Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നിങ്ങളെന്നെ ചെന്നായ്ക്കൾക്ക് എറിഞ്ഞു കൊടുത്തില്ലേ'; ആ കരച്ചിൽ, ജവഹർലാലിന്റെ കാതിൽ എത്തുന്നതിനു മുൻപ് അതിർത്തികളും രാഷ്ട്രമീമാംസയുടെ നിയമങ്ങളും ഗാഫർഖാന് നേരെ ജാലകങ്ങൾ കൊട്ടിയടച്ചിരുന്നു; ചരിത്രവും രാഷ്ട്രീയവും നീതി കാണിക്കാത്ത അതിർത്തിഗാന്ധിയെ കുറിച്ച് സുധാ മേനോൻ എഴുതുന്നു

'നിങ്ങളെന്നെ ചെന്നായ്ക്കൾക്ക് എറിഞ്ഞു കൊടുത്തില്ലേ'; ആ കരച്ചിൽ, ജവഹർലാലിന്റെ കാതിൽ എത്തുന്നതിനു മുൻപ് അതിർത്തികളും രാഷ്ട്രമീമാംസയുടെ നിയമങ്ങളും ഗാഫർഖാന് നേരെ ജാലകങ്ങൾ കൊട്ടിയടച്ചിരുന്നു; ചരിത്രവും രാഷ്ട്രീയവും നീതി കാണിക്കാത്ത അതിർത്തിഗാന്ധിയെ കുറിച്ച് സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

1947 ഓഗസ്റ്റ് 14 ന് പതിനെട്ടു വർഷം മുൻപ്, 1929 ഡിസംബർ മുപ്പത്തി ഒന്നാം തിയതി രാത്രി പത്ത് മണിക്കാണ് പൂർണ്ണസ്വരാജ് കോൺഗ്രസ്സിന്റെ ആത്യന്തിക ലക്ഷ്യമായി പ്രഖ്യാപിക്കുന്ന ചരിത്രപ്രസിദ്ധമായ പ്രമേയം ഗാന്ധിജി അവതരിപ്പിച്ചത്. ലാഹോറിൽ. രാത്രി പന്ത്രണ്ട് മണിക്ക് പ്രമേയം പാസായി.

അർദ്ധരാത്രിയുടെ മണി മുഴങ്ങിയപ്പോൾ, 'രവിനദിയുടെ' മണൽത്തിട്ടയിൽ ഉയർത്തിക്കെട്ടിയ കൊടിമരത്തിൽ ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണപതാക പതുക്കെ ഉയർത്തി. ലോകം മുഴുവൻ മയക്കത്തിലാണ്ട ആ നിമിഷത്തിൽ, ചർക്കാങ്കിതമായ സ്വാതന്ത്ര്യപതാക ആകാശത്ത് വിടരുകയും പാറിക്കളിക്കുകയും ചെയ്തു. പതാകയെ സാക്ഷിനിർത്തികൊണ്ട് അദ്ദേഹം സ്വാതന്ത്ര്യപ്രതിജ്ഞ ചൊല്ലിയപ്പോൾ മുപ്പതിനായിരം മനുഷ്യർ അതേറ്റുചൊല്ലി.

അതിനിടയിൽ ഏതാനും ചില പ്രവർത്തകർ കൊടിമരത്തിന് ചുറ്റും നിന്ന് നൃത്തം ചെയ്യാൻ തുടങ്ങി. ഖദർ ഷെർവാണിയും പൈജാമയും അണിഞ്ഞ ആ യുവാക്കളുടെ നേതാവ്, താടി വളർത്തിയ നീണ്ടു മെലിഞ്ഞ ഒരു മനുഷ്യൻ ആയിരുന്നു. അധികം സംസാരിക്കാത്ത, എന്നാൽ താളവാദ്യങ്ങൾക്ക് ഒപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന ആ ചെറുപ്പക്കാർ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ പഠാണികൾ ആയിരുന്നു. താടി വളർത്തിയ മനുഷ്യർ അവരുടെ നേതാവായ ഖാൻ അബ്ദുൾ ഗാഫർ ഖാനും.

ഗാന്ധിജിയുടെ ശിഷ്യനായ അബ്ദുൾ ഗാഫർഖാൻ ഇതിനുമുൻപും കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ അനുയായികൾ ആദ്യമായിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ എത്തുന്നത്. അതിന്റെ ആഹ്ലാദവും, ആത്മഹർഷവും അവർ പ്രകടിപ്പിച്ചു.

ആവേശത്തിന്റെ മൂർദ്ധന്യത്തിൽ അവർ ജവഹർലാലിനെയും നൃത്തം ചെയ്യാൻ ക്ഷണിച്ചു. പൊതുവേ ലജ്ജാലുവായ ജവഹർലാൽ മടിച്ചു നിന്നുവെങ്കിലും, ഗാഫർഖാന്റെയും സഹപ്രവർത്തകരുടെയും സ്‌നേഹപൂർണ്ണമായ ക്ഷണം നിരസിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

അങ്ങനെ, രവിയും മണൽത്തിട്ടയും, ത്രിവർണ്ണപതാകയും ആർദ്രമായ നിലാവിൽ കുളിച്ചു നിൽക്കവേ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷൻ ഉറങ്ങാതെ കാലിടറാതെ ആ കൊടിമരത്തിന് ചുറ്റും നൃത്തം ചെയ്തു; ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ വടക്കു പടിഞ്ഞാറേ അറ്റത്തുള്ള പഠാണികൾക്കൊപ്പം...

പൂർണ്ണസ്വരാജ് പ്രമേയം പാസാക്കിയ ആ രാത്രിയിൽ തങ്ങൾക്ക് ഏറെ പ്രിയങ്കരനായ ജവഹർലാലിനൊപ്പം ഹൃദയം നിറഞ്ഞു നൃത്തം ചെയ്യുമ്പോൾ, അതിർത്തിഗാന്ധിയായ ഗാഫർഖാനും, 'ഖുദായ് ഖിദ്മദ്ഗർ'' പ്രവർത്തകരും ഓർത്തത് അധികം വൈകാതെ സ്വതന്ത്രയാകുന്ന തങ്ങളുടെ 'സ്വന്തം' ഇന്ത്യയെക്കുറിച്ച് മാത്രമായിരുന്നു. മറ്റൊരു ഭാവി അവരുടെ മുന്നിൽ ഇല്ലായിരുന്നു.

പക്ഷെ, ചരിത്രവും രാഷ്ട്രീയവും ഗാഫർ ഖാനോടും ആ സാധു മനുഷ്യരോടും നീതി കാണിച്ചില്ല. 1947 ആയപ്പോഴേക്കും ''അതിർത്തിഗാന്ധിയുടെ' പക്തൂൻ ദേശം ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും എന്നന്നേക്കുമായി വെട്ടി മുറിക്കപ്പെട്ടിരുന്നു. ആഗ്രഹിച്ചത് പോലെ ഇന്ത്യയിൽ ചേരാൻ അവർക്ക് കഴിഞ്ഞില്ല. അന്ന്, ഡൽഹിയിൽ, യമുനയുടെ തീരത്ത്, ജവഹർലാൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ, ദൂരെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ കത്തിയെരിയുന്ന തന്റെ ഗ്രാമത്തിൽ ഇരുന്നുകൊണ്ട് ഖാൻ അബ്ദുൽ ഗാഫർ ഖാൻ 'നിങ്ങൾ എന്നെ ചെന്നായ്ക്കൾക്ക് എറിഞ്ഞു കൊടുത്തില്ലേ' എന്ന് ഹൃദയം പൊട്ടിക്കരഞ്ഞു.

ആ കരച്ചിൽ, ജവഹർലാലിന്റെ കാതിൽ എത്തുന്നതിനു മുൻപ് തന്നെ അതിർത്തികളും രാഷ്ട്രമീമാംസയുടെ നിയമങ്ങളും ഗാഫർഖാന് നേരെ ജാലകങ്ങൾ കൊട്ടിയടച്ചിരുന്നു. മുസ്ലിം ലീഗിൽ ചേരാൻ ആവശ്യപ്പെട്ട ജിന്നയോട് പാക്കിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും കൊന്നൊടുക്കുന്നവരുടെ പാർട്ടിയിൽ തനിക്ക് ചേരാൻ കഴിയില്ലെന്നു തുറന്ന് പറഞ്ഞ അദ്ദേഹം സ്വന്തം നാടിനും വേണ്ടാത്തവനായി ഒറ്റപ്പെട്ടു പോയി.

പിന്നീടൊരിക്കലും അബ്ദുൾ ഗാഫർ ഖാൻ നൃത്തം ചെയ്തില്ല. അദ്ദേഹത്തിന്റെ ജീവിതം പാക്കിസ്ഥാനിലെ ജയിലുകൾക്കുള്ളിലും വീട്ടുതടങ്കലിലും ഒതുങ്ങിപ്പോയി.. എങ്കിലും, രവിയുടെ തീരത്ത്, ത്രിവർണ്ണപതാക ഉയർത്തിയ കൊടിമരത്തിന് ചുറ്റും ജവഹർലാലിനൊപ്പം നൃത്തം ചെയ്ത ലാഹോറിലെ ആ തണുത്ത രാത്രിയിലെ പൂർണ്ണസ്വരാജ് സ്വപ്നത്തിന്റെ ഓർമയിൽ മരണം വരെ അദ്ദേഹത്തിന്റെ നെഞ്ഞുരുകി....

ആ നെഞ്ഞുരുക്കലിന്റെയും കൂടി വിലയുണ്ട് നമ്മൾ ഇന്ന് ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്...ഒപ്പം ആരുടെയൊക്കെയോ മതരാഷ്ട്രീയ താല്പര്യത്തിന്റെ ഇരകളായി ഭൂപടത്തിലെ രണ്ടു രാജ്യങ്ങളിൽ മരിച്ചു ജീവിച്ച ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെയും! ഗാഫർഖാനും ആ മനുഷ്യരും എനിക്ക് എപ്പോഴും തീരാവേദനയാണ്....അപ്പോഴൊക്കെ അറിയാതെ ഒഎൻവിയുടെ വരികൾ ഓർത്തുപോകും.. 'ഏതു പക്ഷിക്കുമിങ്ങിടമേകും ഏകനീഡത്തിലാർ കല്ലെറിഞ്ഞു...'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP