Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപേക്ഷിച്ച റോക്കറ്റ് ഭാഗം ഉപയോഗിച്ച് വിക്ഷേപണം; സിംഗപ്പൂർ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു പിഎസ്എൽവി സി55 ദൗത്യം വിജയകരം; തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ആളില്ലാ പേടക വിക്ഷേപണം അടുത്ത ഫെബ്രുവരിയിൽ; ചന്ദ്രയാൻ 3 ദൗത്യം ജൂണിലും ആദിത്യ എൽ1 മൂന്നു മാസത്തിനുള്ളിലും; പദ്ധതികൾക്ക് അതിവേഗം നൽകി ഐഎസ്ആർഒ

ഉപേക്ഷിച്ച റോക്കറ്റ് ഭാഗം ഉപയോഗിച്ച് വിക്ഷേപണം; സിംഗപ്പൂർ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു പിഎസ്എൽവി സി55 ദൗത്യം വിജയകരം; തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ആളില്ലാ പേടക വിക്ഷേപണം അടുത്ത ഫെബ്രുവരിയിൽ; ചന്ദ്രയാൻ 3 ദൗത്യം ജൂണിലും ആദിത്യ എൽ1 മൂന്നു മാസത്തിനുള്ളിലും; പദ്ധതികൾക്ക് അതിവേഗം നൽകി ഐഎസ്ആർഒ

മറുനാടൻ ഡെസ്‌ക്‌

വിശാഖപട്ടണം: ബഹിരാകാശ വിക്ഷേപണ രംഗത്ത് യൂറോപ്യൻ രാജ്യങ്ങൾക്ക് പോലും സാധിക്കാത്ത നേട്ടങ്ങളുമായി കുതിക്കുകയാണ് ഐഎസ്ആർഒ. ഇന്നലെ പിഎസ്എൽവി സി55 ദൗത്യവും വിജയകരമായി പൂർത്തിയാക്കിയതോടെ തുടർ പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ഐഎസ്ആർഒ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോടിയായി മനുഷ്യനില്ലാ പേടകത്തിന്റെ വിക്ഷേപണം 2024 ഫെബ്രുവരിയിൽ നടത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

3 ദിവസം ബഹിരാകാശത്തു തങ്ങുന്ന പേടകം തിരിച്ച് കടലിൽ ഇറക്കും. അപ്രതീക്ഷിത അപകടങ്ങളുണ്ടായാൽ സഞ്ചാരികൾക്ക് രക്ഷപ്പെടാനുള്ള ഓർബിറ്റൽ റിക്കവറി വെഹിക്കിളിന്റെ പരീക്ഷണവും ജൂണിൽ പൂർത്തിയാക്കും ആദ്യ ദൗത്യത്തിനായി തിരഞ്ഞെടുത്ത 4 വ്യോമസേന പൈലറ്റുമാർ കഠിന പരിശീലനത്തിലാണ്. തുടർന്നുള്ള ദൗത്യങ്ങളിൽ ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തും. വിവിധ വാണിജ്യ വിക്ഷേപണങ്ങളും നടത്താൻ ഇസ്‌റോയും ന്യൂസ്സ്‌പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്‌ഐഎൽ) തയ്യാറെടുത്തു കഴിഞ്ഞതായി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ദൗത്യം ജൂണിലും പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 മൂന്നു മാസത്തിനുള്ളിലും നടക്കും. ഇതിനു പിന്നാലെ, ജിപിഎസ് നാവിഗേഷനുള്ള ഇന്ത്യൻ നിർമ്മിത ഉപഗ്രഹം (നാവിക്) വിക്ഷേപിക്കും. രാജ്യാന്തര വിപണിയിൽ ഇന്ത്യയുടെ വാണിജ്യ മൂലം വർധിച്ചതായി ന്യൂസ്സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്‌ഐഎൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി.രാധാകൃഷ്ണൻ പറഞ്ഞു.

ഇന്നലെ അഭിമാനകരമായ നേട്ടമായിരുന്നു ഐഎസ്ആർഒ കൈവരിച്ചത്. വാണിജ്യ വിക്ഷേപണത്തിലൂടെ രാജ്യത്തിനു വിദേശനാണ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കു കരുത്തു പകർന്ന് പിഎസ്എൽവി സി55 ടെലിയോസ് 2 ദൗത്യം വിജയക്കുറി തൊട്ടു. സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങളായ ടെലിയോസ് 2, ലൂമിലൈറ്റ് 4 എന്നിവയെയാണ് 586 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ന്യൂസ്സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്‌ഐഎൽ) വഴി നടന്ന പൂർണ വാണിജ്യ ദൗത്യമായിരുന്നു ഇത്. മലയാളിയായ എസ്.ആർ.ബിജുവായിരുന്നു മിഷൻ ഡയറക്ടർ. പിഎസ്എൽവി റോക്കറ്റുകൾ ഇനി പൂർണമായി വാണിജ്യ വിക്ഷേപണങ്ങൾക്കു മാത്രമേ ഉപയോഗപ്പെടുത്തൂവെന്ന് ചെയർമാൻ പറഞ്ഞു.

വിക്ഷേപണ ശേഷം ഉപേക്ഷിക്കേണ്ടി വരുന്ന റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഗവേഷണങ്ങൾക്കായി ഉപയോഗിക്കുന്ന ചെലവു കുറഞ്ഞ ദൗത്യം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) വീണ്ടും വിജയകരമായി പൂർത്തിയാക്കി എന്നതാണ് ഇന്നലത്തെ ദൗത്യ വിജയത്തിലെ പ്രത്യേകത. ഇന്നലെ വിക്ഷേപിച്ച പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) നാലാം ഘട്ടമായ പിഎസ് 4 ഇനി നിശ്ചിത കാലം ഭ്രമണപഥത്തിൽ ചുറ്റിക്കറങ്ങുമ്പോൾ കുറഞ്ഞ ചെലവിൽ 7 ഉപഗ്രഹങ്ങളാണ് അതിനൊപ്പം ഭ്രമണം ചെയ്യുക.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണപ്പറക്കലുകൾക്കും ഇനി വേഗം കൂടും. ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുന്നതിനായി ചിനൂക്ക് ഹെലികോപ്റ്ററും സി 17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും ഉപയോഗിക്കാൻ പദ്ധതിയുണ്ട്. ഗഗൻയാൻ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർ റഷ്യയിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കിയിട്ടുമുണ്ട്. ക്രൂവിനുള്ള അടുത്തഘട്ട പരിശീലനം ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്.

2018ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്. ഭൂമിയുടെ 300 കി.മി400 കി.മി. ദൂരപരിധിയിലുള്ള ഭ്രമണ പഥത്തിലേക്കാണ് ഗഗൻയാൻ പേടകം വിക്ഷേപിക്കുക. 2022-ൽ ബഹിരാകാശത്തേക്ക് ഇന്ത്യ യാത്രികരെ അയയ്ക്കനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ കോവിഡ് മഹാമാരി പദ്ധതി വൈകിപ്പിച്ചു. 2024 ലോ 2025 ന്റെ തുടക്കത്തിലോ ആകും ആദ്യ യാത്ര. ഗഗൻയാൻ ദൗത്യം വിജയിക്കുന്നതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയുമെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP