Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ഭേദമായി വീട്ടിലെത്തിച്ച 55കാരന്റെ ശരീരം പുഴുവരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ​ഗുരുതര വീഴ്‌ച്ച ചൂണ്ടിക്കാട്ടി ആരോ​ഗ്യമന്ത്രിക്ക് പരാതി നൽകി കുടുംബം; തെന്നി വീണ് പരിക്കേറ്റ് ചികിത്സ തേടി എത്തിയ അനിൽകുമാറിന് കോവിഡ് പിടിപെട്ടതും മെഡിക്കൽ കോളജിൽ നിന്നും; മെഡിക്കൽ കോളജിൽ മതിയായ ജീവനക്കാരില്ലെന്നും ആരോപണം

കോവിഡ് ഭേദമായി വീട്ടിലെത്തിച്ച 55കാരന്റെ ശരീരം പുഴുവരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ​ഗുരുതര വീഴ്‌ച്ച ചൂണ്ടിക്കാട്ടി ആരോ​ഗ്യമന്ത്രിക്ക് പരാതി നൽകി കുടുംബം; തെന്നി വീണ് പരിക്കേറ്റ് ചികിത്സ തേടി എത്തിയ അനിൽകുമാറിന് കോവിഡ് പിടിപെട്ടതും മെഡിക്കൽ കോളജിൽ നിന്നും; മെഡിക്കൽ കോളജിൽ മതിയായ ജീവനക്കാരില്ലെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഭേദമായ ആളെ വീട്ടിലെത്തിച്ചത് ശരീരം പുഴുവരിച്ച നിലയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗിയുടെ ശരീരത്തിലാണ് വീട്ടിലെത്തിച്ചപ്പോൾ പുഴുക്കളെ കണ്ടെത്തിയത്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയുടെ കുടുംബം സംഭവത്തിൽ ആരോ​ഗ്യമന്ത്രിക്ക് പരാതി നൽകി. വീഴ്‌ച്ചയെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റാണ് 55കാരനായ അനിൽകുമാറിനെ മെഡിക്കൽ കോളജിൽ കഴിഞ്ഞ മാസം 21ന് പ്രവേശിപ്പിച്ചത്. ഈ മാസം ആറിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് ഭേദമായി വീട്ടിലെത്തിച്ചതോടെയാണ് ശരീരത്തിന്റെ പല ഭാ​ഗത്തും മുറിവുകൾ പുഴുവരിച്ച നിലയിൽ വീട്ടുകാർ കണ്ടത്.

ഇന്നലെയാണ് ഇദ്ദേഹത്തെ കോവിഡ് നെ​ഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ്ജ് ചെയ്തത്. വീട്ടിലെത്തി കഴുത്തിലെ പ്ലാസ്റ്റർ മാറ്റിയപ്പോൾ പുഴുവരിച്ച നിലയിലായിരുന്നു. ശരീരത്തിന്റെ പലഭാഗത്തും മുറിവുകൾ ഉണ്ട്. പലതും പുഴുവരിച്ചും തുടങ്ങിയിരുന്നു. മെഡിക്കൽ കൊളേജ് ആശുപത്രിക്കെതിരെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി.അപകടം നടന്ന ദിവസം ആദ്യം പേരൂർക്കട ജില്ല ആശുപത്രിയിലായിരുന്നു എത്തിച്ചത്. കഴുത്തിന് പൊട്ടൽ ഉൾപ്പെടെ ഗുരുതരമായതോടെയാണ് മെഡിക്കൽ കൊളേജിലേയ്ക്ക് മാറ്റത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആറാം വാർഡിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. വീണതിനെ തുടർന്ന് കഴിഞ്ഞമാസം 21-ാം തിയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്നാണ് അദ്ദേഹത്തിന് കൊറോണ പിടിപെട്ടത്. ഇന്നലെയാണ് ഇദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയത്. തുടർന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ തലയുടെ പിൻഭാഗം വരെ പുഴുവരിച്ച നിലയിലാണ് തങ്ങൾക്ക് കിട്ടിയതെന്നും മകൾ പറയുന്നു. സ്ട്രച്ചറിൽ കിടത്തി ആംബുലൻസിൽ ആക്കി തരികയായിരുന്നുവെന്നും പിതാവിന്റെ ശരീരം ആശുപത്രിയിൽവെച്ച് തങ്ങൾ പരിശോധിച്ചില്ലെന്നും മകൾ കൂട്ടിച്ചേർത്തു. വീട്ടിൽ എത്തി നോക്കുമ്പോഴാണ് പിതാവിന്റെ ദേഹത്ത് പുഴുക്കളെ കണ്ടതെന്നും അവർ പറഞ്ഞു.

പിതാവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അഞ്ജനയും സഹോദരങ്ങളും ക്വാറന്റീനിൽ പോയിരുന്നു. എല്ലാ ദിവസവും പിതാവിനെ പ്രവേശിപ്പിച്ച വാർഡിലേക്ക് വിളിക്കുമായിരുന്നു. ഓക്‌സിജൻ നില നിയന്ത്രിക്കാനാകുന്നില്ല എന്നത് അല്ലാതെ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നതെന്നും മകൾ കൂട്ടിച്ചേർത്തു. അച്ഛന് വെള്ളം പോലും കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണെന്നും മകൾ പറഞ്ഞു. റിസൾട്ട് തരാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചുവെന്നും സഹോദരൻ പ്രശ്‌നമുണ്ടാക്കിയതിനു പിന്നാലെയാണ് റിപ്പോർട്ട് തരാൻ തയ്യാറായതെന്നും അവർ കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ വച്ചാണ് കോവിഡ് ബാധിച്ചത്. അതിന് ശേഷം അനിൽകുമാറിന് ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനിൽകുമാറിന്റെ ശരീരം തളർന്ന നിലയിലാണ്. സംസാരിക്കാനും കഴിയില്ല. ഐസിയുവിൽ നിന്നാകാം കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്. ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു.

വിവരം അറിഞ്ഞതിനു പിന്നാലെ രോഗിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസർ ഷിനു വ്യക്തമാക്കു്നു. ഇനി രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബാംഗങ്ങൾ തൽപര്യപ്പെടുന്നില്ലെന്നും അതിനാൽ പാലിയേറ്റീവ് കെയറിന്റെ അംഗങ്ങളോട്‌ ദിവസവും രോഗിയുടെ അരികിൽ പോയി പരിചരിക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. സംഭവിച്ചത് തെറ്റാണെന്നും ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചതായും ഡോ ഷിനു കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 21 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയുണ്ടായ വീഴ്ചയിൽ അനിൽകുമാറിന് പിടലിക്ക് പരിക്ക് പറ്റിയിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ സെപ്റ്റംബർ 6ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാകുന്നത്. ഈ സാഹചര്യത്തിൽ അനിൽകുമാറിന്റെ ബന്ധുക്കളോട് ക്വാറൻറൈനിൽ പോകാൻ പറയുകയും, അനിൽകുമാറിനെ കോവിഡ് വാർഡിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് അനിൽകുമാറിന്റെ ഭാര്യയും മക്കളും വീട്ടിൽ ക്വാറൻറൈനിലായിരുന്നു. സെപ്റ്റംബർ 26നാണ് അനിൽകുമാറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുന്നത്. അനിൽകുമാറിനെ വന്ന് കൊണ്ടുപോകാമെന്ന് ആശുപത്രി അധികൃതർ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടർന്ന് 27 ന് കുടുംബം ആശുപത്രിയിലെത്തി അനിൽകുമാറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയിൽ കണ്ടത്.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജിൽ മതിയായ ജീവനക്കാരില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. രോഗികളെ പരിചരിക്കാൻ ആവശ്യത്തിന് നഴ്സുമാരില്ല. കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജീവനക്കാരെ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർ ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP