തിന്റെ സാന്നിധ്യം അനുഗ്രഹമായി. ഈ പള്ളിയും അതോടൊപ്പമുള്ള പതിനേഴര ഏക്കർ സ്ഥലവും വാങ്ങുന്നതിനു തുടക്കം കുറിച്ചതും അതിനായി ഫണ്ട് സമാഹരണം ശക്തിപ്പെടുത്തിയതും അച്ചനായിരുന്നു. ഒരു വര്ഷം മുൻപ് വികാരിയായി ചാർജെടുത്ത ഫാ. റാഫേൽ എല്ലാ ചട്ടവട്ടങ്ങളും പൂർത്തിയാക്കുകയും പള്ളി സ്വന്തമാക്കാൻ അന്തിമ ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

ന്യു യോർക്ക് ആർച് ഡയോസിസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സെന്റ് ബോണിഫേസ് ദേവാലയമാണ് സെന്റ് മേരീസ് സീറോ മലബാർ മിഷനായും പിന്നീട് ഹോളി ഫാമിലി ചർച്ച് ആയും രൂപാന്തരം പ്രാപിച്ചത്. മൂന്ന് മില്യൺ ഡോളർ വിലയിൽ ഒരു മില്യൺ നൽകി. ബാക്കി 30 വര്ഷം കൊണ്ട് ആർച്ച് ഡയോസിസിനു അടച്ച് തീർത്താൽ മതി.

ബിൽഡിങ് ഫണ്ട് ചെയർമാൻ ജെയിൻ ജേക്കബ്, ട്രസ്റ്റിമാരായ ജോസഫ് കടംതോട്ട്, ആനി ചാക്കോ, നിർമല ജോസഫ്, ജിജോ ആന്റണി എന്നിവരും, മുൻകാല ട്രസ്റ്റിമാരായ വർക്കി പള്ളിത്താഴത് , ജോസ് അക്കകാട്ട് , ചാക്കോ കിഴക്കെകാട്ടിൽ, സജി മാത്യു , ജോസഫ് എബ്രഹാം, ജയിൻ ജേക്കബ്, ജോർജ് എടാട്ടേൽ, ജോൺ ദേവസ്യ, ജോർജ് പടവിൽ, തോമസ് ചാക്കോ, ജേക്കബ് ചൂരവടി, ജെയിംസ് കാനാച്ചേരി, മത്തായി ഫ്രാൻസിസ് എന്നിവരും സന്നിഹിതരായിരുന്നു.

ഒരു നീണ്ട യാത്രയുടെ പരിസമാപ്തിയും മറ്റൊരുയാത്രയുടെ തുടക്കവുമാണിതെന്ന് ഫാദർ തദേവൂസ് അരവിന്ദത് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ദേവാലയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം നമുക്കായി. ഇനി ഈ സമൂഹത്തെ വളർത്തി വലുതാക്കേണ്ട ചുമതലയാണ് നമുക്കുള്ളത്. സമീപ സ്ഥലങ്ങളിലെ എല്ലാ കത്തോലിക്ക വിശ്വാസികളുടെയും ആരാധനാ കേന്ദ്രമായി ഈ ദേവാലയം വളരട്ടെ എന്നാശംസിച്ചു.

മൂന്നര പതിറ്റാണ്ടായി ഈ നിമിഷത്തിനുവണ്ടി പ്രവർത്തിച്ചവരുണ്ട്. അവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു. ദേവാലയത്തിന്റെ മുമ്പോട്ടുള്ള നടത്തിപ്പിന് അദ്ദേഹം എല്ലാവിധ മംഗളങ്ങളും നേർന്നു.
ന്യൂയോർക് അതിരൂപതയോടും ഇവിടുത്തെ ഇടവകക്കാരായ സെയിന്റ് ബോണിഫേസ് അംഗങ്ങളോടും അച്ചൻ നന്ദി സൂചിപ്പിക്കുകയും ചെയ്തു.

തുടർന്ന് സ്വന്തം ദേവാലയത്തിൽ ആദ്യത്തെ വി. കുർബാനയിൽ ഫാദർ റാഫേൽ അമ്പാടനും, ഫാദർ തദേയൂസ് അരവിന്ദത്തും കാർമ്മികരായി.

വി. കുർബാന മധ്യേ ഫാദർ റാഫേൽ അമ്പാടൻ സുവിശേഷ വായനയെ അടിസ്ഥാനമാക്കി പള്ളിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. മരിച്ചുപോയ ബാലിക കർത്താവിന്റെ സാന്നിധ്യത്തിൽ ഉയിർത്തെഴുന്നേൽക്കുന്നു .
അത് പോലെ നിര്ജീവമായ അപ്പവും വീഞ്ഞും വിശുദ്ധ ബലിയോടു ചേർന്നു നിൽക്കുമ്പോൾ കർത്താവിന്റെ ജീവനുള്ള ശരീരവും രക്തവും ആയിത്തീരുന്നു. കർത്താവ് അവിടെ വസിക്കുന്നു. അവിടെ കർത്താവിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ടു ദേവാലയം എന്ന് വിളിക്കുന്നു .

സന്തോഷം കർത്താവുമായി പങ്കുവയ്ക്കുമ്പോൾ ഇരട്ടിയാക്കുന്നു. സങ്കടം കർത്താവുമായി പങ്കുവയ്ക്കുമ്പോൾ പകുതിയാകുന്നു.
വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ ശരീരമാകുന്ന ദേവാലയം പരിശുദ്ധമായി സൂക്ഷിച്ചുകൊണ്ടു കർത്താവു വസിക്കുന്ന ദേവാലയത്തിൽ വന്നു ബലിയർപ്പിക്കുക. ദൈവത്തിനു കൊടുക്കാവുന്ന ഏറ്റം ഉന്നതമായ കാഴ്ചവസ്തുവാണത്. അതിനുവേണ്ടി കർത്താവു നമുക്ക് സ്വന്തമായി ഒരു ദേവാലയം തന്നിരിക്കുന്നു . അതിനു നേർസാക്ഷികളാകാനും നേരിട്ട് അനുഭവിക്കാനും ഭാഗ്യം ലഭിച്ചവരാണ് നമ്മൾ.

ഈ ദേവാലയം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു ആയിത്തീരാൻ ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. ഇവിടെ രണ്ടു കാര്യങ്ങൾ എപ്പോഴും നടക്കണം. ഏറ്റം പ്രധാനപ്പെട്ടത് ആരാധനയും ബലിയർപ്പണവും ആണ് . രണ്ടാമതായി സമൂഹത്തിന്റെ സോഷ്യൽ ലൈഫ് . അതും ഈ ദേവാലയത്തെ കേന്ദ്രീകരിച്ച് നടക്കണം. അതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ-അദ്ദേഹം ആശംസിച്ചു

റോക്ക് ലാൻഡ് സെന്റ് മേരിസ് സീറോ മലബാർ മിഷൻ ആയി പ്രവർത്തിച്ച ദേവാലയം ഹോളി ഫാമിലി എന്ന പേര് സ്വീകരിച്ചത് പള്ളി വാങ്ങാൻ കരാർ ഒപ്പിട്ടപ്പോളാണ്. റോക്ക് ലാൻഡിൽ പല സെന്റ് മേരീസ് ചർച്ചുകൾ ഉള്ള പശ്ചാത്തലത്തിലായിരുന്നു ഈ മാറ്റം.

1987-ൽ ഫാ. ജോർജ് കളപ്പുര സേവനമനുഷ്ഠിച്ചിരുന്ന ഹാവർസ്റ്റോയിലെ പള്ളിയിൽ തങ്ങൾ ഏതാനും പേര് ഒത്തുകൂടിയിരുന്നത് ജോണ് ദേവസ്യ ഓർമ്മിച്ചു.

പിന്നീട് കുറെ പേര് ചേർന്ന് സ്പ്രിങ് വാലിയിലെ സെന്റ് ജോസഫ്‌സിൽ മലയാളി വൈദികനെക്കൊണ്ട് വി.കുർബാന അർപ്പിച്ച് പോന്നു. അതിനു ശേഷം ഫാ. എബ്രഹാം വല്ലയിൽ സ്ഥിരമായി കുർബാന ചൊല്ലിക്കൊണ്ടിരുന്നു. പിന്നീട് കുറച്ച് കാലം ഫാ. ജോസ് കണ്ടെത്തിക്കുടിയും സേവവനമനുഷ്ഠിച്ചു.
2000 -ൽ ഷിക്കാഗോ രൂപത ഉണ്ടായി. 2004 -ൽ റോക്ക് ലാൻഡ് മിഷൻ സ്ഥാപിച്ചു. ഫാ. വല്ലയിൽ, ഫാദർ ആന്റോ കുടുക്കാംതടം എന്നിവർ മിഷന്റെ ചുമതല വഹിച്ചു.

പിന്നീട് ഫാദർ തദേവൂസ് അരവിന്ദത്ത് എട്ടു വർഷത്തോളം മിഷൻ ഡയറക്ടർ ആയിരിക്കെ പള്ളി വാങ്ങാനുള്ള പ്രവർത്തനങ്ങൾ ശക്തമായി. തുടർന്ന് ആർച്ച് ഡയോസിസുമായി കരാറിലെത്തി.

ഇപ്പോഴത്തെ വികാരി ഫാദർ റാഫേൽ അമ്പാടന്റെ നേതൃത്വത്തിൽ ആ പ്രയത്‌നം സഫലമാകുകയും ചെയ്യുന്നു.

ധന്യമായ ഈ മുഹൂർത്തത്തിനു ഇടവകാംഗങ്ങൾ ദൈവത്തിനു നന്ദി അർപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP