Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിഎംആർസിയെ ഒഴിവാക്കി കൊച്ചി മെട്രോ സ്വകാര്യ കോർപറേറ്റുകളെ ഏൽപ്പിക്കാൻ ശ്രമിച്ച തന്ത്രമായിരുന്നു ഉമ്മൻ ചാണ്ടി വിഴിഞ്ഞത്തും പയറ്റിയത്; ഇവിടെ വികസനക്കുതിപ്പിന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി അദാനിക്ക് തീറെഴുതിയത്; 2016ൽ കടൽക്കൊള്ള! ഇന്ന് കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം; ദേശാഭിമാനിയുടെ നിലപാട് മാറ്റം വൈറലാകുമ്പോൾ

ഡിഎംആർസിയെ ഒഴിവാക്കി കൊച്ചി മെട്രോ സ്വകാര്യ കോർപറേറ്റുകളെ ഏൽപ്പിക്കാൻ ശ്രമിച്ച തന്ത്രമായിരുന്നു ഉമ്മൻ ചാണ്ടി വിഴിഞ്ഞത്തും പയറ്റിയത്; ഇവിടെ വികസനക്കുതിപ്പിന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി അദാനിക്ക് തീറെഴുതിയത്; 2016ൽ കടൽക്കൊള്ള! ഇന്ന് കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം; ദേശാഭിമാനിയുടെ നിലപാട് മാറ്റം വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളിൽ നിന്ന് സമരക്കാർ അടിയന്തിരമായി പിന്മാറണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇന്ന് പറയുന്നു. കേരളത്തിന്റെ വികസനത്തിന് പ്രധാനപ്പെട്ടതാണ് പശ്ചാത്തല മേഖലയിലെ വികസനം. അതിൽ സുപ്രധാനമായ സ്ഥാനമാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. ലോകത്തിന്റെ തുറമുഖ ഭൂപടത്തിൽ ശ്രദ്ധേയമായ പദ്ധതി എന്ന നിലയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ പദ്ധതിയെ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ദൗർബല്യങ്ങൾ കഴിയുന്നത്ര പരിഹരിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള നടപടികളുമായി ശക്തമായി മുന്നോട്ടുപോയതെന്നാണ് ഇന്നത്തെ ഇടതുപക്ഷ വാദം. എന്നാൽ വർഷങ്ങൾക്ക് മുമ്പ് സിപിഎമ്മും ഇടതുപക്ഷവും സ്വീകരിച്ചത് ഇതായിരുന്നില്ല.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പൊതുമേഖലയിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട വിഴിഞ്ഞം തുറമുഖ പദ്ധതിയെ കോർപറേറ്റ് കമ്പനിക്ക് തീറെഴുതിയതിനു പിന്നിലെ അണിയറ രഹസ്യം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം 2016ൽ ചർച്ചയാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയും നരേന്ദ്ര മോദിയും കൈകോർത്ത തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലെ ലക്ഷ്യം 5000 കോടി രൂപ വിലമതിക്കുന്ന ഭൂമി. ഡിഎംആർസിയെ ഒഴിവാക്കി കൊച്ചി മെട്രോ സ്വകാര്യ കോർപറേറ്റുകളെ ഏൽപ്പിക്കാൻ ശ്രമിച്ച തന്ത്രമായിരുന്നു ഉമ്മൻ ചാണ്ടി വിഴിഞ്ഞത്തും പയറ്റിയത്. കൊച്ചി മെട്രോയിൽ പരാജയപ്പെട്ടപ്പോൾ ഇവിടെ വികസനക്കുതിപ്പിന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി അദാനിക്ക് തീറെഴുതിയത്-ഇതായിരുന്നു 2016ൽ ദേശാഭിമാനിയുടെ വാർത്ത. വിശദമായി തന്നെ ഇതേ കുറിച്ച് എഴുതുകയും ചെയ്തു.

ഒരുകാലത്ത് 7000 തൊഴിലാളികൾവരെ 1500 വള്ളങ്ങളിലായി മത്സ്യബന്ധനം നടത്തിയിരുന്ന വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്ത് ഇപ്പോൾ കടലിൽ പോകുന്നത് അഞ്ഞൂറിൽതാഴെ പേർ മാത്രം. പരമാവധി 100 വള്ളം. വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖനിർമ്മാണത്തിനായി 'കടൽ കുഴിക്കൽ' തുടങ്ങിയതോടെ ആ മേഖലയിലാകെ മത്സ്യം കിട്ടാക്കനിയായി. കടലിനടിയിലെ പാറ പൊട്ടിച്ചുനീക്കുന്നതിന്റെ ആഘാതമാണ് മത്സ്യലഭ്യത ഇല്ലാതാകാൻ കാരണമായതെന്ന് തൊഴിലാളികൾ പറയുന്നു. 'ഒരു വള്ളത്തിൽ ഏഴുപേർ കടലിൽപോയാൽ തിരിച്ചെത്തിയാൽ നൂറു രൂപയ്ക്ക് പോലും വരുമാനമില്ല. പിന്നെങ്ങനെ ജീവിക്കും'' വിഴിഞ്ഞത്തെ ആനന്ദ് എന്ന മത്സ്യത്തൊഴിലാളി ചോദിക്കുന്നു. കരയിലെത്തിയാൽ കുടിവെള്ളത്തിനുപോലും പണം നൽകണം. ഒരു ബോട്ട് ഇപ്പോൾ കടലിൽപോയാൽ കുറഞ്ഞത് 5000 രൂപയാണ് നഷ്ടം-ഇതൊക്കെയാണ് ദേശാഭിമാനി 2016ൽ എഴുതിയത്. ഇതു തന്നെയാണ് ഇപ്പോൾ ലത്തീൻ സഭ ഉയർത്തുന്ന വാദവും. എന്നാൽ ഇപ്പോൾ സിപിഎം ഇതെല്ലാം മറന്നിരിക്കുന്നു. ഇതിന് തെളിവാണ് ഇപി ജയരാജന്റെ പുതിയ പ്രസ്താവന. ഇതിനോട് ചേർന്ന് നിൽക്കുന്നത് തന്നെയാണ് സിപിഎമ്മിന്റെ നിലപാടും. ഇതിലാണ് ഇരട്ടത്താപ്പ് കാണുന്നത്. ഏതായാലും ദേശാഭിമാനിയിലെ പഴയ വാർത്ത വൈറലാകുകയാണ്.

കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഇതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ പല ഘട്ടങ്ങളിലും ഉയർന്നുവന്നതാണ്. അതിനെയെല്ലാം മറികടന്ന് അവ പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഈ അവസരത്തിലാണ് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് ചിലർ പ്രക്ഷോഭവുമായി മുന്നോട്ടുവന്നത്. ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള പരാതികളെയെല്ലാം പരിശോധിച്ച് ന്യായമായവയെല്ലാം സർക്കാർ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്. ആ ഘട്ടത്തിലാണ് പദ്ധതി തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള ആവശ്യവുമായി ചിലർ ഗൂഢ ലക്ഷ്യങ്ങളുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഇത് കേരളത്തിന്റെ വികസനത്തെ സ്നേഹിക്കുന്ന ആർക്കും അംഗീകരിക്കാനാകില്ല-ഇതാണ് കഴിഞ്ഞ ദിവസം ഇടതുപക്ഷ കൺവീനർ ഇപി ജയരാജൻ പുറപ്പെടുവിച്ച പ്രസ്താവന. ഇതിന് നേരെ എതിരാണ് 2016ൽ ദേശാഭിമാനിയിൽ വന്ന വാർത്ത. കടൽക്കൊള്ള എന്ന തലക്കെട്ടിലായിരുന്നു ഈ വാർത്ത

ദേശാഭിമാനിയിൽ 2016ൽ വന്ന വാർത്തയുടെ പൂർണ്ണ രൂപം

കടൽക്കൊള്ള

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പൊതുമേഖലയിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട വിഴിഞ്ഞം തുറമുഖ പദ്ധതിയെ കോർപറേറ്റ് കമ്പനിക്ക് തീറെഴുതിയതിനു പിന്നിലെ അണിയറ രഹസ്യം തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു. ഉമ്മൻ ചാണ്ടിയും നരേന്ദ്ര മോദിയും കൈകോർത്ത തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലെ ലക്ഷ്യം 5000 കോടി രൂപ വിലമതിക്കുന്ന ഭൂമി. ഡിഎംആർസിയെ ഒഴിവാക്കി കൊച്ചി മെട്രോ സ്വകാര്യ കോർപറേറ്റുകളെ ഏൽപ്പിക്കാൻ ശ്രമിച്ച തന്ത്രമായിരുന്നു ഉമ്മൻ ചാണ്ടി വിഴിഞ്ഞത്തും പയറ്റിയത്. കൊച്ചി മെട്രോയിൽ പരാജയപ്പെട്ടപ്പോൾ ഇവിടെ വികസനക്കുതിപ്പിന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി അദാനിക്ക് തീറെഴുതിയത്.

ഒരുനൂറ്റാണ്ടോളം നീണ്ട തുറമുഖ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള സജീവപ്രവർത്തനം നടക്കുന്നത് 1996ൽ നായനാർ സർക്കാർ അധികാരത്തിൽ വന്നതോടെയാണ്. ഹൈദരാബാദ് ആസ്ഥാനമായ കുമാർ എനർജി കോർപറേഷനുമായി സർക്കാർ ചർച്ച നടത്തി. ഇതിന്റെ തുടർച്ചയായി ടെൻഡറിലൂടെ മുന്നോട്ടുവന്ന സൂം കൺസോർഷ്യത്തിന് സുരക്ഷാകാരണം പറഞ്ഞ് യുപിഎ സർക്കാർ അനുമതി നിഷേധിച്ചു. അതിന്റെ കാരണം ഇന്നും ദുരൂഹമാണ്.

യുപിഎ സർക്കാർ പദ്ധതി തടസ്സപ്പെടുത്തിയപ്പോൾ എൽഡിഎഫ് സർക്കാർ 2006ൽ സർവകക്ഷിയോഗം വിളിച്ച് റീ ടെൻഡർ നടപടി ആരംഭിച്ചു. ഗ്‌ളോബൽ മീറ്റ് സംഘടിപ്പിച്ചു. അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധരായ നാൽപ്പതോളം കമ്പനികൾ പങ്കെടുത്തു. ഇതിൽ ലാൻകോ കൊണ്ടപ്പള്ളി എന്ന കമ്പനി നെഗറ്റീവ് ടെൻഡർ നൽകി. സാധാരണ ടെൻഡറിൽ പണം സർക്കാർ അങ്ങോട്ടുകൊടുക്കുന്ന രീതിയാണെങ്കിൽ നെഗറ്റീവ് ടെൻഡറിലാകട്ടെ പണം സർക്കാരിനു ലഭിക്കും. ഇങ്ങനെ 115 കോടി രൂപ സംസ്ഥാന സർക്കാരിനു നൽകുന്നതിനുതകുന്ന നിർദ്ദേശം മുന്നോട്ടുവച്ച ഈ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടു. കരാറിന് കേന്ദ്രത്തിന്റെ അംഗീകാരവും ലഭിച്ചു. റോഡ്, വെള്ളം, വൈദ്യുതി, റെയിൽ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിന് 450 കോടി രൂപ എൽഡിഎഫ് സർക്കാർ അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു.

തുറമുഖനിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് സൂം കൺസോർഷ്യം കോടതിയെ സമീപിക്കുന്നത്. ഇതോടെ ലാൻകോ കൊണ്ടപ്പള്ളി ഗ്രൂപ്പ് പിന്മാറിയതിനു പിന്നിലും ദുരൂഹതയുണ്ട്. തുടർന്ന് ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷനെ (ഐഎഫ്‌സി) കൺസൾട്ടന്റായി നിയമിച്ചു. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തുറമുഖം ലാൻഡ് ലോർഡ് പോർട്ടായി വികസിപ്പിക്കാൻ തീരുമാനിച്ചു. 450 കോടി രൂപ ബജറ്റ് വഴിയും 2500 കോടി രൂപ എസ്‌ബിറ്റി ലീഡ് പാർട്ണറായുള്ള ബാങ്ക് കൺസോർഷ്യം വഴിയും സമാഹരിക്കാൻ നിശ്ചയിച്ചു. എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള എസ്‌ബിഐ ക്യാപ്പാണ് ഇതിനു നടപടി സ്വീകരിച്ചത്. പോർട്ടിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 ഏക്കർ ഏറ്റെടുത്തു. പശ്ചാത്തലസൗകര്യം ഉണ്ടാക്കുന്നതിനും എൽഡിഎഫ് സർക്കാർ മുൻകൈയെടുത്തു.

ഇതിനിടെയാണ് ഭരണമാറ്റം. 2011ൽ അധികാരത്തിൽവന്ന ഉമ്മൻ ചാണ്ടി സർക്കാർ തുറമുഖം സർക്കാരിന്റെ ഉടമസ്ഥതയിൽ നിലനിർത്തുകയെന്ന നയം തുടരുമെന്ന് പറഞ്ഞുവെങ്കിലും 2013 ജനുവരി 18ന് മുഖ്യമന്ത്രി ഒപ്പിട്ട് കേന്ദ്ര പ്‌ളാനിങ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാന് അയച്ച കത്തോടെ സ്ഥിതിഗതി തകിടംമറിഞ്ഞു. വിഴിഞ്ഞം പദ്ധതി പിപിപി മോഡലിൽ റീസ്ട്രക്ചർ ചെയ്യാൻ മുഖ്യമന്ത്രി അങ്ങോട്ട് ആവശ്യപ്പെടുന്ന കത്തായിരുന്നു അത്. ഈ കരാറിലും അഞ്ച് കമ്പനികൾ പങ്കെടുത്തുവെങ്കിലും ദുരൂഹ സാഹചര്യത്തിൽ കമ്പനികൾ പിന്മാറി. ഇതിനിടയിലാണ് അദാനി ഗ്രൂപ്പുമായി രഹസ്യചർച്ച നടത്തി കരാർ ഉറപ്പിച്ചത്.

മത്സ്യബന്ധനത്തിന് മരണമണി

തിരുവനന്തപുരം > ഒരുകാലത്ത് 7000 തൊഴിലാളികൾവരെ 1500 വള്ളങ്ങളിലായി മത്സ്യബന്ധനം നടത്തിയിരുന്ന വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്ത് ഇപ്പോൾ കടലിൽ പോകുന്നത് അഞ്ഞൂറിൽതാഴെ പേർ മാത്രം. പരമാവധി 100 വള്ളം.

വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖനിർമ്മാണത്തിനായി 'കടൽ കുഴിക്കൽ' തുടങ്ങിയതോടെ ആ മേഖലയിലാകെ മത്സ്യം കിട്ടാക്കനിയായി. കടലിനടിയിലെ പാറ പൊട്ടിച്ചുനീക്കുന്നതിന്റെ ആഘാതമാണ് മത്സ്യലഭ്യത ഇല്ലാതാകാൻ കാരണമായതെന്ന് തൊഴിലാളികൾ പറയുന്നു. 'ഒരു വള്ളത്തിൽ ഏഴുപേർ കടലിൽപോയാൽ തിരിച്ചെത്തിയാൽ നൂറു രൂപയ്ക്ക് പോലും വരുമാനമില്ല. പിന്നെങ്ങനെ ജീവിക്കും''- വിഴിഞ്ഞത്തെ ആനന്ദ് എന്ന മത്സ്യത്തൊഴിലാളി ചോദിക്കുന്നു. കരയിലെത്തിയാൽ കുടിവെള്ളത്തിനുപോലും പണം നൽകണം. ഒരു ബോട്ട് ഇപ്പോൾ കടലിൽപോയാൽ കുറഞ്ഞത് 5000 രൂപയാണ് നഷ്ടം.

പ്രദേശത്തുകാരാരും വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. പക്ഷേ സർക്കാർ ഉടമസ്ഥതയിലായിരുന്നെങ്കിൽ ജീവത്യാഗം പിറന്ന നാടിന് വേണ്ടിയാണെന്നെങ്കിലും കരുതാമായിരുന്നു. മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച സഹായങ്ങളും തൊഴിൽ പുനരധിവാസവും സർക്കാർ മറന്നുതുടങ്ങി. കടൽ വിദേശ കപ്പലുകൾക്കും കര വിഴിഞ്ഞം വാണിജ്യപോർടിനായി അദാനിക്കും നൽകിയതോടെ തീരദേശവാസികളുടെ മത്സ്യബന്ധനം അസാധ്യമായി.

മൂന്നിൽ രണ്ട് സർക്കാർ വിഹിതം; പദ്ധതി 60 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക്

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആക്ഷേപിക്കുന്നതുപോലെ വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖപദ്ധതിയെ സിപിഐ എമ്മോ ഇടതുപക്ഷമോ എതിർത്തിട്ടില്ല. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകാൻ കഴിയുന്ന പദ്ധതി വൈകാതെ നടപ്പാക്കണമെന്നാണ് എൽഡിഎഫ് നിലപാട്. പദ്ധതി നടപ്പാക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് മുൻ എൽഡിഎഫ് സർക്കാരാണ്. 2011ൽ അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി നാലുവർഷം വെറുതെയിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് വന്നപ്പോഴാണ് ധൃതിപിടിച്ച് പദ്ധതി നടപ്പാക്കാൻ നീക്കംതുടങ്ങിയത്.

* പദ്ധതി നടപ്പാക്കുന്നതിന് അദാനി പോർട്‌സുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളിലെ അഴിമതിയെയാണ് ചോദ്യംചെയ്തത്. സംസ്ഥാന സർക്കാരിന് പൂർണനിയന്ത്രണവും നിർണായക പങ്കാളിത്തവുമുള്ള ലാൻഡ് ലോർഡ് മോഡലിൽ തുറമുഖം നിർമ്മിക്കാനായിരുന്നു എൽഡിഎഫ് സർക്കാർ നടപടിയെടുത്തത്. തുറമുഖനിർമ്മാണം സർക്കാർ നേരിട്ട് നടപ്പാക്കുക, തുറമുഖത്തിന്റെ പ്രവർത്തനത്തിന് പൊതു- സ്വകാര്യ പങ്കാളിത്തം കൊണ്ടുവരിക- ഇതാണ് എൽഡിഎഫ് ഉദ്ദേശിച്ചത്. ഇതിനുവേണ്ടി 450 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് 2500 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചു. റോഡും റെയിലും ഉണ്ടാക്കി. ലോകത്തിലെ വിവിധ വൻകിട തുറമുഖങ്ങളുടെ അനുഭവംകൂടി കണക്കിലെടുത്താണ് എൽഡിഎഫ് സർക്കാർ ആ വഴിക്ക് നീങ്ങിയത്. തുറമുഖനിർമ്മാണത്തിന് കരാറുകാരെ കണ്ടെത്താനും 30 വർഷം തുറമുഖം ഓപ്പറേറ്റ് ചെയ്യുതിന് ഏജൻസിയെ കണ്ടെത്തുതിനും ടെൻഡർ ക്ഷണിച്ചു. ഈ ഘട്ടത്തിലാണ് എൽഡിഎഫ് സർക്കാർ സ്ഥാനമൊഴിഞ്ഞത്.

•* ഭൂമി ഏറ്റെടുക്കൽ, റോഡ്, റെയിൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അടക്കം പദ്ധതിക്ക് 7525 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ, തുറമുഖനിർമ്മാണത്തിനുമാത്രം ചെലവാക്കുന്നത് 4089 കോടി രൂപയാണ്. അദാനി പോർട്‌സ് ആവശ്യപ്പെട്ട 1635 കോടി രൂപ ഗ്രാന്റായി നൽകാൻ തീരുമാനിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുകൂടാതെ 1463 കോടി രൂപ വിവിധ പ്രവർത്തനങ്ങൾക്ക് സർക്കാർ ഫണ്ടിൽനിന്ന് ചെലവാക്കും (ഫണ്ടഡ് വർക്ക്). 817 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടിലേക്കുള്ള സർക്കാർ വിഹിതമാണ്. ഈ രണ്ട് ഇനത്തിലുമായി 2280 കോടി രൂപ സർക്കാർ ഫണ്ടിൽനിന്ന് പോകും. അദാനിക്കുള്ള ഗ്രാന്റ് ഇതിന് പുറമെയായിരിക്കും. എല്ലാം കണക്കിലെടുത്താൽ പദ്ധതിക്ക് അദാനിയുടെ മുതൽമുടക്ക് 2454 കോടി രൂപ മാത്രമാകും.

•* പദ്ധതി ചെലവിന്റെ മൂന്നിലൊന്നുപോലും അദാനി ഗ്രൂപ്പ് ചെലവാക്കുന്നില്ല. എൽഡിഎഫ് സർക്കാർ ബാങ്ക് കൺസോർഷ്യം വഴി 2500 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചിരുന്നു. അതുചെയ്താൽ പദ്ധതി പൂർണമായും സർക്കാർ ഉടമസ്ഥതയിൽവരും. വരുമാനവും ലാഭവും പൂർണമായും സർക്കാരിനായിരിക്കും. അത് പ്രയോഗികമാണ്െ വ്യക്തമായിട്ടും 2500 കോടി രൂപയിൽത്താഴെ മുതൽമുടക്കുന്ന അദാനിക്ക് 60 വർഷത്തേക്കാണ് തുറമുഖം ഏൽപ്പിച്ചുകൊടുക്കുന്നത്.

* കരാർപ്രകാരം 20 വർഷം കഴിയുമ്പോൾ സർക്കാരിന് വരുമാനത്തിന്റെ ഒരു ശതമാനമാണ് ലഭിക്കുക. സർക്കാർ ചെലവാക്കിയ പലിശയുടെ നന്നേ ചെറിയ വിഹിതമായിരിക്കും ഇത്. അദാനിയുമായി ശരിയായ വിലപേശൽപോലും നടത്താൻ സർക്കാർ തയ്യാറായിട്ടില്ല എന്നത് ദരൂഹമാണ്. രാജ്യത്തെ മറ്റു പ്രധാന തുറമുഖങ്ങൾ 30 വർഷത്തേക്കാണ് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകിയിട്ടുള്ളത്. എന്നാൽ, വിഴിഞ്ഞം കരാർ 60 വർഷത്തേക്ക്.

* ചെന്നൈയിൽ അന്നൂർ പോർട്ടിൽ 35 ശതമാനം ലാഭം നൽകാൻ അദാനി ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഇവിടെ ഒരു ശതമാനം മാത്രം. അതിനും 20 വർഷം കാത്തിരിക്കണം. കേരളത്തിന്റെ താൽപ്പര്യത്തിന് എതിരായ ഇത്തരം വ്യവസ്ഥകളാണ് എതിർപ്പിന് വിധേയമായത്. അല്ലാതെ, തുറമുഖ പദ്ധതിയെയല്ല.

* നിർമ്മാണം തീരാതെ ഉമ്മൻ ചാണ്ടി ഉദ്ഘാടനംചെയ്ത സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയെല്ലാം ദീർഘവീക്ഷണത്തോടെ എൽഡിഎഫ് ആവിഷ്‌കരിച്ച പദ്ധതികളാണ്. സർക്കാരുകൾ തുടർച്ചയാണ്. അതിനാൽ പദ്ധതികൾ മുന്നോട്ടുപോകണം. ഈ വൻകിട പദ്ധതികളിലൂടെ അഴിമതി നടത്താനാണ് യുഡിഎഫ് സർക്കാർ ശ്രമിച്ചത്. അഴിമതിയെ എതിർക്കാതിരിക്കാൻ കഴിയില്ല.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP