Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂര്യനും ഭൂമിക്കും ഇടയിലുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ പേടകം സ്ഥാപിക്കും; ഗ്രഹണങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും; സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യയുടെ ആദ്യ സൗരദൗത്യം 'ആദിത്യ എൽ 1; ഈ വർഷം വിക്ഷേപണം

സൂര്യനും ഭൂമിക്കും ഇടയിലുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ പേടകം സ്ഥാപിക്കും; ഗ്രഹണങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും; സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യയുടെ ആദ്യ സൗരദൗത്യം 'ആദിത്യ എൽ 1; ഈ വർഷം വിക്ഷേപണം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യയുടെ ആദ്യ സൗരദൗത്യം 'ആദിത്യ എൽ 1'. ആദിത്യ എൽ 1 ഉപഗ്രഹത്തിൽ വി.ഇ.എൽ.സി. ഉൾപ്പെടെ ഏഴു പേലോഡുണ്ടാകും. സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്.യു.ഐ.ടി.), സോളാർ ലോ എനർജി എക്‌സ് റേ സ്‌പെക്ട്രോമീറ്റർ, ഹൈ എനർജി എൽ 1 ഓർബിറ്റിങ് എക്‌സ്റേ സ്‌പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്പെരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്‌നെറ്റോമീറ്റർ എന്നിവയാണ് മറ്റു പേലോഡുകൾ.

15 വർഷത്തെ പരീക്ഷണ നിരീക്ഷണത്തിന് ശേഷമാണ് സൗരദൗത്യം പൂർണ്ണതയിലേക്ക് എത്തുന്നത്. സൂര്യനെക്കുറിച്ചുള്ള ഗവേഷണത്തിനായി ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 പോയന്റിലേക്കാണ് ഉപഗ്രഹം അയക്കുന്നത്. സൂര്യന്റെ ബാഹ്യവലയങ്ങളെക്കുറിച്ചുള്ള പഠനമാണ് ആദിത്യ എൽ 1 ന്റെ ലക്ഷ്യം. 2020-ൽ തീരുമാനിച്ചിരുന്ന സൗരദൗത്യം കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. ഈവർഷം ജൂലായോടെ പി.എസ്.എൽ.വി. റോക്കറ്റിൽ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

സൂര്യനും ഭൂമിക്കും ഇടയിലുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലാണ് പേടകം സ്ഥാപിക്കാൻ പോകുന്നത്. ഗ്രഹണങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ ഇവിടെ സ്ഥാപിക്കുന്ന പേടകത്തിന് കഴിയും. ഭൂമിയിൽ നിന്ന് 15,00,000 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. അഞ്ച് ലഗ്രാഞ്ച് പോയിന്റുകളാണ് ഉള്ളത്. ഇതിൽ രണ്ടാം ലഗ്രാഞ്ച് പോയിന്റിലാണ് ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നത്.

സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനത്തിന് പുറമെ സൗരവാതങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ, സൂര്യന്റെ കാന്തികക്ഷേത്രം, സൗരപ്രതിഭാസങ്ങൾ തുടങ്ങിയവയെല്ലാം ആദിത്യ എൽ 1 പഠന വിധേയമാക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സും, ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്‌സും അടക്കം രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ ദൗത്യവുമായി സഹകരിക്കുന്നുണ്ട്.

'ആദിത്യ എൽ 1'-ലേക്കുള്ള പ്രധാന പേലോഡ് (പര്യവേക്ഷണ പേടകം) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് (ഐ.ഐ.എ.) ഐഎസ്ആർഒയ്ക്ക് കൈമാറി. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി.) എന്ന പേലോഡാണ് കൈമാറിയത്. പേലോഡ് യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലെത്തിച്ച് ഉപഗ്രഹത്തിൽ ഘടിപ്പിക്കും. അതിന് ശേഷമാകും വിക്ഷേപണം.ഐ.ഐ.എ.യുടെ ഹൊസകോട്ടയിലെ ഫീൽഡ് സ്റ്റേഷനായ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്നോളജി കാമ്പസിലാണ് വി.ഇ.എൽ.സി. പേലോഡ് നിർമ്മിച്ചത്.

എം.ജി.കെ. മേനോൻ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയത്. 15 വർഷത്തോളംനീണ്ട ശ്രമത്തിനൊടുവിലാണ് പേലോഡ് നിർമ്മിച്ചത്. 'ആദിത്യ എൽ 1-ന്റെ ഏഴ് പേലോഡുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വി.ഇ.എൽ.സി. ഇത് ഒരു കൊറോണഗ്രാഫാണ്. സൂര്യന്റെ കൊറോണയെ (ബാഹ്യവലയം) പറ്റിയാണ് പഠിക്കുന്നത്. പേലോഡിന്റെ ആശയം, രൂപകല്പന എല്ലാം ചെയ്തത് ഐ.ഐ.എ.യാണ്. ചില ഘടകങ്ങൾ ഐഎസ്ആർഒയുടെ സെന്ററുകൾ ലഭ്യമാക്കി.

പേലോഡിന്റെ ഭാഗങ്ങളെല്ലാം വളരെ നിർണായകമാണ്. അതിനാൽ ഇവ നിർമ്മിച്ചെടുക്കാൻ സമയമെടുത്തതിനാലാണ് കൈമാറൽ വൈകിയത്. ഐഎസ്ആർഒയുടെ മാറത്തഹള്ളിയിലെ ഐസൈറ്റിലേക്ക് (ഐ.എസ്‌ഐ.ടി.ഇ.) ആണ് പേലോഡ് കൊണ്ടുപോയിരിക്കുന്നത്. ഇവിടെവെച്ച് വൈബ്രേഷൻ ആൻഡ് തെർമോഗ്രാഫ് പരീക്ഷണം നടത്തും. ഇതിനെ എൻവയൺമെന്റൽ ടെസ്റ്റെന്ന് പറയും. ഇതിനുശേഷം ബെംഗളൂരുവിലെതന്നെ യു.ആർ. റാവു സെന്ററിലേക്ക് കൊണ്ടുപോകും. പരീക്ഷണങ്ങൾ പൂർത്തിയാക്കി ശ്രീഹരിക്കോട്ടയിൽ എത്തിക്കും.

ഐഎസ്ആർഒയുടെ സൂര്യ പഠന ദൗത്യം ആദിത്യ എൽ 1 ന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റായി ഡോ.ശങ്കരസുബ്രഹ്‌മണ്യത്തെ മാസങ്ങൾക്ക് മുമ്പ് നിയമിച്ചിരുന്നു. ആസ്‌ട്രോസാറ്റ്, ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 ദൗത്യങ്ങളുടെ ഭാഗമായ ശാസ്ത്രജ്ഞനാണ് ഡോ.ശങ്കരസുബ്രഹ്‌മണ്യം. നിലവിൽ യുആർഎസ്‌സിയിലെ സ്‌പേസ് ആസ്‌ട്രോണമി ഗ്രൂപ്പിന്റെ മേധാവിയാണ്.

ആദിത്യ എൽ 1 ന് പുറമേ, എക്‌സ്‌പോസാറ്റ്, ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മൊഡ്യൂൾ ദൗത്യങ്ങളിലെ ശാസ്ത്ര ഉപകരണങ്ങളുടെ വികസനവും സ്‌പേസ് ആസ്‌ട്രോണമി ഗ്രൂപ്പിൽ നടക്കുന്നുണ്ട്. ആദിത്യ എൽ1 സയൻസ് വർക്കിങ് ഗ്രൂപ്പിന്റെ മേധാവിയുമാണ് ഡോ.ശങ്കരസുബ്രഹ്‌മണ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP