Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റാഫേൽ വിവാദത്തിൽ പാർലമെന്റ് തിളച്ചു മറിഞ്ഞപ്പോൾ പ്രതിരോധിക്കാൻ മോഹൻകുമാർ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ മറുപടി പുറത്തുവിട്ട് കേന്ദ്ര സർക്കാർ; ചർച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നു എന്നേ ഉള്ളൂവെന്നും പ്രതിരോധ സെക്രട്ടറിയുടേത് അതിരുകടന്ന ആശങ്കയെന്നും മനോഹർ പരീക്കർ മറുപടിക്കത്തിൽ; യുപിഎ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഓരോ കാര്യത്തിലും സോണിയ ഗാന്ധി ഇടപെട്ടത് മറക്കരുതെന്ന് തിരിച്ചടിച്ച് നിർമ്മല സീതാരാമൻ

റാഫേൽ വിവാദത്തിൽ പാർലമെന്റ് തിളച്ചു മറിഞ്ഞപ്പോൾ പ്രതിരോധിക്കാൻ മോഹൻകുമാർ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ മറുപടി പുറത്തുവിട്ട് കേന്ദ്ര സർക്കാർ; ചർച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നു എന്നേ ഉള്ളൂവെന്നും പ്രതിരോധ സെക്രട്ടറിയുടേത് അതിരുകടന്ന ആശങ്കയെന്നും മനോഹർ പരീക്കർ മറുപടിക്കത്തിൽ; യുപിഎ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഓരോ കാര്യത്തിലും സോണിയ ഗാന്ധി ഇടപെട്ടത് മറക്കരുതെന്ന് തിരിച്ചടിച്ച് നിർമ്മല സീതാരാമൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫേൽ ഇടപാടിൽ പ്രധാമന്ത്രി മോദിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടെതിന്റെ തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിരോധവുമായി ബിജെപി. വിഷയത്തിൽ പാർലമെന്റ് ഇളകിമറിഞ്ഞ ഘട്ടത്തിലാണ് പ്രതിരോധ സെക്രട്ടറിയുടെ കത്തിന് നൽകിയ മറുപടിയെ കുറിച്ചുള്ള വിവരങ്ങളും കേന്ദ്രസർക്കാർ പുറത്തുവിട്ടത്. റഫാൽ ഇടപാടിനെച്ചൊല്ലി പ്രതിരോധസെക്രട്ടറി ജി മോഹൻകുമാർ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ എഴുതിയ മറുപടിയാണ് കേന്ദ്രം പുറത്തുവിട്ടത്.

വിയോജനക്കുറിപ്പിനെക്കുറിച്ച് പ്രതിരോധസെക്രട്ടറി പിഎംഒ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച ചെയ്യട്ടെയെന്ന് മറുപടിയിൽ പരീക്കർ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ ഇടപാടിനെക്കുറിച്ചുള്ള ചർച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നുവെന്നേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി ഫയലിൽ എഴുതിയ മറുപടിക്കുറിപ്പിൽ പറയുന്നു. വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പ്രതിരോധമന്ത്രി എഴുതിയ മറുപടിയിലുണ്ട്.

ശാന്തമായിരിക്കുക, ഭയപ്പെടേണ്ട സാഹചര്യമില്ല കാര്യങ്ങളെല്ലാം ശരിയാകുമെന്നുമായിരുന്നു പരീക്കർ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് മറുപടി നൽകിയത്. ഇക്കാര്യത്തിൽ പ്രതിരോധ സെക്രട്ടറി തിടുക്കം കാട്ടിയെന്നും പരീക്കർ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനും പരീക്കർ നിർദേശിച്ചിട്ടുണ്ട്. 2016 ജനുവരി 31നാണ് പരീക്കറുടെ മറുപടി നൽകിയത്. റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിർത്തതിന് തെളിവ്. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തി. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിന്റെ നീക്കങ്ങളെ ദുർബലമാക്കിയെന്നും കുറിപ്പിലുണ്ട്.

അതേസമയം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലാണ് റഫാൽ ഇടപാടിൽ സമാന്തര ഇടപെടൽ നടത്തിയതെന്ന് വിഷയം ലോക്‌സഭയിൽ ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് പറഞ്ഞു. മോദി സർക്കാർ രാജ്യദ്രോഹികളുടേതാണെന്നും സൗഗത റോയ് കുറ്റപ്പെടുത്തി. റഫാൽ വിഷയത്തിലെ പുതിയ വെളിപ്പെടുത്തൽ പുറത്തുവിട്ട ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ പകർപ്പ് ഉയത്തിക്കാട്ടി തൃണമൂൽ അംഗങ്ങൾ പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

മോദി സർക്കാർ രാജ്യദ്രോഹികളാണെന്ന് കോൺഗ്രസ് അംഗങ്ങൾ ലോക്‌സഭയിൽ ആരോപിച്ചു. ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണം. എല്ലാ കാര്യങ്ങളും അപ്പോൾ വ്യക്തമാകും. ഇനി സർക്കാരിന്റെ വിശദീകരണം കേൾക്കാനില്ല. മറ്റൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ ലോക്‌സഭയിൽ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിൽ അപാകതയില്ലെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ദേശീയ സുരക്ഷാ കൗൺസിലെന്നും അവർ വിശദീകരിച്ചു. പത്ര വാർത്തയ്ക്കു പിന്നിൽ ചില താൽപര്യങ്ങളുണ്ട്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കാര്യങ്ങൾ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നുതെന്നും പരീക്കർ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം വൻകിട കുത്തകകളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ ആരോപണമുന്നയിക്കുന്നതെന്നും നിർമല സീതാരമാൻ ലോക്‌സഭയിൽ പറഞ്ഞു. യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഓരോ കാര്യങ്ങളിലും സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി ഇടപ്പെട്ടിരുന്നത് എന്തിനായിരുന്നുവെന്നും നിർമല ചോദിച്ചു.

അതേസമയം റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന റിപ്പോർട്ടിനോട് പ്രതികരിച്ച് മുൻ പ്രതിരോധമന്ത്രിയും കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. റഫാൽ കരാർ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെയാണെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന വാർത്ത ഞെട്ടൽ ഉണ്ടാക്കി. പ്രധാനമന്ത്രി ഫ്രാൻസിൽ പോയി വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി കരാർ ഉണ്ടാക്കിയത് നിയമപരമായി തെറ്റാണെന്നും എ കെ ആന്റണി പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിനെ മറി കടന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയത് ദേശതാല്പര്യത്തിനു എതിരാണെന്നും ആന്റണി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കേ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത തിരിച്ചടിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP