Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിപിപി മാതൃകയിലെ മുൻ പരിചയ വ്യവസ്ഥ ഒഴിവാക്കി സുഹൃത്തിന് അവസരമൊരുക്കി; ലാഭം പങ്കിടൽ രീതി വേണ്ടെന്ന് വച്ചതും കൂട്ടുകാരനെ അതിസമ്പന്നനാക്കാൻ; രാജഭരണകാലത്തുൾപ്പെടെ കേരളം ഏറ്റെടുത്ത തിരുവനന്തപുരത്തെ 635 ഏക്കർ ഭൂമി 50 കൊല്ലത്തേക്ക് ഇനി മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന് സ്വന്തം; കോർപ്പറേറ്റുകളെ എല്ലാം മാറ്റി നിർത്തിച്ചും എല്ലാം എളുപ്പമാക്കി; അഞ്ച് വിമാനത്താവളങ്ങൾഅദാനി ഗ്രൂപ്പിന് ലഭിക്കുന്നതിൽ സർവ്വത്ര ദുരൂഹത; കള്ളകളികൾ എല്ലാം റാഫേലിൽ അനിൽ അംബാനി എത്തിയതിന് സമാനം

പിപിപി മാതൃകയിലെ മുൻ പരിചയ വ്യവസ്ഥ ഒഴിവാക്കി സുഹൃത്തിന് അവസരമൊരുക്കി; ലാഭം പങ്കിടൽ രീതി വേണ്ടെന്ന് വച്ചതും കൂട്ടുകാരനെ അതിസമ്പന്നനാക്കാൻ; രാജഭരണകാലത്തുൾപ്പെടെ കേരളം ഏറ്റെടുത്ത തിരുവനന്തപുരത്തെ 635 ഏക്കർ ഭൂമി 50 കൊല്ലത്തേക്ക് ഇനി മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന് സ്വന്തം; കോർപ്പറേറ്റുകളെ എല്ലാം മാറ്റി നിർത്തിച്ചും എല്ലാം എളുപ്പമാക്കി; അഞ്ച് വിമാനത്താവളങ്ങൾഅദാനി ഗ്രൂപ്പിന് ലഭിക്കുന്നതിൽ സർവ്വത്ര ദുരൂഹത; കള്ളകളികൾ എല്ലാം റാഫേലിൽ അനിൽ അംബാനി എത്തിയതിന് സമാനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരമടക്കം രാജ്യത്തെ അഞ്ചു വിമാനത്താവളങ്ങളുടെ 50 വർഷത്തെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുമ്പോൾ അതിന് പിന്നിൽ സ്വജനപക്ഷപാതം കാണുകയാണ് പ്രതിപക്ഷം. അദാനിക്ക് വേണ്ടി അദാനിയുണ്ടാക്കിയതായിരുന്നു ലേലത്തിന്റെ ചർച്ചകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ അദാനിക്ക് വേണ്ടി അംബാനി അടക്കമുള്ളവർ ലേലത്തിൽ പങ്കെടുക്കാതെ മാറി നിന്നു. രാജ്യത്തെ അതിസമ്പന്നരുടെ നേതൃത്വത്തിൽ നടന്ന ഒത്തു തീർപ്പിന്റെ ഫലമായിരുന്നു ലേലമെന്ന വിമർശനം ശക്തമാണ്. വ്യോമയാനരംഗത്തെ പ്രമുഖരായ ജിഎംആർ ഗ്രൂപ്പിനെ ഉൾപ്പെടെ മറികടന്നാണ് പ്രധാനമന്ത്രിയുടെ ഉറ്റതോഴൻകൂടിയായ അദാനിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിന്റെ പേരിൽ ഉയർന്ന തുക ക്വാട്ട് ചെയ്തത് അഞ്ച് വിമാനത്താളങ്ങൾ സ്വന്തമാക്കുന്നത്. വ്യോമയാനരംഗത്ത് മുൻപരിചയമില്ലാത്ത അദാനി ഗ്രൂപ്പ് ഇത്തരത്തിൽ തുക ക്വാട്ട് ചെയ്തത് ദുരൂഹമാണ്. വിമാനത്താവളങ്ങളുടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും അദാനിഗ്രൂപ്പിന് 50 വർഷത്തേക്ക് പാട്ടത്തിനു ലഭിക്കും.

കൊച്ചി (സിയാൽ), കണ്ണൂർ(കിയാൽ) വിമാനത്താവളങ്ങളുടെ നടത്തിപ്പ് വഴി വ്യോമയാന മേഖലയിൽ സംസ്ഥാനസർക്കാരിനു മുൻപരിചയമുണ്ട്. പിപിപി മാതൃകയിൽ വിമാനത്താവള നടത്തിപ്പിന് ആദ്യം അപേക്ഷ ക്ഷണിച്ചപ്പോൾ കമ്പനികൾക്ക് മുൻപരിചയം വേണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. പിന്നീട് ഈ വ്യവസ്ഥ നീക്കി. അദാനി ഗ്രൂപ്പിനുവേണ്ടിയാണ് ഇതു ചെയ്തതെന്ന് വ്യക്തമാണ്. യുദ്ധവിമാനനിർമ്മാണമേഖലയിൽ മുൻപരിചയമില്ലാത്ത അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ റഫേൽ ഇടപാടിൽ പങ്കാളിയാക്കിയതിന് തുല്യമാണ് ഇതും. സ്വജന പക്ഷപാതവും അഴിമതിയും വിമാനത്താള സ്വകാര്യ വത്കരണത്തിന് പിന്നിൽ നടന്നുവെന്നാണ് ആരോപണം. രാജഭരണകാലത്ത് ഉൾപ്പെടെ തിരുവനന്തപുരം വിമാനത്താവളത്തിന് 635 ഏക്കർ ഭൂമിയാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതെല്ലാം സൗജന്യമായി നൽകിയതാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. ഇപ്പോൾ വീണ്ടും 18 ഏക്കർ ഏറ്റെടുത്ത് നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനു ആവശ്യമായ 250 കോടി ചെലവിടാനും സംസ്ഥാന സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതൊന്നും മോദി സർക്കാർ കാര്യമായെടുത്തില്ല. വിഴിഞ്ഞം തുറമുഖവും വിമാനത്താവളവും സ്വന്തമാക്കുന്നതിലൂടെ അദാനിയുടെ കമ്പനിക്ക് ചരക്കുനീക്കം സുഗമമാവും.

അഞ്ച് വിമാനത്താവളങ്ങൾക്കായി കേന്ദ്രസർക്കാർ നടത്തിയ ലേലത്തിൽ അഞ്ചിടങ്ങളിലും ഏറ്റവും വലിയതുക വാഗ്ദാനം ചെയ്തത് അദാനി ഗ്രൂപ്പാണ്. ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 28-ന് ഉണ്ടാവും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുചുമതല ഏറ്റെടുക്കാൻ സംസ്ഥാനസർക്കാർ സ്ഥാപനമായ കെ.എസ്‌ഐ.ഡി.സി. ലേലത്തിൽ പങ്കെടുത്തെങ്കിലും രണ്ടാമതായി. അദാനിക്ക് ഭീഷണിയാകുന്ന കോർപ്പറേറ്റുകളെല്ലാം ലേലത്തിൽ നിന്ന് മാറി നിന്നു. ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജി.എം.ആർ., ഓട്ടോസ്ട്രേഡ് ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, പി.എൻ.സി. ഇൻഫ്രാടെക് ലിമിറ്റഡ്, എൻ.ഐ.ഐ.എഫ്. ആൻഡ് സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ, ഓസ്ട്രേലിയയിലെ എ.എംപി. കാപ്പിറ്റൽ, ഐ ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളും ലേലത്തിൽ പങ്കെടുത്തിരുന്നു. ഇവരെയെല്ലാം ഉയർന്ന തുക ക്വാട്ട് ചെയ്ത് അദാനി തോൽപ്പിച്ചു.

തുറമുഖ, ഖനന, ഊർജോത്പാദനമേഖലകളിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമാണുള്ളത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അദാനി വലിയ വളർച്ച കൈവരിച്ചത്. ഇതിന് പിന്നിൽ മോദിയുടെ ഇടപെടലുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. അതിന് സമാനമാണ് വിമാനത്താവളത്തിലെ ഇടപാടുകളും. ആദ്യമായാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പുരംഗത്തേക്ക് അദാനി വരുന്നത്. സാധാരണ തുടക്കക്കാർക്ക് വമ്പൻ വിമാനക്കമ്പികൾ കൈമാറാറില്ല. പ്രവർത്തന പരിചയവും ലേലത്തിൽ മാനദണ്ഡമാകും. അതുകൊണ്ട് തന്നെ സിയാൽ അടക്കം ഉള്ളവർ പ്രതീക്ഷയിലുമായി. എന്നാൽ പ്രവർത്തന പരിചയം വേണമെന്ന മാനദണ്ഡം മാറ്റി എല്ലാം അദാനിക്ക് അനുകൂലമാക്കുകയാണ് മോദി സർക്കാർ ചെയ്തത്.

ഇതിലൂടെ തിരുവനന്തപുരത്തിന് പുറമേ മംഗളൂരു, അഹമ്മദാബാദ്, ജയ്പുർ, ലഖ്നൗ എന്നിവയാണ് ഇവർക്ക് ലഭിക്കുന്ന മറ്റു വിമാനത്താവളങ്ങൾ. ഇവയും ഗുവാഹാട്ടിയുമടക്കം ആറു വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാക്കാൻ കഴിഞ്ഞ നവംബറിലാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. വ്യാപക പ്രതിഷേധമുണ്ടായെങ്കിലും സർക്കാർ ലേലനടപടികളുമായി മുന്നോട്ടുപോയി. ഗുവാഹാട്ടി വിമാനത്താവളത്തിനായുള്ള ലേലനടപടികൾ പൂർത്തിയായിട്ടില്ല. ഗുവാഹാട്ടി ഹൈക്കോടതിയിൽ സ്വകാര്യവത്കരണത്തെ ചോദ്യംചെയ്ത് ഹർജി വന്നതിനാലാണിത്. വിമാനത്താവളം വഴി കടന്നുപോകുന്ന ഒരു യാത്രക്കാരന് നിശ്ചിതതുകയെന്ന നിരക്കിൽ മാസംതോറും എയർപോർട്ട് അഥോറിറ്റിക്ക് നൽകണമെന്ന വ്യവസ്ഥയിലാണ് ലേലം നടന്നത്.

തിരുവനന്തപുരത്ത് ഒരു യാത്രക്കാരന് 168 രൂപവച്ചാണ് അദാനി വാഗ്ദാനം ചെയ്തത്. ലേലത്തിൽ പങ്കെടുത്ത കെ.എസ്‌ഐ.ഡി.സി.-135, ജി.എം.ആർ. എയർപോർട്ട് ലിമിറ്റഡ്-63 എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്തത്. വിമാനത്താവളം നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനും 50 വർഷത്തേക്ക് ചുമതല നൽകുന്നതാണ് കരാർ. നിലവിൽ ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചിട്ടുണ്ട്. എന്നാലിവിടെ വരുമാനം വീതംവെക്കുന്ന രീതിയാണ്. എന്നാൽ അദാനിക്ക് വേണ്ടി അതും മാറ്റി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് വിടുന്നതിനെ സംസ്ഥാനസർക്കാർ തുടക്കത്തിൽ എതിർത്തു. പിന്നീട് ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. കൊച്ചിയിലെ സിയാൽ രൂപവത്കരിച്ച മാതൃകയിൽ സ്വകാര്യ പങ്കാളിത്തമുള്ള 'ടിയാൽ' എന്ന കമ്പനിക്ക് രൂപംനൽകി.

സാങ്കേതിക നിബന്ധനകൾ പാലിക്കേണ്ടതിനാൽ കെ.എസ്‌ഐ.ഡി.സി.യാണ് ലേലത്തിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, ലേലത്തിൽ ഏറ്റവും കൂടുതൽ തുക നിർദ്ദേശിക്കുന്നത് മറ്റു രണ്ടുകമ്പനികളാണെങ്കിൽപ്പോലും 10 ശതമാനം തുക പിന്നീട് വർധിപ്പിക്കാൻ കേന്ദ്രം അനുവാദം നൽകിയിരുന്നു. എന്നാലിങ്ങനെ വർധിപ്പിച്ചാലും ഒപ്പമെത്താനാവാത്ത തുകയാണ് അദാനി മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതോടെ കേരളത്തിന്റെ പ്രതീക്ഷയും അസ്ഥാനത്തായി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു നടത്താമെന്ന് സംസ്ഥാനസർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനു അനുമതി നിഷേധിച്ചു. പകരം വാണിജ്യലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാനസർക്കാരിനോട് നിർദ്ദേശിച്ചു. ഇതേത്തുടർന്ന് കെഎസ്‌ഐഡിസി നേതൃത്വത്തിൽ പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാനസർക്കാർ ലേലത്തിൽ പങ്കെടുത്തു.

ഏതെങ്കിലും സ്വകാര്യകമ്പനിയാണ് ഉയർന്ന തുക ക്വോട്ട് ചെയ്യുന്നതെങ്കിൽ അത്രയും തുക നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നപക്ഷം ലേലം സംസ്ഥാനസർക്കാരിന്റെ കമ്പനിയുടെ പേരിൽ ഉറപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുകകൾ തമ്മിലുള്ള വ്യത്യാസം 10 ശതമാനത്തിൽ കുറവാണെങ്കിൽ മാത്രം സംസ്ഥാനസർക്കാർ കമ്പനിയുടെ പേരിൽ ലേലം ഉറപ്പിക്കാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. വ്യത്യാസം 10 ശതമാനത്തിലേറെയായതിനാൽ സംസ്ഥാനത്തിന്റെ പേരിൽ ലേലം ഉറപ്പിക്കാൻ വഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP