Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ചൈനാക്കാരുണ്ടാക്കിയ ടിക് ടോക്കിന് ബദൽ എന്ന് പറഞ്ഞ് മീശ പിരിച്ചിറങ്ങിയവർ പൊക്കി കാട്ടിയത് നവാഗത വിദ്യാർത്ഥി 'മിത്രോണി'നെ; റാഗിംഗിനിടെ കള്ളി വെളിച്ചത്തായി; മെയ്ഡ് ഇൻ ഇന്ത്യ ബ്രാൻഡായി പ്രമോട്ട് ചെയ്ത മിത്രോൺ തനി പാക്കിസ്ഥാനി; ആപ്പിന്റെ സോഴ്‌സ് കോഡ് വെറും 2400 രൂപയ്ക്ക് പാക് കമ്പനിയിൽ നിന്ന് വാങ്ങി പിറന്നപടി പ്ലേസ്‌റ്റോറിൽ ഇട്ട് സ്വദേശി എന്ന് വാചകമടി; ഉഡായിപ്പെന്ന് സോഷ്യൽ മീഡിയ

ചൈനാക്കാരുണ്ടാക്കിയ ടിക് ടോക്കിന് ബദൽ എന്ന് പറഞ്ഞ് മീശ പിരിച്ചിറങ്ങിയവർ പൊക്കി കാട്ടിയത് നവാഗത വിദ്യാർത്ഥി 'മിത്രോണി'നെ; റാഗിംഗിനിടെ കള്ളി വെളിച്ചത്തായി; മെയ്ഡ് ഇൻ ഇന്ത്യ ബ്രാൻഡായി പ്രമോട്ട് ചെയ്ത മിത്രോൺ തനി പാക്കിസ്ഥാനി; ആപ്പിന്റെ സോഴ്‌സ് കോഡ്  വെറും 2400 രൂപയ്ക്ക് പാക് കമ്പനിയിൽ നിന്ന് വാങ്ങി പിറന്നപടി പ്ലേസ്‌റ്റോറിൽ ഇട്ട് സ്വദേശി എന്ന് വാചകമടി; ഉഡായിപ്പെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചൈനാ വിരോധികൾ ഇപ്പോൾ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണ്. അതിർത്തി പ്രശ്‌നവുമായി ഇതിന് നേരിട്ട് ബന്ധമൊന്നുമില്ല. എന്നിരുന്നാലും ഈ ആപ്പ് ഉണ്ടാക്കിയത് ചൈനാക്കാരല്ലേ. അപ്പോൾ രണ്ടുകൊടുത്തിട്ട് കാര്യം എന്ന മട്ടിലാണ് കാര്യങ്ങൾ. അതെ ടിക് ടോക്ക് എന്ന കുഞ്ഞൻ വീഡിയോകളുടെ ആപ്പിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ടിക് ടോക് വീഡിയോകളെ പൊരിക്കുന്ന റോസ്റ്റർമാരും മറ്റും വന്നതോടെ ചില്ലറയല്ല പ്രശ്‌നങ്ങൾ. ടിക് ടോക്കിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതൊരു പൊരിഞ്ഞ സോഷ്യൽ മീഡിയ യുദ്ധമായി നിറം മാറുന്നത്. ടിക് ടോക് യൂസേഴ്‌സും യൂടൂബേഴ്‌സും തമ്മിലുള്ള അടി വളയമില്ലാതെ ചാടുന്ന ടിക് ടോക്കിനാണ് ഇന്ത്യയിൽ ദോഷം ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോർ റേറ്റിങ് 4.8 ൽ നിന്നും 2.3 ലേക്ക് കൂപ്പുകുത്തി. അൺഇൻസ്റ്റാൾ നിരക്ക് കൂടി. ടിക്ടോക് ഇന്ത്യ ബാൻ എന്നത് സോഷ്യൽ മീഡിയയിലെ പ്രധാന ഹാഷ്ടാഗായി. റേറ്റിങ് കൂടി കുറഞ്ഞതോടെ 50 ലക്ഷത്തോളം റിവ്യൂ റിമൂവ് ചെയ്ത് ഗൂഗിൾ തന്നെ രക്ഷയ്‌ക്കെത്തിയെന്നും കേട്ടു. ഇതിനിടെയാണ് സ്വദേശി വാദത്തിന് ചൂടുപിടിച്ചത്. പ്രധാനമന്ത്രിയുടെ വോക്കൽ ഫോർ ലോക്കൽ എന്ന ആഹ്വാനം ഏറ്റുപിടിച്ച് മെയ്ഡ് ഇൻ ഇന്ത്യ ആപ്പ്. അങ്ങനെയാണ് മിത്രോണിന്റെ വരവ്. മെയ് 26 ൽ വന്ന റിപ്പോർട്ട് പ്രകാരം ഈ ആപ്പിന്റെ ഡൗൺലോഡ് 50 ലക്ഷം കടന്നുവെന്നാണ് പറയുന്നത്. 4.7 ആണ് ആപ്പിന്റെ ഗൂഗിൾ പ്ലേയിലെ റേറ്റിങ്. അങ്ങനെ രാജകീയമായി തിളങ്ങി നിൽക്കുമ്പോഴാണ് ആ വാർത്ത വന്നത്. ലെവൻ 100 ശതമാനം സ്വദേശിയല്ല. പിന്നെയോ?

മിത്രോൺ ആപ് ഉണ്ടാക്കിയത് ഐഐടി വിദ്യാർത്ഥിയോ?

മിത്രോൺ ആപ്പ് എല്ലാവരും കരുതിയ പോലെ പൂർണമായി ഇന്ത്യാക്കാരനല്ല. ന്യൂസ് 18 ൽ വന്ന റിപ്പോർട്ട് പ്രകാരം മിത്രോൺ ആപ്പിന്റെ സോഴ്‌സ് കോഡ്,(ഫീച്ചറുകളും യൂസർ ഇന്റർ ഫേസും അടക്കം) പാക്കിസ്ഥാനി സോഫ്റ്റ് വെയർ ഡെവലപ്പർ കമ്പനിയിൽ നിന്ന് വാങ്ങിയതാണ്. ഇനി ക്യൂബോക്‌സസ് എന്ന പാക്കിസ്ഥാനി കമ്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ഇർഫാൻ ഷെയ്ഖിന്റെ വാകകുകൾ: '34 ഡോളർ അഥവാ 2600 രൂപയ്ക്കാണ് ഞങ്ങൾ മിത്രോണിന്റെ പ്രമോട്ടർക്ക് ആപ്പ് വിറ്റത്. ഞങ്ങളുടെ ഉപയോക്താക്കൾ സോഴ്‌സ് കോഡ് ഉപയോഗിച്ച് സ്വന്തമായി എന്തെങ്കിലും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, മിത്രോണിന്റെ ഡെവലപ്പർ പ്രോഡക്റ്റ് അതേപടി എടുത്തു ലോഗോ മാറ്റി ഗൂഗിൾ പ്ലേസ്‌റ്റോറിൽ അപ് ലോഡ് ചെയ്തു.'

ദയവ് ചെയ്ത് ഇന്ത്യൻ നിർമ്മിത ആപ്പെന്ന് പറയരുത്

ഇതൊന്നും ഷെയ്ക്കിന് പ്രശ്‌നമല്ല. ഡെവലപ്പർ എന്തുവേണമെങ്കിലും ചെയ്യട്ടെ. ഷെയ്ക്കിന് കാശ് കിട്ടിയാൽ മതി. മിത്രോൺ ഇന്ത്യൻ നിർമ്മിത ആപ്പാണെന്ന് പറയുന്നതാണ് സഹിക്കാത്തത്. ഒരുമാറ്റവും വരുത്താത്ത ആപ്പ് എങ്ങനെ മെയിഡ് ഇൻ ഇന്ത്യ ആകും? കോഡ് കന്യനിൽ നിന്നാണ് ഇന്ത്യൻ കമ്പനിക്ക് 34 ഡോളറിന് താൻ സോർസ് കോഡ് കൈമാറിയത് എന്നാണ് ഇർഫാൻ ഷേക്ക് പറയുന്നത്.

ഡാറ്റാ ഹോസ്റ്റിങ്ങിനെ കുറിച്ചും ചോദ്യമുണ്ടല്ലോ. തങ്ങളുടെ സെർവറിൽ ഡാറ്റാ ശേഖരിക്കാനുള്ള സംവിധാനമൊക്കെ നൽകുന്നു ക്യൂബോക്‌സസ്. മിത്രോൺ ആ വഴിക്ക് പോയില്ലെന്ന് പറയുന്നു. സ്വന്തം സെർവറിലാണ് അവർ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ഷോപ്പ്കില്ലർ ആണ് മിത്രോൺ ആപ്പിന്റെ പ്രമോട്ടർ. തങ്ങൾക്ക് രഹസ്യമോദിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്നും തങ്ങൾ മെയ്ക് ഇൻ ഇന്ത്യയിലൂടെ ടിക് ടോക്കിന് ബദൽ ആപ്പ് ജനങ്ങൾക്ക് സമ്മാനിക്കാനാണ് ശ്രമിച്ചതെന്നും ഷോപ്പ്കില്ലർ ന്യായീകരിക്കുന്നു.

എന്താണ് മിത്രോൺ ആപ്പിന്റെ സ്വകാര്യത നയം?

ഇത്തരം ആപ്പുകൾ പ്രമോട്ട് ചെയ്യും മുമ്പ് കാര്യമായ വീണ്ടുവിചാരം വേണമെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്. മിത്രോണിന്റെ പ്രൈവസി പോളിസിയോ ആപ്പിന്റെ വിശദവിവരങ്ങളോ പുറത്തുവിടുന്നില്ല. ഇനി ഒരു ആപ്പിന്റെ സോഴ്‌സ് കോഡ് വാങ്ങി പേര് മാറ്റി ഉപയോഗിക്കുന്നത്് തെറ്റാണോ? ഇല്ല, അത് അനധികൃതമല്ല. ക്യൂബോക്‌സസ് തന്നെ നേരത്തെ പല ജനപ്രിയ ആപ്പുകൾക്കും ഇതുപോലെ ക്ലോൺ ആപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിനെ ആധാരമാക്കി ഹാഷ്ഗ്രാം, സൊമാറ്റോയ്ക്ക് സമാനമായ ഫുഡീസ് സിംഗിൾ റെസ്‌റ്റോറന്റ്, ടിക് ടോകിന് സമാനമായ ടിക് ടിക്, ഇതൊക്കെ ക്ലോൺ ആപ്പുകളാണ്. ഇതിൽ ടിക് ടികാണ് ഏറ്റവും പ്രശസ്തം. ഗൂഗിൾ പ്ലേസ്റ്റോറിൽ 5000 ഡൗൺലോഡുകൾ. 3.3 റേറ്റിങ്.

ആപ്പുകൾ നേരിട്ടുള്ള ഡൗൺലോഡുകളായി നൽകുന്നതിന് പുറമേ, താൽപര്യമുള്ളവർക്ക് തങ്ങളുടെ സോഴ്‌സ് കോഡുകൾ വിൽക്കുന്നതിനു ഷെയ്ക്കിന്റെ ക്യൂബോക്‌സസിന് പ്രശ്‌നമില്ല. മിത്രോണിനെ കൂടാതെ, ക്യൂബോക്‌സസിന്റെ ടിക് ടികിനെ ആധാരമാക്കി മിത്രോണിന് സമാനമായ ഇന്റർഫേസോടെ ഫോളോ (2019) , കിഡ്‌സ് ടോക്(2019) ഹോട്ട്‌ടോക്‌സ്(2019) രംഗത്തുണ്ട്. അതുകൊണ്ട്തന്നെ രഹസ്യ മോദിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന മിത്രോണിനും ടീമിനും സ്വദേശി എന്ന് വാദം മുറുകെ പിടിക്കാനാവില്ല. ഇന്റർഫേസ് ഒന്നുമാറ്റാൻ പോലും മിനക്കെടാത്തവർക്ക് എങ്ങനെ ടിക് ടോക്കിന്റെ സ്വദേശി ബദൽ എന്ന് അവകാശപ്പെടാനാകും? ഉഡായിപ്പുകൾക്ക് ഒരുപാട് വഴികൾ തുറന്നിട്ടുകൊണ്ട്...

സ്വകാര്യതാ നയം പോലുമില്ലാതെ പ്രവർത്തിക്കുന്ന മിത്രോണിന് ഗൂഗിൾ പിഴയിടുമോ എന്നാണ് കണ്ടറിയേണ്ടത്. ടിക് ടോക് ക്ലോൺ ആപ്പായ ടിക് ടിക്കിന്റെ സോഴ്‌സ് കോഡും വാങ്ങി മെയ്ക് ഇൻ ഇന്ത്യ എന്ന ബാനറിൽ ആളെ പറ്റിക്കുന്നു എന്ന ആരോപണത്തിന് മിത്രോൺ പ്രമോട്ടേഴ്‌സ് തന്നെയാണ് മറുപടി പറയേണ്ടത്.

എന്താണ് ടിക് ടോക്-യൂടൂബ് യുദ്ധം?

പ്രമുഖ യുട്യൂബറായ അജയ് നെഗർ ഒരു വീഡിയോ ഇട്ടതോടെയാണ് ടിക് ടോക് - യുട്യൂബ് യുദ്ധം തുടങ്ങിയത്. ടിക് ടോക് താരമായ അമീർ സിദ്ദിഖിയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു ഈ വിഡിയോ. ഇത് വൈറലായതോടെ ടിക്ടോക്കിനെതിരേ സമൂഹമാധ്യമങ്ങളിൽ യുദ്ധം ആരംഭിക്കുകയായിരുന്നു. ഇതോടെ കുത്തനെ റേറ്റിങ് കുറയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP