Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അൽഷിമേഴ്സിനെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളിഗവേഷകർ; നേരത്തേ തന്നെ രോഗം തിരിച്ചറിയാൻ സഹായിക്കുന്നത് നൂതന 'ബയോമാർക്കർ'; കണ്ടുപിടിത്തം വൈദ്യശാസ്ത്ര രംഗത്തെ പുത്തൻ ചുവടുവെയ്പ്

അൽഷിമേഴ്സിനെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളിഗവേഷകർ; നേരത്തേ തന്നെ രോഗം തിരിച്ചറിയാൻ സഹായിക്കുന്നത് നൂതന 'ബയോമാർക്കർ'; കണ്ടുപിടിത്തം വൈദ്യശാസ്ത്ര രംഗത്തെ പുത്തൻ ചുവടുവെയ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അൽഷിമേഴ്സിനെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാനുള്ള മാർഗവുമായി മലയാളിഗവേഷകർ. മറവിരോഗമായ അൽഷിമേഴ്സ് പൂർണമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെങ്കിലും തുടക്കത്തിലേ കണ്ടെത്തിയാൽ രോഗതീവ്രത കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾഓഫ് മെഡിസിനിൽ ഗവേഷകരായ നിമ്മിബേബി, സജികുമാർ ശ്രീധരൻ എന്നിവരടങ്ങിയ ഗവേഷകസംഘമാണ് നേരത്തേ തന്നെ രോഗം അറിയാൻ സഹായിക്കുന്ന നൂതന 'ബയോമാർക്കർ' കണ്ടെത്തിയത്. 'ഏജിങ് സെൽ' ജേണലിന്റെ പുതിയ ലക്കത്തിൽ ഇവരുടെ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തു.

65 വയസ്സ് കഴിഞ്ഞവരെയാണ് പൊതുവെ അൽഷിമേഴ്സ് ബാധിക്കുക. ചിലരിൽ മുപ്പതുകളിലും നാൽപ്പതുകളിലും രോഗം തുടക്കം കുറിച്ചിട്ടുണ്ടാകാം. 65 കഴിഞ്ഞാൽ ഓരോ അഞ്ചുവർഷത്തിലും അൽഷിമേഴ്സ് ഇരട്ടിയാകാനുള്ള സാധ്യതയാണുള്ളത്. ബീറ്റാ അമിലോയ്ഡുകൾ പോലുള്ള ചില പ്രോട്ടീനുകൾ മസ്തിഷ്‌കത്തിൽ അധികമായി ശേഖരിക്കുന്നതാണ് അൽഷിമേഴ്സിനു പ്രധാനകാരണം. ഇത് സിരാകോശങ്ങളെ ബാധിച്ച് ഓർമകളെ നശിപ്പിക്കുന്നു. ഓർമകൾ ഏകീകരിക്കാൻ കഴിയാത്തതിനു കാരണം, ഹിപ്പോകാമ്പസിൽ ഒരു 'നോൺ-കോഡിങ് ആർ.എൻ.എ. യുടെ പ്രവർത്തനവ്യത്യാസമാണെന്നു ഡോ. നിമ്മിയും സംഘവും കണ്ടെത്തി.

മസ്തിഷ്‌കത്തിലെ സിരാകോശങ്ങളിൽനിന്ന് രക്തത്തിലേക്കും സെറിബ്രോസ്‌പൈനൽ ഫ്‌ളൂയിഡിലേക്കും (സി.എസ്.എഫ്.) വില്ലനായ മൈക്രോ-ആർ.എൻ.എ. ചോർന്നെത്താറുണ്ട്. അതിനാൽ രക്തത്തിലെയും സി.എസ്.എഫിലെയും ആ മൈക്രോ-ആർ.എൻ.എ.യുടെ അളവുനോക്കി രോഗനിർണയം നേരത്തേ നടത്താനാകും. ഇതൊരു 'ബയോമാർക്കർ' ആയി ഉപയോഗിക്കാനും സാധിക്കും. അൽഷിമേഴ്സ് നേരത്തേ നിർണയിക്കാനുള്ള സാധ്യതയ്ക്ക് വഴിതുറക്കുന്ന ഒരു പ്രധാന ചുവടുവെപ്പാണ് ഈ പഠനമെന്ന്, കൊച്ചി സർവകലാശാല സെന്റർ ഫോർ ന്യൂറോസയൻസ് ഡയറക്ടർ ഡോ. ബേബി ചക്രപാണി പറഞ്ഞു. സർവകലാശാല അൽഷിമേഴ്സിനെക്കുറിച്ച് നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സിങ്കപ്പൂരിനെ പ്രതിനിധാനം ചെയ്ത് ഡോ. സജികുമാർ ശ്രീധരൻ നവംബർ രണ്ടിന് പുതിയ പഠനത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കും.

അമ്പലപ്പുഴ പുത്തൻചിറയിൽ ബേബി തോമസിന്റെയും സാലിമ്മയുടെയും മകളാണ് ഡോ. നിമ്മി. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽനിന്ന് ന്യൂറോസയൻസിൽ പിഎച്ച്.ഡി. കരസ്ഥമാക്കിയ നിമ്മി 2016 മുതൽ ഡോ. സജികുമാറിന്റെ ഗവേഷകസംഘത്തിൽ അംഗമാണ്.
ഓർമയുടെ തന്മാത്രാശാസ്ത്രവുമായി ബന്ധപ്പെട്ട് രണ്ടുപതിറ്റാണ്ടായി പഠനരംഗത്തുള്ള ഡോ. സജികുമാർ, നാഷണൽ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറാണ്. ഹരിപ്പാട് ചിങ്ങോലി സൗപർണികയിൽ കെ. ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനാണ്. പാലക്കാട് ചിതലി നവക്കോട് സ്വദേശിയും സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ന്യൂറോസയന്റിസ്റ്റുമായ ഡോ. ഷീജ നവക്കോടാണു ഭാര്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP