Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെലക്ടീവ് വ്രണപ്പെടുത്തലുകൾ തുടർക്കഥയാകുമ്പോൾ ആഭാസമാക്കപ്പെടുന്ന കേരള സംസ്‌കാരം! ഇതോ നവോത്ഥാന പ്രബുദ്ധകേരളം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

സെലക്ടീവ് വ്രണപ്പെടുത്തലുകൾ തുടർക്കഥയാകുമ്പോൾ ആഭാസമാക്കപ്പെടുന്ന കേരള സംസ്‌കാരം! ഇതോ നവോത്ഥാന പ്രബുദ്ധകേരളം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആർത്തവം എന്ന നിരുപദ്രവമായ ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവൽക്കരിച്ചു 'ആർപ്പോ ആർത്തവം ' എന്ന ഒരു പ്രതിഭാസത്തിനു പുതിയ മാനം നല്കുന്നവർക്കു പിന്നിലൊരു വ്യക്തമായ അജണ്ടയുണ്ട്.കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ സ്റ്റേറ്റ് അവാർഡ് പുരസ്‌കാരം നേടിയ കാർട്ടൂണിനെതിരെ വിവാദമുയർന്നപ്പോൾ നൊന്ത മതേതര രാഷ്ട്രീയപ്പാർട്ടികൾക്ക് ഈ അജണ്ടയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും അവരത് കണ്ടില്ലെന്നു വയ്ക്കുന്നത് കാലാകാലങ്ങളായി തുടർന്നുപോരുന്ന ഇരട്ടത്താപ്പെന്ന പ്രത്യയശാസ്ത്രം കാരണമാണ്.പുരോഗമനാശയത്തിന്റെ പേരിലും കലയുടെ പേരിലും ഒരു മതവിഭാഗത്തെയും അവരുടെ വിശ്വാസങ്ങളെയും മാത്രം ലാക്കാക്കി വേണ്ടാതീനം കാട്ടുന്നവരുടെ ഒടുവിലത്തെ വിനോദമാണ് ഈ ഫ്‌ളക്‌സുകൾ.സമൂഹത്തിൽ മതവർഗ്ഗീയ ചിന്തകളുടെ അതിപ്രസരമിളക്കി വിട്ട് രക്തപുഴയൊഴുക്കാൻ വേണ്ടി മാത്രമാണ് ഇത്തരം നവോത്ഥാനഫ്‌ളക്‌സുകൾ ലക്ഷ്യം വയ്ക്കുന്നത്.അതിലൂടെ മുതലെടുപ്പ് രാഷ്ട്രീയപൊറാട്ടുനാടകം കെട്ടിയാടുവാൻ വേണ്ടിയും ബീഹാറിയൻ അപാരതയുണ്ടാക്കിയ പ്രതിസന്ധിയെ മറികടക്കുവാൻ വേണ്ടിയും കൂടിയാണ് .

സെലക്ടീവ് വ്രണപ്പെടുത്തൽ ഒരു തുടർച്ചയാണ്.'ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം 'എന്ന പുസ്തകത്തിൽ ഇ എം എസിൽ തുടങ്ങി ഇന്ന് കേരളവർമ്മയിലെ ഫ്‌ളക്‌സുകൾക്കിടയിൽ വരെ എത്തിനിൽക്കുന്ന ആ ആവിഷ്‌കാര സ്വാതന്ത്ര്യ ദാഹം ഇന്നേവരെ അവരുടെ ഭാവനയിൽ പോലും സെമറ്റിക് മത ചിഹ്നങ്ങളോ അവരുടെ ചില വിരുദ്ധമായ സാമൂഹിക വ്യവസ്ഥയോ തങ്ങളുടെ തൂലികത്തുമ്പിലൂടെ പരാമർശിക്കാൻ എന്ത്‌കൊണ്ട് ധൈര്യപ്പെടുന്നില്ല.? ഒരു പ്രത്യാക്രമണ ശൈലി സനാതന ധർമത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന കട്ട ഉറപ്പിലാണ് കുരീപ്പുഴയും രാമനുണ്ണിയും,ശാരദക്കുട്ടിയും ദുർഗാമാലതിയും ഹരീഷും ഭരണവർഗ്ഗവും നവോത്ഥാനവും കേരളവർമ്മയിലെ കുട്ടിസഖാക്കളും സെലെക്ടിവ് ആയി ഹൈന്ദവ വിശ്വാസങ്ങളെ മാത്രം വിലകുറഞ്ഞ നിലവാരത്തിൽ വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്.


ഹൈന്ദവവിശ്വാസങ്ങളെ കുറിച്ചോ ദൈവങ്ങളെ കുറിച്ചോ ക്ഷേത്രങ്ങളെ കുറിച്ചോ അനുകൂലമായി എഴുതിപ്പോയാൽ, അല്ലെങ്കിൽ ഹൈന്ദവ ചിഹ്നങ്ങളെ അവഹേളിക്കുന്നതിനെതിരെ പ്രതികരിച്ചാൽ പുരോഗമനവാദികൾ ഉടനെ കല്പിച്ചു തരുന്നൊരു പട്ടമാണ് സംഘിപട്ടം.ഒരു പൗരനു അവന്റെ വിശ്വാസപ്രമാണങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഭരണഘടന അനുവാദം നല്കുന്നുണ്ടെങ്കിലും ഈ കൊച്ചുകേരളത്തിൽ ഹിന്ദുവിനു മാത്രം കല്പിച്ചു തുല്യം ചാർത്തിയിരിക്കുന്ന ചില വിലക്കുകളുണ്ട്, പ്രത്യേകിച്ചു ഇടതുപക്ഷ രാഷ്ട്രീയത്തിൽ.!

ശ്രീ ഹരീഷിന്റെ മീശയെന്ന നോവലിന്റെ പിൻവലിക്കൽ വല്ലാതെ പൊള്ളിച്ചത് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വലയും വീശി കരയിൽ കാത്തിരുന്ന ലിബറൽ പുരോഗമന ബുദ്ധിജീവി സൈദ്ധാന്തികരെയായിരുന്നു.അതു കൊണ്ടുതന്നെ അവർക്ക് അന്നത്
സാഹിത്യലോകത്തിന്റെ ഇരുണ്ട കാലമായും സാംസ്‌കാരിക കേരളത്തിനേറ്റ കരണത്തടിയുമൊക്കെയായി തോന്നിയതിൽ അത്ഭുതപ്പെടാനില്ല. ആ പിൻവലിക്കലിനു പിന്നിലെ മൊത്ത കച്ചവടക്കാരായി ഹിന്ദു സംഘടനകളെയും വിശ്വാസികളെയും മാത്രം കണ്ടവർ ലളിതകലാ അക്കാദമിയുടെ വിവാദകാർട്ടൂൺ അവാർഡും അതിനെതിരെ പ്രതികരിച്ച വിശ്വാസസമൂഹത്തെയും വാർത്തകൾക്കിടയിലെ അപ്രധാനഘടകങ്ങളാക്കി മാറ്റാൻ ശ്രദ്ധാലുക്കളായിരുന്നു. അതെന്നും അങ്ങനെ തന്നെയായിരുന്നു .

പ്രവാചക നിന്ദ എന്നുപറഞ്ഞ് മാതൃഭൂമിക്കെതിരെയും ലേഖകനെതിരേയും ആയുധമെടുത്തവർക്കു നേരെ വിരൽ ചൂണ്ടാൻ മടിച്ചവരുണ്ടിവിടെ.ജോസഫ് മാഷിന്റെ കൈവെട്ടിയവർക്കെതിരെയും വൻ പ്രതിഷേധകൊടുങ്കാറ്റുയർത്താൻ ആളുണ്ടായില്ല. പവിത്രൻ തീക്കുനി പർദ്ദയെന്ന കവിത പിൻവലിച്ചപ്പോഴും ആർക്കും നൊന്തില്ല. സാത്താന്റെ വചനങ്ങളും ലജ്ജയുമൊക്കെ വിലക്കിന്റെ രുചിയറിഞ്ഞ അക്ഷരക്കൂട്ടുകളായിരുന്നു.പി.എം.ആന്റണിയെന്ന മലയാള നാടക ആക്റ്റിവിസ്റ്റിന്റെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം സഭയുടെ എതിർപ്പ് മൂലം നിരോധിച്ചതിനെ അന്ന് ഏറ്റവും അനുകൂലിച്ചത് നായനാർ സർക്കാർ ആയിരുന്നു. അന്ന് അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പട്ടികയിലെഴുതാൻ എന്തേ പുരോഗമനവാദികൾക്ക് കഴിഞ്ഞില്ല?ഇപ്പോഴും കഴിയുന്നില്ല?

സൂര്യകാന്തി തിയറ്റേഴ്?സിന്റെ ബാനറിൽ അവതരിപ്പിക്കപ്പെട്ട നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. 1986-ൽ ആലപ്പുഴയിലെ ഏതാനും അരങ്ങുകൾക്കുശേഷം തൃശൂർ നഗരത്തിൽ അവതരിപ്പിക്കാനിരിക്കെയാണ് സഭ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ക്രൈസ്തവർ ക്രിസ്തുവിന്റെ ശരീരത്തിൽ അഞ്ചു തിരുമുറിവുകൾ ഉണ്ടെന്നു വിശ്വസിക്കുന്നു. എന്നാൽ നാടകത്തിൽ ക്രിസ്തുവിന്റെ ഹൃദയത്തിലും ഒരു മുറിവ് സംഭവിച്ചെന്നും അങ്ങനെ ആറ് മുറിവുകൾ ക്രിസ്തുവിന്റെ ശരീരത്തിലുണ്ടെന്നു നാടകത്തിൽ വ്യഖ്യാനിക്കുന്നു. ഇതായിരുന്നു വിവാദകാരണമായി മാറിയത്. ഇതെന്തേ കഥാകൃത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യവും ഭാവനാവൈഭവവുമായി വാഴ്‌ത്തപ്പെട്ടില്ല?

സൽമാൻ റഷ്ദിയുടെ സാത്താന്റെ വചനങ്ങൾ എന്നത് ആദ്യം നിരോധിച്ചത് ബംഗാളിലെയും കേരളത്തിലെയും ഇടത് സർക്കാരുകൾ ആയിരുന്നു.ലജ്ജ എന്ന തസ്ലിമ നസ്രീന്റെ പുസ്തകം ആദ്യം നിരോധിച്ചത് ബംഗാളിലെയും കേരളത്തിലെയും ഇടത് സർക്കാരുകൾ ആയിരുന്നു. മാത്രമോതസ്ലിമ നസ്രീനെ ബംഗാളിൽ നിന്ന് അടിച്ചോടിച്ചത് ജ്യോതിബസു സർക്കാർ ആയിരുന്നു. അന്നൊക്കെ എന്തേ മാനവികതയും മതേതരത്വവും ആവിഷ്‌കാരസ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്ന സഖാക്കൾ പ്രതിഷേധിച്ചില്ല?

ഇനിയും ഒട്ടേറെയുണ്ട് ഇരട്ടത്താപ്പുകൾ. 2016 ഡിസംബറിൽ ഭാഷാപോഷിണിയിലെ ടോം വട്ടക്കുഴിയുടെ ചിത്രത്തിന്റെ പേരിൽ ദീപികയും കത്തോലിക്കാ സഭയും നാട്ടിൽ അരാജകത്വവും കലാപവും അഴിച്ചുവിട്ടത് എന്തിന്റെ പേരിലായിരുന്നു? അന്ന് വൈദികർ തെരുവിലിറങ്ങി ഗുണ്ടകളെ പോലെ മനോരമ പത്രം കത്തിച്ചിരുന്നു. അന്ന് ടോമിനു വേണ്ടി ഒരാളും വാദിച്ചില്ല. പള്ളിമേടകളിൽ അവിശുദ്ധബന്ധങ്ങളുടെ മെഴുകുതിരികൾ കത്തുന്നതിനെ കുറിച്ച് എന്തുകൊണ്ട് ഒരു സാഹിത്യകാരനും തങ്ങളുടെ ഭാവനാസൃഷ്ടികളിൽ എഴുതുന്നില്ല? സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു കന്യാസ്ത്രീ എഴുതിയ ആമേൻ എന്ന പുസ്തകത്തെ എന്തുകൊണ്ട് പുരോഗമനവാദികൾ പുകഴ്‌ത്തിയില്ല.ഫ്രാങ്കോയെന്ന പെണ്ണുപിടിയനുവേണ്ടി വാദിക്കാൻ ആളുണ്ടാകുന്ന വിചിത്രമായ മനോവൈകൃതത്തെ ഫ്‌ളക്‌സുകളിൽ പുനരാവിഷ്‌കരിക്കാൻ എന്തുകൊണ്ട് കുട്ടിസഖാക്കളിലെ നവോത്ഥാനപരിഷ്‌കർത്താക്കൾക്ക് കഴിയുന്നില്ല?

സർഗാത്മകതയുടെ അടയാളങ്ങളായി കലാകാരന്മാരുടെ അല്ലെങ്കിൽ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ സമൂഹം വകവെച്ചുകൊടുത്തിരുന്ന കാലമുണ്ടായിരുന്നു ഇവിടെ. അതുകൊണ്ടാണ് ഇവിടെ നിർമ്മാല്യമെന്ന സിനിമയുണ്ടായത്. എന്നാൽ ആ സ്വാതന്ത്ര്യത്തിനുമേൽ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ദുർവ്യാഖ്യാനവും ഇരവാദമുണ്ടായപ്പോൾ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമുണ്ടായി തുടങ്ങി.അതിനെ മുതലെടുക്കാൻ രാഷ്ടീയമാമകൾ അരങ്ങത്തു വന്നപ്പോൾ അരാജകത്വം ഉണ്ടായി.

ഹിന്ദുവിന്റെ വിശ്വാസം മാത്രം പുരോഗമനാശയങ്ങൾക്ക് വിലങ്ങുതടിയാവുന്നു. അവന്റെ മത ചിഹ്നങ്ങളെ യഥേഷ്ടം ആവിഷ്‌കാരസ്വാതന്ത്രൃത്തിന്റെ പേരിൽ അപഹസിക്കാനും ചോദ്യംചെയ്യാനും കഴിയുന്നു.ശ്രീനാരായണഗുരുവിനെ പ്രതീകാത്മകമായി ടാബ്ലോയിൽ അവതരിപ്പിക്കാൻ ധൈര്യം കാണിക്കുന്നു. ഹിന്ദുവിശ്വാസിയായ കടകംപള്ളി ഗുരുവായൂരിൽ പോയാൽ വിമർശനം.ക്ഷേത്രമെന്ന വാക്കിനെ ആഭാസമായി ചിത്രീകരിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഘോഷയാത്ര സംഘടിപ്പിച്ച് സഖാവ്.കൃഷ്ണനു അഭിവാദ്യമർപ്പിക്കുന്നു. ശബരിമലയിൽ തുല്യ ലിംഗനീതി വേണമെന്ന് വാദിക്കുന്നു. വിശ്വാസസമൂഹത്തിനു തീരാമുറിവു നല്കികൊണ്ടു ഇരുട്ടിന്റെ മറപ്പറ്റി പിൻവാതിലിലൂടെ വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ സംരക്ഷണകവചമൊരുക്കുന്നു. ആർത്തവ രക്തത്തുള്ളികൾക്കൊപ്പം അയ്യനെ ചിത്രീകരിക്കാൻ നവോത്ഥാനത്തെ കൂട്ടുപ്പിടിക്കുന്നു.
എന്തുകൊണ്ട് ഒരു വിഭാഗത്തോട് മാത്രം ഈ വിവേചനം? ഇനി ഈ മതത്തെ ശുദ്ധീകരിക്കാനാണെങ്കിൽ, ഇതിലെ പഴഞ്ചൻ ആചാരങ്ങളെ മാറ്റാനാണെങ്കിൽ, നവീകരണവും നവോത്ഥാനവും ഒരു മതത്തിനു മാത്രം ബാധകമാണോ? 

അഞ്ചു നേരം നിസ്‌കരിക്കുന്ന ,റമദാൻ വ്രതം ആചരിക്കുന്ന ഇസ്ലാം സഖാവിനു എവിടെയും വിലക്കുകളില്ല. അത് മതേതരത്വത്തിലൂന്നിയ മതസ്വാതന്ത്ര്യം. ഈസ്റ്റർ നോമ്പെടുക്കുന്ന, ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്ന കൃസ്ത്യൻ സഖാവിനും വിലക്കില്ല. അവിടെയും മതസ്വാതന്ത്ര്യം. ദർഗകളിൽ സ്ത്രീ പ്രവേശനം വേണ്ടേ വേണ്ട. മീശയിലെ ക്ഷേത്രദർശന പരാമർശം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ലിസ്റ്റിൽ പെടുമ്പോൾ ക്രിസ്തുവിന്റെ ആറാം തിരുമുറിവും സാത്താന്റെ വചനവും ലജ്ജയും ജോസഫ് സാറിന്റെ ചോദ്യപേപ്പറുമൊക്കെ മതനിന്ദ. ഹാദിയ ഉദാത്തപ്രണയത്തിന്റെ മറ്റൊരു പേരാകുമ്പോൾ അനുജയെ മറവിക്കുള്ളിൽ ഒതുക്കുന്നു. ആനയെ പൂരത്തിനെഴുന്നള്ളിക്കുമ്പോൾ തലപൊക്കുന്ന മൃഗസ്‌നേഹം ഇഫ്ത്താർ വിരുന്നുകളിലും പാർട്ടികളിലും മറ്റും തീന്മേശകളിൽ അണിനിരക്കുന്ന വിഭവങ്ങളിൽ ഇല്ലാതാകുന്നു.മാതാ അമൃതാനന്ദമയിയെ വിമർശിക്കാൻ പൊന്തുന്ന നാവുകൾ ഇതര മത പണ്ഡിത- ആൾദൈവങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു
അങ്ങനെയെത്ര ഉദാഹരണങ്ങൾ.

ഈ ഇരട്ടത്താപ്പും 'സെലക്ടീവ് വ്രണപ്പെടുത്തലും കണ്ട് മനം മടുത്തതുകൊണ്ട് മാത്രമാണ് ഇവിടെ സംഘികളുടെ എണ്ണം കൂടുന്നത്.പ്രത്യയശാസ്ത്രത്തിലെ നാസ്തികത്വം അടിവരയിട്ടുറപ്പിക്കാൻ ഹൈന്ദവമതവിശ്വാസത്തെ മാത്രം ലാക്കാക്കുന്നവരറിയുന്നില്ല കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നുവെന്ന നഗ്‌നമായ സത്യം. സഭയുടെ വോട്ടാകുന്ന അപ്പക്കഷണങ്ങളുടെ രുചിക്ക് വേണ്ടി മാത്രം നിലപാടുകളെ തരാതരം മാറ്റുന്ന അഭിനവരാഷ്ട്രീയക്കാരേ ഒന്നോർക്കുക! നിങ്ങളുടെയൊക്കെ മതേതരത്വത്തിനു കേരളജനത വിലയിട്ടു കഴിഞ്ഞു. ചന്ദ്രക്കലയ്ക്കും കുരിശിനും മാത്രം മതപരിവേഷം നല്കി, സംരക്ഷണം നല്കുന്ന ഇരട്ടത്താപ്പിനെതിരെ ജനങ്ങളുടെ ബോധം ഉണർന്നു കഴിഞ്ഞു.

പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ചതു കൊണ്ട് മാത്രം വിശ്വാസങ്ങളെ തള്ളിപ്പറയേണ്ടി വരുന്ന ഹിന്ദു സഖാക്കൾ നാളത്തെ സംഘപുത്രനും പുത്രിയുമായി തീരുന്നത് ഇതൊക്കെ കൊണ്ടാണ്.സ്വന്തം മതത്തെ മുറിവേല്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നില്ക്കുന്ന ഹിന്ദുവിനെ മതേതരനെന്നു വിളിച്ചു പുകഴ്‌ത്തുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവരെ വർഗ്ഗീയ വാദിയെന്നും സംഘിയെന്നും ഇവിടെ വിളിക്കപ്പെടും.മെത്രാന്റെ അംശവടി മതചിഹ്നമാകുകയും അതിനെ സർഗ്ഗാത്മകതക്കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യുന്നത് മതനിന്ദയാകുകയും ചെയ്യുമ്പോൾ ശാസ്താവിനെ തലകീഴായി രക്തത്തുള്ളികൾക്കൊപ്പം ചിത്രീകരിക്കുന്നത് നവോത്ഥാനവും ആകുന്ന ആഭാസകേരളത്തിൽ ഇത്തരം പ്രവണതയ്‌ക്കെതിരെ ശബ്ദിച്ചാൽ എന്നെയൊരു വർഗ്ഗീയവാദിയാക്കുന്നുവെങ്കിൽ,
അഭിമാനപൂർവ്വം ഉറക്കെ ഞാനും പറയുംസ്വന്തം മതത്തോട് കൂറും ആത്മാർത്ഥയുമുള്ള ഞാനുമൊരു വർഗ്ഗീയവാദി തന്നെയാണെന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP