Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേർച്ച നിറവേറ്റാൻ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത വാർത്ത അവശ്വസനീയമായി തോന്നാം; മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്ന അപകടകരമായ അന്ധവിശ്വാസമാണ് ക്രൂരതകളുടെയും അനീതികളുടെയും മുഖ്യ സ്രോതസ്സുകളിലൊന്ന്; നേർച്ചകോഴികൾ: സി രവിചന്ദ്രൻ എഴുതുന്നു

നേർച്ച നിറവേറ്റാൻ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത വാർത്ത അവശ്വസനീയമായി തോന്നാം; മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്ന അപകടകരമായ അന്ധവിശ്വാസമാണ് ക്രൂരതകളുടെയും അനീതികളുടെയും മുഖ്യ സ്രോതസ്സുകളിലൊന്ന്; നേർച്ചകോഴികൾ: സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

'നേർച്ച നിറവേറ്റാൻ യുവാവ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് നാഗർകോവിലിൽ എല്ലുവിള നവീൻ എന്ന മുപ്പത്തിരണ്ടുകാരനാണ് ഇങ്ങനെ ആത്മഹത്യ ചെയ്തത്...' മുംബൈയിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജറായിരുന്നു ഇയാൾ. ജോലി ലഭിച്ചാൽ ജീവൻ നേർച്ച നൽകാമെന്ന് വർഷങ്ങൾക്ക് മുമ്പ് ദൈവത്തോട് വാഗ്ദാനം ചെയ്‌തെന്നും അതിപ്പോൾ നിറവേറ്റുകയാണെന്നുമായിരുന്നു മൃതദേഹത്തോടൊപ്പം കണ്ട മരണക്കുറിപ്പിൽ...

How sad! ബാങ്കിൽ അസി മാനേജർ തസ്തികയിൽ ജോലിക്ക് കയറാൻ തക്ക ശേഷിയുള്ള ഒരാൾ! തീർച്ചയായും നേർച്ച സർട്ടിഫിക്കറ്റ് കാണിച്ചിട്ടാവില്ല അയാൾ ജോലി നേടിയത്. വാർത്ത അവിശ്വസനീയമായി തോന്നുന്നുവോ? തോന്നാം. സമൂഹത്തിൽ എത്രയോ വിശ്വാസികൾ, എത്രയോ പേർ നേർച്ച നേരുന്നുണ്ട്! പലരും നേർച്ചയ്ക്ക് പ്രതിഫലം കിട്ടിയതായി സങ്കൽപ്പിക്കുകയും കൂടുതൽ നേരുകയും ചെയ്യാറുണ്ട്. സ്വന്തം അത്യാഗ്രഹം തന്നോട് തന്നെ പിറുപിറുക്കുന്നു എന്നല്ലാതെ വിശേഷിച്ച് ഗുണമൊന്നും അവിടെയില്ല. പക്ഷെ നഷ്ടമോ? ചിലപ്പോൾ സ്വന്തം ജീവൻ വരെയാകാം. അല്ലെങ്കിൽ മതകഥയിലെ പോലെ സ്വന്തം മകന്റെ ജീവൻ! നേർച്ച തൊഴിലാളികളിൽ മഹാഭൂരിപക്ഷവും സ്വന്തം ജീവൻ നേർച്ചയായി വാഗ്ദാനം ചെയ്യാറില്ല. ഏകലവ്യൻ പെരുവിരൽ കൊടുത്തത് ദ്രോണർ ചോദിച്ചതുകൊണ്ടാണെന്ന് കഥയുണ്ട്.

ഇവിടെ നേർച്ച സ്വീകരിച്ചുവെന്ന് കരുതപെടുന്ന സാങ്കൽപ്പിക കഥാപാത്രം ജീവൻ ചോദിച്ചോ എന്ന മണ്ടൻ ചോദ്യം ചോദിക്കുന്നില്ല. പക്ഷെ കുറഞ്ഞപക്ഷം ജീവൻ നൽകാതെ ദൈവം പ്രസാദിക്കില്ലെന്ന ബോധ്യം നവീന്റെ വിശ്വാസിമസ്തിഷ്‌കത്തിന് ഉണ്ടായിരുന്നു. ഇയാളെ പരിഹസിക്കുകയും ഞെട്ടൽ രേഖപെടുത്തുകയും ചെയ്യുന്നവരിൽ ഭൂരിപക്ഷവും സമാനമായ പലതും സ്വന്തം ജീവിതത്തിൽ കാട്ടിക്കൂട്ടുന്നവർ തന്നെയാണ്. എങ്കിലും ജീവൻ നേർച്ചയായി നൽകാനുള്ള യുക്തിരാഹിത്യം തങ്ങൾ കാട്ടിയില്ലല്ലോ എന്നാവും അവരുടെ മറുചോദ്യം. മതബാധയെ അതിജീവിച്ച ബാക്കി വന്ന യുക്തിബോധമാണ് ഓരോ വിശ്വാസിയുടെയും അതിജീവനം ഉറപ്പാക്കുന്നത്. മതം നേർപ്പിച്ചും ഇല്ലാതെയും ജീവിക്കാം, പക്ഷെ യുക്തിബോധം വെടിഞ്ഞാൽ ടയറ് പൊട്ടും.

ഇത് നവീന്റെ ആദ്യത്തെ നേർച്ചയാകാൻ സാധ്യതയില്ല. ഈ അവസ്ഥയിലേക്ക് മൂക്കുന്നതിന് മുമ്പ് മറ്റ് പല നേർച്ചകളും നടത്തിയിട്ടുണ്ടാവാം. മദ്യപാനം പോലെ വളരെ ചെറിയ നിരക്കിലാവും തുടങ്ങിയിട്ടുണ്ടാവുക. പിന്നെ ക്രമേണ ഡോസ് കൂട്ടേണ്ടിവന്നു. മതവിശ്വാസം എന്ന മനോരോഗത്തിന്റെ ഭേദപെട്ട അവസ്ഥകളാണ് മനുഷ്യരെ സാധാരണക്കാരെപോലെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതായത് വെള്ളമൊഴിച്ച വിശ്വാസം അഥവാ താങ്ങാനാവുന്ന അന്ധവിശ്വാസം. അവിടെ കൈവിട്ട കളിയില്ല. പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ ജീവിതകാലം മുഴുവൻ രോഗനിയന്ത്രണം ഉണ്ടാവും. രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുകയും വിശ്വാസശുദ്ധി ആർജ്ജിക്കുകയും ചെയ്യുമ്പോൾ നരഹത്യയൊക്കെ കുട്ടിക്കളിയായി മാറും. ഒന്നുകിൽ സ്വയംകൊല്ലും, അല്ലെങ്കിൽ അന്യന്റെ കഴുത്ത് കണ്ടിക്കും. രണ്ടും അവനിൽ നിറയ്ക്കുന്നത് മതനിർവൃതിയാണ്, സായൂജ്യമാണ്.

മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്ന അപകടരമായ അന്ധവിശ്വാസമാണ് ക്രൂരതകളുടെയും അനീതികളുടെയും മുഖ്യ സ്രോതസ്സുകളിലൊന്ന്. മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വേർതിരിച്ച് പറയാറുണ്ട്. എന്തോ വ്യത്യാസമുണ്ടെന്നും വിലയിരുത്താറുണ്ട്. ആ വ്യത്യാസം ഇല്ലാതാക്കുന്ന രോഗങ്ങളിൽ പ്രധാനമാണ് മതവും അനുബന്ധവിശ്വാസങ്ങളും. കുറഞ്ഞപക്ഷം രോഗനിയന്ത്രണമെങ്കിലും സാധ്യമായില്ലെങ്കിൽ ഒരു ജീവിവർഗ്ഗമെന്ന നിലയിൽ മനുഷ്യൻ സ്വയം പരാജയപെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP