Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധർമ്മടത്തെ കോൺഗ്രസ്സ് - ബിജെപി സ്ഥാനാർത്ഥികളോട്: നിങ്ങൾ ആ പിഞ്ചുകുഞ്ഞുങ്ങളെ പ്രതി പൊഴിച്ച കണ്ണുനീരിൽ ആത്മാർത്ഥതയുടെ നേരിയ അംശമെങ്കിലുമുണ്ടെങ്കിൽ പിണറായിക്ക് എതിരായ മത്സരത്തിൽ വാളയാറിലെ അമ്മയെ പിന്തുണയ്ക്കുക: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ധർമ്മടത്തെ കോൺഗ്രസ്സ് - ബിജെപി സ്ഥാനാർത്ഥികളോട്: നിങ്ങൾ ആ പിഞ്ചുകുഞ്ഞുങ്ങളെ പ്രതി പൊഴിച്ച കണ്ണുനീരിൽ ആത്മാർത്ഥതയുടെ നേരിയ അംശമെങ്കിലുമുണ്ടെങ്കിൽ പിണറായിക്ക് എതിരായ മത്സരത്തിൽ വാളയാറിലെ അമ്മയെ പിന്തുണയ്ക്കുക: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

 വാളയാറിലെ നിർഭാഗ്യവതിയായ ആ അമ്മ മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കുന്നുണ്ടെന്നറിഞ്ഞ വാർത്ത സത്യമെങ്കിൽ ആ പോരാട്ടം നല്കുന്ന ഊർജ്ജം ഇവിടുത്തെ ഓരോ അമ്മമാർക്കും വിലപ്പെട്ടതാണ്. നീതിയില്ലെങ്കിൽ പെണ്ണേ നീയാരു തീയായി ആളിപ്പടരുക എന്ന ക്ലീഷേ ഡയലോഗുകൾ വെറുതെ പാടിപ്പതിഞ്ഞ സാംസ്‌കാരിക കേരളത്തിന്റെ നാഭിക്കിട്ട് കിട്ടിയ തൊഴിയാണ് ആ അമ്മയുടെ തീരുമാനം. രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നിർദാക്ഷിണ്യം തല്ലിക്കൊഴിച്ച റേപ്പിസ്റ്റുകൾക്കൊപ്പം നിന്ന ഭരണകൂടത്തിനെതിരെ, ആളും സ്വാധീനവും പണവുമില്ലാത്ത ഒരമ്മയ്ക്ക് പ്രതിഷേധിക്കാൻ ഇതിനേക്കാൾ വലിയൊരു ജനാധിപത്യ രീതി നിലവിൽ മറ്റെന്താണ് ?

അവരെ സംബന്ധിച്ചിടത്തോളം നിലവിൽ അവരുടെ പ്രതിയോഗി റേപ്പിസ്റ്റുകൾക്ക് കഞ്ഞി വച്ചു കൊടുത്ത ഈ സർക്കാരാണ്. അതുകൊണ്ട് തന്നെ ഈ സർക്കാരിന്റെ തലപ്പത്തിരിക്കുന്ന ആൾക്കെതിരെ അവർ പ്രതിഷേധിച്ചുക്കൊണ്ടേയിരിക്കും. തുടക്കത്തിൽ ക്ലിഫ് ഹൗസിൽ വന്ന് ധർമ്മടത്തിന്റെ രാജാവിന്റെ കാല്ക്കൽ കുമ്പിട്ടു നീതിക്കായി അപേക്ഷിച്ച സ്ത്രീയായിരുന്നു അവർ. അന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്ക് അപ്പാടെ വിശ്വസിച്ചിരുന്നു ആ അമ്മ . എന്നാൽ അവർക്ക് കൊടുത്ത വാക്കിനു കീറചാക്കിന്റെ പോലും വില നല്കാതെ പീഡോഫീലുകൾക്കൊപ്പം നിന്ന് കേസിനെ വഴി മാറ്റിച്ച ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നല്കിയ കരുതലിന്റെ കാവല്ക്കാരന്റെ തനി മുഖം തിരിച്ചറിഞ്ഞതോടെ ആ സ്ത്രീക്ക് ധർമ്മടത്തെ നായകൻ മുഖ്യ ശത്രുവായി . അത് സ്വാഭാവികമല്ലേ ?

നഷ്ടപ്പെട്ടത് അവർക്ക് മാത്രമാണ്. നമുക്കാർക്കുമല്ല. ഒരമ്മയെന്ന നിലയിൽ മക്കളെ സംരക്ഷിക്കാൻ ഒരു പക്ഷേ അവർ പരാജയപ്പെട്ടിരിക്കാം. മക്കൾ ഉപദ്രവിക്കപ്പെടുന്നതു കണ്ടിട്ടും പരാതിപ്പെടാതെ പ്രതികരിക്കാതെ ഇരുന്നുമിരിക്കാം. അത് ഒരുപക്ഷേ അവരുടെ ഗതികേട് ആവാം. പക്ഷേ അതൊന്നും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കെട്ടിത്തൂക്കിയവന്മാർക്ക് രക്ഷപ്പെടാനുള്ള പഴുത് ഭരണകൂടം ഒരുക്കുന്നതിനുള്ള മൗനാനുവാദം ആവണമെന്നുണ്ടോ ? ഭരണകൂട നെറികേടിനെ ചോദ്യം ചെയ്യാൻ പാടില്ലായെന്നുമുണ്ടോ ? ഇല്ല ! ആ അമ്മ തുടക്കം മുതൽ ആവശ്യപ്പെട്ടത് CBI അന്വേഷണം ആയിരുന്നല്ലോ ? അവരോ അവരുടെ രണ്ടാം ഭർത്താവിനോ ഈ കുഞ്ഞുങ്ങളുടെ ദുർവ്വിധിയിൽ പരോക്ഷമായ പങ്കെങ്കിലുമുണ്ടെങ്കിൽ സിബിഐയുടെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുപിടിക്കട്ടെ.

നിലവിൽ ആ അമ്മയുടെ തീരുമാനമൊരു പ്രതീകമാണ്. സമാനതകളില്ലാത്ത പ്രതിഷേധവുമാണത്. ഒരു പക്ഷേ ഫലമെത്തുമ്പോൾ അവർ പരാജയപ്പെട്ടേക്കാം. പക്ഷേ അവർക്കായി കുത്തപ്പെട്ട ഓരോ വോട്ടും ഒരു പ്രതീക്ഷയാണ്. ഈ നെറികെട്ട ലോകത്ത് നേരിനെയും നെറിയെയും ചേർത്തണയ്ക്കുന്ന ചിലരെങ്കിലും അവർക്കൊപ്പമുണ്ടെന്നും പീഡോഫീലുകളെയും റേപ്പിസ്റ്റുകളെയും വെറുക്കുന്ന, അറപ്പോടെ കാണുന്ന മനുഷ്യരിവിടെ ബാക്കിയുണ്ടെന്നുമുള്ള തിരിച്ചറിയിൽ രേഖകൾ കൂടിയാണ് അവർക്ക് ലഭിക്കുന്ന വോട്ടുകൾ .

ഒപ്പം മറ്റൊന്ന് കൂടി പറയട്ടെ ! ഏപ്രിൽ 6 നു ധർമ്മടത്ത് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വീഴുന്ന ഓരോ വോട്ടും പറയുന്നത് ഇത്രമാത്രമായിരിക്കും - ഈ കേരളത്തിൽ എത്രമേൽ സ്ത്രീസുരക്ഷയുടെ വന്മതിലു പണിഞ്ഞാലും വരും കാലങ്ങളിലും ഇവിടെ പിഞ്ചുകാലുകൾ തൂങ്ങിയാടുമെന്നും ആ തൂങ്ങിയാടപ്പെട്ടേക്കാവുന്ന കാലുകളേക്കാൾ മുൻതൂക്കം ഉള്ളിൽ അടിയുറച്ചുപ്പോയ അടിമബോധത്തിന്റെ നെറികെട്ട, മനസാക്ഷിയില്ലാത്ത പ്രത്യയ ശാസ്ത്രത്തിനു മാത്രമാണെന്നും.

ധർമ്മടത്തെ കോൺഗ്രസ്സ് - ബിജെപി സ്ഥാനാർത്ഥികളോട് ഒന്നു പറയുന്നു. ഒപ്പം ആ പ്രസ്ഥാനത്തിലുള്ളവരോടും .- നിങ്ങൾ ആ പിഞ്ചുകുഞ്ഞുങ്ങളെ പ്രതി പൊഴിച്ച കണ്ണുനീരിൽ ആത്മാർത്ഥതയുടെ നേരിയ അംശമെങ്കിലുമുണ്ടെങ്കിൽ, ആ അമ്മയുടെ സമര പരിപാടികളോട് പുലർത്തിയ ഐകൃദാർഢ്യങ്ങൾക്ക് നേരും നെറിയുമുണ്ടെങ്കിൽ ഒത്തൊരുമിച്ച് നിന്നുകൊണ്ട് ആ അമ്മയെ പിന്തുണയ്ക്കുക ! ഇനി ഒരു പക്ഷേ അവസാന നിമിഷം അവർ മത്സരത്തിൽ നിന്നും പിന്മാറിയാലും നിങ്ങൾ ചെയ്യുന്നതിൽ തെറ്റില്ല. തൂങ്ങിയാടി നിന്ന രണ്ട് കുഞ്ഞുങ്ങൾക്കു വേണ്ടിയും പീഡോഫീലുകളായ പ്രതികൾക്കെതിരെയും റേപ്പിസ്റ്റുകൾക്ക് സംരക്ഷണം നല്കിയ ഭരണകൂടത്തിനെതിരെയും ഇത്രയും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന കൃതാർത്ഥതയേക്കാൾ വലുതല്ല ഒരു രാഷ്ട്രീയവും.

#valayarkids
#standwithvalayaramma

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP