Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജൂലൈ 9നും 16നും ഇടയിൽ ചാന്ദ്രയാൻ 2 വിക്ഷേപണം; സെപ്റ്റംബർ ആറിന് ലാൻഡിങ്; നാസയുടെ ഉപകരണത്തേയും ഒപ്പം കൂട്ടും; ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്ത സ്ഥലത്തിറങ്ങാൻ ചാന്ദ്രയാൻ 2; ശ്രീഹരിക്കോട്ടയിലെ വിക്ഷേപണം വിജയകരമാക്കാൻ കരുതലുകളുമായി ശാസ്ത്രജ്ഞർ; ഐഎസ് ആർ ഒ ഒരുങ്ങുന്നത് ശാസ്ത്ര ഗവേഷണ കുതിപ്പിന്

ജൂലൈ 9നും 16നും ഇടയിൽ ചാന്ദ്രയാൻ 2 വിക്ഷേപണം; സെപ്റ്റംബർ ആറിന് ലാൻഡിങ്; നാസയുടെ ഉപകരണത്തേയും ഒപ്പം കൂട്ടും; ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്ത സ്ഥലത്തിറങ്ങാൻ ചാന്ദ്രയാൻ 2; ശ്രീഹരിക്കോട്ടയിലെ വിക്ഷേപണം വിജയകരമാക്കാൻ കരുതലുകളുമായി ശാസ്ത്രജ്ഞർ; ഐഎസ് ആർ ഒ ഒരുങ്ങുന്നത് ശാസ്ത്ര ഗവേഷണ കുതിപ്പിന്

ചെന്നൈ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ജൂലായിൽ വിക്ഷേപിക്കും. ചാന്ദ്രയാൻ 2ന്റെ വിക്ഷേപണം ജൂലൈ ഒൻപതിന് ശേഷം ഉണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ വ്യക്തമാക്കി. ജനുവരിയിൽ ദൗത്യം നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇത് നീണ്ടു പോവുകയായിരുന്നു.

ജൂലൈ 9നും 16നും ഇടയിൽ ചാന്ദ്രയാൻ 2 വിക്ഷേപിക്കുമെന്നാണ് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞത്. ഐഎസ്ആർഒയുടെ നേതൃത്വത്തിൽ നടത്തുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമാണിത്. ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്ത സ്ഥലത്തായിരിക്കും ചാന്ദ്രയാൻ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. 800 കോടി രൂപയാണ് ചാന്ദ്രയാൻ 2ന്റെ പദ്ധതി ചെലവ്. ചന്ദ്രനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിനായി ഒരു റോവറും ഇതിന്റെ ഭാഗമായിട്ട് ഉണ്ടാകും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശനിലയത്തിൽ റിസാറ്റ് 2 ബി വിക്ഷേപണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ ആറിന് ചന്ദ്രനിൽ ഇറങ്ങാൻ കഴിയുന്ന വിധത്തിൽ ജൂലായ് ഒമ്പതിനും 16-നും ഇടയിൽ ചന്ദ്രയാൻ-2 വിക്ഷേപണം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ശ്രീഹരിക്കോട്ടയിൽനിന്നായിരിക്കും വിക്ഷേപണം. ജിഎസ്എൽവി. മാർക്ക് 3 റോക്കറ്റ് ഉപയോഗിച്ചാണ് ദൗത്യം. ജിഎസ്എൽവി.ശ്രേണിയിൽ നൂതനസാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ച റോക്കറ്റാണിത്. ചന്ദ്രയാൻ-2-നുശേഷം കാർട്ടോസാറ്റ്-3 വിക്ഷേപണത്തിനാകും ശ്രമിക്കുക.

ചന്ദ്രയാൻ-2 ദൗത്യത്തിന്റെ വിക്ഷേപണത്തിനുമാത്രം 200 കോടിയും ഉപഗ്രഹനിർമ്മാണത്തിന് 600 കോടിയുമാണ് കണക്കാക്കുന്നത്. ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ, പര്യവേക്ഷണം നടത്തുന്ന റോവർ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ-2. ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവുംസങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 കണക്കാക്കപ്പെടുന്നത്. ചന്ദ്രനിലെ ജലസാന്നിധ്യം, ടൈറ്റാനിയം, കാൽസ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം ഉൾപ്പെടെ നിരവധികാര്യങ്ങൾ കണ്ടെത്തിയത് ചന്ദ്രയാൻ-1 ദൗത്യത്തിലൂടെയായിരുന്നു.

ചന്ദ്രയാൻ-2 ഇതിന്റെ തുടർച്ചയാണ്. 13 ഇന്ത്യൻനിർമ്മിത പേലോഡുകളും അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ഒരു ഉപകരണവും ബഹിരാകാശത്തിലെത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ, ഏതൊക്കെ ഉപകരണങ്ങളുണ്ടാവുമെന്ന് ഐഎസ്ആർഒ പുറത്തുവിട്ടില്ല. 2008 ഒക്ടോബർ 22-നായിരുന്നു ചന്ദ്രയാൻ-1 വിക്ഷേപിച്ചത്. ചന്ദ്രനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിനായി ഒരു റോവറും ചന്ദ്രയാൻ രണ്ടിന്റെ ഭാഗമായിട്ട് ഉണ്ടാകും.

3.8 ടൺ ഭാരമാണ് ചാന്ദ്രയാൻ 2നുള്ളത്. ജൂലൈയിൽ വിക്ഷേപിക്കുന്ന ചാന്ദ്രയാൻ 2 സെപ്റ്റംബർ 6ന് ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണധ്രുവമാണ് ലാൻഡിംഗിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് മൊഡ്യൂളുകളാണ് രണ്ടാം ചാന്ദ്ര ദൗത്യത്തിനുള്ളത്. ഓർബിറ്റർ, വിക്രം എന്ന് പേരിട്ട ലാൻഡർ, പ്രഗ്യാൻ എന്ന് പേരിട്ടിരിക്കുന്ന റോവർ എന്നിവയാണ് ഇത്. ഓർബിറ്ററിന്റെ സഹായത്തോടെ ബഹിരാകാശ വാഹനം ചന്ദ്രനിലെത്തിക്കും. ചന്ദ്രനിൽ ഇറങ്ങുന്നതിന് ലാൻഡർ സഹായിക്കും. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നതിനാണ് റോവർ ഉപയോഗിക്കുന്നത്. പിന്നീട് ഇവ ഭൂമിയിലേക്ക് പഠന വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ സന്ദേശം അയക്കും.

13 ഇന്ത്യൻ പെയ്‌ലോഡ്സുകളെയും ചന്ദ്രയാൻ -2 വഹിക്കുന്നുണ്ട്. വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടിയാണിത്. ഇതിന് പുറമെ നാസയുടെ പാസ്സീവ് എക്സ്പെരിമെന്റൽ ഇൻസ്ട്രമെന്റ് എന്ന ഒരു ഉപകരണവും കൂടി ചന്ദ്രയാൻ 2ൽ വിക്ഷേപിക്കുന്നുണ്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കണക്കുകൂട്ടുന്നതിനാണ് നാസ ഈ മൊഡ്യൂൾ ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP