Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

300 ദിവസം ഉറങ്ങിക്കിടന്ന ദ്രവ എൻജിൻ ഇന്ന്‌ സ്വയം ജ്വലിക്കുമോ? ചങ്കിടിപ്പോടെ ശാസ്ത്രജ്ഞർ; പ്രാർത്ഥനയോടെ ഇന്ത്യൻ ജനത; മംഗൾയാന്റെ ചരിത്രത്തിലെ ഏറ്റവും നിർണായക ദിവസം ഇന്ന്

300 ദിവസം ഉറങ്ങിക്കിടന്ന ദ്രവ എൻജിൻ ഇന്ന്‌ സ്വയം ജ്വലിക്കുമോ? ചങ്കിടിപ്പോടെ ശാസ്ത്രജ്ഞർ; പ്രാർത്ഥനയോടെ ഇന്ത്യൻ ജനത; മംഗൾയാന്റെ ചരിത്രത്തിലെ ഏറ്റവും നിർണായക ദിവസം ഇന്ന്

ശ്രീഹരിക്കോട്ട: ചൊവ്വാദൗത്യത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിക്കാനുള്ള മംഗൾയാന്റെ പ്രയാണത്തിന് ഇന്ന് നിർണായക ദിനം. പേടകം ചൊവ്വാവലയത്തിലേക്ക് പ്രവേശിക്കാനുള്ള അവസാനവട്ട പാത തിരുത്തൽ പ്രക്രിയ ഇന്ന് നടക്കും.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് അവസാനവട്ട പാത തിരുത്തൽ പ്രക്രിയ. ഇന്നത്തെ ദൗത്യം വിജയിച്ചാൽ രണ്ടുദിവസത്തിനുള്ളിൽ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പൂർണമായി മാറും. ലിക്വിഡ് അപോജി മോട്ടോറിന്റെ ക്ഷമതാപരിശോധനയും ഇന്ന് നടക്കും. മംഗൾയാന്റെ ഭാവി തീരുമാനിക്കുന്ന നിർണായകമായ ജ്വലനപ്രക്രിയയാണിത്.

തിങ്കളാഴ്ച പകൽ 11.29ഓടെ പേടകം ചൊവ്വയുടെ അഞ്ചുലക്ഷം കിലോമീറ്റർ അടുത്തേക്കെത്തും. തുടർന്ന്, പേടകത്തെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പാത തിരുത്തിയാണ് ചൊവ്വാവലയത്തിലാക്കുക. എന്നാൽ, ദുർബലമായ ആകർഷണപരിധിയിലായതിനാൽ പേടകം ചൊവ്വയെ ഭ്രമണംചെയ്ത് തുടങ്ങില്ല. ബുധനാഴ്ച രാവിലെ മംഗൾയാൻ ചൊവ്വയുടെ പൂർണ ഭ്രമണപഥത്തിലേക്ക് എത്തും.

അതിവേഗം ചൊവ്വയുടെ ആകർഷണപരിധിയിലേക്ക് കുതിക്കുന്ന പേടകത്തിന്റെ വേഗം കുറയ്ക്കുന്നത് ലിക്വിഡ് അപ്പോജി മോട്ടോർ (ലാം) ജ്വലിപ്പിച്ചാണ്. 24 മിനിറ്റാണ് ജ്വലനം. ഇതിന് കഴിഞ്ഞില്ലെങ്കിൽ പേടകം അന്തതയിലേക്ക് മറയുകയോ തകർന്നുവീഴുകയോ ചെയ്യും. ഇതിനുള്ള റിഹേഴ്‌സലാണ് ഇന്ന് നടക്കുക. 3.96 സെക്കൻഡാണ് ദ്രവ എൻജിൻ പ്രവർത്തിപ്പിച്ചു നോക്കുക. ഇതിലൂടെ ദൗത്യം വിജയകരമാകുമോ എന്നറിയാനാകും. 440 ന്യൂട്ടൺ ജ്വലനശേഷിയുള്ള ലാമിന്റെ ഇന്നത്തെ ജ്വലനം വിജയിച്ചാൽ എല്ലാം മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഈ എൻജിൻ കഴിഞ്ഞ 300 ദിവസമായി നിദ്രയിലാണ്. ശൂന്യാകാശത്തെ കൊടും ശൈത്യത്തിൽ പത്ത് മാസമായി പ്രവർത്തിക്കാതിരിക്കുന്ന എൻജിൻ ബുധനാഴ്ച പ്രവർത്തനക്ഷമമാകുമോ എന്ന് ഈ റിഹേഴ്‌സലിലൂടെ അറിയാനാകും. മംഗൾയാൻ കഴിഞ്ഞ നവംബർ 5ന് വിക്ഷേപിച്ച ശേഷം ആറ് തവണ ഭ്രമണപഥം ഉയർത്തിയത് ഇതേ എൻജിൻ ജ്വലിപ്പിച്ചാണ്. ഒടുവിൽ ഡിസംബർ 1ന് പേടകത്തെ ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറന്തള്ളി ചൊവ്വയിലേക്കുള്ള പ്രയാണ പഥത്തിലാക്കിയ ജ്വലനത്തിന് ശേഷം എൻജിൻ സ്ലീപ് മോദിൽ ആയിരുന്നു. ആ നിദ്രയിൽ നിന്ന് ഉണർത്താനുള്ള ജ്വലനമാണ് ഇന്നത്തേത്.

ചൊവ്വയുടെ പൂർണ ആകർഷണപരിധിയിലാകുന്നതോടെ മംഗൾയാന്റെ വേഗം വീണ്ടും വർധിക്കും. ഇതിനിടെ പേടകത്തെ 180 ഡിഗ്രി ചരിച്ച് എതിർദിശയിൽനിന്ന് ലിക്വിഡ് മോട്ടോർ ജ്വലിപ്പിച്ച് വേഗം കുറയ്ക്കും. സെക്കൻഡിൽ 1.11 കിലോമീറ്ററിലേക്ക് കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പേടകത്തിലേക്ക് ദിവസങ്ങൾക്കുമുമ്പ് അപ്‌ലോഡ് ചെയ്ത കമാൻഡുകൾ അനുസരിച്ച് സ്വയമായിരിക്കും ഈ പ്രവർത്തനങ്ങൾ. 432 കിലോമീറ്ററിനും 80,000 കിലോമീറ്ററിനും ഇടയിലുള്ള ഭ്രമണപഥത്തിൽ ഉറപ്പിക്കാനാണ് പദ്ധതി. പത്തുമാസമായി പ്രവർത്തിക്കാതിരിക്കുന്ന മോട്ടോറിനെ വീണ്ടും ജ്വലിപ്പിക്കുകയെന്നതാണ് ശാസ്ത്രജ്ഞരുടെ വെല്ലുവിളി. വാൽവുകൾവഴി ഇന്ധനത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയോ മറ്റ് എന്തെങ്കിലും സാങ്കേതികകുഴപ്പം ഉണ്ടായാലോ ജ്വലനം അസാധ്യമാകും. അതുകൊണ്ടുതന്നെ തിങ്കളാഴ്ചത്തെ ക്ഷമതാപരീക്ഷണം ഏറെ നിർണായകമാണ്.

അത് മറികടക്കാൻ മുൻകരുതലായി രണ്ട് സെറ്റ് ഇന്ധന ലൈനുകൾ എൻജിനിൽ ഉണ്ട്. ഭൗമ ഭ്രമണപഥത്തിന് പുറത്തേക്ക് പേടകത്തെ ഉയർത്തി വിട്ട ജ്വലനത്തിന് ശേഷം ഒരു സെറ്റ് ഇന്ധനലൈൻ അടച്ചു. നിർണായക ജ്വലനത്തിന് സമയമാകുമ്പോൾ രണ്ടാമത്തെ ഇന്ധന ലൈൻ തുറക്കുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

മംഗൾയാൻ പേടകത്തിന്റെ വേഗത കുറച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് തിരിച്ചുവിടാൻ ലാം എൻജിൻ ജ്വലിക്കേണ്ടത് ബുധനാഴ്ച രാവിലെ 7.17നാണ്. അത് കൃത്യമായി നടന്നാൽ മംഗൾയാൻ നിശ്ചയിച്ച പോലെ ചൊവ്വയിൽ നിന്ന് കുറഞ്ഞ ദൂരം 434 കിലോമീറ്ററും കൂടിയ ദൂരം 80,000 കിലോമീറ്ററും ഉള്ള ദീർഘ വൃത്താകാര ഭ്രമണപഥത്തിൽ എത്തും. ലാം എൻജിൻ പ്രവർത്തിച്ചില്ലെങ്കിൽ പകരം കുറഞ്ഞ ശേഷിയുള്ള ദ്രവ ഇന്ധനം തന്നെയുള്ള എട്ട് ചെറിയ എൻജിനുകൾ (ത്രസ്റ്ററുകൾ )പ്രവർത്തിപ്പിച്ചാലും പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കാം.

പക്ഷേ കുറേക്കൂടി വലിയ ഭ്രമണപഥമായിരിക്കും. ഭ്രമണപഥം അകലുന്തോറും പേടകത്തിലെ ഉപകരണങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് കൃത്യത കുറയും. അമേരിക്കയുടെ മാവെൻ പേടകത്തിന്റെ ഭ്രമണപഥത്തിന്റെ ചൊവ്വയിൽ നിന്നുള്ള കുറഞ്ഞ ദൂരം 150 കിലോമീറ്ററും കൂടിയ ദൂരം 6,200 കിലോമീറ്ററുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP