Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ലോക ഇന്റർനെറ്റിന് പണികൊടുക്കാൻ പരീക്ഷണവുമായി റഷ്യ; വേൾഡ് വൈഡ് വെബിനെ രാജ്യത്ത് നിന്ന് ഔട്ടാക്കാൻ സ്വതന്ത്ര ഇന്റർനെറ്റ് സംവിധാനം റഷ്യ നടപ്പിലാക്കുന്നു; റൂനെറ്റ് പരീക്ഷണം വിജയമെന്ന് റിപ്പോർട്ടുകൾ  

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: വേൾഡ് വൈഡ് വെബ് എന്നറിയപ്പെടുന്ന നെറ്റ് വർക്കിങ് ശ്യംഖലയാണ് ഇന്ന് എല്ലാ രാജ്യങ്ങളിലും ഇന്റർനെറ്റ് സേവനങ്ങളെ കൂട്ടിമുട്ടിക്കുന്നത്. ഈ ഇന്റർനെറ്റിലൂടെ രാജ്യത്ത് എവിടെ നിന്നും ഇന്റർ നെറ്റ് സേവനങ്ങൾ ഒഴുകിയെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ വേൾഡ് വൈഡ് വെബിന് പണി കൊടുത്ത് തങ്ങളുടെ രാജ്യത്ത് സ്വതന്ത്ര നെറ്റ് വർക്കിങ് കൊണ്ടുവരാനൊരുങ്ങുകയാണ് റഷ്യ. 

ആദ്യമായി ഇന്റർനെറ്റിൽ ചില നീക്കങ്ങൾ പൊളിച്ചടുക്കിയ ചൈനയ്ക്ക് പിന്നാലെയാണ് റഷ്യ ഈ ചുവടുവയ്‌പ്പുമായി രംഗത്തെത്തുന്നത്.
ഗൂഗിൾ, ഫേസ്‌ബുക് തുടങ്ങിയ അമേരിക്കൻ ഭീമന്മാരെ പുറത്താക്കാനും തങ്ങളുടെ പൗരന്മാരുടെ ഇന്റർനെറ്റ് ഉപയോഗം ക്രമീകരിക്കാനുമൊക്കെ മുൻപ് ചൈന പരീക്ഷണം നടത്തിയിരുന്നു. ഇപ്പോഴിതാ വേൾഡ് വൈഡ് വെബുമായി ഏതെങ്കിലും രാജ്യം ഇതുവരെ നടത്തിയിരിക്കുന്ന ഏറ്റവും വലിയ വിച്ഛേദിക്കലാണ് റഷ്യ നടത്തിയിരിക്കുന്നത്.

റുനെറ്റ് (RuNet) എന്നറിയപ്പെടുന്ന, റഷ്യയിൽ മാത്രം പ്രവർത്തിക്കുന്ന ഇന്റർനെറ്റാണ് അവർ പരീക്ഷിക്കുന്നത്. ഇതിനുള്ള നിയമനിർമ്മാണവും നടപടിക്രമങ്ങളും നവംബർ ഒന്നിനു പൂർത്തിയായിരുന്നു. റുനെറ്റ് വേൾഡ് വൈഡ് വെബുമായി വിച്ഛേദിച്ചാൽ പ്രവർത്തിക്കുമോ എന്ന് പരീക്ഷണം നടത്തിയിരിക്കുകയാണ് റഷ്യ. റഷ്യയുടെ ഡെപ്യൂട്ടി കമ്യൂണിക്കേഷൻസ് മന്ത്രി അലക്സെയ് സൊകൊളോവ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നിരവധി ദിവസങ്ങളെടുത്താണ് അവലോകനം പൂർത്തിയാക്കിയത്. നവംബറിൽ സ്വതന്ത്ര ഇന്റർനെറ്റ് ബിൽ ('sovereign internet' bill) അവതരിപ്പിച്ചപ്പോൾ റഷ്യ പറഞ്ഞത് ഇത് അമേരിക്കയുടെ പുതിയ സൈബർ സെക്യൂരിറ്റി തന്ത്രങ്ങൾക്കെതിരെ പ്രതിരോധിക്കാനാണ് എന്നാണ്. റഷ്യയുടെ സർക്കാർ സ്ഥാപനങ്ങളും കമ്യൂണിക്കേഷൻസ് നെറ്റ്‌വർക്കും മെസഞ്ചറുകളും ഇമെയിൽ സേവനദാതാക്കളുമെല്ലാം ഇപ്പോൾ നടത്തിയ ടെസ്റ്റിൽ പങ്കെടുക്കുകയായിരുന്നു. ഏതു സാഹചര്യത്തിലും റഷ്യയ്ക്കുള്ളിൽ ഇന്റർനെറ്റ് മുറിയാതിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൊകൊളോവ് പറഞ്ഞു.

ടെസ്റ്റ് വിജയകരമായിരുന്നു. റഷ്യയ്ക്കു പുറത്തുള്ള പ്രശ്നങ്ങൾ അകത്തുള്ള ഇന്റർനെറ്റിനെ ബാധിക്കില്ലെന്നു കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രത്യക്ഷത്തിൽ ഇതാണു കാരണമെന്ന് പറയുന്നുണ്ടെങ്കിലും ചൈനയുടെ പാതയിൽ രാജ്യത്തെ ജനങ്ങളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യം തന്നെയാണ് റഷ്യയ്ക്കുള്ളതെന്നും വാദിക്കുന്നവരുണ്ട്.

രാജ്യത്തിനുള്ളിലെ ഇന്റർനെറ്റ് ട്രാഫിക് ഡേറ്റാ മുഴുവൻ രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള അക്സസ് പോയിന്റുകളിലൂടെ കടത്തിവിടാനും ദേശീയ ഡൊമെയിൻ നെയിം സിസ്റ്റം (DNS) സൃഷ്ടിച്ച് വേൾഡ് വൈഡ് വെബുമായുള്ള ബന്ധം വിച്ഛേദിക്കാനുമാണ് റഷ്യ ശ്രമിക്കുന്നത്. റോസ്‌കോംനഡസർ (Roskomnadzor - the Federal Service for Supervision of Communications, Information Technology and Mass Media ) ആയിരിക്കും ഇനി റഷ്യയുടെ ഇന്റർനെറ്റിന്റെ നിയന്ത്രണം കൈവശംവയ്ക്കുന്ന സംഘടന. വ്യക്തികളുടെ ഡേറ്റയും ഈ സംഘടന പരിശോധിക്കും. വിക്കിപീഡിയ, പോൺഹബ്, ആമസോണിന്റെ ചില പ്രവർത്തന മേഖലകൾ തുടങ്ങിയവയൊക്കെ മുൻപ് ബ്ലോക്ക് ചെയ്ത പരിചയവും ഈ സംഘടനയ്ക്ക് ഉണ്ട്. തങ്ങളുടെ ടെസ്റ്റുകളുടെ റിസൾട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ട് പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരം ടെസ്റ്റുകൾ എല്ലാ വർഷവും നടത്തും.

ലോകവുമായുള്ള റഷ്യക്കാരുടെ ബന്ധം വേർപെടുത്താനുള്ള ശ്രമമാണിതെന്നാണ് വിമർശകർ ആരോപിക്കുന്നത്. സ്വതന്ത്ര (free) ഇന്റർനെറ്റ് എന്നു പറഞ്ഞാലും സർവ്വാധികാരമുള്ള (sovereign) ഇന്റർനെറ്റ് എന്നു പറഞ്ഞാലും രണ്ടു കാര്യങ്ങളല്ല എന്നും പുടിൻ പറഞ്ഞു. ആഗോള ഇന്റർനെറ്റുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടാൽ പ്രശ്നങ്ങൾ ഉറപ്പാണ്. അതു സംഭവിക്കരുതെന്നു കരുതിയാണ് പുതിയ നടപടിക്രമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. വേൾഡ് വൈഡ് വെബിന്റെ നിയന്ത്രണം വിദേശ രാജ്യങ്ങളുടെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ആഗോള ഇന്റർനെറ്റുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഒരുങ്ങുകയല്ല. അങ്ങനെ ഒരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഇന്റർനെറ്റിനെ കണ്ണുമടച്ചു വിശ്വസിക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് റഷ്യൻ സർക്കാർ കരുതുന്നത്. വിദേശ ടെക്നോളജിയെ ആശ്രയിക്കുന്നതിനെതിരെയും റഷ്യയിൽ പുതിയ വാദങ്ങൾ ഉയരുന്നുണ്ട്. സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളൊക്കെ വിദേശ നെറ്റുമായി കണക്ടു ചെയ്തിരിക്കുന്നതിനെതിരെയുള്ള നീക്കമാണ് റുനെറ്റ്. പുറമെ നിന്നുള്ള ശക്തികൾ പ്രവേശിക്കുന്നുണ്ടെങ്കിൽ സർക്കാരിന് അത് അറിയാനാകുമെന്നും പറയുന്നു.

സമൂഹ മാധ്യമങ്ങൾക്ക് സിദ്ധിച്ചുവരുന്ന പ്രചാരത്തിന് കടിഞ്ഞാണിടുക എന്നതാണ് പ്രധാന ഉദ്ദേശമെന്നാണ് വിമർശകർ പറയുന്നത്. വിവിധ രാജ്യങ്ങളിൽ നടക്കുന്ന സംഭവങ്ങളാണ് റഷ്യയെക്കൊണ്ടു പുതിയ വഴി തേടാൻ ചിന്തിപ്പിച്ചതെന്ന് അവർ ആരോപിക്കുന്നു. വിവരങ്ങൾ സ്വതന്ത്രമായി പ്രവഹിക്കുന്നത് റഷ്യയിലേതു പോലെയുള്ള സർക്കാരുകളുടെ പ്രവർത്തനത്തിനു ഭീഷണിയാണെന്ന് ന്യൂ അമേരിക്കയുടെ ഇന്റർനെറ്റ് വിദഗ്ധനായ ജസ്റ്റിൻ ഷെർമാൻ പറയുന്നു.

റുനെറ്റ് പൂർണമായി നിലവിൽ വരുമ്പോൾ റഷ്യൻ പൗരന്മാർ ചില വെബ് സേവനങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താനും ഉദ്ദേശമുണ്ട്. ചൈനയ്ക്കും മുൻപെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ചരിത്രവും റഷ്യക്കുണ്ട്- 2006ൽ ലിങ്ക്ട്ഇൻ, ടെലിഗ്രാം തുടങ്ങിയവ ആക്സസ് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുതിയ നടപടിക്രമങ്ങൾ വഴി ഇന്റർനെറ്റ് നീക്കങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കാനും അവർക്ക് ഉദ്ദേശമുണ്ട്. തങ്ങളുടെ നയങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ച പ്രധാനപ്പെട്ട 9 വിപിഎൻ സേവനദാതാക്കളെ 2019 ജൂണിൽ റഷ്യ ഭീഷണിപ്പെടുത്തിയിരുന്നു. സൈബർ സ്വാതന്ത്ര്യം എന്ന ആശയമുയർത്തുന്ന ലോകത്തെ വിവിധ സ്വേച്ഛാതിപധ്യ സ്വഭാവമുള്ള സർക്കാരുകൾ റഷ്യയുടെ പാത തിരഞ്ഞെടുത്താൽ അദ്ഭുതപ്പെടേണ്ടെന്ന മുന്നറിയിപ്പു നൽകുന്നവരും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP