Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാദ്യമേളങ്ങളുടെ അകമ്പടിയിൽ കാളക്കൂറ്റന്മാർ തുള്ളിച്ചാടി തെരുവീഥികളിലൂടെ തലങ്ങുവിലങ്ങും പാഞ്ഞു; മുന്നിൽ ചാടി പിടിക്കാൻ ആഞ്ഞ് 'വീരന്മാരും'; ആർപ്പുവിളിച്ച് 'ആട്ട'ൽ പങ്കുചേർന്ന് പ്രായഭേദമന്യേയുള്ളവർ; കെട്ടിടങ്ങൾക്ക് മുകളിലും വരാന്തകളിലും പാതയോരങ്ങളിലും കാണികൾ വീർപ്പടക്കി നിന്നത് മണിക്കൂറുകൾ; വട്ടവടയിൽ കർഷകരുടെ തനത് ആഘോഷമായ മഞ്ചുവരട്ടിലെ കാഴ്‌ച്ചകൾ ഇങ്ങനെ

വാദ്യമേളങ്ങളുടെ അകമ്പടിയിൽ കാളക്കൂറ്റന്മാർ തുള്ളിച്ചാടി തെരുവീഥികളിലൂടെ തലങ്ങുവിലങ്ങും പാഞ്ഞു; മുന്നിൽ ചാടി പിടിക്കാൻ ആഞ്ഞ് 'വീരന്മാരും'; ആർപ്പുവിളിച്ച് 'ആട്ട'ൽ പങ്കുചേർന്ന് പ്രായഭേദമന്യേയുള്ളവർ; കെട്ടിടങ്ങൾക്ക് മുകളിലും വരാന്തകളിലും പാതയോരങ്ങളിലും കാണികൾ വീർപ്പടക്കി നിന്നത് മണിക്കൂറുകൾ; വട്ടവടയിൽ കർഷകരുടെ തനത് ആഘോഷമായ മഞ്ചുവരട്ടിലെ കാഴ്‌ച്ചകൾ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

വട്ടവട: വാദ്യമേളങ്ങളുടെ അകമ്പടിയിൽ അണിയിച്ചൊരുക്കിയ കാളക്കൂറ്റന്മാർ തുള്ളിച്ചാടി വീഥികളിലൂടെ തലങ്ങുവിലങ്ങും പാഞ്ഞു. മുന്നിൽച്ചാടിയും പിടിക്കാനാഞ്ഞും കൊഴുപ്പേകി 'വീരന്മാരും' രംഗത്തിറങ്ങി. ആർപ്പുവിളിച്ച് 'ആട്ട'ൽ പങ്കുചേർന്ന് 6-മുതൽ 60 വരെയുള്ളവർ തെരുവിലിറങ്ങി. കാഴ്ചക്കാരായി എത്തിയത് വിദേശികൾ മുതൽ ഇതരസംസ്ഥാനക്കാർ വരെ.കെട്ടിടങ്ങൾക്ക് മുകളിലും വരാന്തകളിലും പാതയോരങ്ങളിലും കാണികൾ വീർപ്പടക്കി നിന്നത് മണിക്കൂറുകൾ. വട്ടവടയിൽ കർഷകരുടെ തനത് ആഘോഷമായ മഞ്ചുവരട്ട് നടന്നപ്പോൾ കണ്ട കാഴ്‌ച്ചകൾ ഇങ്ങിനെ:

നിരോധനം നിലനിൽക്കെ പരമ്പരാഗത ആചാര-അനുഷ്ടാനം മുടക്കംകൂടാതെ നടത്താനായതിന്റെ നിർവൃതിയിലാണ് ഇവിടുത്തെ നാട്ടുക്കൂട്ടം. തമിഴ്‌നാട് -കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇവിടെ നടന്ന ആഘോപരിപാടികൾ കാണാൻ വിദേശിയരടക്കം വൻജനാവലി എത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ ഈ മേഖലയിലെ വീടുകളിൽ ആഘോഷത്തോടനുബന്ധിച്ചുള്ള ആചാര പ്രകാരമുള്ള ചടങ്ങുകൾ ആരംഭിച്ചിരുന്നു.തൊഴുത്തുകൾ പരമാവധി വ്യത്തിയാക്കി അലങ്കരിക്കുന്നതും കാലികളെ കുളിപ്പിച്ച് ,വിവിധവർണ്ണങ്ങൾ പൂശി അണിയിച്ചൊരുക്കുന്നതുമാണ് ആഘോഷത്തിന്റെ ആദ്യപടി.

പിന്നീട് ഇവയ്ക്കായി തൊഴുത്തുകൾക്ക് സമീപം പ്രത്യേക പൂജ ചടങ്ങുകൾ നടത്തും.ഇതോടനുബന്ധിച്ച് പൊങ്കലും തയ്യാറാക്കും.ബന്ധുക്കളും സ്വന്തക്കാരും മുൾപ്പെടെ കുടംമ്പക്കാരെല്ലാം ഒത്തുകൂടിയാണ് ഈ ചടങ്ങുകൾ നടത്തുന്നത്. ഇതുമൂലം മിക്കവീടുകളിലും ആൾത്തിരക്കും ദൃശ്യമായിരുന്നു. ഉച്ചയോടെ വട്ടവട ടൗൺ ഉത്സവനഗരിയായി മാറി.സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾകൂടി എത്തിത്തുടങ്ങിയതോടെ പ്രദേശത്ത് ജനത്തിരക്ക് വർദ്ധിച്ചു. ഒരു ഭാഗത്ത് വാദ്യമേളങ്ങളുമായി ഏതാനും പേർ നിലയുറപ്പിച്ചിരുന്നു. ഇത് കേട്ട് ഒത്തുചേർന്നവരിൽ ഒരുവിഭാഗം പാതകളിൽ നൃത്തം ചവിട്ടാൻ തുടങ്ങിതോടെ കാണികളുടെ ആവേശം വാനനോളമുയർന്നു. കൂടിനിന്നവർ ആൺ പെൺഭേതമില്ലാതെ പ്രോത്സാഹനം നൽകിയപ്പോൾ വയോധികരടക്കം നിരവധി പേർ 'ആട്ട'ത്തിൽ പങ്കാളികളായി.

കാളകളെ വീഥിയിൽ ഇറക്കുന്നതിന് മുന്നോടിയായി വൈകിട്ട്് 3 മണിയോടെ ഗ്രാമ മുഖ്യനടക്കമുള്ള അഞ്ച് പ്രമുഖരെ കുടചൂടിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ടൗണിന്റെ മധ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിൽ എത്തിച്ചു. ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവരെ വരവേറ്റ് അടിക്കടി മൈക്കിൽക്കൂടി തമിഴിൽ അനൗൺസ്മെന്റുകളും മുഴങ്ങിയിരുന്നു.3.30 തോടെ മന്നാടിയാർ കാളയെ ഓടിച്ചതോടെ ആഘോഷ പരിപാടിക്ക് തുടക്കമായി.തുടർന്ന് മറ്റൊരു ഭാഗത്തുനിന്നും മുൻഗണന അടിസ്ഥാനത്തിൽ കർഷകരുടെ കാളകളെ ഓടിക്കാനും തുടങ്ങി.

ഇതോടെ മേളം മുറുകി.ഒപ്പം അട്ടത്തിൽ പങ്കെടുത്തവരുടെ നൃത്തച്ചുവടുകൾക്കും വേഗതയേറി.ഒരു തമിഴ്ഗ്രാമത്തിന്റെ എല്ലാലക്ഷണങ്ങളും ഒത്തുചേർന്ന് ഗ്രാമവാസികളുടെ പ്രകടനമാണ് പിന്നീട് ഇവിടെ ദൃശ്യമായത്.അവസാന 'ഓട്ടക്കാരനും 'വീഥി പിന്നിട്ടപ്പോൾ സമയം 5 മണിയോടടുത്തിരുന്നു. ജല്ലിക്കെട്ട് നടക്കാൻ പോകുന്നതായുള്ളുള്ള പ്രചാരണങ്ങളെത്തുടർന്ന് വട്ടവടയൽ കന്നുകാലികളെ ഉപയോഗിച്ചുള്ള ആഘോഷ പരിപാടികൾ നിരോധിച്ച് ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു.ഇതേത്തുടർന്ന് നാട്ടുകൂട്ടവും പൊലീസും രണ്ടുതട്ടിലായി. കർഷകർ നൂറ്റാണ്ടുകളായി നടത്തിവരുന്ന മഞ്ചുവരട്ട് എന്ന ആഘോഷ പരിപാടിയെ ചിലമാധ്യമങ്ങൾ ജെല്ലിക്കെട്ടായി വ്യാഖ്യനിച്ച് റിപ്പോർട്ട് നൽകിയതാണെന്നും ആഘോഷപരിപാടി മുൻനിശ്ചയ പ്രകാരം നടക്കുമെന്നും ബുധനാഴ്ച രാത്രിയോടെ വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.

ഇതേത്തുടർന്ന് ഇന്നലെ രാവിലെ മുതൽ പൊലീസ് പ്രദേശം ഏറെക്കുറെ പൊലീസ് വലയത്തിലായിരുന്നു.കാളകളെ ഒടിക്കരുത് ,ദേഹോപദ്രവം ഏൽപ്പിക്കരുത്,മാർഗ്ഗമധ്യേ പിടിച്ചുനിർത്താൻ ശ്രമിക്കരുത് എന്നീ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ മുതൽ പൊലീസ് സംഘം ആഘോഷപരിപാടിയുടെ നടത്തിപ്പുചുമതലയുള്ള ഗ്രാമമുഖ്യനടക്കമുള്ളവരെ സമീപിച്ചിരുന്നു. ഉച്ചയോടെ മൂന്നാർ ഡി വൈ എസ്് പി സുനീഷ് ബാബു സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.കാളകളെ ഓടിക്കരുതെന്നും ഇതിൽ മാറ്റമുണ്ടായാൽ കേസെടുക്കുമെന്നും കർഷകരിൽ ചിലരെ നേരിൽക്കണ്ട് അറിയിച്ചിരുന്നു ഇതോടെ വിഷമത്തിലായ ഇവർ സംഘാടകരോട് പരാതിപ്പെട്ടു.

പരിപാടിക്ക് മാറ്റമുണ്ടാവില്ലന്നും പതിവ് പോലെ ചടങ്ങുകൾ നടക്കുമെന്നും സംഘാടകർ ഉറപ്പുനൽകിയതോടെ ഇവർ തങ്ങൾ വളർത്തിയിരുന്ന കാളകളെയും പശുക്കളെയുമനെല്ലാം കുളിപ്പിച്ച് വർണ്ണങ്ങൾ പൂശി ,അലങ്കാര വസ്തുക്കൾ അണിയിച്ചും സ്നേഹം പങ്കിട്ടു. ഏകദേശം നൂറോളം പൊലീസുകാർ ഗ്രാമത്തിന്റെ പലഭാഗത്തായി നിലയുറപ്പിച്ചിരുന്നു.കൂടാതെ ചെറുസംഘങ്ങളായി കർഷകരുടെ വീടുകൾ കയറി ഇറങ്ങി പൊലീസ് ആഘോഷത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കാളകളെ ഓടിക്കൽ ആരംഭിച്ചതോടെ പൊലീസ് കൂടുതൽ ജാഗരൂകരായി.കാളയ്ക്ക് മുന്നിൽച്ചാടിയ ഏതാനും യുവാക്കളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.മത്സരം തുടങ്ങി തീരും വരെ കാളകൾ ഓടുന്ന വഴിയിൽ പൊലീസ് നിലയുറപ്പിച്ചിരുന്നു.പരിപാടി തുടങ്ങി തീരുന്നതുവരെയുള്ള ദൃശ്യങ്ങൾ പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്.

പച്ചക്കറി കൃഷിക്ക് പ്രസിദ്ധമാണ് വട്ടവട.കൃഷിക്ക് ഉപയോഗിക്കുന്ന ഉരുക്കൾക്ക് ആദരവ് നൽകുകയാണ് മഞ്ചുവിരട്ട് എന്ന ചടങ്ങിന്റെ ലക്ഷ്യം. ചടങ്ങിൽ പങ്കെടുപ്പിക്കുന്ന ഉരുക്കളെ ഇനിയുള്ള രണ്ട് മാസക്കാലം ഉടമകൾ സുഖ ചിക്ത്‌സ നൽകി സംരക്ഷിക്കും. നാനൂറ്റി തൊണ്ണൂറ്റ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ ടിപ്പു സുൽത്താന്റെ പിതാവ് ഹൈദരലിയുടെ പടയോട്ട സമയത്ത് ജീവഭയത്താൽ അതിർത്തി മലനിരയായ വട്ടവടിയിലേയ്ക്ക് കുടിയേറിയ പതിമൂന്ന് കുടുംബക്കാരുടെ പിൻതലമുറക്കാണ് ഇവിടെയുള്ളതെന്നാണ് പരക്കെയുള്ള വിശ്വാസം.

കുടിയേറി കൃഷി ആരംഭിച്ച കാലം മുതൽ കൃഷിയിടമൊരുക്കുന്നതും കൃഷിക്കാവശ്യമായ വളങ്ങളും മറ്റെല്ലാം ഇവിടേയ്ക്ക് എത്തിക്കുന്നതും കാളകളെ ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ കൃഷിയുടെ അഭിവാജ്യ ഘടകമാണ് കാളകൾ.ഈ തിരച്ചറിവിലാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് പൂർവ്വികർ മഞ്ചുവിരട്ട് എന്ന പേരിൽ ആഘോഷം സംഘചിപ്പിരുന്നതും കാളകൾക്ക് വിശ്രമ കാലം നിശ്ചയിച്ചതെന്നുമാണ് ഇവിടുത്തെ കർഷകരുടെ വിലയിരുത്തൽ.

രണ്ട് മാസക്കാലത്തേയ്ക്ക് പ്രത്യേക പരിചരണവും ആയൂർവ്വേദ മരുന്നുകളടക്കം നൽകിയുള്ള പരിചരണവുമാണ് നൽകുന്നത്. പിന്നീട് രണ്ട് മാസത്തിന് ശേഷം ആഅടുത്ത കൃഷിക്കായി നിലമുഴുന്ന സമയത്താണ് കാളകളെ കൃഷി ഭൂമിയിലേയ്ക്ക് എത്തിക്കുന്നത്. കുടിയേറ്റത്തിന് ശേഷം ഇവിടെയെത്തിയ പൂഞ്ഞാർ രാജാവ് അഞ്ച് വിഭാഗക്കാരെ കണ്ടെത്തുകയും ഇവർക്ക് മന്ത്രിയാർ, മന്നാടിയാർ, പെരിയധനം, മണിയകാരർ, നാട്ടാമ എന്നീ പട്ടങ്ങൾ നൽകുകയും ചെയ്തുവെന്നും നിലവിലെ മന്നാടിയാർ തങ്കസ്വാമി പറയുന്നു. പിൽക്കാലത്ത് ഇവരാണ് നാട്ടിലെ എല്ലാകാര്യങ്ങളും കൂടിയാലോചിച്ച് നടത്തിയിരുന്നതെന്നും. ഇവിടെയുണ്ടാകുന്ന കുടുംബ വഴക്കുകളടക്കം ഇവരുടെ സാന്നിധ്യത്തിൽ പരിഹരിക്കപ്പെട്ടിരുന്നെന്നും പഴമക്കാർ പറയുന്നു. ഇതിനാലാണ് ഇവിടെ നിന്നും കാര്യമായി കേസുകൾ പൊലീസിൽ എത്താത്തതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP