Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊടുക്കാം പിണറായിയ്‌ക്കൊരു കൈയടി; വിദ്യാഭ്യാസ കച്ചവടക്കാരുടെ മുഖം നോക്കി അടിച്ച് സർക്കാർ; അൺ എയിഡഡ് സ്‌കൂളുകളിലെ ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം കൊടുത്തില്ലെങ്കിൽ പത്തിരട്ടി പിഴ; പരിശോധിക്കാൻ പ്രത്യേക സംവിധാനം; ബിൽ പാസായാൽ കീശ കാലിയാകുന്നത് പാവം അദ്ധ്യാപകരെ ചൂഷണം ചെയ്ത് ഇതുവരെ കൊഴുത്തു വളർന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകൾ

കൊടുക്കാം പിണറായിയ്‌ക്കൊരു കൈയടി; വിദ്യാഭ്യാസ കച്ചവടക്കാരുടെ മുഖം നോക്കി അടിച്ച് സർക്കാർ; അൺ എയിഡഡ് സ്‌കൂളുകളിലെ ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം കൊടുത്തില്ലെങ്കിൽ പത്തിരട്ടി പിഴ; പരിശോധിക്കാൻ പ്രത്യേക സംവിധാനം; ബിൽ പാസായാൽ കീശ കാലിയാകുന്നത് പാവം അദ്ധ്യാപകരെ ചൂഷണം ചെയ്ത് ഇതുവരെ കൊഴുത്തു വളർന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ആകെയുള്ളതുകൊള്ള ലാഭം നേടുകയെന്ന ഏക ലക്ഷ്യമാണ്. വിദ്യാർത്ഥികളിൽ നിന്ന് ആയിരങ്ങൾ ഫീസ് വാങ്ങി അദ്ധ്യാപകർക്ക് എന്തെങ്കിലും കൊടുക്കുന്ന സംവിധാനം. മിനിമം ശമ്പളം അദ്ധ്യാപകർക്ക് ബാങ്ക് വഴി നൽകി അതിന്റെ പകുതി തിരികെ കൈയിൽ വാങ്ങുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളുമുണ്ട്. അയ്യായിരം രൂപ പോലും മാസ ശമ്പളം വാങ്ങുന്ന അദ്ധ്യാപകർ കേരളത്തിന്റെ അൺ എയ്ഡഡ് മേഖലയിലുണ്ട്. അദ്ധ്യാപക വൃത്തിക്ക് പഠിച്ചിട്ടും അടിമ പണിയെടുക്കേണ്ട ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുയാണ് പിണറായി സർക്കാർ. കേരളത്തിലെ വിദ്യാഭ്യാസ മാഫിയയെ തളർത്താൻ പോന്ന തീരുമാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് പോവുകയാണ്. അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ സർക്കാർ നിശ്ചയിക്കുന്ന ബില്ലിന് പൊതുവിദ്യാഭ്യാസവകുപ്പ് രൂപംനൽകി. സർക്കാർ നിയോഗിക്കുന്ന കമ്മിറ്റിയായിരിക്കും മിനിമം വേതനമുൾപ്പെടുന്ന വേതന വ്യവസ്ഥകൾ നിശ്ചയിക്കുക.

സർക്കാർ നിശ്ചയിക്കുന്ന ശമ്പളം കിട്ടുന്നുവെന്ന് ഉറപ്പാക്കാനും സംവിധാനമുണ്ടാകും. പരാതി കിട്ടിയാൽ മാനേജ്‌മെന്റുകളെ ശിക്ഷിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ടാകും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇത് പാസാകുന്നതോടെ വിദ്യാഭ്യാസ കച്ചവടക്കൊള്ളയ്ക്കും അവസാനമാകും. അൺ എയ്ഡഡ് സ്‌കൂൾ മേഖലയിൽ അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണം ഉറപ്പാക്കുന്നതാകും ബിൽ. സർക്കാർ നിശ്ചയിക്കുന്ന സ്‌കെയിലിനെക്കാൾ കുറവ് ശമ്പളമാണ് നൽകിയതെങ്കിൽ വ്യത്യാസം വന്ന തുകയുടെ പത്തിരട്ടി മാനേജ്മെന്റ് നഷ്ടപരിഹാരം നൽകണമെന്നും 'അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെ വേതനവും ബത്തയും നിശ്ചയിക്കൽ ബിൽ' വ്യവസ്ഥ ചെയ്യുന്നു. ഇത് മാനേജ്‌മെന്റിന് ഏറെ തിരിച്ചടിയാകും. ഇത്തരത്തിലൊരു ബില്ലിനെ കുറിച്ച് ചർച്ച തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ മുതലാളിമാരുടെ സമ്മർദ്ദം മൂലം ഒന്നും നടന്നില്ല. ഇതിനാണ് പിണറായി സർക്കാർ മാറ്റമുണ്ടാക്കുന്നത്.

കേരളത്തിൽ എവിടെ നോക്കിയാലും അൺ എയഡഡ് സ്‌കൂളുകളാണ്. വിദ്യാർത്ഥികളിൽ നിന്ന് വലിയ ഫീസ് വാങ്ങി ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന സ്‌കൂളുകൾ പരസ്യത്തിനും ലക്ഷങ്ങൾ ചെലവാക്കും. എന്നാൽ അദ്ധ്യാപകർ അടക്കമുള്ള ജീവനക്കാർക്ക് തുച്ഛമായ തുക മാത്രമാണ് ഫീസായി നൽകുന്നത്. ജോലി പോകുമോ എന്ന ഭയം കാരണം ആരും പരാതിപ്പെടാറുമില്ല. ഇതെല്ലാം പരിഗണിച്ചാണ് സർക്കാർ നിയമനിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. ബിൽ പാസായാൽ കീശ കാലിയാകുന്നത് പാവം അദ്ധ്യാപകരെ ചൂഷണം ചെയ്ത് ഇതുവരെ കൊഴുത്തു വളർന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകളാണ്. ഇവരുടെ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ മുട്ടു മടക്കാതെയാണ് ബില്ലുമായി പിണറായി സർക്കാർ മുന്നോട്ട് പോകുന്നത്. അൺ എയ്ഡഡ് മേഖലയെ വരച്ച വരയിൽ നിർത്താനുള്ള സർക്കാർ തീരുമാനത്തിന്റെ പ്രതിഫലനം കൂടിയാണ് ബിൽ.

അൺ എയ്ഡഡ് സ്‌കൂളുകളെ വ്യവസായമായി കാണുന്നുണ്ടെങ്കിലും അദ്ധ്യാപകർ, അനധ്യാപകർ, മറ്റുജീവനക്കാർ എന്നിവരെ തൊഴിലാളിയായോ ജീവനക്കാരനായോ അംഗീകരിച്ചിരുന്നില്ല. പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ബാധകമാകുംവിധമാണ് പുതിയ നിയമനിർമ്മാണം. ശമ്പളം നിശ്ചയിക്കാനുള്ള കമ്മിറ്റിക്ക് രൂപംനൽകി സർക്കാർ വിജ്ഞാപനമിറക്കും. തൊഴിലുടമകൾ, അദ്ധ്യാപകരടക്കമുള്ള ജീവനക്കാർ എന്നിവരുടെ പ്രതിനിധികൾ കമ്മിറ്റിയിലുണ്ടാകും. ഇതിന്റെ മൂന്നിലൊന്ന് സ്വതന്ത്ര അംഗങ്ങളുമുണ്ടാകും. സ്വന്തന്ത്രാംഗമായിരിക്കും കമ്മിറ്റി ചെയർമാൻ. അടിസ്ഥാന ശമ്പള സ്‌കെയിലും ജീവിതവിലസൂചികയിൽ വരുന്ന വ്യതിയാനത്തിന് അനുസരിച്ചുള്ള ബത്തയും കമ്മിറ്റി നിശ്ചയിക്കും. അദ്ധ്യാപകർ, അനധ്യാപകർ, ജീവനക്കാർ എന്നിവരെ പ്രത്യേകം വിഭാഗമായി തിരിച്ചാകും ശമ്പളം നിശ്ചയിക്കുക. മാനേജ്മെന്റിനും ജീവനക്കാർക്കും കമ്മിറ്റി മുമ്പാകെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ 60 ദിവസം നൽകും. ശമ്പളം വിജ്ഞാപനം ചെയ്താൽ മൂന്നുമാസത്തിനകം നടപ്പാക്കണം.

ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നൽകണം. ജോലിസമയവും കമ്മിറ്റി നിശ്ചയിക്കും. അധികജോലി ചെയ്യിച്ചാൽ അധികവേതനം നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തും. ആഴ്ചയിൽ ഒരുദിവസം അവധി. ഓരോ ജീവനക്കാരന്റെയും ശമ്പളത്തിന്റെ രസീതടക്കമുള്ള രേഖകൾ സ്‌കൂളിലുണ്ടാകണം. ഇവ പരിശോധിക്കാൻ സർക്കാർ ഇൻസ്‌പെക്ടർമാരെ നിയോഗിക്കും. അവർ കൃത്യമായ ഇടവേളയിൽ പരിശോധനയ്ക്ക് എത്തും. ശമ്പളം ലഭിക്കാത്തതിലെ പരാതികൾ കേൾക്കാനും സംവിധാനമുണ്ട്. ഇത്തരം പ്രശ്‌നമുണ്ടായാൽ ആറുമാസത്തിനുള്ളിൽ പരാതി നൽകണം. അല്ലെങ്കിൽ പരാതി വൈകിയതിന് മതിയായ കാരണം വേണം. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ ശമ്പളത്തിന്റെ പത്തിരട്ടി പിഴ മാനേജ്‌മെന്റിൽ നിന്നും ഈടാക്കും.

സർക്കാർ നിശ്ചയിക്കുന്ന ശമ്പളത്തെക്കാൾ കുറവ് തുകയാണ് നൽകുന്നതെങ്കിൽ വ്യത്യാസമുള്ള തുകയുടെ പത്തിരട്ടി നഷ്ടപരിഹാരമായി ഈടാക്കാം. ഈ തുക നൽകിയില്ലെങ്കിൽ ഭൂവിനത്തിലുള്ള കുടിശ്ശികയായി കണക്കാക്കി ഈടാക്കാൻ കളക്ടർമാരെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ ബില്ലിലുണ്ട്. കൂടാതെ 25,000 രൂപവരെ സർക്കാരിലേക്കും പിഴയടയ്ക്കണം. മാനേജ്മെന്റിനോടുള്ള വിദ്വേഷത്തിന്റെ ഫലമായി ജീവനക്കാരൻ വ്യാജപരാതി നൽകിയതാണെങ്കിൽ 10,000 രൂപ അയാളിൽനിന്ന് ഇടാക്കും. സർക്കാർ നിശ്ചയിക്കുന്ന സ്‌കെയിലിനെക്കാൾ കുറഞ്ഞ നിരക്കിൽ ജോലിചെയ്യാമെന്ന് ജീവനക്കാരനുമായി മാനേജ്മെന്റിന് കരാറുണ്ടാക്കാനും കഴിയില്ല. എന്നാൽ കൂടുതൽ തുകയ്ക്ക് കരാറുണ്ടാക്കാനും കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP