Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും ഹീറോയിൽ നിന്നും വില്ലനിലേയ്ക്കുള്ള കൂടുമാറ്റം! ശ്രീറാമെന്ന നായകവിഗ്രഹം ഉടയുമ്പോൾ നമ്മൾ മനസ്സിലാക്കാൻ മടിക്കുന്നത് അയാൾ എല്ലാ ദൗർബല്യങ്ങളുമുണ്ടായിരുന്ന വെറുമൊരു മനുഷ്യനാണെന്ന യാഥാർത്ഥ്യം!

ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും ഹീറോയിൽ നിന്നും വില്ലനിലേയ്ക്കുള്ള കൂടുമാറ്റം! ശ്രീറാമെന്ന നായകവിഗ്രഹം ഉടയുമ്പോൾ നമ്മൾ മനസ്സിലാക്കാൻ മടിക്കുന്നത് അയാൾ എല്ലാ ദൗർബല്യങ്ങളുമുണ്ടായിരുന്ന വെറുമൊരു മനുഷ്യനാണെന്ന യാഥാർത്ഥ്യം!

അഞ്ജു പാർവ്വതി പ്രഭീഷ്

മിതവേഗത്തിൽ വാഹനമോടിക്കുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതും തെറ്റാണ്! കുറ്റകരവുമാണ് ! അതിനേക്കാൾ ഗൗരവകരമായ കുറ്റമാണ് മദ്യപിച്ചുവാഹനമോടിക്കുന്നതും വാഹനമിടിച്ച് ഒരാളുടെ മരണത്തിനു കാരണമാകുന്നതും. വെറുമൊരു കൈപ്പിഴയിൽ ഒതുക്കാവുന്ന കുറ്റകൃത്യമല്ല ശ്രീറാം വെങ്കിട്ടരാമൻ എന്ന സിവിൽ സർവ്വീസുകാരൻ ചെയ്തത്. വൈദ്യശാസ്ത്രം പഠിക്കുകയും അഭ്യസിക്കുകയും ചെയ്തിരുന്ന, പിന്നീട് സിവിൽ സർവീസ് നേടി നീതിന്യായസാരങ്ങൾ വ്യക്തമായി മനസ്സിലാവുന്ന ഒരു വ്യക്തിക്ക് വാഹനാപകടവും അതിന്റെ ഭവിഷ്യത്തുകളും മറ്റാരെക്കാളും അറിയാവുന്നതാണല്ലോ! അത്തരത്തിലൊരു വ്യക്തി ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുമ്പോൾ വിമർശനങ്ങൾ സ്വാഭാവികം.ഇവിടെ മരണപ്പെട്ട മാധ്യമപ്രവർത്തകൻ തീർത്തും നിരപരാധി മാത്രം! അപകടസ്ഥലം നേരിട്ടുകാണുമ്പോഴറിയാം അപകടത്തിന്റെ വ്യാപ്തിയും തീവ്രതയും. ഇന്നലെ വൈകുന്നേരം പബ്ലിക് ഓഫീസിന്റെ മുന്നിലൂടെ പോയപ്പോൾ അപകടത്തിനു ദൃക്‌സാക്ഷിയായ മതിലും മരവും ചോരത്തുള്ളികളുമായി വിളിച്ചുപറയുന്നുണ്ട് ആ അപകടത്തിന്റെ ഭീകരത.

ശ്രീരാം വെങ്കിട്ടരാമൻ എന്ന സിവിൽ സർവ്വീസുകാരൻ മൂന്നാറിലെടുത്ത നിലപാടുകൾ കാരണം അയാൾ ഒരു വിഭാഗത്തിനു നിഷേധിയും മറുവിഭാഗത്തിനു ആദർശവാനുമായപ്പോൾ വിഗ്രഹവത്ക്കരണം നടത്തി ഹീറോയാക്കി മാറ്റിയത് ഇവിടുത്തെ മാധ്യമങ്ങളായിരുന്നു. ഒറ്റ രാത്രികൊണ്ട് ഹീറോയിൽ നിന്നും വില്ലൻ പരിവേഷത്തിൽ എത്തിയിരിക്കുകയാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ് ഓഫിസർ. ദേവികുളം സബ് കളക്ടർ പദവിയിൽ ഇരുന്നുകൊണ്ട് മൂന്നാർ കയ്യേറ്റങ്ങൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുക വഴി കിട്ടിയ സൂപ്പർ സ്റ്റാർ ഇമേജ് ആണ് ഒരു മാധ്യമപ്രവർത്തകന്റെ മരണത്തിലൂടെ ഇപ്പോൾ തകർന്നിരിക്കുന്നത്.

മൂന്നാറിലെ ഇടപെടലുകൾ ഒരു ശത്രു മുന്നണിയെ തന്നെ ശ്രീറാമിന് ഉണ്ടാക്കി. മൗനമായ പിന്തുണ കൊടുത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഒടുവിൽ കൈവിട്ടതോടെയാണ് ശ്രീറാമിന് മൂന്നാർ വിട്ട് ഇറങ്ങേണ്ടി വന്നത്. അതിലൊരു പ്രധാന കാരണമായി പാപ്പാത്തിചോലയിലെ കുരിശും ഉണ്ടായിരുന്നു. ഉടുമ്പൻചോല താലൂക്കിലെ പാപ്പത്തിചോലയിലെ ഭീമൻ കോൺക്രീറ്റ് കുരിശ് ആത്മീയ ടൂറിസത്തിന്റെ മറവിൽ നടക്കുന്ന ഏക്കറു കണക്കിന് ഭൂമി കയ്യേറ്റത്തിനുള്ള മറവായിരുന്നു. കുരിശ് നിൽക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിവ് സഹിതം വ്യക്തമായിട്ടും പല തവണ റവന്യൂ ഉദ്യോഗസ്ഥർ മല കയറി വന്നിട്ടും അതിൽ തൊടാൻ പോലും കഴിഞ്ഞിരുന്നില്ല. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കൈക്കലാക്കി വച്ചിരിക്കുന്ന നൂറു കണക്കിന് ഭൂമി ഒഴിപ്പിച്ചെടുക്കാൻ ഭൂസംരക്ഷണ സേനയും രണ്ടു തവണയും ഇവിടെയെത്തിയെങ്കിലും ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണുണ്ടായത്. ഒടുവിൽ ശ്രീറാം വെങ്കിട്ടരാമൻ എല്ലാ തയ്യാറെടുപ്പുകളുമായി എത്തിയപ്പോൾ പാപ്പാത്തി ചോലയിൽ ഇരുമ്പ് ഗർഡറിൽ, കോൺക്രീറ്റിൽ ഉറപ്പിച്ച കൂറ്റൻ കുരിശു നിലംപൊത്തി, കയ്യേറ്റഭൂമിയിലെ കുടിലുകൾ പൊളിച്ചു നീക്കപ്പെട്ടു. പക്ഷേ അതിനു പിന്നാലെ ശ്രീറാമിന് സബ് കളക്ടർ സ്ഥാനവും നഷ്ടമായി.പക്ഷേ അവിടം മുതൽ ആ യുവ ഐ എ എസുകാരൻ ജനഹൃദയങ്ങളിൽ ചെറുതല്ലാത്ത സ്ഥാനം നേടി ഹീറോ ആയി.

നാഷണൽ മെഡിക്കൽ എൻട്രൻസിൽ 770-ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയത്. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതി. 2013ൽ രണ്ടാം റാങ്ക് തിളക്കത്തോടെ സിവിൽ സർവ്വീസിൽ എത്തി.ഈ നേട്ടങ്ങളോ നിലപാടുകളോ കൊണ്ട് ഒരാൾ വാഴ്‌ത്തപ്പെട്ടവനാകുന്നില്ല.ഊതിവീർപ്പിക്കപ്പെട്ട ഇമേജിനപ്പുറം ശ്രീറാം എന്ന വ്യക്തി മനുഷ്യന്റെ എല്ലാ ദൗർബല്യങ്ങളുമുള്ള വെറും സാധാരണ മനുഷ്യനായിരുന്നുവെന്ന് മറന്നുപോയത് നമ്മളായിരുന്നു.ഉള്ളിലെ രാഷ്ട്രീയം വച്ച് ഫോക്കസ് ചെയ്യുമ്പോൾ ചിലർക്കയാൾ വില്ലനും മറ്റുചിലർക്കയാൾ ഹീറോയുമാകുന്നു. അതുക്കൊണ്ടു കൂടിയാണ് ലഹരി വില്ലനായതിനാൽ മാത്രം നിത്യേന സംഭവിക്കുന്ന അപകടങ്ങളിൽ ഒന്നുമാത്രമായ ഈ അപകടത്തെയും മരണത്തെയും നോക്കി ഇടതുരാഷ്ട്രീയനേതൃത്വം വല്ലാതെ ഞെട്ടുന്നതും വലതുപക്ഷവും ബിജെപിയും ബഷീറെന്നെ നിരപരാധിയെകണ്ടില്ലെന്നു നടിച്ചുക്കൊണ്ട് ശ്രീറാമിനു വേണ്ടി വാദിക്കുന്നതും.

ഒരാളുടെ നിമിഷനേരത്തെ അശ്രദ്ധകാരണം ജീവൻ നഷ്ടപ്പെട്ട ബഷീറിന്റെ കുടുംബത്തിന്റെ നഷ്ടത്തിനോളം വലുതല്ല ശ്രീറാം എന്ന വൃക്തിയുടെ പൊതുജീവിതത്തിനുണ്ടായ നഷ്ടം. ആറു വയസ്സും ആറുമാസവും പ്രായമായ രണ്ടു കുരുന്നുകൾക്കുണ്ടായ നഷ്ടത്തോളം വലുതല്ല ശ്രീറാമിന്റെ വ്യക്തിത്വനുണ്ടായ നഷ്ടം. അർദ്ധരാത്രി 1 മണിക്ക് മദ്യപിച്ചുലക്കുകെട്ട് വിവാഹമോചിതയായ പെൺസുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിലെ ഔചിത്യവും ഔചിത്യമില്ലായ്മയും അയാളുടെ മാത്രം സ്വകാര്യത.പക്ഷേ ആ സ്വകാര്യത വിമർശിക്കപ്പെടുന്നത് നിമിഷാർദ്ധനേരത്തെ അശ്രദ്ധ ഒരാളുടെ ജീവനെടുക്കുമ്പോഴുണ്ടാകുന്ന നടുക്കം കൊണ്ടു മാത്രമാകുന്നു. ഇവിടെ ആ അപകടത്തെ വെറും കൈപ്പിഴ മാത്രമായി ന്യായീകരിക്കുന്നവർ ഒരു നിമിഷം ഈ അപകടമരണം സ്വന്തം കുടുംബത്തിലെ ഒരാൾക്കു സംഭവിച്ചതായി കരുതുക.

മദ്യപിച്ചു അമിതവേഗതയിൽ വാഹനമോടിച്ചു വരുന്ന ഒരാൾ ( അയാൾ സമൂഹത്തിലെ ഉന്നതപദവിയിലുള്ളയാളോ താരമോ നിങ്ങളുടെ ആരാധനാപാത്രമോ ആവാം) നിങ്ങളുടെ പ്രിയപ്പെട്ടൊരാളെ പൊതുനിരത്തിൽ ഇടിച്ചുവീഴ്‌ത്തുമ്പോൾ അതിനെ വെറുമൊരു കൈപ്പിഴയായി മാത്രം കണക്കാക്കാൻ കഴിഞ്ഞാൽ നിങ്ങൾക്കു ശ്രീറാം എന്ന വ്യക്തിയെ ന്യായീകരിക്കാം. എനിക്കതിനു കഴിയാത്തിടത്തോളം കാലം ശ്രീറാം എന്ന വ്യക്തിയോട് തോന്നുന്നത് ഒരു കൊലപാതകിയോടു തോന്നുന്ന മനോഭാവം മാത്രം. അയാൾ ശ്രീറാം ആയതുക്കൊണ്ടും അയാൾ മൂന്നാറിലെടുത്ത നിലപാട്ടുകൾക്ക് കൈയടി കിട്ടിയതുക്കൊണ്ടും ചെയ്ത തെറ്റിനെ വെറും ഒരു പക്ഷേ കൊണ്ട് ന്യായീകരിക്കുന്നത്
ഒരു വിലയുമില്ലാത്ത, നാണംകെട്ട ബാലൻസിംഗാണ്. അത്തരം നാലു കാശു വിലയില്ലാത്ത പൊള്ള ന്യായീകരണങ്ങൾ ഞാൻ നടത്തുമ്പോൾ അത് കേൾക്കുന്നവരുടെ മനസ്സിൽ മാത്രമല്ല സ്വന്തം മനസാക്ഷിക്കു മുന്നിലും നിരന്തരം പുളിച്ചു തികട്ടിക്കൊണ്ടിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP