Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ സുരേന്ദ്രന് എവിടെ നിന്നാണ് മൂന്നരലക്ഷം വോട്ട് കിട്ടുക? ഞാനാ അസാധാരണത്വത്തെ 'അയ്യപ്പ തരംഗം' എന്നാണ് വിളിക്കുക; 'സുരേന്ദ്രൻ ജയിച്ചാൽ കൊള്ളാം' എന്ന് പറഞ്ഞ തട്ടമിട്ട പത്തനംതിട്ടക്കാരിയെയും നമ്മൾ കണ്ടതാണ്; രാഷ്ട്രീയത്തിന് അതീതമായി അയ്യപ്പ സ്വാമിയേ ഭജിക്കുന്ന സ്ത്രീകൾ തുണയാകും; ഓർത്തോഡോക്‌സ് സഭ വീണ ജോർജിനു പിന്തുണ പ്രഖ്യാപിച്ചതും തുണയാകും; പത്തനംതിട്ടയിൽ സുരേന്ദ്രൻ ജയിക്കുമെന്ന് വിവരിച്ച് ശങ്കു ടി ദാസ എഴുതുന്നു

കെ സുരേന്ദ്രന് എവിടെ നിന്നാണ് മൂന്നരലക്ഷം വോട്ട് കിട്ടുക? ഞാനാ അസാധാരണത്വത്തെ 'അയ്യപ്പ തരംഗം' എന്നാണ് വിളിക്കുക; 'സുരേന്ദ്രൻ ജയിച്ചാൽ കൊള്ളാം' എന്ന് പറഞ്ഞ തട്ടമിട്ട പത്തനംതിട്ടക്കാരിയെയും നമ്മൾ കണ്ടതാണ്; രാഷ്ട്രീയത്തിന് അതീതമായി അയ്യപ്പ സ്വാമിയേ ഭജിക്കുന്ന സ്ത്രീകൾ തുണയാകും; ഓർത്തോഡോക്‌സ് സഭ വീണ ജോർജിനു പിന്തുണ പ്രഖ്യാപിച്ചതും തുണയാകും; പത്തനംതിട്ടയിൽ സുരേന്ദ്രൻ ജയിക്കുമെന്ന് വിവരിച്ച് ശങ്കു ടി ദാസ എഴുതുന്നു

ശങ്കു ടി ദാസ്

 ഗ്രാമത്തിൽ മഴ പെയ്യാൻ വേണ്ടി വലിയ യാഗം നടത്തുന്നിടത്തേക്ക് എല്ലാവരും തൊഴു കയ്യുമായി പോവുമ്പോൾ ഒരു കുട്ടി മാത്രം തന്റെ കുഞ്ഞി കയ്യിൽ ഒരു കുട കരുതിയ കഥ കേട്ടിട്ടില്ലേ? വിശ്വാസ കാര്യത്തിൽ ആ കുടയെടുത്ത കുട്ടിയാണ് ഞാൻ. അതുകൊണ്ട് തന്നെ പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ ജയിക്കും എന്നാണ് ഞാനിപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. ജയിക്കില്ലെന്ന് മലയാളം ചാനലുകളുടെ എക്‌സിറ്റ് പോളുകൾ ഒക്കെ തറപ്പിച്ചു പറയുമ്പോൾ എന്റെയാ വിശ്വാസം ഇരട്ടിക്കുകയുമാണ്. പക്ഷെ അതെന്റെയൊരു വിശ്വാസം മാത്രമാണെങ്കിൽ നിങ്ങൾക്കത് കേൾക്കേണ്ട യാതൊരു ആവശ്യവുമില്ലല്ലോ.

നമുക്കെല്ലാവർക്കും അങ്ങനെ പലവിധ വ്യക്തിഗത വിശ്വാസങ്ങളും ഉണ്ട്. അതൊന്നും അവനവനല്ലാതെ മറ്റൊരാൾക്കും ബാധകവുമല്ല താനും.
എന്നാൽ ഇവിടെ, ആ വിശ്വാസത്തെ ബോധ്യമാക്കി മാറ്റുന്ന ചില തെളിവുകളും ന്യായങ്ങളും എന്റെ പക്കലുണ്ട്. എന്റെ മാത്രമൊരു സ്വകാര്യ വിശ്വാസം എന്നതിനപ്പുറം രണ്ടാമനും ബോധ്യപ്പെടുന്നൊരു സാധ്യത എന്ന തലത്തിലേക്ക് അത് എത്തുന്നതോെട അത് എല്ലാവർക്കും ശ്രവണാർഹമായ ഒരു നിരീക്ഷണമായി മാറുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. ആ നിരീക്ഷണങ്ങളും സാധ്യതകളുമാണ് ഞാൻ നിങ്ങളോട് പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത്.

നോക്കൂ.. മാതൃഭൂമിയുടെ എക്‌സിറ്റ് പോളിൽ ആന്റോ ആന്റണി ജയിക്കും എന്നാണ് പറഞ്ഞത്. അതേ സമയം കൈരളിയുടെ എക്‌സിറ്റ് പോളിൽ വീണാ ജോർജ്ജ് ആണ് ജയിക്കുന്നത്. സുരേന്ദ്രൻ തോൽക്കണമെങ്കിൽ ജയിക്കേണ്ടത് ആര് എന്ന കാര്യത്തിൽ മാധ്യമങ്ങൾക്ക് പോലും കൃത്യത ഇല്ല എന്നതാണ് അത് കാണിക്കുന്നത്. ആ ബദൽ ആരെന്ന കൃത്യത ഇല്ലായ്മ കെ.സുരേന്ദ്രന്റെ ജയ സാധ്യത തന്നെയാണ്.

ഇപ്പൊ, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ തോൽപ്പിക്കാൻ ആർക്കാണ് വോട്ട് കൊടുക്കേണ്ടത് എന്ന കാര്യത്തിൽ ഇടതു വലതു മുന്നണികൾക്ക് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടവിടെ അടിയുറച്ച സിപിഎമ്മുകാരന്റെ വോട്ട് പോലും ദിവാകരനല്ല, ശശി തരൂരിനാണ് കിട്ടുക. ബദൽ സ്ഥാനാർത്ഥി ആരെന്നു കൃത്യമായി നിശ്ചയിച്ചാൽ മാത്രം സാധിക്കുന്നതാണ് അത്തരം എൻബ്ലോക്ക് ക്രോസ്സ് വോട്ടിങ്. അത്തരത്തിൽ പൊതു ശത്രുവിനെ തോൽപ്പിക്കാൻ ഒന്നിച്ചു ജയിപ്പിക്കേണ്ട പൊതു ബദൽ സ്ഥാനാർത്ഥി ആരെന്ന് അവസാന നിമിഷം വരെയും ഉറപ്പിക്കാൻ ബിജെപി വിരുദ്ധർക്ക് ആയില്ലെന്നത് പത്തനംതിട്ടയിലും തൃശ്ശൂരിലും ബിജെപിക്ക് അനുകൂലമായ ഘടകമാണ്.

(ഇടതു വലതു മുന്നണികളും ഒന്നിച്ചു നിന്നാലും അതിനെ മറികടക്കാനുള്ള ജനപിന്തുണയും ശക്തിയും തിരുവനന്തപുരത്ത് ബിജെപി ഇതിനകം നേടി കഴിഞ്ഞതുകൊണ്ട് ആ അവിഹിത കൂട്ടുകെട്ടിനെ അതിജീവിച്ചു കുമ്മനം അവിടെ ഒറ്റയ്ക്ക് നിന്ന് ജയിച്ചേക്കാം. എന്നാൽ, അത്തരത്തിൽ ഹിന്ദു വോട്ട് കൊണ്ട് ഉറച്ച ബിജെപി കോട്ടകൾ ആയി മാറിയിട്ടില്ലാത്ത മണ്ഡലങ്ങളിൽ ഈ പൊതു സ്ഥാനാർത്ഥി ഫോർമുല എത്തരത്തിൽ ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കും എന്നാണ് പറഞ്ഞത്.)

മാതൃഭൂമിയും കൈരളിയും ഒരേ ശബ്ദത്തിൽ ആന്റോ ആന്റണി ജയിക്കും എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ പ്രതീക്ഷയ്ക്ക് വകയുണ്ടാകുമായിരുന്നില്ല.
എന്നാൽ കൈരളി വീണാ ജോർജ്ജ് ജയിക്കും എന്ന് പറയുമ്പോൾ ഇടതു ക്യാമ്പിൽ ഇപ്പോൾ പോലും ജയപ്രതീക്ഷ ഉണ്ടെന്നാണ് കാണുന്നത്. ഈ മിസ്‌കാൽക്കുലേഷൻ ചാനൽ മുറികളിൽ മാത്രമല്ല, ഗ്രൗണ്ടിലെ വോട്ടർമാർക്കിടയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. ഓർത്തോഡോക്‌സ് സഭ അവസാന ദിവസം വീണാ ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ച സംഭവം ഇടതു ക്യാമ്പിലെ ഈ ജയ പ്രതീക്ഷയെ വർദ്ധിപ്പിക്കുകയും ചെയ്തിരിക്കും.

സ്വാഭാവികമായും ക്രോസ്സ് വോട്ടിങ്ങിന്റെ സാധ്യത അടയുകയും മണ്ഡലത്തിൽ ത്രികോണ മത്സരം ഉണ്ടാവുകയും ചെയ്തിരിക്കണം. എന്നാൽ അങ്ങനെ വീണയെ ജയിപ്പിക്കാൻ ഇടതുപക്ഷവും വീണയ്ക്കാവും ആന്റോയെക്കാൾ സാധ്യത എന്ന് കരുതിയ മറ്റു ബിജെപി വിരുദ്ധരും അരിവാൾ ചുറ്റികയിൽ വോട്ട് കുത്തിയപ്പോൾ അവർ യഥാർത്ഥത്തിൽ കെ. സുരേന്ദ്രനെ ജയിപ്പിക്കുകയാണ് ചെയ്തത്. മൂന്നര ലക്ഷം വോട്ട് സ്വന്തം ചിഹ്നത്തിൽ നേടുക എന്നതിനൊപ്പം തന്നെ മൂന്ന് ലക്ഷം വോട്ടെങ്കിലും സിപിഎം നേടുക എന്നത് കൂടി കെ. സുരേന്ദ്രന്റെ ജയത്തിനു അനിവാര്യമായ സംഗതിയായിരുന്നു. ജയിക്കും എന്നൊരു ധാരണ അവസാന നിമിഷം വരെ നിലനിർത്തി സിപിഎമ്മും സഭയും കൂടി അത്രയും വോട്ട് വീണയ്ക്ക് പിടിച്ചു കൊടുത്തെങ്കിൽ സുരേന്ദ്രൻ ജയിച്ചു കഴിഞ്ഞു.

പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും കെ. സുരേന്ദ്രന് എവിടെ നിന്നാണ് മൂന്നര ലക്ഷം വോട്ട് കിട്ടുക എന്നൊരു ചോദ്യം തീർച്ചയായും ഉണ്ട്. 2014 തിരഞ്ഞെടുപ്പിൽ 1.38 ലക്ഷം വോട്ട് മാത്രമാണ് ബിജെപിക്ക് പത്തനംതിട്ടയിൽ കിട്ടിയത് എന്നതൊരു യാഥാർഥ്യമാണ്. ആന്റോ ആന്റണിയെ മറികടക്കണമെങ്കിൽ 2.20 ലക്ഷം വോട്ട് കൂടി ബിജെപി നേടേണ്ടതായുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിന്റെ സുമാർ മൂന്നിരട്ടി വോട്ടുകൾ നേടണം എന്നർത്ഥം. എത്ര കൃത്യമായ സംഘടനാ പ്രവർത്തനം നടന്നാലും എത്ര മികച്ച പ്രചാരണം നടത്തിയാലും സാധാരണ ഗതിയിൽ അസംഭവ്യം ആണത്.

പക്ഷെ ഇത്തവണ സാധാരണ ഗതിയല്ലല്ലോ. അസംഭവ്യമായതും സംഭവ്യമാകുന്ന ഒരു അസാധാരണ ഗതി ഉണ്ട് ഇത്തവണ പൊതുവിൽ കേരളത്തിലും വിശേഷിച്ച് പത്തനംതിട്ടയിലും. ഞാനാ അസാധാരണത്വത്തെ 'അയ്യപ്പ തരംഗം' എന്നാണ് വിളിക്കുക. ഇന്ത്യയിൽ ആകെ അലയടിക്കുന്ന മോദി തരംഗത്തേക്കാൾ ശക്തമാകും കേരളത്തിൽ അലയടിക്കുന്ന ആ അയ്യപ്പ തരംഗം. ആ തരംഗത്തെ പറ്റിയാവും വരും ദിവസങ്ങളിൽ കേരളം ഗൗരവമായി ചർച്ച ചെയ്യാൻ പോകുന്നത് എന്നതാണ് എന്റെ വിലയിരുത്തൽ. മാതൃഭൂമി ആയാലും കൈരളി ആയാലും എക്‌സിറ്റ് പോളുകൾ കെ. സുരേന്ദ്രന് 30% വോട്ട് ഷെയർ പ്രവചിക്കുന്നുണ്ട് എന്ന് ശ്രദ്ധിക്കണം.

പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ വോട്ട് ചെയ്ത മണ്ഡലത്തിൽ അപ്പോൾ സുരേന്ദ്രന് 3 ലക്ഷത്തിലധികം വോട്ട് കിട്ടുമെന്ന് ഇടത് ചാനൽ പോലും അംഗീകരിക്കുന്നുണ്ട്. എങ്ങനെയാണ് അത്രയധികം വോട്ട് വന്നത്? അത് തന്നെ അസ്വാഭാവികം അല്ലേ? പത്തനംതിട്ടയിൽ ആണ് ഇത്തവണ കേരളത്തിൽ ഏറ്റവും ഉയർന്ന പോളിങ് വർദ്ധനവ് ഉണ്ടായത്. 2014 തിരഞ്ഞെടുപ്പിനേക്കാൾ 8.17% വർദ്ധനയാണ് ഈ വട്ടം പത്തനംതിട്ടയിലെ പോളിങ് ശതമാനത്തിൽ സംഭവിച്ചത്. ഏതാണ്ട് ഒരു ലക്ഷത്തി പതിനായിരം വോട്ടിന്റെ വർദ്ധനയാണ് ഈ ശതമാനം സൂചിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കണം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ബംപ് ഇത്തവണ പത്തനംതിട്ടയിൽ ഉണ്ടായത്??

പത്തനംതിട്ടയിലെ വോട്ടർമാരിൽ പുരുഷന്മാരേക്കാൾ ഒരു ലക്ഷത്തിൽ അധികം സ്ത്രീകൾ ആയിരുന്നു എന്നും പോളിങ് ദിവസത്തെ ഒരു റിപ്പോർട്ടിൽ കണ്ടിരുന്നു. ഒരു സർവ്വെയിലും ഉള്ളിലിരുപ്പ് വെളിപ്പെടുത്താത്ത, ഒരു എക്‌സിറ്റ് പോളിനും പിടി കൊടുക്കാത്ത, നിശബ്ദ സ്ത്രീ വോട്ടർമാരാണ് മണ്ഡലത്തിലെ വിധി യഥാർത്ഥത്തിൽ നിർണ്ണയിക്കാൻ പോകുന്നത്. കെ. സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ ഒക്കെ വലിയ എണ്ണത്തിൽ പങ്കാളികൾ ആയ സ്ത്രീകളെ നമ്മൾ ധാരാളം കണ്ടിരുന്നു. ശബരിമലയിലെ ആചാര പദ്ധതികൾ അത് പോലെ നിലനിൽക്കണം എന്നാഗ്രഹിച്ച, ആചാര ലംഘനത്തിനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ മനസ്സ് വേദനിച്ച, അതിനെതിരെ നാമജപ ഘോഷയാത്രയുമായി തെരുവിൽ ഇറങ്ങിയ വിശ്വാസികളായ ഹിന്ദു സ്ത്രീകൾ തന്നെയാണത്. 56% ഹിന്ദു വോട്ട് ഉള്ള മണ്ഡലമാണ് പത്തനംതിട്ട. അതിൽ തന്നെ 53%വും രാഷ്ട്രീയത്തിന് അതീതമായി അയ്യപ്പ സ്വാമിയേ ഭജിക്കുന്ന സ്ത്രീകൾ ആണെന്നത് എങ്ങനെയായിരിക്കും പോളിങ്ങിനെ സ്വാധീനിച്ചിരിക്കുക?

പത്തനംതിട്ടയിലെ ഒരു ലക്ഷം മുസ്ലിം വോട്ടർമാരിൽ ഇരുപത്തിനായിരത്തിൽ ഏറെ പേർ സുന്നി പൗരോഹിത്യത്തിന് ഒരു സ്വാധീനവും ഇല്ലാത്ത ഷിയാ മുസ്ലീങ്ങൾ ആണെന്നത് മണ്ഡലത്തിൽ നേരിട്ട് പ്രചാരണത്തിന് പോയപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്. ദേശീയ തലത്തിൽ തന്നെ ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന മുസ്ലിം വിഭാഗമാണ് ഷിയാ മുസ്ലീങ്ങൾ. നരേന്ദ്ര മോദി സർക്കാരിലെ ഏക മുസ്ലിം മന്ത്രിയും യോഗി ആദിത്യനാഥ് സർക്കാരിലെ ഏക മുസ്ലിം മന്ത്രിയും ഷിയാ മുസ്ലിം ആണെന്നത് നിരീക്ഷിച്ചാൽ കാണുന്ന ഒരു കൗതുകമാണ്. ബിജെപി ഈ സാധ്യതയെ അല്പം കൂടി ഗൗരവമായി മനസിലാക്കണമായിരുന്നു എന്നും, മുക്താർ അബ്ബാസ് നഖ്വിയെ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിക്കണമായിരുന്നു എന്നും, അത് ശ്രദ്ധക്കുറവ് കൊണ്ട് നഷ്ടപ്പെടുത്തിയ മികച്ചൊരു രാഷ്ട്രീയ നീക്കമായിരുന്നു എന്നും വിമർശനമുള്ള അനുഭാവിയാണ് ഞാൻ.

എന്നാൽ മറ്റു രണ്ട് മുന്നണികളും പത്തനംതിട്ടയിലെ ഈ ഷിയാ സാന്നിധ്യത്തെ വേണ്ട വിധം മനസിലാക്കിയില്ല എന്നും അവരെ കൂടേ നിർത്താൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല മുഖ്യമായും സുന്നി പ്രീണനത്തിലാണ് ഊർജ്ജം ചെലവാക്കിയത് എന്നും കാണുമ്പോൾ ആ വോട്ടുകൾ നഷ്ടപ്പെട്ടു എന്ന് പറയാനും വയ്യ. ചാനൽ ക്യാമറക്ക് മുന്നിൽ നിന്ന് മറയില്ലാതെ 'സുരേന്ദ്രൻ ജയിച്ചാൽ കൊള്ളാം' എന്ന് പറഞ്ഞ തട്ടമിട്ട പത്തനംതിട്ടക്കാരി പെൺകുട്ടിയെ നമ്മളൊക്കെ കണ്ടതാണ്. ആ വോട്ടുകൾ ഒക്കെ ആരാണ് നേടിയത്? ഒരു എക്‌സിറ്റ് പോളിനും പ്രവചിക്കാവുന്നതല്ല പത്തനംതിട്ടയിലെ ഈ ഘടകങ്ങൾ ഒന്നും. എല്ലാ ഊഹാപോഹങ്ങളെയും ആസ്ഥാനത്താക്കുന്ന തരം അസാധാരണമായ ഒരു തരംഗം അവിടെയുണ്ട് എന്നത് മാത്രമാണ് നമുക്കറിയുന്ന ഏക വസ്തുത.

ഒന്ന് നോക്കിയാൽ ഈ തിരഞ്ഞെടുപ്പിൽ മനുഷ്യന് പദ്ധതിയിട്ട് ശ്രമിച്ചാൽ പോലും നടപ്പാക്കാനാവാത്ത കാര്യങ്ങൾ ഒരായാസവും ഇല്ലാതെ സ്വമേധയാ സാധ്യമാക്കിയ ഒരു ദൈവീക ഇടപെടൽ ഉണ്ടായിട്ടുണ്ട് ഈ തിരഞ്ഞെടുപ്പിൽ എന്ന് പോലും സംശയിക്കാനുള്ള ന്യായങ്ങൾ ഉണ്ട്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം കൊണ്ട് എല്ലാ അഡ്ജസ്റ്റ്‌മെന്റ് പരസ്പര ധാരണകളെയും അട്ടിമറിച്ചു ബിജെപി എന്ന പൊതുശത്രുവിനെ വിട്ട് കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ നേരിട്ട് തന്നെ മത്സരവും, കോൺഗ്രസ്സിന് അനുകൂലമായ ന്യൂനപക്ഷ ധ്രുവീകരണവും, കേഡർ തലത്തിൽ പോലും പരസ്പര വൈരവും വാശിയും ഉണ്ടായത്..

ഒരു ഹിന്ദു സ്ഥാനാർത്ഥിക്ക് പകരം വീണാ ജോർജ്ജിനെ തന്നെ സിപിഎം പത്തനംതിട്ട സ്ഥാനാർത്ഥി ആയി നിശ്ചയിച്ചത്.. വയനാട് മത്സരത്തിന് പ്രതീക്ഷിക്കാത്ത ദേശീയ പ്രാധാന്യം വന്നതുകൊണ്ട് തുഷാർ വെള്ളാപ്പള്ളി അങ്ങോട്ട് മാറിയതും പകരം സുരേഷ് ഗോപി തൃശ്ശൂരിൽ സ്ഥാനാർത്ഥി ആയി വന്നതും.. അവസാന ദിവസം ഓർത്തോഡോക്‌സ് സഭ വീണ ജോർജിനും രാജാജി മാത്യൂസിനും പിന്തുണ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.. ഇതൊക്കെ ബിജെപിയേ സഹായിക്കുന്ന ഘടകങ്ങൾ ആയാണ് കലാശിച്ചത്. എന്നാൽ ഇതൊന്നും ബിജെപിക്ക് പ്ലാൻ ചെയ്തു നടപ്പാക്കാനാവുന്ന കാര്യങ്ങൾ ആയിരുന്നില്ല. ഇതൊക്കെയും ഒരു 'അയ്യപ്പൻ ഇഫക്ട്' ആണെന്ന് വിശ്വാസികൾ വാദിച്ചാൽ അവരെ കുറ്റം പറയാൻ ആർക്കും സാധിക്കുകയുമില്ല.

എന്തായാലും വലിയ തരംഗങ്ങൾ അലയടിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നും സ്വാഭാവിക അനുമാനങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ല.
2014ലെ 1.38 ലക്ഷം എങ്ങനെ മൂന്നിരട്ടിയായി 3.50 ലക്ഷം ആവും എന്ന് യുക്തിപരമായി ചോദിക്കുമ്പോൾ, 2009ലെ 56000 എങ്ങനെ രണ്ടിരട്ടിയിൽ ഏറെയായി 2014 ആയപ്പോൾ 1.38 ലക്ഷമായി എന്നതിനും നമ്മൾ യുക്തിസഹമായി മറുപടി പറയേണ്ടി വരും. 2014ൽ മോദി തരംഗം ആഞ്ഞടിച്ചു എന്നത് മാത്രമാവും അതിന് പറയാവുന്ന ന്യായം. എങ്കിൽ അതിലും വലിയൊരു തരംഗം ഇപ്പോൾ ഇവിടെയുണ്ട് എന്നത് ഇതിനും ന്യായമാവും.

ഇത്രയങ് ഉറപ്പിച്ചു പറഞ്ഞിട്ട് ഒടുക്കം തോറ്റാൽ എന്ത് പറയും എന്ന് ഏട്ടൻ ചോദിക്കുന്നുണ്ട്. പക്ഷെ, ഇത്രയൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും ഒടുക്കം തോറ്റാൽ അപ്പോൾ എന്റെയൊരു പ്രവചനം മാത്രമല്ലല്ലോ അവിടെ തോൽക്കുന്നത്. എന്തൊക്കെ തോറ്റു അവിടെ
അല്ലെങ്കിൽ എല്ലാം തോറ്റല്ലോ അവിടെ അതിനിടയിൽ ഒരു പ്രവചനം തെറ്റിയതിലെ വ്യക്തിപരമായ നാണക്കേടും അപമാനവും ഒന്നും ഒരു വിഷയമേ ആവില്ല തന്നെ.. അതിനെ പറ്റി ആശങ്കപ്പെടുന്നത് വീടാകെ കത്തി പോയാൽ എന്റെ പുത്തൻ ഷർട്ടും അതിൽ പെട്ടു പോവുമല്ലോ എന്ന് പേടിക്കുന്നത് പോലെയാണ്.

അന്തിമ ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവചനത്തിനൊന്നും നിൽക്കാതെ ക്ഷമയോടെ കാത്തിരിക്കുക തന്നെയാണ് ബുദ്ധി എന്ന് എനിക്കും നന്നായി അറിയാം. പക്ഷെ അപായ സാധ്യത ഒഴിവാക്കാനുള്ള ആ സേഫ് സോൺ ബുദ്ധി ഞാൻ ഉപയോഗിക്കുമ്പോൾ എന്റെ വിശ്വാസത്തെ തന്നെയാവും ഞാൻ അവിടെ വഞ്ചിക്കുന്നത്. ആദ്യമേ പറഞ്ഞല്ലോ.. മഴ പെയ്യാനുള്ള യാഗം നടക്കുന്നിടത്തേക്ക് കുടയുമായി പോയ ആ കുട്ടിയാണ് ഞാൻ. പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ ജയിക്കുമെന്ന് ആ കുട്ടി നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP