Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

ആളുകളെ വീട്ടിൽ പൂട്ടിയിട്ട കോവിഡ് 19 വരുംകാലത്ത് ജലദോഷം പോലെ നിസ്സാരമാകുമോ? സാർസ് കോവ്-2 കൊറോണ വൈറസ് ഭാവിയിൽ വെറും കവലച്ചട്ടമ്പിയായി മാറാമെന്ന് ശാസ്ത്രജ്ഞർ; കുട്ടിക്കാല രോഗമായി ഈ ഭീകരൻ മാറിയേക്കുമെന്ന് സയൻസ് ജേണലിൽ പഠനം; പ്രവചനം ശരിയായാൽ വിപുലമായ വാക്‌സിനേഷൻ വേണ്ടിവരില്ലെന്നും നിഗമനം

ആളുകളെ വീട്ടിൽ പൂട്ടിയിട്ട കോവിഡ് 19 വരുംകാലത്ത് ജലദോഷം പോലെ നിസ്സാരമാകുമോ? സാർസ് കോവ്-2 കൊറോണ വൈറസ് ഭാവിയിൽ വെറും കവലച്ചട്ടമ്പിയായി മാറാമെന്ന് ശാസ്ത്രജ്ഞർ; കുട്ടിക്കാല രോഗമായി ഈ ഭീകരൻ മാറിയേക്കുമെന്ന് സയൻസ് ജേണലിൽ പഠനം;  പ്രവചനം ശരിയായാൽ വിപുലമായ വാക്‌സിനേഷൻ വേണ്ടിവരില്ലെന്നും നിഗമനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജലദോഷം വരുമ്പോഴേ ഇപ്പോൾ പേടിയാണ്. കോവിഡാണോ? ജലദോഷം വന്നാൽ പോലും അവഗണിക്കരുതെന്ന് വിദഗ്ദ്ധർ പറയുമ്പോൾ വിശേഷിച്ചും. കോവിഡ് 19 ന് കാരണമാകുന്ന സാർസ് കോവ്-2 വൈറസ് ഭാവിയിൽ ജലദോഷത്തിന് ഇടവരുത്തുന്ന കൊറോണ വൈറസുകളോട് സാമ്യമുള്ളതായി മാറുമെന്ന് പഠനം. ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രമായി കോവിഡ് 19 ചുരുങ്ങുകയും കുട്ടിക്കാലത്ത് തന്നെ മിക്ക ആളുകളും ഈ വൈറസിനെ പരിചയിക്കുകയും ചെയ്യുമ്പോഴാണ് ഈ സാഹചര്യം ഉരുത്തിരിയുക. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം നാല് ജലദോഷ കൊറോണ വൈറസുകളെയും സാർസ് കോവ്-1 നെയും ആധാരമാക്കിയായിരുന്നു.

ജലദോഷമുണ്ടാക്കുന്ന ഈ നാല് കൊറോണവൈറസുകളും മനുഷ്യർക്കിടയിൽ ദീർഘനാളായി കറങ്ങി നടക്കുന്നവയാണ്. മിക്കവരെയും ചെറുപ്പത്തിൽ ഈ വൈറസുകൾ ആക്രമിക്കുകയും ജലദോഷം വരികയും ചെയ്യുന്നു. കുട്ടിക്കാലത്തേ സ്വാഭാവികമായി വൈറസ് ബാധ ഉണ്ടാകുമ്പോൾ അത് ആളുകളിൽ പ്രതിരോധ ശേഷി ഉണ്ടാക്കുന്നു. പിന്നീടുള്ള ജീവിതത്തിൽ കടുത്ത രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നു. എന്നാൽ, ഇടക്കാലത്ത് വീണ്ടും ഈ വൈറസ് ബാധ ഉണ്ടാകുന്നത് തടയാൻ ആവുകയുമില്ല, യുഎസിലെ എമോറി സർവകലാശാലയിൽ ഈ പഠനത്തിൽ പങ്കാളിയായ ജെന്നി ലാവിൻ പറഞ്ഞു.

ഗവേഷണപഠനപ്രകാരം, ഭാവിയിൽ പ്രാദേശികമായി ചുരുങ്ങുന്ന സാർസ് കോവ്-2 കുട്ടികളുടെ ചെറുപ്രായത്തിലേ പിടിപെടുന്ന രോഗമായി മാറാം. ആദ്യരോഗബാധ മൂന്ന് വയസിനും അഞ്ച് വയസിനും ഇടയിൽ സംഭവിക്കാം. രോഗം തീവ്രത കുറഞ്ഞതായിരിക്കുകയും ചെയ്യും. പ്രായമായവർക്കും കോവിഡ് പിടിപെടാം. എന്നാൽ, കുട്ടിക്കാലത്തെ തന്നെ രോഗബാധ ഉണ്ടായത് അവർക്ക് കടുത്ത രോഗത്തിൽ നിന്ന് പ്രതിരോധശേഷി നൽകും.

ഇതൊക്കെ എത്ര വേഗത്തിൽ സംഭവിക്കുമെന്നറിയാൻ കാത്തിരിക്കണം. വൈറസിന്റെ വ്യാപനവേഗതയെയും വാക്‌സിനുകൾ സൃഷ്ടിക്കുന്ന പ്രതിരോധ പ്രതികരണത്തെയും ആശ്രയിച്ചായിരിക്കും ഈ മാറ്റം ഉണ്ടാവുക. വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നതിൽ നിന്ന് വാക്‌സിനുകൾ ഹ്രസ്വകാല സംരക്ഷണം നൽകുകയും രോഗതീവ്രത കുറയ്ക്കുകയും ചെയ്യുമ്പോൾ മറ്റു കൊറോണ വൈറസുകൾ പോലെ സാർസ് കോവ്-2 വും പ്രാദേശികമായ പകർച്ചവ്യാധിയായി വേഗത്തിൽ മാറിയേക്കാം. മറ്റു കൊറോണ വൈറസുകൾക്ക് സമാനമായ രീതിയിൽ സാർസ് കോവ് 2 നോടുള്ള പ്രതിരോധ ശേഷിയും വികസിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം.

സാർസ് കോവ് 2 അണുബാധ മൂലമുള്ള മരണം ഇൻഫുവൻസ പോലുള്ള സീസണൽ രോഗങ്ങളേക്കാൾ താഴെയാകുമെന്നും(.01%) പഠനം പറയുന്നു. ഇക്കാര്യത്തിൽ തെളിഞ്ഞ ഒരു ഉത്തരം കിട്ടിയിട്ടില്ല. എന്നാൽ, ലഭ്യമാകുന്ന സൂചകങ്ങൾപ്രകാരം, മരണനിരക്കും, വിപുലമായ രീതിയിലുള്ള വാക്‌സിനേഷന്റെ തോതും വളരെ അടുത്ത് തന്നെ കുറയുമെന്നാണ് കണക്കാക്കുന്നത്, പകർച്ചവ്യാധി പ്രതിരോധ വിദഗ്ധൻ ഒട്ടാർ ജോൺസ്റ്റാഡ് പറഞ്ഞു. മഹാമാരി എന്ന നിലയിൽ നിന്ന് കോവിഡിനെ പ്രാദേശികമായ പകർച്ചവ്യാധിയായി ചുരുക്കുന്നതിനാവണം പരമാവധി ശ്രമം.

വാക്‌സിന്റെ വരവോടെ ആയിരക്കണക്കിന് ജീവനുകൾ ആദ്യ രണ്ടുവർഷങ്ങളിൽ രക്ഷിക്കാൻ കഴിഞ്ഞേക്കും, എന്നാൽ, സാർസ് കോവ്-2 പ്രാദേശിക പകർച്ചവ്യാധിയായി ചുരുങ്ങുന്നതോടെ മാസ് വാക്‌സിനേഷൻ ആവശ്യമായി വരില്ല. അപകടസാധ്യതയുള്ള ജനവിഭാഗങ്ങളെ മാത്രം കണ്ടെത്തി വാക്‌സിനേഷൻ നടത്തിയാൽ മതിയാവും. അതുപോലെ തന്നെ സാർസ് കോവ്-2 പ്രാദേശിക പകർച്ചവ്യാധിയായി മാറുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന രോഗബാധ തീവ്രമല്ലെങ്കിൽ വ്യാപകമായ വാക്‌സിനേഷൻ വേണ്ടി വരില്ലെന്നും ഗവേഷകർ പറയുന്നു. എന്നാൽ, മറിച്ചാണെങ്കിൽ കുട്ടികൾക്കുള്ള വാക്‌സിനേഷനുകളും തുടരേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP