Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമാനം വാനോളമുയർത്തി ഐഎസ്ആർഒ; പിഎസ്എൽവിയുടെ അമ്പതാമത് വിക്ഷേപണവും വിജയകരം; അമ്പതാം ദൗത്യത്തിൽ ലക്ഷ്യത്തിലെത്തിച്ചത് ഭൗമ നിരീക്ഷണ ചാരഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1

അഭിമാനം വാനോളമുയർത്തി ഐഎസ്ആർഒ; പിഎസ്എൽവിയുടെ അമ്പതാമത് വിക്ഷേപണവും വിജയകരം; അമ്പതാം ദൗത്യത്തിൽ ലക്ഷ്യത്തിലെത്തിച്ചത് ഭൗമ നിരീക്ഷണ ചാരഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ചരിത്രക്കുതിപ്പ് നടത്തി ഐഎസ്ആർഒയും പിഎസ്എൽവിയും. പിഎസ്എൽവിയുടെ അമ്പതാമത് വിക്ഷേപണവും വിജയകരമായി. രാജ്യത്തിന്റെ ഭൗമ നിരീക്ഷണ ചാരഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1 ആണ് അൻപതാം ദൗത്യത്തിൽ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ലക്ഷ്യത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 3.25 നാണ് പിഎസ്എൽവി 48 കുതിച്ചുയർന്നത്. പിഎസ്എൽവിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എൽ റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം.

കണക്ക് കൂട്ടലുകൾ അണുവിട മാറാതെയാണ് അത്യാധുനിക റഡാർ ഇമേജിങ് ഉപഗ്രഹമായ റിസാറ്റ് 2ബിആർ1നെയും വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കപ്പെട്ട 9 വിദേശ ഉപഗ്രങ്ങളെയും പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. ജപ്പാനിൽ നിന്നുള്ള റഡാർ ഇമേജിങ് ഉപഗ്രഹമായ ക്യുപിഎസ് എസ്എആർ, ഇറ്റലിയിൽ നിന്നുള്ള ടൈവാക്ക് 0092, അമേരിക്കയിൽ നിന്നുള്ള ടൈവാക് 0129, ഹോപ്‌സാറ്റ്, നാല് ലിമുർ ഉപഗ്രഹങ്ങൾ, ഇസ്രയേലിലെ സ്‌കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച ഡുചിഫാറ്റ് 3, എന്നിവയാണ് ഇന്ന് പിഎസ്എൽവി സി 48 ദൗത്യ വിജയകരമായി വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിച്ച ഉപഗ്രങ്ങൾ.

സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (എസ്ഡിഎസ്സി) നിന്നുള്ള 75-ാമത്തെ വിക്ഷേപണ ദൗത്യമായിരുന്നു ബുധനാഴ്ചത്തേത്. റോക്കറ്റ് ഉയർന്ന് 16 മിനിറ്റിനുള്ളിൽ റിസാറ്റ് -2 ബിആർ 1 വിന്യസിക്കപ്പെട്ടു. ഒരു മിനിറ്റിന് ശേഷം ഒൻപത് ഉപഭോക്തൃ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് പുറന്തള്ളി. ഉപഭോക്തൃ ഉപഗ്രഹങ്ങളിൽ അവസാനത്തേത് ഭ്രമണപഥത്തിലെത്തിച്ചതോടെ ഏകദേശം 21 മിനിറ്റിനുള്ളിൽ മുൻനിശ്ചയിച്ച പ്രകാരം വിക്ഷേപണ ദൗത്യം പൂർത്തിയായി.

ഇന്നത്തെ വിക്ഷേപണത്തോട് കൂടി പിഎസ്എൽവി വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായി ബഹിരാകാശത്തെത്തിച്ച വിദേശ ഉപഗ്രങ്ങളുടെ എണ്ണം 319 ആയി ഉയർന്നു. 20 രാജ്യങ്ങളിൽ നിന്നുള്ള എഴുപത് വ്യത്യസ്ത ഇടപാടുകാരുടെ ഉപഗ്രങ്ങളാണ് 1994നും 2019നും ഇടയിൽ പിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.

ജയപരാജയങ്ങളുടെയും വിക്ഷേപിച്ച ഉപഗ്രങ്ങളുടെയും ചെലവിന്റെയുമെല്ലാം കണക്കെടുപ്പിൽ ലോകത്തെ ഏത് വിക്ഷേപണ വാഹനത്തെയും തോൽപ്പിക്കാൻ പോന്ന പോരാളിയാണ് ഐഎസ്ആർഒയുടെ സ്വന്തം പിഎസ്എൽവി. 26 വർഷങ്ങൾക്കിടയിൽ ഐഎസ്ആർഒ, പിഎസ്എൽവി ഉപയോഗിച്ച് നടത്തിയ 50 ദൗത്യങ്ങൾ അതിൽ 46 എണ്ണവും നൂറ് ശതമാനം വിജയമായിരുന്നു. പരാജയം രുചിച്ചത് രണ്ട് വട്ടം മാത്രം. 1997ലെ പിഎസ്എൽവി സി 1ദൗത്യത്തെ ഭാഗിക പരാജയമായാണ് കണക്കാക്കുന്നത്. ഐആർഎസ് 1ഡി ഉപഗ്രഹവുമായി കുതിച്ച പിഎസ്എൽവിയുടെ നാലാം ദൗത്യം ഇന്ധന ചോർച്ചയെ തുടർന്ന് പ്രതീക്ഷിച്ചതിലും താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ സ്ഥാപിച്ചത്. എന്നാൽ ഉപഗ്രഹം ദൗത്യ കാലാവധി പൂർത്തിയാക്കിയതിനാൽ ദൗത്യം പരാജയമായല്ല വിലയിരുത്തപ്പെടുന്നത്.

1994നും 2019നും ഇടയിൽ 55ലധികം ഇന്ത്യൻ ഉപഗ്രഹങ്ങളും, 20 രാജ്യങ്ങളിൽ നിന്നുള്ള എഴുപത് വ്യത്യസ്ത ഇടപാടുകാരുടെ 310 ഉപഗ്രഹങ്ങളും പിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഒരു പിഎസ്എൽവി വിക്ഷേപണത്തിന് ചെലവാകുന്ന ശരാശരി തുക 200 കോടി രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP