Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്പ്രിങ്‌ളർ കമ്പനി കോവിഡ് കാലത്തു പിണറായിക്കു ഇമേജ് ബിൽഡിങ്ങിന് നൽകിയ സഹായങ്ങളും അടുത്ത ഇലക്ഷനിൽ ചെയ്യാമെന്നേറ്റിരിക്കുന്ന 2016 ലെ അമേരിക്കൻ ട്രംപ് മോഡൽ സഹായങ്ങളും കൂടി പുറത്തുവരണം; അപ്പോഴാവും ആറുമണി വാർത്തക്കുമുന്നിൽ നിലയുറപ്പിച്ച പാവം മലയാളികൾ സ്വയം വിഡ്ഢികളാക്കപ്പെട്ടതിന്റെ, വഞ്ചിക്കപ്പെട്ടതിന്റെ സത്യമറിയുക! സ്പ്രിൻക്ലറിൽ കോൺഗ്രസ് നേതാവ് പഴകുളം മധു നിലപാട് പറയുമ്പോൾ

സ്പ്രിങ്‌ളർ കമ്പനി കോവിഡ് കാലത്തു പിണറായിക്കു ഇമേജ് ബിൽഡിങ്ങിന് നൽകിയ സഹായങ്ങളും അടുത്ത ഇലക്ഷനിൽ ചെയ്യാമെന്നേറ്റിരിക്കുന്ന 2016 ലെ അമേരിക്കൻ ട്രംപ് മോഡൽ സഹായങ്ങളും കൂടി പുറത്തുവരണം; അപ്പോഴാവും ആറുമണി വാർത്തക്കുമുന്നിൽ നിലയുറപ്പിച്ച പാവം മലയാളികൾ സ്വയം വിഡ്ഢികളാക്കപ്പെട്ടതിന്റെ, വഞ്ചിക്കപ്പെട്ടതിന്റെ സത്യമറിയുക! സ്പ്രിൻക്ലറിൽ കോൺഗ്രസ് നേതാവ് പഴകുളം മധു നിലപാട് പറയുമ്പോൾ

പഴകുളം മധു

സ്പ്രിംഗ്‌ളർ അന്താരാഷ്ട്ര കരാറുമായി ബന്ധപ്പെട്ടു പുറത്തുവന്ന രേഖകളും ഉയർന്നുവന്ന ചോദ്യങ്ങളും ഇക്കാര്യത്തിൽ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ പങ്കിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. ശ്രീ പിണറായി വിജയൻ നേരിട്ട് മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്. അദ്ദേഹത്തെ സംരക്ഷിക്കാനും ന്യായീകരിക്കാനുമിറങ്ങിയ മന്ത്രിമാരും മറ്റും,ശബ്ദമുണ്ടാക്കിയും വികാരപരമായ പശ്ചാത്തലം നിർമ്മിച്ചും പ്രശ്‌നത്തെ വഴിതിരിച്ചുവിടാനാണ് ഇപ്പോൾ നോക്കുന്നത്. ഒരു വൈകാരിക തലം കോവിഡിന്റെ മറവിൽ കൃത്രിമമായുണ്ടാക്കി പിണറായി വീണുപോയ കുഴിയിൽ നിന്നും അദ്ദേഹത്തെ രക്ഷിച്ചെടുക്കാനുള്ള ഇടതു ബുദ്ദിജീവി തന്ത്രം. കരുതിയിരിക്കുക കേരളം.

സത്യത്തിൽ കോവിഡിന്റെ മറവിൽ അമേരിക്കൻ കമ്പനിയുമായി ചേർന്ന് വലിയ തോതിലുള്ള ഒരു ഡാറ്റ കച്ചവടമായിരുന്നു പദ്ധതി.
ഇത്തരം അന്താരാഷ്ട്ര കരാറുകൾ എങ്ങനെ ഉണ്ടാക്കണം എന്നതിനെ സംബന്ധിച്ചു സി പി എം പാർട്ടിക്ക് ഒരു നയമുണ്ട്. ആ നയവും ഇതഃപര്യന്തം സി പി എം ഇക്കാര്യങ്ങളിലെല്ലാം കൈക്കൊണ്ടിട്ടുള്ള നിലപാടുകൾ, ഏറ്റെടുത്തിട്ടുള്ള പ്രക്ഷോഭങ്ങൾ, എല്ലാമെല്ലാം ഇന്ന് ആ പാർട്ടിയെ തിരിഞ്ഞു കൊത്തുന്നു.

പക്ഷെ ഇപ്പൊ പിണറായിയെ താങ്ങുകയല്ലാതെ തള്ളാൻ കഴിയുന്ന അവസ്ഥയിലല്ല സി പി എം. അവർക്ക് ആകെ ഭരണമുള്ള കേരളത്തിൽ പാർട്ടിയുടെ അവസ്ഥ മോശമാകാൻ യെച്ചൂരി പോലും ആഗ്രഹിക്കില്ല. അപ്പൊ താങ്ങുക എന്നത് പോളിറ്റ് ബ്യുറോക്കും നയമാക്കേണ്ടിവരും.
തത്വാധിഷ്ഠിതം മണ്ണാങ്കട്ട!

പക്ഷെ,പിണറായി വിജയൻ നേരിടാൻ പോകുന്ന ചില പ്രശ്‌നങ്ങളുണ്ട്. ആരെയുമറിയിക്കാതെ തന്റെ ഏറ്റവും വിശ്വസ്തനായ സെക്രെട്ടറി നടത്തിയ നിയമവിരുദ്ധ ഇടപാട്, കടുകട്ടിക്കാരൻ എന്ന തന്റെ പ്രതിച്ഛായയിൽ ഒട്ടൊക്കെ അഭിരമിച്ചുനടന്നുവരവേ,സർവ്വ നിയമങ്ങളും ലംഘിച്ചു ഒരു അന്താരാഷ്ട്ര കരാർ അതും തന്റെ സ്വന്തം വകുപ്പിൽ നടന്നത്, അറിഞ്ഞില്ലെന്നോ, അറിഞ്ഞിട്ടും തടഞ്ഞില്ലെന്നോ , അതുമൂലം ഉണ്ടായ വിശ്വാസ തകർച്ച, കോവിഡ് പോലെ ഒരു സന്നിഗ്ധ ഘട്ടത്തിൽ ഒപ്പം നിന്ന് പിന്തുണച്ച ജനങ്ങളോട് കാണിച്ച വഞ്ചന....എന്നിവയെല്ലാം ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹത്തെ തുടർച്ചയായി വേട്ടയാടും.

കോൺഗ്രസ് നേതാക്കൾ സർക്കാരിലുണ്ടാവുമ്പോൾ കാണിക്കുന്ന മനുഷ്യത്വം,സഹജീവി സ്‌നേഹം,പ്രതിപക്ഷ മര്യാദ എന്നിവയിലൊന്നും പിണറായി ആകുലചിത്തനാകേണ്ടതില്ല; എന്തെന്നാൽ അദ്ദേഹം ഒരു കമ്മ്യുണിസ്റ്റ്കാരനാണ്. അതുകൊണ്ട് ആ വക ചിന്തയൊന്നും അദ്ദേഹത്തെ അലട്ടേണ്ടതായിട്ടില്ല . പക്ഷെ വളരെ പെട്ടെന്ന് ഊതിവീർപ്പിച്ചുകൊണ്ടുവന്ന ഒരു പ്രതിച്ഛായ വെറുമൊരു ബലൂണിൽ ദർഭമുന കൊണ്ടാലെന്നപോലെ ഉടഞ്ഞുപോയതിൽ അദ്ദേഹം ഖിന്നനാവും. വല്ലാതെ ആ മനസ്സ് നോവും. ഇത്രകാലം ചെയ്തുകൂട്ടിയ അരുതാത്ത എത്രയോ വലിയതെറ്റുകൾ ഏൽപ്പിക്കാതെ പ്രഹരം ഈ വിവാദം അദ്ദേഹത്തിൽ ആഞ്ഞുകൊത്തും.

അത് പിണറായിയുടെ ഉള്ളിൽ ഇടക്കാലത്ത് ഒളിപ്പിച്ചുവെച്ച അദ്ദേഹത്തിലെ യഥാർത്ഥ പിണറായിയെ വെളിച്ചത്തു കൊണ്ടുവന്നേക്കാം..
അത് സി പി എം പാർട്ടിയും സർക്കാരും ഭയക്കണം. നീല വെള്ളത്തിൽ ചാടിയ കുറുക്കന്റെ പിന്നീടത്തെ അവസ്ഥയിലേക്ക് വഴുതിപ്പോകും കാര്യങ്ങൾ. നഷ്ടം പാർട്ടിക്ക് കൂടുതൽ വരും.

സെക്രെട്ടറി ശിവശങ്കരൻ പറയുന്നത് അദ്ദേഹത്തിന് ബോധ്യപ്പെട്ടു അതുകൊണ്ടു ചെയ്തു എന്നാണ്. അങ്ങനെ അയാൾക്കുമാത്രം ബോധ്യപ്പെട്ടാൽ ചെയ്യാവുന്ന കാര്യമാണോ ഇത്തരമൊരു അന്തരാഷ്ട്ര കരാർ; അതും ഒരു അമേരിക്കൻ സാമ്രാജ്യത്വ രാജ്യത്തെ കുത്തക കമ്പനിയുമായി ? സർക്കാരിൽ ഒരു ശിവശങ്കരനു മാത്രം ബോധ്യപ്പെട്ടാൽ മതിയോ കാര്യങ്ങൾ ? സ്വന്തം ബോധ്യപ്പെടലുമായി ശിവശങ്കരൻ ജീവിതകാലം മുഴുവൻ ഐ റ്റി സെക്രെട്ടറി പദവിയിൽ ഇവിടെത്തന്നുണ്ടാവുമോ? അങ്ങനെയൊരു കരാർ വല്ലതും സർക്കാർ ശിവശങ്കരനുമായി ഉണ്ടാക്കിയിട്ടുണ്ടോ ? ഇല്ലെങ്കിൽ പിന്നെ ശിവശങ്കരന്റെ വ്യക്തിഗതമായ ഈ ബോധ്യപ്പെടലിനു എന്ത് പ്രാധാന്യം ; എന്ത് പ്രസക്തി ?

കരാർ ആകും മുൻപേ ഡാറ്റ സ്പ്രിങ്ക്‌ളർ കമ്പനി പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ പറഞ്ഞതും, പിടിക്കപ്പെട്ടപ്പോൾ സർക്കാർ സംവിധാനത്തിലേക്ക് മാറ്റുമെന്ന് പറഞ്ഞതും, ഒട്ടേറെ നിയമ പ്രശ്‌നങ്ങൾ ഇഴചേർന്നു കിടക്കുന്ന ഒരു കരാറിലെ വ്യവസ്ഥകളോ,ഭാവിയിൽ സംസ്ഥാനത്തിന് സംഭവിക്കാനിടയുള്ള നഷ്ടങ്ങളോ, അന്താരാഷ്ട്ര കരാറിൽ ഏർപ്പെടുമ്പോൾ ആവശ്യം പാലിക്കേണ്ട നിയമങ്ങളോ,
ഇപ്പൊത്തന്നെ അമേരിക്കയിൽ ഡാറ്റ മറിച്ചുവിൽപ്പനയുമായി ബന്ധപ്പെട്ടു സ്പ്രിങ്ക്‌ലർ കമ്പനിക്കെതിരെ ഉള്ള കേസുകളോ, കരാർ ലംഘനമുണ്ടായാൽ കേസുപറയാൻ അമേരിക്കയിൽ പോകേണ്ടിവരുമെന്ന വ്യവസ്ഥകളോ ഒന്നും നിയമവകുപ്പ് പരിശോധിക്കേണ്ടതല്ലേ ???? ശിവശങ്കരൻ പറയും പോലെ നിയമ വകുപ്പ് ഒരു അഡൈ്വസറി സ്വഭാവത്തിലുള്ളതും അത്ര വലുതായി ഗൗനിക്കേണ്ടതല്ലാത്തതുമായ ഒന്നാണോ?
പറയു മുഖ്യമന്ത്രി...

2018 ൽ ഒന്നാം പ്രളയകാലത്തും 2019 ലെ രണ്ടാം പ്രളയകാലത്തും തിരിച്ചറിഞ്ഞ ഡാറ്റ അനാലിസിസ്മായ് ബന്ധപ്പെട്ട പോരായ്മകൾ നികത്താൻ ഈ സർക്കാർ എന്തെങ്കിലും ചെയ്തിരുന്നോ ഇതുവരെ ? നമ്മുടെ സി ഡിറ്റും മറ്റും പിന്നെന്തിനാണിവിടെ? കോവിഡിന്റെ സംഭീതികരമായ സാഹചര്യത്തിൽ ഉണ്ടായ അടിയന്തിര ആവശ്യം കൊണ്ടാണ് ഇങ്ങനെ ഒരു കരാർ ഉണ്ടാക്കിയതെന്ന് ഇനി സർക്കാരും പാർട്ടിയും പറഞ്ഞാലും അത്ഭുതപ്പെടാനില്ല.

പക്ഷെ മാസ്‌കോ സാനിറ്റയിസറോ, പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റോ, വെന്റിലേറ്ററോ ഭക്ഷണ സാധനങ്ങളോ മരുന്നോ ഒക്കെ അടിയന്തിരമായി ഇറക്കുമതി ചെയ്യാനായിരുന്നു അങ്ങനെയൊരു കരാറെങ്കിൽ നമുക്ക് ആശ്വസിക്കാമായിരുന്നു. ഇതുപക്ഷേ ഡാറ്റ കളക്ഷനും അനാലിസിസുമാണ് സംഗതി. അതിന് ഇത്രവലിയ അടിയന്തിര സാഹചര്യം ബോധ്യപ്പെടുത്താൻ ബുദ്ധിജീവികൾ വല്ലാതെ വിയർക്കേണ്ടിവരും. അത് മറ്റ് ലക്ഷ്യങ്ങൾ ഉള്ളതുകൊണ്ടാണ്.അതാണ് ജനത്തിന്റെ ബോധ്യം.

മുഖ്യമന്ത്രി ഇതിന് അനുവാദം കൊടുത്തത് അദ്ദേഹത്തിന് വേറെ താത്പര്യം ഉള്ളതുകൊണ്ടാണ് എന്ന് സംശയിക്കുന്നു അദ്ദേഹത്തിന്റെ ആറുമണി ആരാധകർപോലും. ആ താത്പര്യത്തിന് പിന്നിൽ ആരാണ് ? ഏതു ശ്ശക്തിയാണ് ? എത്ര കൊടികളാണ് കാണാമറയത്തു ഒഴുകിയിറങ്ങിയത് ? പി റ്റി തോമസ് എം എൽ എ ഉയർത്തിയ ചോദ്യങ്ങൾ മാറ്റൊലിക്കൊള്ളുന്നത് കേൾക്കുന്നില്ലേ മുഖ്യമന്ത്രി?
ആ ഉത്തരമാണ് കേരളം കാക്കുന്നത്.

ഈ നഗ്‌നമായ അഴിമതി വൈകാരികമായി സംസാരിച്ചു മൂടിവെക്കാൻ നിയമ മന്ത്രിപോലും ശ്രമിക്കുന്നത് ഈ കൊള്ള അവരുടെ എല്ലാം കസേരകളും ഇളക്കും എന്നതുകൊണ്ടാണ്. അത് സി പി എമ്മിന്റെ കപട രാഷ്ട്രീയത്തിന്റെ മുഖം മൂടി അഴിക്കുകമാത്രമല്ല പിണറായി വിജയന്റെ യഥാർത്ഥ മുഖം വെളിച്ചത്തുകൊണ്ടുവരിക കൂടി ചെയ്യും. പ്രളയ ഫണ്ടിൽ നിന്നും കയ്യിട്ടു വാരിയ അതെ ബുദ്ധി ഇവിടെ ചെലവാകുകയില്ല...

സ്പ്രിങ്‌ളർ കമ്പനി കോവിഡ് കാലത്തു പിണറായിക്കു ഇമേജ് ബിൽഡിങ്ങിന് നൽകിയ സഹായങ്ങളും അടുത്ത ഇലെക്ഷനിൽ ചെയ്യാമെന്നേറ്റിരിക്കുന്ന 2016 ലെ അമേരിക്കൻ ട്രംപ് മോഡൽ സഹായങ്ങളും കൂടി പുറത്തുവരണം. അപ്പോഴാവും ആറുമണി വാർത്തക്കുമുന്നിൽ നിലയുറപ്പിച്ച പാവം മലയാളികൾ സ്വയം വിഡ്ഢികളാക്കപ്പെട്ടതിന്റെ, വഞ്ചിക്കപ്പെട്ടതിന്റെ സത്യമറിയുക !

(കെപിസിസി ജനറൽ സെക്രട്ടറിയാണ് ലേഖകനായ പഴകുളം മധു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP