Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിങ്ക് നിറത്തിലൊരു പന്തുപോലെ ചന്ദ്രൻ ഭൂമിക്ക് അടുത്തെത്തുന്നത് ബുധനാഴ്‌ച്ച രാവിലെ 3.35 ന്; ആകാശത്തിലാകെ പ്രഭപരത്തുന്ന ചന്ദ്രനെ അടുത്തു കാണാൻ ഒരു അപൂർവ്വ അവസരം; കൊറോണാക്കാലത്തെത്തുന്ന ഒരു അപൂർവ്വ സൗഭാഗ്യം ഒരു പ്രത്യാശയാകുമോ?

പിങ്ക് നിറത്തിലൊരു പന്തുപോലെ ചന്ദ്രൻ ഭൂമിക്ക് അടുത്തെത്തുന്നത് ബുധനാഴ്‌ച്ച രാവിലെ 3.35 ന്; ആകാശത്തിലാകെ പ്രഭപരത്തുന്ന ചന്ദ്രനെ അടുത്തു കാണാൻ ഒരു അപൂർവ്വ അവസരം; കൊറോണാക്കാലത്തെത്തുന്ന ഒരു അപൂർവ്വ സൗഭാഗ്യം ഒരു പ്രത്യാശയാകുമോ?

സ്വന്തം ലേഖകൻ

ബൈനോക്കുലറുകൾ ഉപയോഗിച്ച് ഏറെക്കാലമായിക്കാണുമല്ലോ. പ്രത്യേകിച്ചും ഈ ലോക്ക്ഡൗൺ വേളയിൽ പുറത്തുപോകാനാകാതെ വീട്ടിൽ കുരുങ്ങിക്കിടക്കുന്ന അവസരത്തിൽ. എന്നാലിതാ അത് വീണ്ടും ഉപയോഗിക്കുവാൻ ഒരു അവസരം വന്നു ചേരുന്നു. പുറത്തിറങ്ങേണ്ടതില്ല, ലോക്ക്ഡൗൺ നിബന്ധനകൾ തെറ്റിക്കേണ്ടതില്ല. കിഴക്കോട്ട് തുറക്കുന്ന ജനലിനരികിൽ ഒരൽപം സ്ഥലം ഒഴിച്ചിട്ടാൽ മാത്രം മതി. എന്തെന്നാൽ, ഈ ബുധനാഴ്‌ച്ച എത്തുന്നത് പിങ്ക് സൂപ്പർ മൂൺ ആണ്.

പൗർണ്ണമി എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഓരോ പൗർണ്ണമിക്കും ഓരോ ഓമനപ്പേരുകളുണ്ട്. മാർച്ച് മാസത്തിൽ വരുന്ന പൗർണ്ണമി അറിയപ്പെടുന്നത് വേം ഫുൾമൂൺ എന്നാണ്. ശിശിരകാലത്തിന്റെ അവസാനത്തിൽ ഭൂമിയെ മൂടിക്കിടക്കുന്ന മഞ്ഞുപടലങ്ങൾ ഉരുകുവാൻ തുടങ്ങുകയും അതിലെ വിള്ളലിനിടയിലൂടെ ഞാഞ്ഞൂളുകൾ (മണ്ണിര) തലപൊക്കാൻ തുടങ്ങുകയും ചെയ്യുന്നതുകൊണ്ടാണ് ഈ പൗർണ്ണമിക്ക് ഇങ്ങനെയൊരു പേരുവന്നത്. അതുപോലെ പുഷ്പങ്ങൾ വിരിയാൻ തുടങ്ങുന്ന മെയ് മാസത്തിലെ പൗർണ്ണമി അറിയപ്പെടുന്നത് ഫ്ളവർ മൂൺ എന്നുമാണ്.

ഇതിന് രണ്ടിനും ഇടയിൽ വരുന്ന ഏപ്രിലിലെ പൗർണ്ണമിയേയാണ് പിങ്ക് മൂൺ എന്നുപറയുന്നത്. പിങ്ക് എന്നത് ഇതിന്റെ നിറത്തെ സൂചിപ്പിക്കുന്ന പദമല്ല. കിഴക്കൻ അമേരിക്കയിൽ പിങ്ക് നിറത്തിലുള്ള വനപുഷ്പങ്ങൾ വിടരാൻ തുടങ്ങുന്ന കാലമാണിത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ പ്രാചീനർക്കിടയിൽ ഉരുത്തിരിഞ്ഞുവന്ന പേരാണിത്.

ഇത്തവണ പിങ്ക് മൂൺ പതിവിലും അധികം വലിപ്പമുള്ളതും തിളക്കമാർന്നതും ആയിരിക്കുമെന്നാണ് വാനനിരീക്ഷകർ പറയുന്നത്. കാരണം ഇത്തവണ പിങ്ക് മൂൺ ദിനത്തിൽ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നു എന്നത് തന്നെ. മാത്രമല്ല, ലോകത്തിന്റെ മിക്ക ഭാഗത്തും നിലനിൽക്കുന്ന ലോക്ക്ഡൗൺ കാരണം അന്തരീക്ഷത്തിലെ മാലിന്യകണങ്ങൾ ഏറെക്കുറെ ഇല്ലാതെയായതിനാൽ ഇതിന് കൂടുതൽ തിളക്കം ലഭിക്കുമെന്നും അവർ പറയുന്നു.

നേരത്തേ സൂചിപ്പിച്ചതുപോലെ ചന്ദ്രന്റെ നിറം പിങ്ക് ആയതുകൊണ്ടല്ല ഈ പേര് ലഭിച്ചത്. അമേരിക്കൻ ഗോത്രവർഗ്ഗക്കാരാണ് ഈ നാമക്രണത്തിന് പിന്നിലുള്ളത്. ആധുനിക രീതിയിലുള്ള കലണ്ടറുകൾ ഇല്ലാതിരുന്ന അവർ കാലത്തിന്റെ ഗതി മനസ്സിലാക്കിയിരുന്നത് പുർണ്ണമികളെ ആധാരമാക്കിയായിരുന്നു. ഓരോ പൗർണ്ണമിക്കും ഓരോ പേരുകൾ നൽകാൻ ഇടയായതും അതുകൊണ്ട് തന്നെ.

പിങ്ക് നിറത്തിലുള്ള വന പുഷ്പ്പങ്ങൾ വിരിയുവാൻ തുടങ്ങുന്നതിനാലാണ് ഈ പൗർണ്ണമിക്ക് പിങ്ക് മൂൺ എന്ന പേര് വീണത്. വന സാമീപ്യത്തിൽ ജീവിച്ചിരുന്ന ഗോത്രവർഗ്ഗകാർക്കിടയിലാണ് ഈ പേര് കൂടുതൽ ഉപയോഗിച്ച് വന്നത്. എന്നാൽ വനാന്തരങ്ങളിലെ ഗോത്രക്കാർക്കിടയിൽ ഇത് അറിയപ്പെട്ടിരുന്നത് വാക്കിങ് മൂൺ എന്നായിരുന്നു. ശൈത്യകാലത്തെ ദീർഘസുഷുപ്തി (ഹൈബർനേഷൻ) വിട്ടുണർന്ന് മൃഗങ്ങൾ പുറത്തിറങ്ങുന്ന കാലമായതിനാലാണ് ഈ പേര് വീണത്.

അതുപോലെത്തന്നെ, മഞ്ഞുപാളികൾ നീങ്ങി, പുല്ലുകൾ പൊട്ടിമുളയ്ക്കുന്ന കാലമായതിനാൽ, കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ഗോത്രങ്ങൾക്കിടയിൽ ഇത് അറിയപ്പെടുന്നത് സ്പ്രൗട്ടിങ് ഗ്രാസ് മൂൺ എന്നാണ്. വളരെയധികം ഉപയോഗിക്കുന്ന ചിലയിനം മത്സ്യങ്ങൾ മുട്ടയിട്ട് പെരുകുന്ന കാലമായതിനാൽ, തീരദേശവുമായി ബന്ധപ്പെട്ട ഗോത്രവർഗ്ഗങ്ങൾക്കിടയിൽ ഇത് ഫിഷ് മൂൺ ആയി അറിയപ്പെടുന്നു.

ഇതിൽ ഏത് വിശ്വാസം എടുത്താലും പിങ്ക് മൂൺ സൂചിപ്പിക്കുന്നത് ഒരു പുതിയ ജീവിതാരംഭത്തിനെയാണ് എന്ന് കാണാം. അതായത്, ഊർജ്ജം ചോർന്നൊലിച്ച്, അലസത ബാധിച്ച് നിഷ്‌ക്രിയമായ ഒരു ശൈത്യത്തിനു ശേഷമുള്ള ഊർജ്ജസ്വലമായ ഒരു പുതിയ ജീവിതം ആരംഭിക്കുന്ന ദിവസം. ഒരുപക്ഷെ ഈ 2020 ൽ ഇത് സൂചിപ്പിക്കുന്നത് ലോക്ക്ഡൗൺ ഒഴിഞ്ഞ് ഒരു പുതിയ ലോകത്തിലേക്കുള്ള കാൽവയ്‌പ്പായിരിക്കുമോ? നമുക്ക് പ്രത്യാശിക്കാം. ബുധനാഴ്‌ച്ച രാവിലെ എഴുന്നേറ്റ് പിങ്ക് ചന്ദ്രനെ ദർശിച്ച് ഇഷ്ടദൈവങ്ങളോട് പ്രാർത്ഥിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP