Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്ത് സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയത് അരപ്പതിറ്റാണ്ട് മുൻപ്; ദിനംപ്രതി ഭക്ഷണം നൽകുന്നത് 5500 പേർക്ക്; താൻ മരിച്ചാൽ പോലും അശരണർക്കുള്ള ഭക്ഷണം മുടക്കരുതെന്ന തോമസ് ചേട്ടന്റെ ആഗ്രഹത്തിനു തടസ്സമായത് കോവിഡ് ബാധ; ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി ഭക്ഷണപ്പൊതികൾക്ക് മുടക്കം വന്നു; അന്തേവാസികളിൽ 80 ലേറെ പേർക്കും സാരഥി തോമസ് ചേട്ടനും കോവിഡ്; നവജീവൻ ട്രസ്റ്റ് പ്രാഥമിക ചികിൽസാ കേന്ദ്രമായി പ്രഖ്യാപിച്ച് കലക്ടർ; അടുത്ത മാസം ഭക്ഷണവിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ പി യു തോമസ്

കോട്ടയത്ത് സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയത് അരപ്പതിറ്റാണ്ട് മുൻപ്; ദിനംപ്രതി ഭക്ഷണം നൽകുന്നത് 5500 പേർക്ക്; താൻ മരിച്ചാൽ പോലും അശരണർക്കുള്ള ഭക്ഷണം മുടക്കരുതെന്ന തോമസ് ചേട്ടന്റെ ആഗ്രഹത്തിനു തടസ്സമായത് കോവിഡ് ബാധ; ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി ഭക്ഷണപ്പൊതികൾക്ക് മുടക്കം വന്നു; അന്തേവാസികളിൽ 80 ലേറെ പേർക്കും സാരഥി തോമസ് ചേട്ടനും കോവിഡ്; നവജീവൻ ട്രസ്റ്റ് പ്രാഥമിക ചികിൽസാ കേന്ദ്രമായി പ്രഖ്യാപിച്ച് കലക്ടർ; അടുത്ത മാസം ഭക്ഷണവിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ പി യു തോമസ്

എം മനോജ് കുമാർ

കോട്ടയം: കഴിഞ്ഞ മുപ്പത് വർഷമായി മുടക്കംകൂടാതെ നടത്തി വരുന്ന സൗജന്യ ഭക്ഷണവിതരണവും സാമൂഹിക സേവന പ്രവർത്തനങ്ങളും കോട്ടയം ആർപ്പൂക്കരയിലെ നവജീവൻട്രസ്റ്റ് താത്ക്കാലികമായി നിർത്തി. ട്രസ്റ്റിലെ അന്തേവാസികൾക്കിടയിൽ വന്ന കോവിഡ് വ്യാപനത്തെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലും കുട്ടികളുടെ ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും മുടക്കം കൂടാതെ നടത്തിവരുന്ന ഭക്ഷണവിതരണവും സഹായ പ്രവർത്തനങ്ങളും നവജീവൻ ട്രസ്റ്റ് നിർത്തിവെച്ചത്. ട്രസ്റ്റിലെ അന്തേവാസികളിൽ 80 ഓളം പേർക്കും ട്രസ്റ്റിന്റെ ജീവവായുവായ പി.യു.തോമസ് ചേട്ടനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ട്രസ്റ്റ് ഭക്ഷണവിതരണം നിർത്തിവെച്ചത്.

ജീവിതത്തിന്റെ ഭാഗമായ ഭക്ഷണവിതരണം മുടങ്ങിയതോടെ രക്തസമ്മർദ്ദം ഉയർന്നതിനാൽ തോമസ് ചേട്ടനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പ്രത്യേക റൂം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്‌ച്ച വരെ ഭക്ഷണ വിതരണത്തിൽ മുടക്കം വന്നിട്ടില്ല. വ്യാഴാഴ്ചയാണ് അന്തേവാസികളിൽ ചിലർക്ക് പനി വരുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തത്. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് എത്തി എല്ലാവരുടെയും ടെസ്റ്റ് നടത്തി. ഇതോടെയാണ് എൺപതിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കോട്ടയം നഗരത്തിൽ ദിനേനെ അയ്യായിരത്തോളം പേർക്കാണ് നവജീവൻ ഭക്ഷണം എത്തിച്ചുകൊണ്ടിരുന്നത്. ഇതാണ് ട്രസ്റ്റ് ഓഫീസിൽ കോവിഡ് പടർന്നതിനാൽ നിലച്ചത്. നവജീവന്റെ ഭക്ഷണം കാത്തിരിക്കുന്ന എത്രയോ ആളുകൾക്ക് ഭക്ഷണവിതരണം മുടങ്ങിയത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. താൻ മരിച്ചാൽപ്പോലും അശരണരായ ആളുകൾക്കുള്ള ഭക്ഷണ വിതരണം മുടങ്ങരുത് എന്ന് ചട്ടം കെട്ടിയിട്ടുള്ള തോമസ് ചേട്ടന് കോവിഡ് കാരണമായാലും ഭക്ഷണവിതരണം മുടങ്ങിയത് സഹിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്നാണ് രക്തസമ്മർദ്ദം കൂടിയത്. കോവിഡ് പടർന്നതിനാൽ ആരോഗ്യവകുപ്പിൽ നിന്നുള്ള നിർദ്ദേശം സ്വീകരിച്ചാണ് താത്ക്കാലത്തേക്ക് എങ്കിലും ഭക്ഷണവിതരണം നിർത്തിയത്. രണ്ടു മൂന്നു അന്തേവാസികൾക്ക് കഴിഞ്ഞ ദിവസം പനി വന്നു. ടെസ്റ്റിൽ ഇവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ ടെസ്റ്റിലാണ് എൺപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മാനസിക രോഗികളായ ആളുകളാണ് അന്തേവാസികളിൽ കൂടുതലും. അതുകൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ ആരോഗ്യവകുപ്പ് കൈക്കൊള്ളുന്നുണ്ട്.

കോവിഡ് പടർന്നത് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലാ കളക്ടർ നവജീവൻ സന്ദർശിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നവജീവൻ ട്രസ്റ്റ് ഇൻസ്റ്റിറ്റിയൂഷനൽ കോവിഡ് ക്ലസ്റ്ററും പ്രാഥമികചികിൽസാ കേന്ദ്രവുമായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടർ ഉത്തരവിറക്കുകയും ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംഘം ക്യാമ്പ് ചെയ്ത് രോഗികളുടെ ആരോഗ്യ നില വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ആരോരും തുണയില്ലാതെ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ആളുകളാണ് നവജീവനിലെ അന്തേവാസികൾ. ഇവരിൽ പലർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും നിലവിൽ ക്വാറന്റൈനിൽ തുടരുകയാണ്.

കഴിഞ്ഞ ചൊവാഴ്ചയാണ് അന്തേവാസികൾക്കിടയിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പടുന്നത്. അതുകൊണ്ട് തന്നെ ഉടനടി ഭക്ഷണവിതരണവും നിർത്തി. ആരോഗ്യവകുപ്പ് അധികൃതർ പിറ്റേന്ന് തന്നെ നവജീവനിൽ എത്തുകയും എല്ലാവർക്കും കോവിഡ് ടെസ്റ്റ് എടുക്കുകയും ചെയ്തിരുന്നു. അന്തേവാസികളായ ഇരുനൂറിലേറെപ്പേരിൽ കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ എൺപതിലേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഉടൻ തന്നെ കോവിഡ് പടർന്നവരെയും അല്ലാത്തവരെയും പ്രത്യേകം പ്രത്യേകം മാറ്റി. സാമൂഹിക അകലം ഏർപ്പെടുത്തുകയും അന്തേവാസികൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. നവജീവനിൽ കോവിഡ് പടരുന്നത് ഗൗരവത്തിൽ എടുത്തിട്ടുണ്ട്. അശരണരായ ആളുകൾ താമസിക്കുന്ന ഇടം എന്ന നിലയിലും വർഷങ്ങളായി സാമൂഹിക സേവനം നടത്തുന്നതിൽ കോട്ടയത്ത് മുൻനിരയിലുള്ള സ്ഥാപനം എന്ന നിലയിലുമാണ് നവജീവൻ കോവിഡ് ബാധയെ ഗൗരവപൂർണമായ രീതിയിൽ ആരോഗ്യവകുപ്പ് പരിഗണിക്കുന്നത്.

അമ്പത് വർഷമായി തോമസ് ചേട്ടൻ തുടരുന്നതാണ് ഈ സൗജന്യഭക്ഷണ വിതരണം. നവജീവൻ ട്രസ്റ്റ് രൂപീകരിച്ചതോടെ ഭക്ഷണവിതരണവും സഹായ പ്രവർത്തനങ്ങളും ട്രസ്റ്റിന്റെ പേരിലാക്കി. മുപ്പത് വർഷമായി ട്രസ്റ്റിന്റെ പേരിലാണ് ഭക്ഷണവിതരണം നടത്തുന്നത്. ആദ്യം കോട്ടയം മെഡിക്കൽ കോളേജിലെ ഒരു റൂമിൽ നിന്നാണ് സഹായ പ്രവർത്തനങ്ങൾ തുടങ്ങിയത്. പിന്നീട് ആർപ്പൂക്കരയിൽ നാല് നില കെട്ടിടം തന്നെ ട്രസ്റ്റിന്റെ പേരിൽ വന്നു. ഈ ട്രസ്റ്റ് കെട്ടിടത്തിൽ ഇരുനൂറിലേറെപ്പേർ അന്തേവാസികൾ ആയിട്ടുണ്ട്. ഇവരിൽ മിക്കവാറും തെരുവിൽ നിന്നും പൊലീസും സാമൂഹ്യസേവന സംഘടനകളും കണ്ടെത്തി ട്രസ്റ്റിനു കൈമാറിയവരാണ്. ഇവരെയാണ് ട്രസ്റ്റ് പരിപാലിക്കുന്നത്.

ഇപ്പോൾ കൊറോണയായതിനാൽ ട്രസ്റ്റിലേക്ക് വരുന്ന സഹായധനങ്ങളും തുലോം കുറഞ്ഞിട്ടുണ്ട്. ട്രസ്റ്റും സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ് എന്നാണ് ട്രസ്റ്റിന്റെ ഭാരവാഹി സാജു മറുനാടനോട് പറഞ്ഞത്. സഹായ മനോഭാവമുള്ളവർ ട്രസ്റ്റിനു കൈമാറുന്ന ധനമാണ് എല്ലാ സേവന പ്രവർത്തനങ്ങൾക്കും നവജീവൻ ഉപയോഗിക്കുന്നത്. കിഡ്‌നി പ്രശ്‌നങ്ങൾ നേരിട്ട് ഡയാലിസിസ് വഴി ജീവൻ നിലനിർത്തുന്ന ആളുകൾക്ക് നേരിട്ട് ധനസഹായവും ട്രസ്റ്റ് കൈമാറുന്നുണ്ട്. ഒട്ടുവളരെ ആളുകൾ നേരിട്ട് ട്രസ്റ്റിന്റെ ഓഫീസിലെത്തി സഹായം കൈപ്പറ്റുന്നുണ്ട്. എല്ലാവരെയും സഹായിക്കുന്ന നവജീവന്റെ മനോഭാവമാണ് ആളുകൾക്ക് തുണയാകുന്നത്.

കോവിഡ് കാരണമാണേങ്കിലും സൗജന്യഭക്ഷണ വിതരണം മുടങ്ങിയതിൽ മനപ്രയാസമുണ്ടെന്നു കോവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ തുടരുന്ന തോമസ് ചേട്ടൻ മറുനാടനോട് പറഞ്ഞു. അടുത്ത മാസം ഒൻപതാം തീയതി മുതൽ ഭക്ഷണവിതരണം പുനരാരംഭിക്കാനാണ് പരിപാടി ഇടുന്നത്. ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടും. ആലംബം ഇല്ലാത്തവർക്ക് ആലംബമാണ് ഞങ്ങളുടെ ഭക്ഷണം. ഭക്ഷണം മുടങ്ങിയതിൽ അവർക്ക് പ്രയാസം നേരിടുന്നുണ്ട്. കൊറോണ കാരണം ഞങ്ങൾക്ക് വരുന്ന സഹായവും നിലച്ചിട്ടുണ്ട്. കൊറോണ കാലത്ത് മുൻപിൻ നോക്കാതെ ട്രസ്റ്റിന്റെ ഓഫീസിൽ ധാരാളം പേർ വന്നിട്ടുണ്ട്. അവർക്ക് എല്ലാം സഹായം നൽകി. ട്രസ്റ്റിന്റെ ആളുകൾ പലർക്കും വീടുകളിലും സഹായം എത്തിച്ചിട്ടുണ്ട്. ഇവരിൽ നിന്നാവും കൊറോണ ഞങ്ങളിലേക്കും എത്തിയത്. പക്ഷെ വലിയ പ്രശ്‌നങ്ങൾ കൊറോണ ബാധിതർ നേരിടുന്നില്ല. അതുകൊണ്ട് തന്നെ വളരെ വേഗം സുഖം പ്രാപിക്കും എന്നാണ് കരുതുന്നത്-തോമസ് ചേട്ടൻ പറയുന്നു.

സ്നേഹിക്കപ്പെടാതെ മരിക്കരുത്, അവഗണിക്കപ്പെട്ടതിന്റെ പേരിൽ കണ്ണുനീർ പൊഴിക്കരുത്'

'ലോകത്തിൽ ഒരു മനുഷ്യനും വേദനിക്കരുത്, സ്നേഹിക്കപ്പെടാതെ മരിക്കരുത്, അവഗണിക്കപ്പെട്ടതിന്റെ പേരിൽ കണ്ണുനീർ പൊഴിക്കരുത്'. ഈ മഹത്തായ ചിന്തയാണ് 1991ൽ നവജീവൻ ട്രസ്റ്റിന്റെ പിറവിയിലേക്കു പി.യു തോമസിനെ കൊണ്ടെത്തിച്ചത്. സർക്കാർ സഹായമോ വിദേശഫണ്ടുകളോ ഒന്നുമില്ലാതെയാണ് പി.യു.തോമസ് മൂന്ന് പതിറ്റാണ്ടായി അത്ഭുതം സൃഷ്ടിച്ചു കൊണ്ടിരിക്കുത്. തെരുവിൽ അലയുന്ന മനോരോഗികളുടേയും അനാഥരുടേയും പ്രിയ്യപ്പെട്ട തോമസ് ചേട്ടനായി അറിയപ്പെടാനാണ് പി.യു.തോമസ് എന്ന നിശബ്ദ സേവനം സൃഷ്ടിക്കുന്ന പച്ച മനുഷ്യൻ ആഗ്രഹിക്കുന്നത്. 12ാം വയസ്സിൽ സുഹൃത്തിന്റെ വിശപ്പടക്കാനായി തന്റെ അക്ഷരത്താളുകൾ തൂക്കി വിറ്റ പി.യു.തോമസ് അനുഭവങ്ങളുടെ സർവ്വകലാശാലയേക്കാൾ വലിയൊരു പഠനക്കളരിയില്ലെന്ന തിരിച്ചറിവ് ബാല്യത്തിലേ നേടിക്കഴിഞ്ഞിരുന്നു.

ഒന്നുമില്ലായ്മയിൽ നിന്നും വിസ്മയിപ്പിക്കുന്ന മുത്തശ്ശിക്കഥയിലെ രാജകുമാരനെപ്പോലെ ഒരു സാമ്രാജ്യം പടുത്തുയർത്താൻ പി.യു.തോമസിന് കഴിഞ്ഞത് തന്റെ ആദർശ നിഷ്ടയും നവീനമായ കാഴ്‌ച്ചപ്പാടുകളും ലാളിത്യമായ വ്യക്തിത്വവും കൊണ്ടുമാത്രമാണ്. വർഷങ്ങൾക്കു മുമ്പ് ഇദ്ദേഹം തുടക്കം കുറിച്ച നവജീവൻ ട്രസ്റ്റ് ഇന്ന് അനാഥരും ആലംബഹീനരുമായ ആയിരങ്ങൾക്ക് അഭയകേന്ദ്രമാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗികളുടെ വാർഡിലെ ജോലിക്കിടയിൽ ഇവരുടെ ജീവിതം ആഴത്തിൽ തൊട്ടറിഞ്ഞ പി.യു.തോമസ് നവജീവൻ ട്രസ്റ്റിന്റെ ഉത്ഭവത്തിലേക്കു നടന്നു നീങ്ങുകയായിരുന്നു. ആശുപത്രി വരാന്തകളിലും കടത്തിണ്ണകളിലും എച്ചിൽക്കൂനകളിലും കാണാനിടയായ അനാഥരും ആലംബഹീനരുമായ മനോരോഗികൾ എന്നും പി.യു.തോമസിനെ അസ്വസ്ഥമാക്കിയിരുന്നു.

1991ൽ ആരംഭിച്ച നവജീവൻ ട്രസ്റ്റ് 44 അന്തേവാസികളുമായി അഞ്ച് വർഷക്കാലം വാടകക്കെട്ടിടത്തിലാണ് കഴിഞ്ഞിരുന്നത്. അന്തേവാസികളുടെ പ്രയാസങ്ങൾ അടുത്തറിഞ്ഞ നാട്ടുകാർ മെഡിക്കൽ കോളേജിനു സമീപം പനമ്പാലത്ത് ഒന്നര ഏക്കർ സ്ഥലം വാങ്ങി കെട്ടിടം പണിതു തീർത്തു. നവജീവൻ അഞ്ചേക്കർ വിസ്തൃതിയിലാണ് ഒഴുകിക്കിടക്കുത്. താങ്ങും തണലുമായി തോമസ്ചേട്ടനൊപ്പം കൈപിടിച്ച് അനേകം ഡോക്ടർമ്മാരും മെഡിക്കൽ വിദ്യാർത്ഥികളും സുഹൃത്തുക്കളുമുണ്ട്.

നവജീവന്റെ ചരിത്രത്താളിലെ ആദ്യ അംഗം അബു ആയിരുന്നു. വർഷങ്ങൾക്കു മുമ്പ് കോട്ടയം നഗരത്തിലൂടെ പുറകോട്ടു നടന്നു കൊണ്ടിരുന്ന എറണാകുളം സ്വദേശിയായ കുഞ്ഞച്ചന് നാട്ടുകാർ റിവേഴ്സ് അബു എന്ന പേര് ചാർത്തിക്കൊടുത്തു. 24 വർഷത്തോളം കോട്ടയം നഗരത്തിലൂടെ അലറി നടന്ന ജഡായു എന്ന ആലപ്പുഴക്കാരൻ ജെയിംസും മുംബൈ സ്വദേശിയായിരുന്ന അരവിന്ദനുമെല്ലാം പി.യു.തോമസിന്റെ കൈത്തുമ്പ് പിടിച്ച് നവജീവനിലെത്തി പുതുജീവിതം നുകർന്നെടുത്തവരാണ്. നവജീവൻ സ്വന്തം സ്ഥലത്ത് പടുത്തുയർത്തിയ ഭവനത്തിലെ ആദ്യ അന്തേവാസി രാജസ്ഥാൻകാരിയായിരുന്ന മനുഭായ് ആയിരുന്നു. വർഷങ്ങൾക്കു മുമ്പ് എച്ചിൽകൂനയിൽ നിന്നും വിശപ്പടക്കിയ മനുഭായിയെ പി.യു.തോമസ് കൈപിടിച്ച് നവജീവനിലെത്തിക്കുകയായിരുന്നു. സഹോദരന്റെ അഞ്ച് മാസം പഴകിയ മൃതശരീരത്തിന് കാവലിരുവരെന്ന നിലയിൽ ലോകം അറിഞ്ഞ മനോരോഗിയായ കുമരകംകാരി കുഞ്ഞൂഞ്ഞമ്മ നവജീവനിലെത്തി ജീവിതം തിരികെപ്പിടിച്ചവരുടെ നീണ്ട പട്ടകയിലുൾപ്പെടും.

തന്റെ പ്രാരാബ്ധങ്ങൾ മാറ്റിവെച്ച് വിശക്കുന്ന മറ്റൊരുവന്റെ വിശപ്പു കൂടി ശമിപ്പിക്കുതിൽ കവിഞ്ഞൊരു പുണ്യമില്ലെന്ന് പഠിപ്പിച്ച ഇദ്ദേഹം തന്റെ മുമ്പിലെത്തിയവർക്കു മുമ്പിൽ ഒരു വലിയ നന്മവൃക്ഷമായി. കോട്ടയം മെഡിക്കൽ കോളേജ് കൂടാതെ കുട്ടികളുടെ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമൊക്കെയായി കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ തുടങ്ങി അഞ്ച് ജില്ലകളിൽ നിന്ന് എത്തുന്ന 18 ലക്ഷത്തിലേറെപ്പേരാണ് ഓരോ വർഷക്കാലവും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി കടന്നു പോകുന്നത്. ആശുപത്രികളിലെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നത് പതിവു തെറ്റിക്കാതെ പാലിച്ചുവന്ന തോമസ് ചേട്ടൻ കോവിഡ് മുക്തരാകാൻ ആയിരങ്ങളുടെ പ്രാർത്ഥനയും ഒപ്പമുണ്ട്.

നവജീവൻ ട്രസ്റ്റിലേക്ക് സഹായം എത്തിക്കാൻ ചുവടേയുള്ള ബാങ്ക് അക്കൗണ്ടിൽ പണം നല്കുക

A/C No: 57011374494
IFS Code: SBIN 0070111
SBI Gandhinagar, Kottayam

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP