Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കണം; കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്; മുഖ്യമന്ത്രിയോട് നേരിട്ട് വിയോജിപ്പ് അറിയിച്ച് ക്രൈസ്തവ സഭ; മാർത്തോമാ സഭയും എതിർപ്പിൽ; തീയതി മാറ്റില്ലെന്ന് മുഖ്യമന്ത്രിയും; ലഹരി വിരുദ്ധ ക്യാംപെയിൻ ഉദ്ഘാടനത്തിൽ രണ്ടഭിപ്രായം സജീവം

ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കണം; കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്; മുഖ്യമന്ത്രിയോട് നേരിട്ട് വിയോജിപ്പ് അറിയിച്ച് ക്രൈസ്തവ സഭ; മാർത്തോമാ സഭയും എതിർപ്പിൽ; തീയതി മാറ്റില്ലെന്ന് മുഖ്യമന്ത്രിയും; ലഹരി വിരുദ്ധ ക്യാംപെയിൻ ഉദ്ഘാടനത്തിൽ രണ്ടഭിപ്രായം സജീവം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലഹരിവിരുദ്ധ ക്യാംപെയ്ൻ ഞായറാഴ്ച തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ ക്രൈസ്തവ സംഘടനകൾ പ്രതിഷേധത്തിൽ തന്നെ. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കൾ എതിർപ്പ് അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭ നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രായോഗി ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, പക്ഷേ, പരിപാടിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി. ലഹരിക്കെതിരായ ക്യാംപെയ്ൻ പൊതു വികാരമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നാളെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന മുൻ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി കെസിബിസി പ്രതിനിധി യോഗത്തെ അറിയിച്ചു. ഇക്കാര്യത്തിൽ ആരെയും വെല്ലുവിളിക്കാനില്ല. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടിരുന്നു.

കെസിബിസിക്ക് പിന്നാലെ മാർത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാംപെയ്ൻ ആചരിക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികൾ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് വേദനാജനകമാണ്. ഇത് കണക്കിലെടുത്ത് നാളത്തെ (ഞായറാഴ്ചയിലെ) ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനെ പൂർണമായി പിന്തുണയ്ക്കുന്നെന്നും മാർത്തോമാ സഭ വ്യക്തമാക്കി.

അതേസമയം സർക്കാരിന് വൈരാഗ്യബുദ്ധിയോ നിർബന്ധ ബുദ്ധിയോ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. പരിപാടി നിശ്ചയിച്ചത് ഗാന്ധി ജയന്തിയെന്ന ദിനത്തിലെ പ്രാധാന്യം കണക്കാക്കി മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത് സന്ദേശവുമായി പരമാവധി സഹകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ ബോധവത്കരണം നാളെക്കൊണ്ട് തീരുന്നതല്ല എന്നും മന്ത്രി പറഞ്ഞു.

ഒക്ടോബർ 2 മുതൽ നവംബർ 1 വരെ തീവ്ര ലഹരിവിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും അനധ്യാപകരും പങ്കെടുക്കണണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടികൾ നടത്തുന്നതിന് നടപടി ഉണ്ടാകണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. പരമാവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഗാന്ധിജയന്തി ദിനത്തിൽ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP