Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ചൊവ്വയുടെ രഹസ്യം തേടി നാസയുടെ പെർസിവിയറൻസും യു.എ.ഇയുടെ അൽ-അമലും; അടുത്താഴ്ച രണ്ട് ദൗത്യവും നടക്കും; യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യം ജപ്പാന്റെ എച്ച്-2 എ റോക്കറ്റിലൂടെ; നാസയുടെ പെർസിവിയറൻസ് പറക്കുക അറ്റ്ലസ്-വി 541 റോക്കറ്റിലൂടെ; നാസയ്ക്ക് പേര് സമ്മാനിച്ചത് 12 വയസുകാരൻ

ചൊവ്വയുടെ രഹസ്യം തേടി നാസയുടെ പെർസിവിയറൻസും യു.എ.ഇയുടെ അൽ-അമലും; അടുത്താഴ്ച രണ്ട് ദൗത്യവും നടക്കും; യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യം ജപ്പാന്റെ എച്ച്-2 എ റോക്കറ്റിലൂടെ; നാസയുടെ പെർസിവിയറൻസ് പറക്കുക അറ്റ്ലസ്-വി 541 റോക്കറ്റിലൂടെ; നാസയ്ക്ക് പേര് സമ്മാനിച്ചത് 12 വയസുകാരൻ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ചൊവ്വ ദൗത്യത്തിനൊരുങ്ങി നാസയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും. ചൊവ്വയുടെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശാസ്ത്രലോകം രണ്ട് ദൗത്യങ്ങൾക്കാണ് അടുത്തവരാം സാക്ഷ്യം വഹിക്കുന്നത്. നാസയുടെ പെർസിവിയറൻസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ അൽ-അമൽ എന്നീ പേടകങ്ങളാണ് വിക്ഷേപിക്കുന്നത്.

യു.എ.ഇ.യുടേത് 14-നും നാസയുടേത് 17-നുമാണ് ചൊവ്വയിലേക്ക് കുതിക്കുക. യു.എ.ഇ.യുടെ ആദ്യ ചൊവ്വാ ദൗത്യമെന്ന പ്രത്യേകതയും അൽ-അമലിനുണ്ട്. ജപ്പാന്റെ എച്ച്-2 എ എന്ന റോക്കറ്റിലാണ് വിക്ഷേപണം. നാസയുടെ പെർസിവിയറൻസ് വിക്ഷേപിക്കുന്നത് ഫ്‌ളോറിഡയിലെ കേപ് കാനവർ എയർഫോഴ്സ് സ്റ്റേഷനിൽനിന്ന് അറ്റ്ലസ്-വി 541 എന്ന റോക്കറ്റിലാണ്. ഇരു പേടകവും 2021 ഫെബ്രുവരിയിൽ ചൊവ്വായുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

അൽ-അമൽ എന്ന വാക്കിന് അറബിക് ഭാഷയിൽ പ്രതീക്ഷ എന്നാണർഥം. ചൊവ്വയിലെ കാലാവസ്ഥാചക്രത്തെക്കുറിച്ചും പൊടിക്കാറ്റുകളെക്കുറിച്ചുമുള്ള പഠനമാണ് ലക്ഷ്യം. ചൊവ്വാ അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന ഓക്‌സിജനും ഹൈഡ്രജനും ജല ബാഷ്പവും നഷ്ടപ്പെട്ടതിന്റെയും ചൊവ്വയുടെ കാലാവസ്ഥ മാറാനിടയായ സാഹചര്യത്തെക്കുറിച്ചും പഠിക്കും. രണ്ടുവർഷം ഈ ഓർബിറ്റർ ചൊവ്വ ഭ്രമണപഥത്തിലുണ്ടാവും. 55 മണിക്കൂർകൊണ്ട് പേടകം ഒരുതവണ ചൊവ്വയെ പ്രദക്ഷിണം ചെയ്യും.

മാർസ്-2020 എന്നായിരുന്നു ദൗത്യത്തിന്റെ ആദ്യ പേര്. പിന്നീടാണ് പെർസിവിയറൻസ് (സ്ഥിരോത്സാഹം) എന്ന പേരിട്ടത്. സ്‌കൂൾ വിദ്യാർത്ഥിയായ അലക്‌സാണ്ടർ മാത്തർ നിർദ്ദേശിച്ച പേര് നാസ തിരഞ്ഞെടുക്കുകയായിരുന്നു. ആറു ചക്രമുള്ള വലിയൊരു പരീക്ഷണശാലയാണ് പെർസിവിയറൻസ്. ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്ന അന്വേഷണമാണ് പ്രധാന ലക്ഷ്യം. പാറകളും മറ്റും തുരന്ന് സാംപിളുകൾ ശേഖരിക്കാനും ഈ പേടകത്തിനാവും. ചൊവ്വയിൽ ഓക്‌സിജൻ ഉണ്ടാക്കാനുള്ള ഒരു ചെറുപരീക്ഷണവും നടത്തും. ചൊവ്വയിലെ ജെസീറോ ക്രേറ്ററിലാവും പെർസിവിയറൻസ് ഇറങ്ങുക. 687 ചൊവ്വാദിനങ്ങൾ ഇത് പ്രവർത്തനനിരതമായിരിക്കും.

പെർസിവിയറൻസിനൊപ്പം മാർസ് ഹെലികോപ്റ്ററും ഉണ്ട്. ചൊവ്വയിൽ പറക്കാനായി രൂപകല്പന ചെയ്തതാണിത്. ചൊവ്വയിലെ വളരെ നേർത്ത അന്തരീക്ഷത്തിലും പറന്നു പഠനം നടത്താൻ ഇതിനുകഴിയും. ഭൂമിക്കുപുറത്ത് മറ്റൊരു ഗ്രഹത്തിൽ ഇതുവരെ ഒരു യന്ത്രവും പറന്നിട്ടില്ല.

ചൊവ്വാദൗത്യത്തിന് പേര് കണ്ടെത്താൻ നാസ മത്സരം നടത്തിയിരുന്നു. 28,000-ത്തോളം നിർദ്ദേശങ്ങളാണ് ഇതിനായി ലഭിച്ചത്. ഇവയിൽനിന്നാണ് വിർജിനീയയിലെ ലേക്ക് ബ്രഡോക് സെക്കൻഡറി സ്‌കൂൾ ഏഴാം ഗ്രേഡ് വിദ്യാർത്ഥിയായ അലക്സാണ്ടർ മാത്തർ (13) നിർദ്ദേശിച്ച പെർസിവിയറൻസ് എന്ന പേര് തിരഞ്ഞെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP