Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയില്ല; കരം അടച്ചതിന് തെളിവുമില്ല; ലീഗ് എംഎൽഎയുടെ കോഴിക്കോട്ടെ വീട് പൊളിച്ചു മാറ്റാൻ തത്വത്തിൽ തീരുമാനം; അഴിക്കോട് എംഎൽഎ കൽപ്പറ്റയിലെ സ്വർണാഞ്ജലി ജൂവലറിയുടെ 'സ്ലീപ്പിങ് പാർട്ണർ' ആയിരുന്നുവെന്ന് ആരോപിച്ച് ഐഎൻഎൽ; മലബാറിലെ സ്വർണ്ണ കടത്തിൽ ബന്ധമെന്നും ആരോപണം; കെഎം ഷാജിയെ വിടാതെ ഇടതുപക്ഷം; ഇഡി നിലപാടും ഇനി നിർണ്ണായകം

ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയില്ല; കരം അടച്ചതിന് തെളിവുമില്ല; ലീഗ് എംഎൽഎയുടെ കോഴിക്കോട്ടെ വീട് പൊളിച്ചു മാറ്റാൻ തത്വത്തിൽ തീരുമാനം; അഴിക്കോട് എംഎൽഎ കൽപ്പറ്റയിലെ സ്വർണാഞ്ജലി ജൂവലറിയുടെ 'സ്ലീപ്പിങ് പാർട്ണർ' ആയിരുന്നുവെന്ന് ആരോപിച്ച് ഐഎൻഎൽ; മലബാറിലെ സ്വർണ്ണ കടത്തിൽ ബന്ധമെന്നും ആരോപണം; കെഎം ഷാജിയെ വിടാതെ ഇടതുപക്ഷം; ഇഡി നിലപാടും ഇനി നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട്ട് പൊളിച്ചു നീക്കാൻ തത്വത്തിൽ തീരുമാനം. പെർമിറ്റ് ലംഘിച്ചുള്ള ഭവനനിർമ്മാണം നടന്ന സംഭവത്തിൽ എംഎൽഎ കോഴിക്കോട് നഗരസഭയ്ക്ക് നൽകിയ അപേക്ഷ അപൂർണമെന്നാണ് വിലയിരുത്തൽ. ഇഡിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് വേങ്ങേരി വില്ലേജിൽ ഷാജിയുടെ വീടിന്റെ അളവെടുപ്പ് കോർപ്പറേഷൻ അധികൃതർ നടത്തിയിരുന്നു.

ഷാജിയുടെ വീട് നിർമ്മിച്ചതിൽ പെർമിറ്റ് ലംഘനമുണ്ടായി എന്ന് കാണിച്ച് കോഴിക്കോട് നഗരസഭാ അധികൃതർ ഇന്ന് ഇഡിക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. 2013-ൽ 3200 സ്‌ക്വയർഫീറ്റ് വിസ്തൃതിയുള്ള വീട് നിർമ്മിക്കാനാണ് ഷാജി കോഴിക്കോട് കോർപറേഷനിൽ നിന്നും അനുമതി തേടിയത്. എന്നാൽ പരിശോധനയിൽ 5200 സ്‌ക്വയർ ഫീറ്റ് വിസ്തൃതി വീടിനുള്ളതായാണ് കണ്ടെത്തിയത്. വീട് വിസ്തൃതി കൂട്ടൂമ്പോൾ സർക്കാരിൽ നിന്നും നേടേണ്ട അനുമതിയൊന്നും ഷാജി തേടിയിട്ടില്ലെന്നും കോർപ്പറേഷൻ ഇഡിയെ അറിയിക്കും.

ഗൃഹപരിശോധനയ്ക്ക് ശേഷം വീട് പൊളിച്ചു കളയാൻ കെഎം ഷാജിക്ക് കോഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകുകയും പിന്നാലെ നിർമ്മാണം നിയമപരമാക്കാനായി ഷാജി കോർപ്പറേഷന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഈ അപേക്ഷ അപൂർണമാണെന്നും അതിനാൽ തള്ളേണ്ടി വരുമെന്നുമാണ് കോഴിക്കോട് കോർപ്പറേഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ വീട് പൊളിക്കുമെന്നതിന്റെ സൂചനയാണ് കോർപ്പറേഷൻ നൽകുന്നത്. അപേക്ഷയിൽ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളോ വീടിന് നികുതിയടച്ചതിന്റെ രേഖയോ ഷാജി ഹാജരാക്കിയിട്ടില്ല. എന്നാൽ ഈ അപേക്ഷ തള്ളിയാലും അടുത്ത 15 ദിവസം കൊണ്ട് ഷാജിക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാൻ സാവകാശമുണ്ടാവും. അതിന് ശേഷമാകും തീരുമാനം.

2013-ൽ താൻ വീടിന് പെർമിറ്റ് എടുക്കുമ്പോൾ വേങ്ങേരി വില്ലേജിലെ പ്രദേശം ബഫർ സോണായിരുന്നുവെന്നും പിന്നീട് 2017-ൽ ബഫർ സോൺ പിൻവലിച്ചു. സൗകര്യപ്രദമായ രീതിയിൽ വീട് പുനക്രമീകരിക്കാൻ തനിക്ക് അവകാശമുണ്ടെന്നും അപേക്ഷയിൽ ഷാജി ചൂണ്ടിക്കാണിച്ചിരുന്നു. അനധികൃത നിർമ്മാണം നടന്നതായി കണ്ടെത്തിയെങ്കിലും നിയമപ്രകാരം തന്നെ പിഴ അടച്ച് തുടർനടപടി ഒഴിവാക്കാൻ ചട്ടപ്രകാരം ഷാജിക്ക് സാധിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ ഇതിനായി നൽകിയ ഈ അപേക്ഷയിൽ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളോ വീടിന് നികുതിയടച്ചതിന്റെ രേഖയോ ഷാജി ഹാജരാക്കിയിട്ടില്ല. ഇതാണ് അപേക്ഷ തള്ളാൻ കാരണം. ഇത് വീണ്ടും നൽകുമോ എന്നതാണ് ഇനി നിർണ്ണായകം.

അതിനിടെ ഷാജിക്കെതിരെ ഗുരുത ആരോപണവുമായി ഐഎൻഎൽ രംഗത്തു വന്നു. ഷാജി എംഎൽഎയ്ക്ക് മലബാറിലെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും പത്തുവർഷത്തിനിടെ അവിഹിതമായി കോടികൾ സമ്പാദിച്ചിട്ടുണ്ടെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താസമ്മേളത്തിൽ പറഞ്ഞു. കൽപ്പറ്റയിലെ സ്വർണാഞ്ജലി ജൂവലറിയുടെ 'സ്ലീപ്പിങ് പാർട്ണർ' ആയിരുന്നു ഷാജി. ഇവിടെ പണം നിക്ഷേപിച്ച നിരവധി പ്രവാസികളുടെ പണം തട്ടി. ലീഗുകാരായതുകൊണ്ടാണ് അവർ മിണ്ടാതിരിക്കുന്നതെന്നാണ് ആരോപണം.

കേരളത്തിലും ഗൾഫിലുമുള്ള ബിനാമി ബിസിനസുകളിൽ ഷാജിക്ക് പങ്കുണ്ട്. പത്ത് വർഷത്തിനുള്ളിൽ നൂറിലധികം വിദേശയാത്ര നടത്തി. നികുതിവെട്ടിപ്പും ചട്ടലംഘനവും നടത്തുന്ന ഷാജി സുപ്രീംകോടതിയിൽ കേസ് വാദിക്കാൻ സിറ്റിങ്ങിന് 25 ലക്ഷം വാങ്ങുന്ന കപിൽ സിബലിനെയാണ് ഏൽപ്പിച്ചത്. ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെ എൽഡിഎഫ് 30ന് നടത്തുന്ന ജനകീയകൂട്ടായ്മയിൽ ഐഎൻഎൽ അണിചേരുമെന്നും കാസിം ഇരിക്കൂർ ആരോപിച്ചിരുന്നു. ഇടതുപക്ഷത്തിനൊപ്പമാണ് ഐഎൻഎൽ. ഷാജിക്കെതിരെ ഇടത് സർക്കാർ നിലപാട് കുടുപ്പിക്കുമെന്നും സൂചനയുണ്ട്.

കണ്ണൂർ അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ കെഎം ഷാജി എംഎൽഎ 25 ലക്ഷം കോഴ വാങ്ങിയെന്ന കേസിൽ ഇഡി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഷാജിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിക്കുന്നത്. ഇഡിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് നഗരത്തിലെ ഷാജിയുടെ വീടും കണ്ണൂരിൽ ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട്ടിലും തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥർ അളവെടുപ്പ് നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടിൽ അപകാത കണ്ടില്ലെങ്കിലും കോഴിക്കോട്ടെ വീട്ടിൽ രേഖകളിൽ ഉള്ളതിലും അധികം നിർമ്മാണ പ്രവർത്തനം നടന്നതായി കണ്ടെത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ കോഴിക്കോട് കോർപ്പറേഷൻ അധികൃതർ ഇന്ന് കോഴിക്കോട്ടെ എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ഓഫീസിലെത്തി കൈമാറും. കണ്ണൂർ ചിറക്കൽ പഞ്ചായത്തും അവരുടെ പരിശോധന റിപ്പോർട്ട് ഇഡിക്ക് കൈമാറും.

അതിനിടെ തനിക്കു രണ്ടു പാൻ കാർഡ് ഉണ്ടെന്ന സിപിഎം ആരോപണം ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പു കമ്മിഷനും നേരത്തേ തള്ളിയതാണെന്നു കെ.എം.ഷാജി എംഎൽഎ പറഞ്ഞു. പാൻ കാർഡ് നഷ്ടപ്പെട്ടപ്പോൾ 2014ൽ ഡ്യൂപ്ലിക്കറ്റ് കാർഡിന് അപേക്ഷിച്ചിരുന്നു. എന്നാൽ ആദായനികുതി വകുപ്പ് പുതിയ കാർഡാണ് അനുവദിച്ചത്. അതു ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആദ്യത്തെ പാൻ കാർഡ് റദ്ദാക്കി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പുതിയ പാൻ നമ്പറാണു രേഖപ്പെടുത്തിയത്. അതിനെതിരെ സിപിഎം നൽകിയ പരാതി ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പ് കമ്മിഷനും തള്ളുകയായിരുന്നുവെന്നും ഷാജി പറഞ്ഞു. അഴിക്കോട് തെരഞ്ഞെടുപ്പിൽ വീറോടെ പൊരുതിയാണ് ഷാജി എംഎൽഎയായത്. അന്ന് മുതൽ സിപിഎമ്മന്റെ ഒന്നാം നമ്പർ രാഷ്ട്രീയ ശത്രുവാണ് ഷാജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP