Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ സഭയിൽ കാൽതട്ടി വീഴാനിരിക്കുന്ന ഒരു കൽപ്പടവാണ് കെ കെ രമ എന്ന് സ്പീക്കർക്ക് ഓർമ്മയുണ്ടാകുന്നത് നല്ലതാണ്; ലോക്കപ്പിൽ ഇട്ടിരുന്ന ഉടുപ്പ് സഭയിൽ ഉയർത്തിക്കാട്ടിയ പിണറായി കാട്ടാത്ത എന്ത് ചട്ടലംഘനമാണ് രമയുടെ സാരിയിൽ? മാധ്യമ പ്രവർത്തകൻ ജി.ശക്തിധരൻ എഴുതുന്നു

ഈ സഭയിൽ കാൽതട്ടി വീഴാനിരിക്കുന്ന ഒരു കൽപ്പടവാണ് കെ കെ രമ എന്ന് സ്പീക്കർക്ക് ഓർമ്മയുണ്ടാകുന്നത് നല്ലതാണ്; ലോക്കപ്പിൽ ഇട്ടിരുന്ന ഉടുപ്പ് സഭയിൽ ഉയർത്തിക്കാട്ടിയ പിണറായി കാട്ടാത്ത എന്ത് ചട്ടലംഘനമാണ് രമയുടെ സാരിയിൽ?  മാധ്യമ പ്രവർത്തകൻ ജി.ശക്തിധരൻ എഴുതുന്നു

ജി.ശക്തിധരൻ

 പിണറായിയുടെ ഉടുപ്പിനില്ലാത്ത എന്ത് ചട്ടലംഘനമാണ് രമയുടെ സാരിയിൽ

ഷേക്‌സ്പിയറുടെ ഏറ്റവും ചെറിയ കൃതിയാണല്ലോ 'മക്‌ബത്ത്'. ഏറ്റവും ചെറിയ പാർട്ടിക്ക് അനുരൂപമായ ഒരു കഥ എഴുതണമെന്നു ഷേക്‌സ്പിയർ കണക്കുകൂട്ടിയിരുന്നതുകൊണ്ടാണോ ഈ കഥ ഇത്ര ചെറുതായി പോയതെന്ന് അറിയില്ല. അധികാരത്തോടുള്ള അത്യാർത്തി മനുഷ്യനെ എത്രമാത്രം മൃഗതുല്യനാക്കുമെന്നും അവസാനം അവനു തന്നെ അത് എങ്ങിനെ വിനയായി മാറുമെന്നും ഷേക്‌സ്പിയർ ഒരു വളച്ചുകെട്ടൂമില്ലാതെ ഇതിൽ പറഞ്ഞുവെക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവർ പുതിയ പദവികളുടെ പശ്ചാത്തലത്തിൽ ഒരാവർത്തി കൂടി 'മക്‌ബത്ത്' വായിക്കുന്നത് നന്നായിരിക്കും. അതല്ലെങ്കിൽ അതിലെ രാക്ഷസീയ കഥാപാത്രങ്ങൾ പേക്കിനാവ് പോലെ അവരെ വേട്ടയാടിക്കൊണ്ടിരിരിക്കും.

ഒരു വനിതാ നിയമസഭാ സാമാജിക നിയമസഭയിൽ അണിഞ്ഞ സാധാരണ സാരി എങ്ങിനെ ഒരു ഭരണാധികാര സ്ഥാപനത്തിന്റെ ഉറക്കം കെടുത്തുന്നു എന്നത് നമുക്ക് ഒരു ഞെട്ടലോടെയേ കാണാനാകൂ. ഒരു വനിതാ സാമാജിക സാരിയുടുത്തപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ യഥാർത്ഥ പടച്ചട്ടയണിഞ്ഞു വരുമ്പോഴത്തെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. തടിമാടന്മാരായ വാച്ച് ആൻഡ് വാർഡുകളുടെ ബലിഷ്ഠകരങ്ങളിൽ അവർക്ക് എന്ത് സുരക്ഷയുണ്ടാകും?

അടിയന്തരാവസ്ഥയിൽ കൂത്തുപറമ്പ് പൊലീസ് ലോക്കപ്പിൽ പൊലീസുകാർ തല്ലിച്ചതച്ചപ്പോൾ മർദ്ദനമേറ്റതിന് തെളിവായി താൻ ലോക്കപ്പിൽ ഇട്ടിരുന്ന ഉടുപ്പ് ഇതേ കേരള നിയമസഭയിൽ ഉയർത്തിക്കാട്ടിയത് ഇപ്പോൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന നേതാവാണ്. അന്നത്തെ സഭാധ്യക്ഷനെ അതൊന്നും തെല്ലും പ്രകോപിപ്പിച്ചില്ല. ആ പ്രസംഗം സഭ സാകൂതം വീർപ്പുമുട്ടി കേട്ടിരുന്നു. എന്നാൽ അതേ അംഗം മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടി കൊലചെയ്ത സ്വന്തം ഭർത്താവിന്റെ ഒരു പൊടി ചിത്രം സാരിയിൽ മാറോട് ആദരവോടെ തുന്നിച്ചേർത്ത് സഭയിൽ എത്തിയതിന് എന്തൊക്കെ പുകിലാണ് കാണുന്നത്. ഭർത്താവിന്റെ കൊലപാതകത്തിൽ നീതികിട്ടണമെന്ന് സഭയിൽ തീർച്ചയായും കെ കെ രമയ്ക്ക്, ശബ്ദമുയർത്തേണ്ടിവരും. അപ്പോൾ എന്താവും സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പോരാട്ട ഭൂമികയിൽ ടിപി യുടെ ധീരതയെ വെല്ലുന്ന അതിധീരതയാണ് കെ കെ രമ. രാജസദസ്സിൽ കടന്ന് ചെന്ന് തനിക്കു പറയാനുള്ളത് വീറോടെ സമർപ്പിക്കാൻ വർഷങ്ങളായി കരുതിവെച്ച വേഷമാകുമത് .

ഒഞ്ചിയത്തെ ഐതിഹാസിക രക്തസാക്ഷികൾ പറയുന്നു ഞങ്ങളുടെ പിൻഗാമിയായി ഒരു യുദ്ധ ദേവതയെ ഞങ്ങൾ നിയമസഭയിൽ അയക്കുകയാണെന്ന്. ആ രക്തസാക്ഷികൾ മുഷ്ടി ചുരുട്ടി പറയുന്നൂ അവൾ അവിടെ ഉണ്ടായേ പറ്റൂ എന്ന്. അണിഞ്ഞ സാരിയുടെ പേരിൽ ഒരു ഭരണഘടനാ സ്ഥാപനം പരസ്യമായി ഭീഷണി മുഴക്കിയിട്ടും 'വേണമെങ്കിൽ തൂക്കിലേറ്റിക്കൊ ഞാൻ എന്റെ ഭർത്താവിന്റെ ഓർമകളുമായി തന്നെ സഭാതലത്തിലും ജീവിക്കുമെന്ന്' പറയുമ്പോൾ അതിൽ ഒരു മലയാളി മങ്കയുടെ പ്രതിധ്വനിമാത്രമല്ല മുഴങ്ങുന്നത്.

ഇങ്ങിനെയുള്ള സ്പീക്കർ അവിടെ ഇരുന്ന് വളർന്നാൽ വിളവെടുപ്പ് ആർക്കായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ടിപി കൊലചെയ്യപ്പെട്ടപ്പോൾ കെട്ടിയിരുന്ന വാച്ച് നിശ്ചലമായി നിൽക്കുന്നതുകൊലനടന്ന സമയത്തിന്റെ ഓർമക്കായി കെട്ടി നാളെ രമ സഭയിൽ എത്തിയാലും ഈ സ്പീക്കർ മൂക്കിൽ കയറ്റുമോ? ഈ സഭയിൽ കാൽതട്ടി വീഴാനിരിക്കുന്ന ഒരു കൽപ്പടവാണ് കെ കെ രമ എന്ന് സ്പീക്കർക്ക് ഓർമ്മയുണ്ടാകുന്നത് നല്ലതാണ്. നിഷ്‌ക്കളങ്കതയുടെ പുഷ്പ്പം പോലെ നടിക്കുക. എന്നാൽ അതിന്റെ അടിയിൽ പതിയിരിക്കുന്ന സർപ്പത്തെപോലെ പ്രവർത്തിക്കുകയും വേണം. എന്ന് വിചാരിച്ചാൽ നടക്കണമെന്നില്ല..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP