Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏറ്റവും വിഷലിപ്തമായ രീതിയിൽ ലൈംഗികവൈകൃതങ്ങൾ അയാൾ വിളമ്പുകയായിരുന്നു ഇത്രയും നാൾ ആ ചാനലിലൂടെ; തല്ലു കിട്ടിയവൻ ഊളത്തരത്തിന്റെ ഭീകരവേർഷനായ ഒരു സാമൂഹ്യവൈറസാണെങ്കിൽ അവനൊപ്പം തൂങ്ങുന്ന അരാജകവാദികളാണ് തല്ലിയ മൂവരും; ഈ വിഷയത്തിൽ അയാൾക്കൊപ്പവുമില്ല, അവർക്കൊപ്പവുമില്ല: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ഏറ്റവും വിഷലിപ്തമായ രീതിയിൽ ലൈംഗികവൈകൃതങ്ങൾ അയാൾ വിളമ്പുകയായിരുന്നു ഇത്രയും നാൾ ആ ചാനലിലൂടെ; തല്ലു കിട്ടിയവൻ ഊളത്തരത്തിന്റെ ഭീകരവേർഷനായ ഒരു സാമൂഹ്യവൈറസാണെങ്കിൽ അവനൊപ്പം തൂങ്ങുന്ന അരാജകവാദികളാണ് തല്ലിയ മൂവരും; ഈ വിഷയത്തിൽ അയാൾക്കൊപ്പവുമില്ല, അവർക്കൊപ്പവുമില്ല: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരിയുടെ റോളിൽ ഇരുന്നുകൊണ്ട് ചുറ്റും നടക്കുന്ന കാര്യങ്ങളെ കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു ഞാൻ. പാടത്ത് യൂറിയ വിതറുന്നതുപോലെ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് എടുത്ത് സോഷ്യൽമീഡിയയിലും ചാനലിലും വിതറുന്ന മനുഷ്യരെ അടപടലം നോക്കിയിരുന്നപ്പോൾ മനസ്സിലായ ഒരു കാര്യമുണ്ട്. പതിവുപോലെ തന്നെ അവർ സംസാരിക്കുന്നത് അവരുടെ രാഷ്ട്രീയശരികൾ കൊണ്ട് മാത്രമാണ്. തല്ലു കിട്ടിയവൻ ഊളത്തരത്തിന്റെ ഭീകരവേർഷനായ ഒരു സാമൂഹ്യവൈറസാണെങ്കിൽ അവനൊപ്പം തൂങ്ങുന്ന അരാജകവാദികളാണ് തല്ലിയ മൂവരും. ഈ വിഷയത്തിൽ അയാൾക്കൊപ്പവുമില്ല, അവർക്കൊപ്പവുമില്ല .അതിനുള്ള കാരണങ്ങൾ തെളിവുസഹിതം എണ്ണിയെണ്ണി പറയുന്നതാണ് നിലവിൽ എന്റെ പൊളിറ്റിക്കൽ കറക്ട്‌നെസ്സ്.

ആ യൂ ട്യൂബറെ കുറിച്ചും അയാളുടെ ചാനലിനെ കുറിച്ചും അറിയുന്നത് ഇന്നലെയാണ്. തല്ലു കിട്ടിയതിനു കാരണമായ വീഡിയോയേക്കാൾ അറപ്പും നിന്ദ്യവുമാണ് അയാളുടെ മറ്റ് വീഡിയോകൾ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ലേബലിൽ ഏറ്റവും വിഷലിപ്തമായ രീതിയിൽ ലൈംഗികവൈകൃതങ്ങൾ അയാൾ വിളമ്പുകയായിരുന്നു ഇത്രയും നാൾ ആ ചാനലിലൂടെ. അതിന് ആരാണ് ഉത്തരവാദി? അയാൾ മാത്രമാണോ? അല്ല. ഒരു യൂട്യൂബ് ചാനലുണ്ടാക്കി ഏതു വൃത്തിക്കേടും വിളമ്പുക വഴി വ്യൂവേഴ്‌സിനെ കൂട്ടി പണമുണ്ടാക്കാമെന്ന ധൈര്യം അയാൾക്കുണ്ടായത് എങ്ങനെ? അവിടെയാണ് ഈ തല്ലിയവരുടെ ബാക്ക്ഗ്രൗണ്ട് സപ്പോർട്ട് ഇൻഡയറക്ട് ആയിട്ടാണെങ്കിൽ കൂടി അയാളിലെ ഞരമ്പുരോഗിക്ക് നല്കിയ ധൈര്യം .
സമൂഹത്തിൽ ഇതേ രീതിയിൽ നെഗറ്റീവ് പബ്ലിസിറ്റി സോഷ്യൽ മീഡിയ വഴി ചെയ്ത് പ്രശസ്തി നേടിയവരിൽ ( ഡബ്ബിങ് ആർട്ടിസ്റ്റ് ഒഴികെ) പ്രമുഖരാണ് തല്ലിയ മറ്റു രണ്ടു പേർ.

ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന പേരിൽ എന്തും തുറന്നു കാണിക്കാനും പരസ്യപ്പെടുത്താനുമുള്ള അധികാരം പൊതുസമൂഹത്തിനു നല്കാൻ വേണ്ടി നടത്തിയ ആഭാസസമരമായിരുന്നു ചുംബനസമരം. പിന്നീട് വത്തക്കാ സമരമെന്ന പേരിൽ കാട്ടികൂട്ടിയ പ്രതിഷേധം സമൂഹത്തിനു നല്കിയത് എന്ത് പോസിറ്റീവ് മെസേജ് ആണ്? ചീപ്പ് പബ്ലിസിറ്റിയിലൂടെ സെലിബ്രിറ്റി സ്റ്റാറ്റസ് നേടാമെന്നു സമൂഹത്തെ കാണിച്ചുകൊടുത്തവരെ റോസ്റ്റിങ്ങിലൂടെ ഒരു പടി കൂടി മുന്നിൽ നിന്നുകൊണ്ട് ആ യൂ ട്ഊബർ താങ്ങി. അവിഹിതങ്ങൾക്ക് പുരോഗമനവാദത്തിന്റെ പുറംതോടുക്കൊണ്ട് സംരക്ഷണമൊരുക്കുന്ന കേരളത്തിലെ നവോത്ഥാനനായകർക്ക് ആർക്കും തന്നെ ആ യൂ ട്യൂബറെ വിമർശിക്കാൻ അധികാരമില്ല. നിങ്ങളിൽ പാപം ചെയ്യാത്തവരുണ്ടെങ്കിൽ മാത്രം അയാളെ കല്ലെറിയട്ടെ.

ലൈംഗികതയുടെ പുത്തൻ തുറന്നുപറച്ചിൽ എന്നു നവോത്ഥാനനായകർ അറഞ്ചം പുറഞ്ചം കൈയടിച്ച സ്വയംഭോഗപോസ്റ്റ്. ഒരൊറ്റ സ്വയം ഭോഗപോസ്റ്റിലൂടെ സെലിബ്രിട്ടിയായ ഫെമിനിസ്റ്റ് പെൺകുട്ടി. പിന്നീട് സെക്‌സ് ടോയ് ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്നു വള്ളിപുള്ളി വിസർഗ്ഗം സഹിതം പോസ്റ്റിട്ട് റീച്ച് കൂട്ടിയ ഒരുവൾ കാണിച്ച അതേ വഴിയിലൂടെ തന്നെ ആ യൂട്യൂബറും സഞ്ചരിച്ചു. അവളുടെ പോസ്റ്റിൽ തെറ്റുകുറ്റങ്ങൾ കാണാതിരുന്നവർ ഇന്നിതാ നിരന്നുനിന്ന് ആ യൂട്യൂബറെ വിമർശിക്കുന്നു. സ്വയംഭോഗ പോസ്റ്റിടുന്നതും ബോഡി ആർട്ടെന്ന പേരിൽ തുണിയുരിയുന്നതും സ്വന്തം മകനെ കൊണ്ട് നഗ്‌നശരീരത്തിൽ ചിത്രരചന നടത്തുന്നതും ന്യൂഡ്‌മെറ്റേർണിറ്റി ഫോട്ടോഷൂട്ടും തെരുവുകളിലെ പരസ്യ ചുംബനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും രാത്രിയിൽ ആൺസുഹൃത്തുക്കൾക്കൊപ്പമുള്ള ചുറ്റിയടിക്കലും ലിവിങ് ടുഗെദറും താലിപ്പൊട്ടിക്കലുമാണ് പുരോഗമനമെന്നു പറഞ്ഞ് കയ്യടിച്ചു പ്രോത്സാഹനം കൊടുക്കുമ്പോൾ നാമറിയുന്നില്ല അത് സുരേഷിനെ പോലുള്ള ഞരമ്പന്മാർക്ക് നല്കുന്ന മാനസികധൈര്യം.

ഇനി തല്ലിന്റെ കാര്യത്തിൽ വരാം. സ്ത്രീവിരുദ്ധപരാമർശം നടത്തിയ, അറപ്പുളവാക്കുന്ന നിരവധി വീഡിയോകൾ അപ്ലോഡ് ചെയ്ത വന്ദ്യവയോധികയായ സുഗതകുമാരി ടീച്ചറെ പോലും മ്ലേച്ഛമായി അവഹേളിച്ച ഒരുവനെ പരസ്യവിചാരണ ചെയ്യേണ്ടിയിരുന്നത് ഇങ്ങനൊക്കെയല്ലാതെ വേറെയെങ്ങനെയെന്നു പലരും ചോദിക്കുന്നത് കണ്ടു. തികച്ചും ശരി തന്നെയാണത്. പക്ഷേ ഈ തല്ലാൻപ്പോയവരിൽ ഭാഗ്യലക്ഷ്മി ഒഴികെ മറ്റു രണ്ടുപേർക്കും എന്ത് ധാർമ്മികതയാണ് ഈ വിഷയത്തിൽ പറയാനുള്ളത്? പേരെടുത്തു പറഞ്ഞില്ലെങ്കിൽ കൂടി അയാൾ ഉദ്ദേശിച്ചത് ഭാഗ്യലക്ഷ്മിയെയാണെന്ന് അവർക്ക് ബോധ്യമുള്ളതിനാൽ അവർ വീട് കണ്ടുപിടിച്ച് അയാൾക്കിട്ട് രണ്ട് പൊട്ടീര് കൊടുത്തു. ശരി. പക്ഷേ മറ്റു രണ്ടു പേർക്ക് അതിനുള്ള അവകാശമുണ്ടോ? ഫെമിനിസ്റ്റുകളെ കുറിച്ചുപറഞ്ഞു എന്ന പേരിൽ അയാളെ തല്ലിയെന്നു വാദിക്കാം. അങ്ങനെയെങ്കിൽ എന്താണ് ഫെമിനിസം ? ഇടതുപ്രത്യയശാസ്ത്രത്തിനനുകൂലമായി മാത്രം പറയുകയും ഇതരരാഷ്ട്രീയചായ്വുള്ളവരെ ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന ലോഗോയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന ലോഗോ ആണോ അത്?

ഏതൊരു പെണ്ണ് അപമാനിക്കപ്പെട്ടുവെന്നുതോന്നുമ്പോഴും രാഷ്ട്രീയം നോക്കാതെ ,ഇടംവലം നോക്കാതെ ഇതുപോലെ മുമ്പേ പ്രതികരിക്കാനുള്ള തന്റേടവും ആർജ്ജവവും ദിയയും ശ്രീലക്ഷ്മിയും കാണിച്ചിരുന്നുവെങ്കിൽ നിങ്ങൾ ഇന്നലെ ചെയ്തത് വലിയൊരു ശരിയായേനേ. ട്രാൻസ് കമ്മ്യൂണിറ്റിക്കുവേണ്ടി പോരാടുന്ന ദിയ സന സീമയെന്ന മേക്കപ്പ് ആർട്ടിസ്റ്റിനോട് പരസ്യമായി സെക്‌സ്ചാറ്റ് നടത്തിയ സെലിബ്രിറ്റിയുടെ മകനോട് ഇതേ രീതിയിൽ ആണോ പ്രതികരിച്ചത്? അവിടെ ആ അമ്മയുടെ സ്റ്റാറ്റസ് നോക്കി തണുപ്പൻ പ്രതികരണം നടത്തി വേട്ടക്കാരനു മൃദുസമീപനം നല്കി. ഇവിടെ ഭാഗ്യലക്ഷ്മിയെന്ന സെലിബ്രിറ്റിക്കൊപ്പം കൂടി അവരുടെ സ്റ്റാറ്റസ് നോക്കി വേട്ടക്കാരന്റെ വീട്ടിലെത്തി,തല്ലി, തുണി വലിച്ചുരാൻ നോക്കി തെറിയഭിഷേകം നടത്തി. പ്രിവിലേജ് മുഖ്യം ബിഗിളേ! ഇതിനേക്കാൾ രസം കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ നാലഞ്ച് കേസുകൾ നിലവിലുള്ള ബിഗ്‌ബോസ് ജേതാവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവരിരുവരും എന്നതാണ്.

സൈബർ എബ്യൂസ് എന്നത് ഒരു വിഭാഗക്കാർക്ക് മാത്രം മനോഹരമായ പ്രത്യയശാസ്ത്ര പ്രത്യാക്രമണമാകുന്നത് കാണുമ്പോൾ ചിലതെങ്കിലും പറയാതെ വയ്യ തന്നെ. അതുകൊണ്ടുതന്നെ ഭാഗ്യലക്ഷ്മി ചേച്ചിയുടെയൊക്കെ രോഷം കാണുമ്പോൾ കൂടെ നില്ക്കാനേ തോന്നുന്നില്ല. അഹാനയെന്ന സെലിബ്രിട്ടി പെൺകുട്ടിയേയും അവരുടെ കുടുംബത്തിലെ അമ്മയുൾപ്പെടെ നാലു സ്ത്രീകളേയും സൈബറിടങ്ങളിൽ ദാക്ഷിണ്യമില്ലാതെ പുലഭ്യം പറഞ്ഞപ്പോൾ പോസ്റ്റിട്ട് സൈബർ പോരാളികൾക്കൊപ്പം നിന്നപ്പോൾ നിങ്ങൾ പറഞ്ഞ വാചകങ്ങളാണിത്-' സ്ത്രീ മാത്രമല്ല പുരുഷനും തെറി പറയരുത് എന്ന അഭിപ്രായമുള്ള ആളാണ് ഞാൻ.

അഹാനയുടെ ഒരു വീഡിയോ കണ്ടിരുന്നു സൈബർ ബുള്ളിങ്ങിനെ പറ്റി. ലോക്ഡൗണുമായി ബന്ധപ്പെട്ട് അവരുടെ ഒരു അഭിപ്രായമാണ് ആ അറ്റാക്കിന് കാരണം. തീർച്ചയായും അവരുടെ ആ അഭിപ്രായത്തോട് ഞാൻ ശക്തമായി വിയോജിക്കുന്നു. കോവിഡ് സമയത്ത് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം എതിർക്കേണ്ടതു തന്നെയാണ്.' നിങ്ങളുടെ തന്നെ ഇരട്ടത്താപ്പിന്റെ, ഇരവാദത്തിന്റെ വാക്കുകളായിട്ട് ഇത് മുന്നിലുള്ളപ്പോൾ ഭാഗ്യം ചേച്ചി, നിങ്ങളുടെ ഇന്നലെത്തെ തെറിവിളിയെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? ലോക്ക്ഡൗൺ പരാമർശമാണ് അഹാന നേരിട്ട സൈബർ അറ്റാക്കിനു കാരണമെന്നു പറഞ്ഞ നിങ്ങളിലെ ഇടതുപക്ഷവനിത അതിനു കണ്ടെത്തിയ വാദമാണ് കോവിഡ് സമയത്ത് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം എതിർക്കേണ്ടതു തന്നെയാണ് എന്ന വാചകം. ഇന്നലെ കോവിഡ്-19 വ്യാപനം മൂർദ്ധന്യത്തിൽ നില്ക്കുന്ന തിരുവനന്തപുരത്തെ ഗാന്ധാരിയമ്മൻ റോഡിലെ വീട്ടിൽ മാസ്‌ക്കില്ലാതെ കാട്ടിക്കൂട്ടിയത് എന്താണ് ചേച്ചി?

ഭാഗ്യലക്ഷ്മി ചേച്ചിയുടെ പോസ്റ്റിലെ ചില വരികൾ കാലം അവർക്കായി തിരികെ നല്കിയ കനത്ത മറുപടിയാണ്. തെറിവിളിയെ കുറിച്ച് ഭാഗ്യം ചേച്ചി പറഞ്ഞത് ഇതാണ്- 'ചിലരുടെ തന്തക്കും തള്ളക്കും കുടുംബത്തേയും തെറി വിളിക്കുന്നത് നിങ്ങൾക്ക് തന്തയും തള്ളയും കുടുംബവും ഇല്ലാത്തതുകൊണ്ടാണോ? ഇന്ന് ഞാൻ നാളെ നീ എന്ന പോലെ ഇത് നിങ്ങൾക്ക് തിരിച്ച് കിട്ടാനും അധിക സമയം വേണ്ട'.ഭാഗ്യലക്ഷ്മി.20.7.2020. ഗുളികൻ നിന്ന സമയത്ത് ഭാഗ്യം ചേച്ചി എഴുതിയ പോസ്റ്റാണ് അതെന്നു കരുതുന്നു. രണ്ട് മാസത്തിനുള്ളിൽ അത് സംഭവിച്ചു.

പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നാലു നേരം കൂട്ടിക്കുഴച്ച് മൃഷ്ടാന്നഭോജനമുണ്ണുന്നവർ ഒക്കെയും ഈ പോസ്റ്റ് വായിക്കണം. സ്വയം നിങ്ങളിലെ നിങ്ങളെ വിലയിരുത്തണം. ഭാഗ്യലക്ഷ്മിചേച്ചിയുടെ ഈ ഭാഗവയ്‌പ്പ് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലാത്തതിനാലാണ് വെറും ഊളയായ, ആ ഞരമ്പുരോഗിയെ കൈവച്ചിട്ടുപ്പോലും, അയാൾ അതർഹിക്കുന്നെങ്കിൽപ്പോലും പൊതുസമൂഹം ആ തല്ലിനെതിരെ പ്രതികരിക്കുന്നത്. കാരണം അയാളെപ്പോലെ തന്നെ ഒട്ടും നിലവാരമില്ലാത്തതാണ് തല്ലിയവരുടെ ഇരട്ടത്താപ്പും മുൻകാലനടപടികളുമെന്ന് സമൂഹത്തിനു ബോധ്യമുണ്ട്. ദിന്നലിംഗക്കാരിയായ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന് അടുത്ത കൂട്ടുകാരിയുടെ മകനിൽ നിന്നും സൈബർ സെക്‌സ് അബ്യൂസ് ഉണ്ടായപ്പോൾ മിണ്ടാതിരുന്ന, വാളയാർ,പാലത്തായി മുതൽ ഇക്കണ്ട ചൈൽഡ് അബ്യൂസ് നടന്നപ്പോൾ ഒക്കെയും വായടച്ചിരുന്ന, മഹാമാരികാലത്ത് അടുത്തടുത്ത ദിവസങ്ങളിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിൽ മൂന്ന് സ്ത്രീകൾ നേരിട്ട മാനഹാനിക്കെതിരെ ഉരിയാടാതിരുന്ന,നിഷാ പുരുഷോത്തമനെതിരെ അറപ്പുളവാക്കുന്ന പോസ്റ്റിട്ട സഖാവിനെയും കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ സഖാക്കളെയും കണ്ടില്ലെന്നു നടിച്ച നിങ്ങളൊക്കെ നടത്തിയ ഇന്നലെത്തെ പൊറാട്ടുനാടകം ഫെമിനിസമല്ല സ്ത്രീകളേ, വെറും തോന്ന്യാസമാണ്.

ഒരു സ്ത്രീയുടെ ആരോപണം അപ്പാടെ വിഴുങ്ങി വടക്കാഞ്ചേരിയിലെ ജയന്തനെന്ന സിപിഎം പ്രവർത്തകനെതിരെ ചാനലുകൾ തോറും വന്നിരുന്ന് തേജോവധം ചെയ്തപ്പോൾ,പിന്നീട് ആ കേസ് കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞപ്പോൾ അയാളോട് മാപ്പു പറഞ്ഞോ ഈ ഡബ്ബിങ് ആർട്ടിസ്റ്റ്? അന്ന് അയാൾ ഇതു പോലെ വീട് കയറി തല്ലിയിരുന്നെങ്കിൽ ഇന്ന് ഈ സ്ത്രീകൾക്കായി കൈയടിക്കുന്നവർ കൈയടിക്കുമായിരുന്നോ? നിത്യേന മഞ്ച് വാങ്ങി കൊടുക്കുന്ന പത്തു വയസ്സുകാരിയോട് തനിക്ക് കാമം തോന്നുന്നുവെന്നു പറഞ്ഞ പീഡിയോഫീലിനു തല്ലല്ല പരിഹാരം മറിച്ച് മാനസികചികിത്സ നല്കണമെന്നു പറഞ്ഞു പ്രതിരോധിച്ച ദ സെയിം മാനവികവാദികൾ വരെ ആ ഇന്നലെ യൂ ട്ഊബർക്ക് തല്ല് കിട്ടിയതിൽ അഭിരമിക്കുന്നത് കാണുമ്പോൾ മനസ്സിൽ തോന്നുന്നത് ഒന്നുമാത്രം. ഇവിടെ തെറ്റും ശരിയും വരെ biased ആണ്.

(അഭിപ്രായങ്ങൾ ലേഖികയുടെ വ്യക്തിപരമായ കാഴ്‌ച്ചപ്പാട് മാത്രമാണ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP