Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണ്ട് മുല മൂടാതെ നടക്കുന്നത് 'സംസ്‌കാരം '; ഇന്ന് 'മുലകൾ' മൂടുന്നത് സംസ്‌കാരം; അതു കൊണ്ടാണ് ഒരാളുടെ മുലകളിൽ ചിത്രങ്ങൾ വരച്ചാൽ അത് അശ്ലീലമാകുന്നത്; അതെ പെയിന്റിങ് കൈവെള്ളയിൽ വരച്ചാൽ ഇത്രയും കോലാഹലങ്ങളുണ്ടാകയില്ല; 212 നഗ്‌ന ശരീരങ്ങൾ ഉള്ള പാർക്കിൽ കുട്ടികളെ കൊണ്ട് പോയത് 'തെറ്റാണ് 'എന്ന് പറയുന്നവരും കേരളത്തിൽ കാണും.....; നഗ്‌ന ശരീരങ്ങൾ : ജെ എസ് അടൂർ എഴുതുന്നു

പണ്ട് മുല മൂടാതെ നടക്കുന്നത് 'സംസ്‌കാരം '; ഇന്ന് 'മുലകൾ' മൂടുന്നത് സംസ്‌കാരം; അതു കൊണ്ടാണ് ഒരാളുടെ മുലകളിൽ ചിത്രങ്ങൾ വരച്ചാൽ അത് അശ്ലീലമാകുന്നത്; അതെ പെയിന്റിങ് കൈവെള്ളയിൽ വരച്ചാൽ ഇത്രയും കോലാഹലങ്ങളുണ്ടാകയില്ല; 212 നഗ്‌ന ശരീരങ്ങൾ ഉള്ള പാർക്കിൽ കുട്ടികളെ കൊണ്ട് പോയത് 'തെറ്റാണ് 'എന്ന് പറയുന്നവരും കേരളത്തിൽ കാണും.....; നഗ്‌ന ശരീരങ്ങൾ : ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

നഗ്‌ന ശരീരങ്ങൾ

നുഷ്യൻ ജീജ്ഞാസയും ആകാംക്ഷയുമുള്ള ഒരു ജീവിയാണ്. ഒരു തരത്തിൽ മനുഷ്യന്റ എല്ലാ അന്വേഷണങ്ങൾക്കും നിദാനം കാണാത്തതും അറിയാത്തതുമായ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസയും അതിൽ നിന്നുള്ള ആകാംക്ഷയുമാണ്. പലപ്പോഴും മനുഷ്യന്റെ സർഗാത്മകതയുടെ തുടക്കങ്ങൾ കൂടുതൽ അറിയുവാൻ ഭാവനകളിലൂടെയും ഭാഷകളിലൂടെയും യാത്രകളിലൂടെയുമൊക്കെയാണ് .  

മനസ്സിൽ കണ്ടും, പിന്നെ നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ കേട്ടറിഞ്ഞും കണ്ടറിഞ്ഞും തൊട്ടറിഞ്ഞും രുചിച്ചറിഞ്ഞും പ്രകൃതിയെയും അതിലുള്ളതിനെയും മനുഷ്യരെ അറിയാനുമുള്ള ജിജ്ഞാസയും അത്ഭുതാവേശവും ആകാംക്ഷയുമൊക്കെയാണ് എല്ലാ ശാസ്ത്രത്തിനും സാഹിത്യത്തിനുമൊക്കെ ആധാരം.

എന്തോക്കെ പൊതിഞ്ഞു വച്ചിരിക്കൂന്നോ അതൊക്ക കാണുവാനുള്ള മോഹം മനുഷ്യനുണ്ട്. മനുഷ്യ ശരീരം ആദ്യം പൊതിയുവാൻ തുടങ്ങിയത് തണുപ്പിൽ നിന്നും ചൂടിൽ നിന്നും രക്ഷനേടാൻ മൃഗങ്ങളുടെതോലുകളോ മരവുരിയോ നാരുകൾ കൊണ്ടുള്ള വസ്ത്രങ്ങളോയൊക്കയാണ്. മനുഷ്യ ചരിത്രത്തിൽ ഇന്നുള്ളത്‌പോലെയുള്ള വസ്ത്രങ്ങൾ വന്നിട്ട് അധികം നാളായില്ല.

ഇന്ത്യയിൽ വസ്ത്രധാരണ രീതികൾ പോലും ജാതി ശ്രേണിബദ്ധമായിരുന്നു. ആരു വസ്ത്രം ഉടുക്കണം എന്നും വസ്ത്രം ഉടുക്കണ്ട എന്നും എങ്ങനെ ഉടുക്കണം എന്നത് മൊക്കെ 
കാലദേശ വർഗ വർണ്ണ ലിംഗഭേദമനുസരിച്ചു മാറി മാറി വന്നു. വസ്ത്രങ്ങൾ മാറിയത് അനുസരിച്ചു ശരീരത്തിന്റെയും നഗ്നതയുടെയും രാഷ്ട്രീയവും 'സംസ്‌ക്കാരവും, സംഘടിത അധികാര യുക്തികൾ ഭരിക്കുവാൻ തുടങ്ങി

ശ്‌ളീലവും  അശ്‌ളീലവും കാല ദേശത്തിന് അനുസരിച്ചു മാറുന്ന സാമൂഹ്യ നിർമ്മിതികളും ധാരണകളുമാണ്. കഴിഞ്ഞ നൂറു കൊല്ലം മുമ്പ്‌പോലും കോണകം മാത്രം ധരിച്ചു പണിചെയ്തവർ അനേകം. തോർത്ത് മാത്രം വസ്ത്രമായുപയോഗിച്ചവർ അനേകം. ഒന്നര മാറി സാരി പ്രചുര പ്രചാരമായിട്ട് ഏത്ര കാലമായി. ഈ കുലസ്ത്രീ എന്ന ആഢ്യ പരിവേഷവും ചന്തപെണ്ണ് എന്ന പരികല്പനയുമെല്ലാം ജാതിയും വർണ്ണവും രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങളും ലിംഗ രാഷ്ട്രീയവുമുള്ള ഘടകങ്ങളാണ്.

ആണുങ്ങൾ ഉടുപ്പിട്ടാതെയാണ് വീട്ടിലും അമ്പലത്തിലും ഒക്കെ കേറുന്നത്. ആണുങ്ങളുടെ മുലകൾ അശ്ലീലമല്ലാതിരിക്കുന്നതും പെണ്ണുങ്ങളുടെ മുലകൾ അശ്ലീലമാകുന്നതും അധികാര നോട്ട ശീലങ്ങൾകൊണ്ടാണ്. അതില്ലാത്ത പല ഗോത്ര സമൂഹങ്ങളിലും പണ്ട് കേരളത്തിൽ തന്നെയും മുലകൾ വലിയ സംഭവം അല്ലായിരുന്നു. പലപ്പോഴും വിക്ടോറിയൻ മൂടി വയ്ക്കൽ യുക്തിയാണ് നമ്മുടെ ശരീര യുക്തിയിൽ ശ്ലീലവും അശ്ലീലവും മാറ്റി മറിച്ചത്.

പലപ്പോഴും മറയ്ക്കപ്പെട്ടത്‌കാണുവാനുള്ള ഒളിച്ചു നോട്ടം ചില സമൂഹങ്ങളിൽ കൂടും. ലൈംഗികത സാമൂഹികവും മതപരവുമായൊക്കെ കനത്ത നിയന്ത്രണമുള്ള സമൂഹങ്ങളിൽ ഒളിച്ചു നോട്ടം കൂടും. അതിന്റ കൂടെ ഭോഗ ദാരിദ്ര്യം ഉള്ള ആണുങ്ങൾ കൂടുതലുള്ള സമൂഹങ്ങളിൽ അത്യന്തം ആകാംക്ഷയോടെ സ്ത്രീ ശരീരം ഒളിഞ്ഞു നോക്കുന്ന ഭോഗ ദരിദ്ര വാസികളാണ് ഈ നാട്ടിലേ സദാചാര ഗുണ്ടകളും സദാചാര പൊലീസുകാരും. അവർക്കു ഒരു പുരുഷനെയും സ്ത്രീയെയും ഒരുമിച്ചു കണ്ടാൽ ഒരൊറ്റ കാര്യമേ മനസ്സിൽ വരുള്ളൂ. ഭോഗ ദാരിദ്ര്യം പിടിച്ച ഈ ഒളി നോട്ടക്കാർക്ക് പിന്നെ കലിപ്പാണ്.

സത്യത്തിൽ കേരളത്തിനും ഇന്ത്യക്കും വെളിയിൽപോയി ഒരുപാടു തരം ആളുകളെയും മനിഷ്യരെയും വസ്ത്ര രീതികളെയും ഒക്കെ കണ്ട ശേഷമാണ് കേരളത്തിൽ ആർജിച്ച രഹസ്യ കൊച്ചു പുസ്തക ഒളിനോട്ട സംസ്‌കാരത്തിൽ നിന്ന് മാറി ചിന്തിക്കാൻ പഠിച്ചത്.

നോർവേയിൽ ഓസ്ലോ നഗരത്തിനു അടുത്തു ള്ള ഫ്രോഗ്നർ പാർക്കിൽ ഞാൻ സ്ഥിരം പോകുമായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ നഗ്ന ശരീര ശില്പങ്ങൾ ഉള്ള 116 ഏക്കർ വലിപ്പമുള്ള ഒരു പാർക്കാണത് ..സത്യത്തിൽ നഗ്നത എന്ന കാഴ്ചപ്പാടുകൾ മാറ്റി മറിക്കുന്നതാണ് ആ പാർക്ക്.കാരണം പലപ്പോഴും ആണുങ്ങൾ മനസ്സിൽ കാണുന്ന സ്ത്രീ ശരീരം വളരെ ചെറുപ്പം ആയ 'വടിവ് ' ഒത്ത സ്ത്രീകളുടെയോ അല്ലെങ്കിൽ തികച്ചും ലൈംഗിക ത്വരയിൽ ആകൃഷ്ട്ടരായവരുടെയോ ആണ്. . പലപ്പോഴും പുരുഷ ശരീരവും മൈക്കൽ ആഞ്ചലോയുടെ
ഡേവിഡിനെപ്പോലെയാണ്.

എന്നാൽ ഗുസ്തുവ് വീഗലാൻഡ് (11 ഏപ്രിൽ 1869 -12 മാർച്ച് 1943) എന്ന നോർവീജിയൻ ശില്പി 1924 മുതൽ 1943 വരെ ചെയ്ത 212 ബ്രോൺസ് -ഗ്രാനൈറ്റ് ശില്പങ്ങൾ എല്ലാം 
നഗ്നശരീരങ്ങളാണ് . അത് ഒരു മനുഷ്യൻ കടന്നുപോകുന്ന എല്ലാ അവസ്ഥകളെയും കാണിക്കുന്നതാണ്. ഒരാൾ ഇരുപത് വയ്‌സുള്ളപ്പോൾ ഉള്ള ശരീരവും തൊണ്ണൂറ് വയസ്സുള്ളപ്പോൾ ഉള്ള ശരീരവും ഒരുമിച്ചു കാണുമ്പോൾ നമ്മൾ അവിടെ കാണുന്നത് നഗ്‌ന ശരീരങ്ങൾ അല്ല. അവിടെ ജീവിതത്തിന്റെയും മനുഷ്യന്റയും അവസ്ഥകളെയാണ് കണ്ടത് . അവിടെ അശ്ലീലം ചിന്താ ശേഷിയുള്ള ഒരു മനുഷ്യനും തോന്നുകയില്ല.

അവിടെ പലപ്പോഴും പോയത് കുടുംബവും കുട്ടികളുമായാണ് അവിടെ ഒരുപാട് തരം തലകളും മുലകളും ഉടലുകളും കണ്ട ഞങ്ങളുട കുട്ടികൾക്ക് ഒന്നും സംഭവിച്ചില്ല. പക്ഷെ അവരുടെ കാഴ്ചപ്പാടുകൾ മാറി.

കാഴ്ചകകളും കാഴ്ചകൾ കാണുന്ന രീതിയും അതിനു അനുസരിച്ചുള്ള കാഴ്ചപ്പാടുകളുമാണ് ശ്ലീലവും അശ്ലീലവും നിർണ്ണയിക്കുന്നത്. അതിൽ ഒരു രാഷ്ട്രീയമുണ്ട്. ശരീരത്തിന്റെ രാഷ്ട്രീയത്തിൽ ലിംഗം വർണ്ണ ജാതി നോട്ടങ്ങളുണ്ട് . ആ നോട്ടങ്ങളെ പൊളിച്ചെഴുതാതെ ഒളിഞ്ഞു നോട്ട രോഗം (voyeurism) മാറില്ല. അത് കൂടുതൽ ഉള്ളവരാണ് പല അഭിനവ 'സദാചാര ' പൊലീസ്‌കാരും .

മുല എന്ന് കേട്ടാലോ അത് കണ്ടാലോ ഏതോ ഞെട്ടൽ ഉള്ളവരെ വീഗലാൻഡ് പാർക്കിലെ നഗ്‌ന ശരീരങ്ങളോ അല്ലെങ്കിൽ ഖജുരാഹോയിലോ ശില്പ നിബിഡ ക്ഷേത്രങ്ങളിലോ പോയി തൊഴുതാൽ പകുതി പ്രശ്‌നം തീരും

പലരും വിചാരിക്കുന്നത് 'സംസ്‌കാരം ' എന്ന് പറയുന്നത് ഏതോ വലിയ സൂത്രമാണ് എന്നാണ്. പലപ്പോഴും അതിനെ ആചാര അനുഷ്ഠാനങ്ങളായിഫ്രീസ് ചെയ്തു അധികാരത്തിന്റെ വ്യാകരണമാക്കുന്നത് സംഘടിത മതങ്ങളും സംഘടിത രാഷ്ട്രീയ ശക്തികളും അതന്റെ ആശ്രിതരുമാണ്. അതുകൊണ്ടാണ് ഇന്ന് കേരളത്തിൽ സാധാരണ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത വർണ്ണ നിർഭയരമായ കഥകളിയും പഴയ വള്ളം കളിയും നെറ്റി പട്ടം കെട്ടിയ ആനകളും സെറ്റ്മുണ്ടുടുത്തു കുറി വരച്ച കുല സ്ത്രീകളും കേരളത്തിന്റെ സംസ്‌കാര 'മഹിമ ' ആകുന്നത്. അങ്ങനെയുള്ള 'സാംസ്‌കാരിക 'കേരളത്തിൽ അതിനു അപ്പുറം ഉള്ള കാഴ്ചകൾ പലതും 'സംസ്‌കാര ഹിന ' മാണ് .

സംസ്‌കാരം എന്നത് എല്ലാ മനുഷ്യരുടെയും പല വിധ ജീവിത അവസ്ഥകളും ആവാസ പരിസരവുമായി നിരന്തരം മാറികൊണ്ടിരുന്നതാണ്. നമ്മുടെ ഭാഷയും ഭക്ഷണവും വസ്ത്രം ധാരണവും ആവാസ പരിസരവും അതിലൊക്കെ നിരന്തരം ഇടപെടുന്ന മനുഷ്യരും അവരുടെ സാങ്കേതിക വ്യവഹാരവുമൊക്കെ നിരന്തരം മാറുകയാണ്. സംസ്‌കാരം എന്നത് നമ്മൾ കഴിക്കുന്നതും കാണുന്നതും കേൾക്കുന്നതും മൂത്രം ഒഴിക്കുന്നതും അപ്പി ഇടുന്നതും വളി വിടുന്നതും എല്ലാം മാറുന്നത് അനുസരിച്ചു മാറുന്ന സൂത്രമാണ്. പണ്ട് തെങ്ങിൻ ചോട്ടിലോ തോട്ടിറമ്പിലോ അപ്പി ഇട്ടവർ ഇന്ന് 'യൂറോപ്യൻ' ക്ലോസെറ്റിൽ അപ്പി ഇടുമ്പോൾ മാറുന്ന ഒന്നാണ് ഈ സംസ്‌കാരം എന്ന സൂത്രം. കേരളത്തിൽ ഇപ്പോൾ വ്യാപകമായി പൊറോട്ടയുംഇറച്ചിയും ഇവിടെ പ്രചരിച്ചിട്ട് ഏത്ര നാളായി . റബർ മരം വന്നിട്ട് ഏത്ര വർഷം. ഇപ്പോൾ ഇതു എല്ലാം സംസ്‌കാരത്തിന്റെ ഭാഗമാണ് . സത്യത്തിൽ കഥകളിയല്ല പൊറോട്ടയാണ് ഇന്ന് കേരളത്തിന്റെ സംസ്‌കാരം . അതുകൊണ്ടാണ് അതിനെ ലണ്ടനിൽപോലും കേരള പൊറോട്ടയെന്നു പറയുന്നത്. ലാഹോറിലെ ഫുഡ് സ്ട്രീറ്റിൽ കഴിച്ച മലബാർ മട്ടൻ ഇന്ന് മലബാറിൽ കിട്ടില്ല എന്നതാണ് സംസ്‌കാരത്തിന്റെ വിരോധാഭാസം.

പണ്ട് കോണാൻ ഒന്നരയും തോർത്തുമൊക്കെ ഉടുത്തോണ്ട് നടന്നവരുടെ പിൻ ഗാമികളാൻ ഇന്ന് ജീൻസും റ്റീ ഷർട്ടും സാരിയും ചുരിദാറും കോട്ടും സൂട്ടുമൊക്ക ഇട്ട് നടക്കുന്നത് . ഇതു ഇനിയും കാലം മാറുന്നത് അനുസരിച്ചു മാറും.

കഴിഞ്ഞ ഒരു കൊല്ലം മുമ്പുള്ള സംസ്‌കാരമല്ല ഇന്ന് കേരളത്തിലും ഇന്ത്യയിലും ലോകത്തും. ക്വറിന്റൈൻ എന്ന പദം ഒരു വർഷം മുമ്പ് ഒരുപാടു പേർക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഐസൊലേഷൻ, ക്വറിന്റൈൻ ഒക്കെ, മാസ്‌ക് ഒക്കെ മലയാള ഭാഷയുടെ ഭാഗമാണ്. ഭാഷ നിരന്തരം മാറി കൊണ്ടിരിക്കുന്നു.

മാസ്‌ക് ധരിച്ചു കൊണ്ട് കുറെ മനുഷ്യർ കഴിഞ്ഞ വർഷം നടന്നാൽ അവർക്കു വട്ടാണ് എന്ന് പറഞ്ഞേനെ . പണ്ട് മുല മൂടാതെ നടക്കുന്നത് 'സംസ്‌കാരം '. ഇന്ന് 'മുലകൾ ' മൂടുന്നത് സംസ്‌കാരം. അത്‌കൊണ്ടാണ് ഒരാളുടെ മുലകളിൽ ചിത്രങ്ങൾ വരച്ചാൽ അത് അശ്ലീലമാകുന്നത്. അതെ
പെയിന്റിങ്‌ കൈവെള്ളയിൽ വരച്ചാൽ ഇത്രയും കോലാഹലങ്ങലുണ്ടാകയില്ല . ഒളിഞ്ഞു നോട്ട സംസ്‌കാരത്തിലാണ് ' മുലകൾ ' പെട്ടെന്ന് ടാബുവും 'അരുതാത്തതും ' ലൈംഗിക 'അടയാളവുമൊക്കെയായി കാണുന്നത്.

ആ നോട്ട ശീലങ്ങളാണ് മാറേണ്ടത്. വീഗലാൻഡ് പാർക്കിൽ ആ നോട്ട ശീലം മാറ്റി എന്നതു അനുഭവമാണ് . അത് മാത്രം അല്ല പലപ്പോഴും പലരും സകുടുംബം കുളിക്കുകയും വെയിൽ കായുകയുമൊക്കെചെയ്യുന്ന ബീച്ചിൽ പോയപ്പോൾ ഉടുതുണി ഇട്ട്‌പോയാൽ അത് അസാധാരണമാണ്(abnormal ).അവിടെ തുണി ഇല്ലാതെയാണ് കുളിച്ചത് . അവിടെ ആരും ആരെയും ഒളിഞ്ഞു നോക്കേണ്ട അവസ്ഥ ഇല്ലായിരുന്നു . കാരണം സാധാരണ മനുഷ്യരുടെ ശരീരങ്ങൾ ഒന്നും 'വടി വൊത്ത ' സുന്ദര ശരീരങ്ങൾ അല്ല എന്നതാണ് വാസ്തവം .

അത്‌കൊണ്ടാണ് പറഞ്ഞത് മാറ്റണ്ടത് ആണുങ്ങളുടെയും കുലസ്ത്രീകളുടെയും നോട്ട ശീലങ്ങളാണ്.

212 നഗ്‌ന ശരീരങ്ങൾ ഉള്ള പാർക്കിൽ കുട്ടികളെ കൊണ്ട് പോയത് 'തെറ്റാണ് 'എന്ന് പറയുന്നവരും കേരളത്തിൽ കാണും.

ജെ എസ് അടൂർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP