Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്മിത മേനോൻ വിവാദം അവസാനിച്ചിട്ടില്ല; കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും; അബുദാബിയിൽ മന്ത്രിതല സമ്മേളനത്തിൽ മഹിളാമോർച്ച നേതാവ് പങ്കെടുത്തതിലെ ചട്ടലംഘനം പരിശോധിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ

സ്മിത മേനോൻ വിവാദം അവസാനിച്ചിട്ടില്ല; കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും; അബുദാബിയിൽ മന്ത്രിതല സമ്മേളനത്തിൽ മഹിളാമോർച്ച നേതാവ് പങ്കെടുത്തതിലെ ചട്ടലംഘനം പരിശോധിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം മഹിളാമോർച്ച നേതാവ് സ്മിതാ മേനോൻ പങ്കെടുത്ത സംഭവത്തിലെ വിവാദങ്ങൾക്ക് ഇനിയും അവസാനമായില്ല. സ്മിത മേനോൻ വിവാദം കേന്ദ്ര വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ നൽകിയ പരാതിയിൽ കേന്ദ്ര വിജിലൻസ് കമ്മീഷനാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. മുൻപ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ ഓഫീസർ, മുരളീധരന് എതിരായ പരാതിയിൽ പ്രോട്ടോകോൾ ലംഘനമില്ലെന്ന് ക്‌ളീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ ഈ നടപടി അംഗീകരിക്കില്ലെന്നും മുരളീധരന്റെ ഭാഗത്തുനിന്നും ഉണ്ടായത് പ്രോട്ടോകോൾ ലംഘനമാണെന്നായിരുന്നു സലീം മടവൂർ പ്രതികരിച്ചത്. മന്ത്രിക്കെതിരെ വിജിലൻസ് കമ്മീഷനും സലീം മടവൂർ പരാതി നൽകിയിരുന്നു.

വിവാദത്തിൽ നേരത്തെ മുരളീധരൻ തന്നെ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകേണ്ടത് താനാണോയെന്നാണ് മന്ത്രിയുടെ ചോദ്യം. സ്മിത മേനോന് മാത്രമല്ല അനുമതി കിട്ടിയതെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം പങ്കെടുത്ത സമ്മേളനത്തിൽ അനുമതി ചോദിച്ചിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾക്കും അനുമതി കിട്ടിയേനെയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വിശദീകരിക്കുന്നു. സ്മിത മേനോൻ ഇരുന്നത് വേദിയിൽ അല്ലെന്നുമാണ് മന്ത്രി നൽകിയ വിശദീകരണം. അതേസമയം പി ആർ ഏജന്റ് എന്ന നിലയിൽ ആണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സ്മിതാ മേനോൻ വിശദീകരിക്കുന്നത്. ആർക്കും പങ്കെടുക്കാവുന്ന ഓപ്പൺ കോൺഫറൻസ് ആയിരുന്നു അതെന്നും ചെലവ് സ്വയം വഹിച്ചതാണെന്നും സ്മിതാ മേനോൻ വ്യക്തമാക്കിയിരുന്നു.

അതേസമയം സ്മിതാ മേനോൻ വിവാദം ബിജെപിയിലെ ആഭ്യന്തര രാഷ്ട്രീയത്തിലും ഉലച്ചിലുകൾ വരുത്തിയിരുന്നു. സ്മിതാ മേനോൻ വിവാദത്തിൽ മന്ത്രി മുരളീധരന് തെറ്റുപറ്റി എന്നാണു ഡൽഹി സംസാരം. വിദേശ യാത്രകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കോഡ് ഓഫ് കോൺഡക്റ്റ് നിർബന്ധമാണ്. അതിലൊന്ന് ഭാര്യയെയും കുട്ടികളെയും എഴുന്നെള്ളിച്ച് വിവാദയാത്ര നടത്തരുത് എന്നാണ്. സ്വന്തം കുടുംബത്തെ കൂട്ടി സർക്കാർ ഖജനാവ് ധൂർത്തടിച്ച് ദേവഗൗഡ പ്രധാനമന്ത്രിയായ സമയത്ത് നടത്തിയ ഒരു യാത്രയുടെ കഥ ഡൽഹി ഭരണവൃത്തങ്ങളിൽ ഇന്നും ചർച്ചയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് വിദേശ യാത്രകളിൽ മോദി നിഷ്‌ക്കർഷ വെച്ചു പുലർത്താറുള്ളത്.

കുംബത്തെ കൂട്ടി വിദേശയാത്ര നടത്താൻ മന്ത്രിമാരെ പ്രധാനമന്ത്രി അനുവദിക്കാറില്ല. ജീൻസ് അണിഞ്ഞു വിദേശ യാത്രയ്ക്ക് ഒരുങ്ങിയ പ്രകാശ് ജാവദേക്കറെ പ്രധാനമന്ത്രി തിരികെ വിളിച്ച് ഔദ്യോഗിക ഡ്രെസ് അണിഞ്ഞു യാത്ര നടത്തിയാൽ മതിയെന്ന് നിർദ്ദേശിച്ചിരുന്നു. മോദി ആദ്യം പ്രധാനമന്ത്രിയായ വേളയിലാണ് ഈ സംഭവം നടക്കുന്നത്. ഇത് മന്ത്രിമാർക്കും സെക്രട്ടറിമാർക്കുമെല്ലാം അറിയാം. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെയാണ് മുരളീധരന്റെ വിദേശയാത്ര വിവാദമാകുന്നത്.

സ്മിതാ മേനോനെ തന്നെ അനുഗമിക്കാൻ മുരളീധരൻ അനുവദിക്കുകയായിരുന്നു. ഒരേ വിമാനത്തിൽ തന്നെ ദുബായ് യാത്രയും. സ്മിതാ മേനോന്റെ യാത്ര സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണ് എന്നാണ് പുറത്ത് വന്ന വിവരം. അതുകൊണ്ട് തന്നെ പ്രോട്ടോക്കോൾ ലംഘനമില്ല. പക്ഷെ ശിവശങ്കർ -സ്വപ്ന സുരേഷ് വിമാനയാത്ര കേരളത്തിൽ വിവാദമായിരിക്കുകയും കേന്ദ്ര ഏജൻസികൾ ഈ യാത്രയുടെ നാരായവേരുകൾ തേടിയുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്ത വേളയിലാണ് മുരളീധരന്റെ യാത്രയും വിവാദച്ഛയ പടർന്നു വ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP