Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിലേക്ക് പ്രിന്റർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിലേക്ക് പ്രിന്റർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുജിത് കുമാർ

അഞ്ചു രൂപയുടെ പ്രിന്റൗട്ട് എടുക്കാൻ പത്തുരൂപയുടെ പെട്രോൾ ചെലവാക്കേണ്ട സ്ഥിതികൊണ്ടും സമയ നഷ്ടം ഒഴിവാക്കാനുമൊക്കെയായാണ് മിക്കവരും വീട്ടിൽ തന്നെ പ്രിന്ററുകൾ വാങ്ങി വയ്ക്കുന്നത്. 1500 രൂപ മുതൽ മുകളീലേക്ക് പ്രിന്ററുകൾ വിപണിയിൽ സുലഭമാണെന്നതിനാൽ ഒരു ആഡംബര വസ്തുവായി കണക്കാക്കാനുമാകില്ല. വീടുകളിൽ സ്വകാര്യാവശ്യങ്ങൾക്കായി പ്രിന്ററുകൾ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമെന്ന് നോക്കാം. പ്രധാനമായും മൂന്നു തരത്തിലുള്ള പ്രിന്ററുകളാണല്ലോ വിപണിയിലുള്ളത് 1. ഡോട് മാട്രിക്‌സ് പ്രിന്ററുകൾ , 2 ഇൻക് ജെറ്റ് പ്രിന്ററുകള് 3. ലേസർ പ്രിന്ററുൾ (കളർ , മോണോക്രോം). ഇതിൽ ഡോട് മാട്രിക്‌സ് പ്രിന്ററുകൾ ഗാർഹിക ആവശ്യങ്ങൾക്ക് ഒട്ടും തന്നെ അനുയോജ്യമല്ലാത്തതിനാൽ അതിനെ വിടാം. അടുത്തത് ഇൻക് ജെറ്റും ലേസറും ആണ്. ഒരു പ്രിന്റർ വാങ്ങുക എളുപ്പമാണ് പക്ഷേ അത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാന വെല്ലുവിളി.

== ഇങ്ക് ജെറ്റ് പ്രിന്ററുകൾ===

വില കുറവായതിനാലും കളർ പ്രിന്റ് എടുക്കാമെന്നതിനാലും ശരാശരി ഗാർഹിക ഉപയോഗങ്ങൾക്ക് മതിയാകുമെന്നതിനാലും ഇങ്ക് ജെറ്റ് പ്രിന്ററുകൾ ആണ് പൊതുവേ ഈ വിഭാഗത്തിൽ കൂടുതൽ ആളുകളും വാങ്ങാൻ താല്പര്യപ്പെടുന്നത്. ഇൻക് ജെറ്റ് പ്രിന്ററുകൾ തന്നെ കാട്രിഡ്ജ് മാറ്റി ഉപയോഗിക്കുന്നതും മഷി എളുപ്പത്തിൽ നിറയ്ക്കാൻ കഴിയുന്ന ഇൻക് ടാങ്ക് പ്രിന്ററുകളും നിലവിലുണ്ട്. ഇങ്ക് ജെറ്റ് പ്രിന്ററുകളുടെ വില വളരെ കുറവാണെങ്കിലും പല ന്യൂനതകളും അതിനുണ്ട്. അതിൽ പ്രധാനം അധികകാലം ഉപയോഗിക്കാതെ വച്ചിരുന്നാൽ മഷി ഉണങ്ങിപ്പോവുകയും നോസിലിൽ മഷി കട്ടപിടീക്കുന്നതുമാണ്. വേനൽക്കാലങ്ങളിൽ ഈ പ്രശ്‌നം കൂടുതലായി കാണുന്നു. അതിനാൽ ഇടയ്ക്കിടെ ഉപയോഗിച്ചില്ലെങ്കിൽ കാട്രിഡ്ജ് ഉപയോഗ ശൂന്ന്യമായി പോകും. അടുത്ത പ്രശ്‌നം വേഗതയാണ് - വളരെ പതുക്കെ മാത്രമേ സാധാരണ ഇൻക് ജറ്റ് പ്രിന്ററുകൾ പ്രിന്റ് ചെയ്യൂ. അതിനാൽ കൂടുതൽ പേജുകൾ ഒരുമിച്ച് പ്രിന്റ് ചെയ്‌തെടുക്കുമ്പോൾ വലിയ സമയ നഷ്ടം ഉണ്ടാകുന്നു. മറ്റൊരു പ്രശ്‌നം ഒറിജിനൽ കാട്രിജിന്റെ വിലയാണ്. കാട്രിഡ്ജുകൾ സ്വന്തമായി റീഫിൽ ചെയ്യാമെങ്കിലും കൈ വൃത്തികേടാകുന്ന പണിയണ്. ആവശ്യമുള്ള നിറങ്ങൾ സിറിഞ്ചിൽ നിറച്ച് കാട്രിഡ്ജുകളിൽ കുത്തിവയ്ക്കുന്ന രീതിയാണല്ലോ പൊതുവേ തുടർന്ന് പോരുന്നത്. ഇപ്പോൾ സിറിഞ്ച് ഇല്ലാതെ തന്നെ നേരിട്ട് കുപ്പിയിൽ നിന്നും റീഫിൽ ചെയ്യാൻ കഴിയുന്ന റീഫില്ലബിൾ കാട്രിഡ്ജുകൾ ഉപയോഗിക്കാൻ കഴിയുന്നു. പ്രമുഖ കമ്പനികളുടെ പുതിയ ഇങ്ക് ജെറ്റ് പ്രിന്ററുകളിൽ സിറിഞ്ചുകളുടെ സഹായമില്ലാതെ തന്നെ മഷി നിറച്ച് ഉപയോഗിക്കാൻ കഴിയുന്ന റീഫില്ലബിൾ കാട്രിഡ്ജുകൾ യഥേഷ്ടം ലഭ്യമാണ്. ഇതിന്റെ അടപ്പ് തുറന്ന് നിറച്ചാൽ മാത്രം മതി ( ഒരു ഉദാഹരണം goo.gl/Zo7Aio

=ഇൻക് ടാങ്ക് പ്രിന്ററുകൾ =

ഇൻക് ജെറ്റ് പ്രിന്ററുകളിലെത്തന്നെ ഒരു വിഭാഗമാണ് ഇൻക് ടാങ്ക് പ്രിന്ററുകൾ. ഇതും സാധാരണ ഇങ്ക് ജെറ്റ് പ്രിന്ററുകളും തമ്മിൽ മഷി തുടർച്ചയായി കാട്രിഡ്ജിലേക്ക് നൽകാനുള്ള പൈപ്പുകളും മഷി നിറയ്ക്കാൻ പ്രിന്ററിനു പുറത്ത് ഘടിപ്പിച്ചിട്ടുള്ള ടാങ്കുകളും അല്ലാതെ യാതൊരു വിധ വ്യത്യാസങ്ങളും ഇല്ല. ഇങ്ക് ജെറ്റ് പ്രിന്ററുകൾക്കുള്ള ദോഷങ്ങൾ എല്ലാം ഈ പ്രിന്ററുകൾക്കും ഉണ്ട്. അതായത് തുടർച്ചയായി കുറേ ദിവസങ്ങൾ ഉപയോഗിക്കാതിരുന്നാൽ ഇതിന്റെ നോസിലിലും മഷി കട്ടപിടിച്ച് ഉപയോഗ ശൂന്യമാകും. സ്ഥിരമായ ഉപയോഗവും കൂടുതൽ കോപ്പികൾ പ്രിന്റ് ചെയ്യുവാനുമുണ്ടെങ്കിൽ - പ്രിന്റ് ചെയ്യുവാനെടുക്കുന്ന സമയ ദൈർഘ്യം കാര്യമാക്കുന്നില്ലെങ്കിൽ - കളർ ലേസർ പ്രിന്ററുകളുടെ വില താങ്ങാനാകില്ലെങ്കിൽ ഇത്തരം പ്രിന്ററുകൾ ഒരു നല്ല ചോയ്‌സ് ആണ്.

=ഇൻക് ടാങ്ക് പ്രിന്റർ കൺവെർഷൻ കിറ്റുകൾ=

സാധാരണ ഇങ്ക് ജെറ്റ് പ്രിന്ററുകളെ ഇങ്ക് ടാങ്ക് പ്രിന്ററുകൾ ആക്കി മാറ്റുക എന്നത് അത്ര വിഷമമുള്ള കാര്യമല്ല. ഇതിനായി CISS (Continous Ink Supply System) കൺവെർഷൻ കിറ്റുകൾ വിപണീയിൽ ലഭ്യമാണ്. ഒട്ടു മിക്ക ഇങ്ക് ജെറ്റ് പ്രിന്ററുകളേയും എളുപ്പത്തിൽ ഇവ ഉപയോഗിച്ച് ഇങ്ക് ടാങ്ക് പ്രിന്ററുകൾ ആക്കി മാറ്റാൻ കഴിയും. അത്തരം ഒരു കിറ്റിന് ഉദാഹരണം https://goo.gl/ti2HuL . ഇത്തരം കൺവെർഷൻ കിറ്റുകൾ ഉപയോഗിക്കുമ്പോൾ പുതിയ ഇങ്ക് കാട്രിഡ്ജുകളിൽ അവ ഉപയോഗിക്കുന്നത് കൂടുതൽ നന്നായിരിക്കും. എങ്ങിനെയാണിത് ഇൻസ്റ്റാൾ ചെയ്യുന്നതെന്ന് വിശദീകരിക്കുന്ന ധാരാളം യൂടൂബ് വീഡിയോകളും ലഭ്യമാണ്.

ഇത്തരത്തിൽ റീഫിൽ ചെയ്ത് ഉപയോഗിക്കുന്ന ഇങ്ക് ജെറ്റ് കാട്രിജുകളുടെയും ആയുസ്സ് അനന്തമായിരിക്കുകയൊന്നുമില്ല. കുറേ നാളുകളുടെ ഉപയോഗത്താൽ ഇവ പുനരുപയോഗത്തിന് പറ്റാതാവുകയും പുതിയത് വാങ്ങേണ്ടി വരികയും ചെയ്യുന്നു.

=== ലേസർ പ്രിന്ററുകൾ ==

ലേസർ പ്രിന്ററുകൾ തന്നെ രണ്ട് തരം ഉണ്ട്. - മോണോക്രോം പ്രിന്ററുകളും കളർ പ്രിന്ററുകളും. വളരെ വേഗത്തിൽ കൂടുതൽ പ്രിന്റുകൾ എടുക്കാൻ കഴിയുന്നതാണെങ്കിലും ഇവയുടെ വില ഇങ്ക് ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച് വളരെ കൂടുതൽ ആണ്. മോണോക്രോം പ്രിന്ററുകളുടെ വില തന്നെ പ്രീമിയം ഇങ്ക് ജെറ്റ് കളർ പ്രിന്ററുകളേക്കാൾ വളരെ കൂടുതൽ ആയതിനാൽ കളർ ലേസർ പ്രിന്ററുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. ലേസർ പ്രിന്റർ കാട്രിഡ്ജുകൾ (ടോണറുകൾ എന്ന പേരിൽ അറിയപ്പെടുന്നു) റീഫിൽ ചെയ്ത് ഉപയോഗിക്കാവുന്നവയാണ്. ടോണറുകൾ മുഴുവനായും അഴിച്ചും ടാങ്കിൽ തുളയിട്ടും ഒക്കെ പല തരത്തിൽ റീഫിൽ ചെയ്യാറുണ്ടെങ്കിലും ഇങ്ക് ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച് അല്പം കൂടീ ശ്രദ്ധ ആവശ്യമായ ഒന്നായതിനാൽ പൊതുവേ പ്രൊഫഷണൽ റീഫിൽ സേവനങ്ങളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ഇവിടെയും തുടർച്ചയായ ഉപയോഗം കാട്രിഡ്ജ് ഡ്രമ്മിനെയും മറ്റ് യാന്ത്രിക ഭാഗങ്ങളെയും തകരാറിലാക്കുന്നതിനാൽ ഇവയും അനന്തമായി റീഫിൽ ചെയ്ത് ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിക്കരുത്.

കളർ ലേസർ പ്രിന്ററുകളുടെ വലിയ വിലയും പ്രീമിയം ഇങ്ക് ജെറ്റ് പ്രിന്ററുകളെ അപേക്ഷിച്ച് പ്രിന്റിൽ ഉള്ള ഗുണനിലവാരക്കുറവും പൊതുവേ ഗാർഹിക ഉപയോഗങ്ങളിൽ നിന്നും ഇവയെ അകറ്റി നിർത്തുന്നു. എങ്കിലും ധാരാളം കളർ പ്രിന്റുകൾ ചുരുങ്ങിയ സമയം കൊണ്ട് ഇടയ്ക്കിടെ എടുക്കേണ്ട ആവശ്യമുള്ളവർക്ക് കളർ ലേസർ പ്രിന്ററുകൾ പരിഗണിക്കാവുന്നതാണ്.

ലേസർ പ്രിന്ററുകളുടെ പ്രധാന ഗുണം ഉപയോഗിക്കാതെ വച്ചിരുന്നാലും മഷി കട്ടപിടിക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങൾ ഇല്ല എന്നതാണ്. അതിനാൽ വല്ലപ്പോഴും മാത്രം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവർക്ക് ലേസർ പ്രിന്ററുകൾ കൂടുതൽ അനുയോജ്യമാണ്.

=== മൾട്ടീ ഫംഗ്ഷൻ പ്രിന്ററുകൾ ===

പ്രിന്റർ - സ്‌കാനർ - കോപ്പിയർ എന്നീ മൂന്നു ഫീച്ചറുകൾ ഒരേ മെഷീനിൽ ഉൾക്കൊള്ളിച്ച ലേസർ പ്രിന്ററുകളും ഇങ്ക് ജെറ്റ് പ്രിന്ററുകളും ഈ വിഭാഗത്തിൽ ലഭ്യമാണ്. കമ്പ്യൂട്ടറിന്റെ സഹായമില്ലാതെ തന്നെ പകർപ്പെടുക്കാൻ സഹായിക്കുന്നത് ആയതിനാൽ അത്തരം ആവശ്യങ്ങൾ കൂടുതലായി ഉള്ളവർക്ക് ഇതിൽ പണം മുടക്കുന്നതിനെക്കുറീച്ച് ആലോചിക്കാം . കാം സ്‌കാനർ പോലെയുള്ള മൊബൈൽ സ്‌കാനിങ് അപ്ലിക്കേഷനുകൾ ഉള്ള ഇക്കാലത്ത് വല്ലപ്പോഴും ഒരു പകർപ്പെടുക്കാനായി മാത്രം വിലയിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ ഇത്തരം പ്രിന്ററുകൾ വാങ്ങുന്നത് ബുദ്ധിയല്ല.

== കണക്റ്റിവിറ്റി ഒപ്ഷനുകൾ ==

പ്രധാനമായും യു എസ് ബി വഴി ആണ് പ്രിന്ററുകൾ കമ്പ്യൂട്ടറുകളുമായി കണക്റ്റ് ചെയ്യുന്നത്. ഇതിനായി ആവശ്യമായ യു എസ് ബി ഡ്രൈവറുകളും കമ്പനികൾ നൽകുന്നു. പ്രിന്റർ വാങ്ങുന്നതിനു മുൻപ് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം അത് സപ്പോർട്ട് ചെയ്യുന്നതാണോ - അതിനാവശ്യമായ ഡ്രൈവറുകൾ ലഭ്യമാണോ എന്ന് തീർച്ചയായും പരിശോധിക്കണം . പല പ്രിന്ററുകളും ഉബുണ്ടു പോലെയുള്ള ലിനക്‌സ് പതിപ്പുകൾക്ക് ആവശ്യമായ ഡ്രൈവറുകൾ നൽകുന്നില്ല. നെറ്റ് വർക്ക് കണക്റ്റിവിറ്റി ഉള്ള പ്രിന്ററുകൾ ആണെങ്കിൽ ഒന്നിലധികം കമ്പ്യൂട്ടറുകളിൽ ഒരേ പ്രിന്റർ തന്നെ പ്രത്യേകിച്ച് ഒരു കമ്പ്യൂട്ടറുമായി മാത്രം ബന്ധിപ്പിക്കാതെ നേരിട്ട് ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കുന്നു.
പ്രിന്റർ കണക്റ്റിവിറ്റി ഒപ്ഷനുകളിൽ ഏറ്റവും കൂടുതലായി ഇപ്പോൾ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് വൈഫൈ. വൈഫൈ ഒപ്ഷൻ ഉണ്ടെങ്കിൽ അല്പം വില കൂടുതൽ ആണെങ്കിലും അത്തരം പ്രിന്ററുകൾ വാങ്ങുന്നത് കൂടുതൽ നന്നായിരിക്കും. മൊബൈൽ ഫോണുകൾ ഉൾപ്പെടെ വൈഫൈ നെറ്റ് വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടർ ഉപകരണങ്ങളിൽ നിന്നൊക്കെ നേരിട്ട് പ്രിന്റ് ചെയ്യാൻ കഴിയും എന്നതിനാൽ ഇക്കാലത്ത് ഈ ഫീച്ചർ ഒഴിച്ച് കൂടാനാവാത്തതാണ്.

സാങ്കേതികമായുള്ള പരിമിതികളാൽ ഒരു തരത്തിലുള്ള പ്രിന്ററുകൾ മാത്രം എല്ലാ ഉപയോഗങ്ങൾക്കും മതിയാവാത്ത സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ തരം പ്രിന്ററുകളും ഉപയോഗിക്കുന്നതിൽ തെറ്റില്ല. അതായത് വല്ലപ്പോഴും വളരെ കൂടുതൽ പ്രിന്റൗട്ടുകൾ വേഗത്തിൽ എടുക്കേണ്ടതും എന്നാൽ ഇടയ്ക്ക് കളർ പ്രിന്റുകൾ ആവശ്യവുമായ ഒരു ഉപയോഗക്രമം ആണെങ്കിൽ ഒരു ബഡ്ജറ്റ് റേഞ്ച് ഇങ്ക് ജെറ്റ് പ്രിന്ററും മോണോക്രോം ലേസർ പ്രിന്ററും നല്ലൊരു ജോഡി ആയിരിക്കും. ഞാൻ അത്തരം ഒരു കോമ്പിനേഷൻ ആണ് ഉപയോഗിക്കുന്നത്. കാറും ബൈക്കും സൈക്കിളും എല്ലാം ഒന്ന് ഒന്നിനു പകരമാവില്ലല്ലോ.

നിങ്ങൾ ഉപയോഗിക്കുന്ന പ്രിന്ററുകളും ഉപയോഗക്രമവും കമന്റ് പെട്ടിയിൽ പരിചയപ്പെടുത്തിയാൽ മറ്റുള്ളവർക്കും അവ ഉപകാരപ്രദമാകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP