Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിരകാല സ്വപ്നം പൂവണിഞ്ഞു; കാൽഗരി മദർ തെരേസ സീറോ മലബാർ ഇടവകയ്ക്ക് സ്വന്തം ആരാധനാലയം

ചിരകാല സ്വപ്നം പൂവണിഞ്ഞു; കാൽഗരി മദർ തെരേസ സീറോ മലബാർ ഇടവകയ്ക്ക് സ്വന്തം ആരാധനാലയം

ജോയിച്ചൻ പുതുക്കുളം

കാൽഗരി: സ്വന്തമായ ആരാധനാലയം എന്നുള്ള ചിരകാല സ്വപ്നം പൂവണിഞ്ഞതിന്റെ ആത്മ നിർവൃതിയിലാണ് കാൽഗറി സെന്റ് മദർ തെരേസ സിറോ മലബാർ ഇടവക .നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും പരിസമാപ്തി കുറിച്ചുകൊണ്ട് ട്രസ്റ്റിമാരുടേയും മറ്റ് അൽമായ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഇടവകയുടെ വികാരി ഫാ. സാജോ പുതുശേരി പുതിയ ദേവാലയത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.

ഒരു പതിറ്റാണ്ടുകാലത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇടവകയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. സൂം വഴിയായി നടത്തിയ വിശുദ്ധ ബലിക്കു ശേഷം റവ. ഫാ. സാജോ പുതുശേരി ഇടവക ജനങ്ങളെ ഈ സന്തോഷവാർത്ത അറിയിക്കുകയും ഇതിനുവേണ്ടി പ്രവർത്തിച്ച ട്രസ്റ്റിമാർക്കും, പാരീഷ് കൗൺസിലിനും, ഫിനാൻസ് കൺസിലിനും ഇടവകയിലേ ഓരോ അംഗങ്ങൾക്കും നന്ദി പറയുകയും ചെയ്തു. സ്വന്തമായി ഒരു ദേവാലയം എന്ന പദ്ധതിക്കുവേണ്ടി റവ. ഫാ. സാജോ പുതുശേരിയുടെ നിസ്വാർത്ഥ സേവനങ്ങൾക്ക് ഇടവകജനങ്ങൾ പാരീഷ് കൗൺസിൽ പാസാക്കിയ പ്രമേയത്തിലൂടെ നന്ദി പ്രകാശിപ്പിച്ചതായി സെന്റ് മദർ തെരേസ കാത്തലിക്ക് ചർച്ച് പി ആർ ഓ, നോബിൾ അഗസ്റ്റിൻ അറിയിച്ചു.

കാൽഗറിയുടെ ഹൃദയഭാഗമായ ഗ്ലെൻ ബ്രൂക്കിൽ അഞ്ഞൂറോളം ആളുകൾക്ക് ഒരേ സമയം ആരാധിക്കുവാനുള്ള സൗകര്യങ്ങളുള്ള ദേവാലയവും അതോടൊപ്പം കോൺഫ്രൻസ് ഹാൾ, കിച്ചൺ, ഡേ കെയർ സെന്റർ, ജിംനേഷ്യം, ഓഫീസ് മുറികൾ, ക്ലാസ് മുറികൾ, വിശാലമായ പാർക്കിങ് ലോട്ട് തുടങ്ങിയ സൗകര്യങ്ങളുൾപ്പെടെ മൊത്തം നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിട സമുച്ചയമാണ് ഇടവകയ്ക്കു സ്വന്തമായത്.

അൽപ്പം ചരിത്രം
ആതുര സേവനത്തിന്റെയും കാരുണ്യത്തിന്റെയും ആൾ രൂപമായി അഗതികൾക്കും രോഗികൾക്കും വേണ്ടി സ്വജീവിതം സമർപ്പിച്ച വിശുദ്ധ മദർ തെരേസയുടെ ധന്യ നാമത്തിൽ സ്ഥാപിതമായ ഈ സമൂഹത്തിന് ഒന്നര ദശാബ്ദക്കാലത്തെ ചരിത്രമാണുള്ളത്. കാനഡയിലെ മിസ്സിസാഗാ രൂപതയുടെ കീഴിൽ വരുന്ന ആൽബർട്ട പ്രോവിൻസിലെ കാൽഗരിയിൽ ഇടവകയിൽ ഇന്ന് 400 ഓളം കുടുംബങ്ങളാണുള്ളത്. 2010 ജൂൺ 5ാം തീയതി ഷിക്കാഗോ രൂപതയുടെ ഭാഗമായ ഒരു കാത്തലിക്ക് മിഷനായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ കാന!ഡയിലെ മിസിസാഗ രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റ അവസരത്തിൽ ഇതിനെ ഒരു ഇടവകയായി ഉയർത്തുകയും റവ. ഫാ. സാജോ പുതുശേരിയെ വികാരിയായി നിയമിക്കുകയുമായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറ്റക്കാരായ മലയാളി വിശ്വാസിസമൂഹങ്ങൾ അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളിയാണ് വിശുദ്ധ കർമ്മങ്ങൾക്കു ആത്മീയ നേതൃത്വം കൊടുക്കുവാൻ മതിയായ പുരോഹിന്മാരുടെ അഭാവം. എന്നാൽ കാൽഗറിയിലെ വിശ്വാസസമൂഹത്തിന് ഫാ. സാജോ പുതുശ്ശേരിയെക്കൂടാതെ കാലാകാലങ്ങളിൽ ഫാ. തോമസ് വടശേരി, ഫാ. ജോസ് ടോം കളത്തിപ്പറമ്പിൽ, ഫാ. ടോമി മഞ്ഞളി, ഫാ. ഷിബു കല്ലറയ്ക്കൽ തുടങ്ങിയ വൈദികരുടെ സേവനങ്ങൾ ലഭിച്ചിരുന്നുവെന്നതും ദൈവീക പരിപാലനത്തിന്റെ ഉദാഹരണമായി ഇടവക കണക്കാക്കുന്നു.

400 കുടുംബങ്ങളിൽനിന്നുമായി ഏകദേശം 2000 അംഗങ്ങളാണ് ഇടവകസമൂഹത്തിലുള്ളത്. ആത്മീയ കാര്യങ്ങളിലെന്നതുപോലെതന്നെ മറ്റു മേഖലകൾക്കും പ്രാധാന്യം കൊടുക്കുന്ന സഹകരണ മനോഭാവമുള്ള സമൂഹമാണിത്. അംഗങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന സ്വന്തമായ ഒരു ദേവാലയം വർഷങ്ങളായി ആഗ്രഹിക്കുകയും അതു സാധ്യമാക്കുവാനായി 2013 ൽ ഒരു ബിൽഡിങ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഈ ദിശയിലെ ആദ്യ പടിയായി ഒരു ഭവനം 2017 ൽ സ്വന്തമാക്കി. അത് ഇന്ന് മദർ തെരേസ ഭവനം അഥവാ മിഷൻ ഹൗസ് എന്ന പേരിൽ അറിയപ്പെടുന്നു. സ്വന്തമായി ഒരു ആരാധനാലയമെന്ന ആഗ്രഹം നിറവേറുന്നതിനായി ഇടവകസമൂഹം ഒരുമനസ്സോടെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും അതിലേയ്ക്കു വേണ്ട ആത്മീയ പിന്തുണയും അചഞ്ചലമായ നേതൃത്വവും ഫാ. സാജോ പുതുശ്ശേരി സ്തുത്യർഹമായി നിർവഹിക്കുകയും ചെയ്തു. അതിപ്പോൾ ഫലപ്രാപ്തിയിലെത്തിയതിൽ ഇടവകസമൂഹം അത്യന്തം ആഹ്ളാദിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു.

ഫാ. സാജോ പുതുശ്ശേരി ഇടവക സമൂഹത്തിന്റെ ഡയറക്റ്ററായി ചുമതലയേറ്റതോടെ അംഗങ്ങൾക്ക് പതിവായി ഞായറാഴ്ച ആരാധനയും മറ്റുള്ള ആത്മീയ ആവശ്യങ്ങളും മുടങ്ങാതെ ലഭ്യമായി. മിഷൻ ഹൗസ് സ്വന്തമാക്കിയതോടെ ഇടദിവസങ്ങളിലും വിശുദ്ധ കുർബ്ബാനയും ആരാധനയും സാധ്യമാവുകയും ചെയ്തു. ആത്മീയ കാര്യങ്ങളോടൊപ്പം മറ്റുള്ള സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നു. കുടുംബ സംഗമങ്ങളും, മാതാപിതാക്കൾക്കും കുട്ടികൾക്കുമായുള്ള സെമിനാറുകളും, സമ്മർ യൂത്ത് ക്യാമ്പുകളും സജീവമായി നടന്നുവരുന്നു. വികാരിയുടെ മേൽനോട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന സന്നദ്ധ സേവകർ കാറ്റക്കിസം, യൂത്ത് മൂവ് മെന്റ്, ന്യൂ കമർ സപ്പോർട്ട് ഗ്രൂപ്പ്, നൈറ്റ്സ് ഓഫ് കൊളംബസ്, മാതൃ ജ്യോതി, ചർച്ച് ക്വൊയർ എന്നിവയ്ക്ക് നേതൃത്വം കൊടുക്കുന്നു.

കരുതലോടെ ഒരു സമൂഹം
ആരംഭകാലം മുതൽ വിശാലമനോഭാവത്തോടെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹമായി കാൽഗരി സിറോ മലബാർ കമ്മ്യൂണിറ്റി അറിയപ്പെട്ടു വരുന്നു. കാൽഗരിയിൽ പുതുതായി എത്തുന്നവരെല്ലാം ജാതി, മത, പ്രാദേശിക പരിഗണനകളൊന്നുമില്ലാതെ സമീപിക്കുന്ന ഒരു സ്ഥലമാണ് സിറോ മലബാർ കമ്മ്യൂണിറ്റി. വീടുവിട്ടവർക്ക് വേറൊരു വീടായി ഇത് അനുഭവപ്പെടുന്നു. അവർക്ക് താമസിക്കാനൊരിടം കണ്ടെത്തുന്നതിനും, താൽക്കാലികമായി പിടിച്ചു നിൽക്കാനൊരു ഉപജീവനമാർഗ്ഗം സംഘടിപ്പിക്കുന്നതിനും അവരുടേതായ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി നെറ്റ് വർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യമൊരുക്കുന്നത് ഇവിടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. അവിടെ കാലുകുത്തുന്ന ആദ്യ ദിവസം തന്നെ അവരെ ഊഷ്മളമായി സ്വീകരിക്കുകയും അവരുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതിൽ പ്രവർത്തകർ ജാഗരൂകരാണെന്നുള്ളത് അത്യന്തം പ്രശംസനീയമാണ്.

വിശുദ്ധ മദർ തെരേസയുടെ നാമധേയത്തിൽ വെസ്റ്റേൺ കാനഡയിലുള്ള ഏക ദേവാലയമാണിത്. വിശുദ്ധയുടെ തിരുശേഷിപ്പും ഭക്ത്യാദരപൂർവം ഇവടെ സൂക്ഷിച്ചിട്ടുണ്ട്. ദേവാലയം സ്വന്തമാക്കിയത് ആഘോഷമാക്കുന്നതിനു പകരം കൊറോണ19 ന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുവാനാണ് പാരീഷ് കൗൺസിൽ തീരുമാനമെടുത്തത്. മാർച്ച് ആദ്യവാരം മുതൽ ഒരു ക്രൈസിസ് മാനേജുമെന്റ് കമ്മിറ്റി സജീവമായി പ്രവർത്തിക്കുകയും 150 ഓളം കുടുംബങ്ങൾക്ക് ഇതിനോടകം സഹായമെത്തിക്കുകയും ചെയ്തു. കാൽഗരിയിലേക്കു പുതുതായി എത്തുന്നവർ, ജോലി നഷ്ടപ്പെട്ടവർ, നിർദ്ധനർ, അമ്മമാർ, മറ്റുവിധത്തിൽ ഭക്ഷണത്തിനു വിഷമിക്കുന്നവർ എന്നിവർക്കായി കോവിഡ് 19 സഹായ സന്നദ്ധ പ്രവർത്തകർ വേണ്ട സഹായങ്ങൾ എത്തിക്കുന്നു. ഇതിനിടയിലും പുതിയ ദേവാലയത്തിന്റെ വെഞ്ചെരിപ്പിനുള്ള തയ്യാറെടുപ്പും നടന്നു വരുന്നു. ഈ ദേവാലയം കാൽഗരി സിറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്കും കാൽഗരിയിലും പരിസരത്തുമുള്ള പൊതുജനങ്ങൾക്കും ഒരു മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP