Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

രണ്ടു പതിറ്റാണ്ട് കൂടി കഴിഞ്ഞാൽ നമ്മുടെ അടുക്കളകൾ എങ്ങനെ ആയിരിക്കും? ഓക്സിജൻ ലഭിക്കാതെ ഭൂമുഖത്ത് നിന്നും ജീവൻ മുഴുവൻ തുടച്ചു നീക്കപ്പെടുന്ന കാലം വരും; രണ്ടു അന്വേഷണ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ

രണ്ടു പതിറ്റാണ്ട് കൂടി കഴിഞ്ഞാൽ നമ്മുടെ അടുക്കളകൾ എങ്ങനെ ആയിരിക്കും? ഓക്സിജൻ ലഭിക്കാതെ ഭൂമുഖത്ത് നിന്നും ജീവൻ മുഴുവൻ തുടച്ചു നീക്കപ്പെടുന്ന കാലം വരും; രണ്ടു അന്വേഷണ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ

മറുനാടൻ ഡെസ്‌ക്‌

ഭാവിയേ കുറിച്ച് മനുഷ്യൻ എന്നും ആശങ്കപ്പെടുന്നുണ്ട്. ഇത്തരം ആശങ്കകളാണ് പ്രവചനങ്ങളിലേക്കും ജോതിഷത്തിലേക്കും എല്ലാം മനുഷ്യരെ ആകൃഷ്ടരാക്കുന്നത്. ഇന്നത്തെ ലോകത്തിൽ മാത്രം ജീവിക്കുക എന്ന തത്വശാസ്ത്ര വാചകങ്ങൾ തട്ടിവിടുമ്പോഴും അവനെ അലട്ടുന്നത് ഭാവിയെ കുറിച്ചുള്ള ചിന്തകളാണ്. എക്കാലവും അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന ഒന്നാണ് മനുഷ്യ ജീവിതം. അതുകൊണ്ട് തന്നെ ഭാവിയെക്കുറിച്ച് അവൻ വ്യാകുലനുമാണ്. അതീന്ദ്രിയ ശക്തികളേയും ജ്യോതിഷം പോലുള്ളവയേയും ഒക്കെ മനുഷ്യർ ഭാവിയെക്കുറിച്ചറിയുവാൻ ആശ്രയിക്കുന്നതുപോലെ, പല ശാസ്ത്രജ്ഞരും പലപ്പോഴായി ശാസ്ത്രീയ വിശകലനങ്ങളിലൂടെ ഭാവിയെക്കുറിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്. അത്തരത്തിലുള്ള രണ്ട് പഠന റിപ്പോർട്ടുകളാണ് ഇവിടെ

മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറത്തെ ഒരു അടുക്കള

ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിക്കുന്നതിനനുസരിച്ച് മനുഷ്യന്റെ ജീവിത സാഹചര്യങ്ങളും കൂടുതൽ മെച്ചപ്പെടും. നിർമ്മിത ബുദ്ധി പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഇതുവരെ നാം സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാക്കിയ സാഹചര്യത്തിൽ, ഒരു വീട്ടിലെ ഏറ്റവും പ്രധാന ഇടമായ അടുക്കളുടെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കുകയാണ് ഈ രംഗത്തെ വിദഗ്ദർ. വൈദ്യൂതി ഉദ്പാദിപ്പിക്കുന്ന ചവറ്റുകൊട്ടകൾ മുതൽ കൈയടിച്ചാൽ തുറക്കുന്ന ഷെൽഫുകൾ വര ആധുനിക അടുക്കളയുടെ ചിത്രം വരച്ചുകാട്ടുകയാണവർ.

പ്രശസ്ത ജർമ്മൻ അടുക്കള ഉപകരണനിർമ്മാതാക്കളായ കച്ചൻഹൗസ് ആണ്20 വർഷങ്ങൾക്കപ്പുറം ഇന്നത്തെ അടുക്കളയിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഉപകരണങ്ങൾ സഹിതമുള്ള ഒരു അടുക്കളയുടെ രേഖാ ചിത്രം പുറത്തുവിട്ടത്. ലോക്ക്ഡൗൺ കാലത്ത് പതിവിലേറെ സമയം വീടുകളിൽ ചെലവഴിക്കേണ്ടി വന്നതിനാൽ അഞ്ചിൽ ഒരു ബ്രിട്ടീഷുകാരൻ തന്റെ അടുക്കള നവീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന സർവ്വേഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് കച്ചൻഹൗസ് ഈ രേഖാ ചിത്രവുമായി എത്തിയത്.

ഒരു അടുക്കള നവീകരിക്കുമ്പോൾ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും നൽകിയത് ജോലികൾ കൂടുതൽ എളുപ്പമാക്കുക എന്ന ഉത്തരമായിരുന്നു. ഇന്നത്തെ സാങ്കേതിക വിദ്യയിലെ പുരോഗതിയുടെ അടിസ്ഥാനത്തിൽ, പരസ്പരം ആശയവിനിമയം നടത്താവുന്ന സ്മാർട്ട് ഉപകരണങ്ങളുടെ ആവിർഭാവം സമീപകാലത്തു തന്നെ സാധ്യമാവും എന്നാണ് കച്ചൻഹൗസ് ഫ്രാഞ്ചൈസി ഉടമയായ ക്രിസ് സ്മിത്ത് പറയുന്നത്. ഇത് മനുഷ്യൻ അടുക്കളയിൽ ചെലവിടുന്ന സമയം കാര്യമായി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

കച്ചൻഹൗസിന്റെ രൂപരേഖ അടുക്കളയിൽ ആർക്കും ജോലി എളുപ്പമാക്കുന്നതും പ്രകാശപൂരിതമായതുമാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങൾ അടങ്ങിയ ഒരു ദ്വീപ് എന്ന് ഈ അടുക്കളയെ വിശേഷിപ്പിക്കാം. അവയിൽ ചിലത് ഇനി പറയുന്നവയാണ്.

ഏയർ പ്യുരിഫയർ: ഇത് ആധുനിക സെനസറുകൾ ഉപയോഗിച്ച് അടുക്കളയിലെ വായുവിന്റെ ഗുണമേന്മ പരിശോധിക്കുകയും ആവശ്യമെങ്കിൽ അതിനെ ശുദ്ധീകരിക്കുകയും ചെയ്യും.

ഹോം ഹബ് യൂണിറ്റ്: ഇതായിരിക്കും ആധുനിക അടുക്കളയുടെ ഹൃദയഭാഗം. അടുക്കളയിലെ മുഴുവൻ ഉപകരണങ്ങളേയും സിസ്റ്റങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഇതിലൂടെയാണ്. ഇത് ഉപയോഗിച്ച്, അടുക്കളയിലെ ഉപകരണങ്ങളെ മാത്രമല്ല, വീട്ടിലെ എല്ലാ മുറികളിലുമുള്ള ഉപകരണങ്ങളേയും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും. ഇന്റർനെറ്റ് ആക്സസ്, ഫോൺ അപ്ഡേറ്റ്സ് എന്നിവയും ലഭ്യമാക്കും.

വോയ്സ് കൺട്രോൾഡ് മൂഡ് ലൈറ്റിങ്: ഇത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള എൽ ഇ ഡി ലൈറ്റിങ് സംവിധാനമാണ്. സമയം, മറ്റ് പല സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ച് ഏതൊരു മുറിയിലേയും പ്രകാശ തീവ്രതയിൽ മാറ്റം വരുത്താൻ ഇതിനാകും.
വെർച്വൽ കിച്ചൻ അസിസ്റ്റന്റ്: അടുക്കളയിലെ ഉപകരണങ്ങളെയൊക്കെ കൂടുതൽ ഉയർന്ന തലത്തിൽ ഏകോപിപ്പിക്കുവാൻ ഇതിനാകും. സ്മാർട്ട് സ്പീക്കറുകളുമായി ഏകോപിപ്പിക്കപ്പെടുമ്പോൾ ആവശ്യമായ നിർദ്ദേശങ്ങളും മറ്റും നൽകാനും ഇതിനാവും.
ഫുഡ് വേയ്സ്റ്റ് പവേർഡ് ജനറേറ്റർ: വീടുകളിൽ അധികം വരുന്ന ഭക്ഷണവും അതുപോലെ പാചകത്തിന്റെ ഭാഗമായി വരുന്ന അവശിഷ്ടങ്ങളും മറ്റ് അടുക്കള മാലിന്യങ്ങളും ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ വൈദ്യൂതി ഇത് ഉദ്പാദിപ്പിക്കും.
സ്മാർട്ട് ഫ്രിഡ്ജ്: ഇത് ഇപ്പോൾ തന്നെ സാധാരണമാകാൻ തുടങ്ങിയിട്ടുണ്ട്. അകത്തു വച്ചിരിക്കുന്ന സാധനങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് ആവശ്യമായ താപനില സ്വയം ക്രമീകരിക്കാൻ കഴിവുള്ളവയാണ് ഈ ഫ്രിഡ്ജുകൾ. മാത്രമല്ല, ഒരു ബാർകോഡ് സിസ്റ്റത്തിന്റെ സഹായത്തോടെ എ വസ്തുക്കൾ കാലപ്പഴക്കം വരുന്ന തീയതി തുടങ്ങിയ വിശദാംശങ്ങളും ഇതിന് അറിയിക്കാൻ കഴിയും.

ഇതിനു പുറമേ സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, ഡിഷ് വാഷുകൾ സൗരോർജ്ജം ഉപയോഗിച്ചുള്ള പ്രകാശ സംവിധാനം തുടങ്ങിയവയും ആധുനിക അടുക്കളയുടെ ഭാഗമായിരിക്കും. മാത്രമല്ല, കാലാവസ്ഥ, വെളിയിലെ വെളിച്ചത്തിന്റെ സാന്ദ്രത, തുടങ്ങിയവയ്ക്കൊപ്പം അടുക്കള കൂടുതൽ സുഖപ്രദമാക്കാനുള്ള വിദ്യകൾ തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ഓട്ടോ ആക്ടീവ് ബ്ലൈൻഡുകളും ഈ അടുക്കളയുടെ ഭാഗമാണ്.

ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ അവസാനിക്കാൻ ഇനി ഒരു ബില്ല്യൺ വർഷങ്ങൾ

ഒരു ഭാഗത്ത് സാങ്കേതിക വിദ്യയിലെ വളർച്ച മനുഷ്യ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുമെന്ന് ആലോചിക്കുമ്പോൾ തന്നെ എന്നും മുന്നിൽ ഭീതിയുണർത്തുന്ന ജീവിതാവസാനവും മനുഷ്യന്റെ ഉള്ളിൽ ഒരു ചിന്തയായി അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഭൂമിയിലെ ജീവന്റെ തുടിപ്പിനെ കുറിച്ച് ശാസ്ത്രജ്ഞന്മാർ തുടർച്ചയായ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു പഠന ത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓക്സിജന്റെ അളവിൽ കാര്യമായ കുറവുണ്ടാകുന്നതിനാൽ ഒരു ബില്ല്യൺ വർഷങ്ങൾക്ക് ശേഷം ഭൂമിയിലെ ഭൂരിഭാഗം ജീവികളും മരണമടയും എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

ജീവശാസ്ത്രപരവും കാലാവസ്ഥാപരവും അതുമോലെ ഭൂവിജ്ഞാന ശാസ്ത്രപരവുമായി ഭൂമിയുടെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ജപ്പാനിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞന്മാർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സൂര്യനിലെ താപനിലയും തിളക്കവും വർദ്ധിക്കുന്നതിനനുസരിച്ച് ഭൗമോപരിതലത്തിലെ താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവും പ്രകാശസംശ്ലേഷണത്തിൽ വരുന്ന കുറവും നിമിത്തമാണ് ഓക്സിജന്റെ അളവിൽ ഇടിവ് സംഭവിക്കുക.

ഒരു ബില്ല്യൺ വർഷങ്ങൾക്ക് ശേഷം ഓക്സിജനൊഴിഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജനവാസയോഗ്യമല്ലാത്ത മീതെയ് സമ്പുഷ്ടമായ അന്തരീക്ഷമായി മാറുമെന്നും ഇവർ പറയുന്നു. അതായത് ജീവന്റെ നാമ്പുകൾ പൊട്ടിമുളയ്ക്കുന്നതിനു മുൻപുള്ള അന്തരീക്ഷത്തിലേക്ക് തിരിച്ചുപോകും. ഇതിനു ശേഷമായിരിക്കും ഇർപ്പമായ ഹരിതഗൃഹ അവസ്ഥയുണ്ടാകുന്നത്. ഇത്തരം അവസ്ഥയിൽ അന്തരീക്ഷത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാൻ ആരംഭിക്കും.

2.4 ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ അന്തരീക്ഷത്തിൽ മീതെയ്ൻ, അമോണിയ, നീരാവി, ഉത്കൃഷ്ടവാതകമായ നിയോൺ എന്നിവയായിരുന്നു സമൃദ്ധമായി ഉണ്ടായിരുന്നത്. സ്വതന്ത്ര ഓക്സിജൻ ഉണ്ടായിരുന്നില്ല. പിന്നീടാണ് മഹാ ഓക്സീകരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രക്രിയ ആരംഭിക്കുന്നത്. കടലിൽ ജീവിച്ചിരുന്ന സൈനോ ബാക്ടീരിയകൾ പ്രകാശസംശ്ലേഷണം വഴി ഓക്സിജൻ വലിയതോതിൽ ഉദ്പാദിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് അന്തരീക്ഷത്തിൽ സ്വതന്ത്ര ഓക്സിജന്റെ സാന്നിദ്ധ്യമുണ്ടായത്.

പിന്നീട് ഏകകോശജീവികളും അതിനുശേഷം ബഹുകോശ ജീവികളുമൊക്കെ ഇവിടെയുണ്ടായി. എന്നാൽ ഇതുവരെ ഉണ്ടായ പരിണാമത്തിന്റെ എതിർദിശയിലേക്കാണ് ഇപ്പോൾ ഭൂമി സഞ്ചരിക്കുന്നത് എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP