Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202207Wednesday

കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടർന്ന അത്ഭുദ പേടകം; തുടർച്ചയായി സംഭവിച്ച ഗ്രഹണങ്ങൾ മൂലം ബാറ്ററി കേടായി; എട്ട് വർഷത്തെ വിജയകരമായ പ്രവർത്തനത്തിനുശേഷം മംഗൾയാൻ പ്രവർത്തനം നിലച്ചു; കാര്യക്ഷമത കൊണ്ട് ലോകത്തെ ഞെട്ടിച്ച് ഭാരതത്തിന്റെ ചൊവ്വാ മിഷൻ പേടകം ഇനി ഓർമ്മ

കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടർന്ന അത്ഭുദ പേടകം; തുടർച്ചയായി സംഭവിച്ച ഗ്രഹണങ്ങൾ മൂലം ബാറ്ററി കേടായി; എട്ട് വർഷത്തെ വിജയകരമായ പ്രവർത്തനത്തിനുശേഷം മംഗൾയാൻ പ്രവർത്തനം നിലച്ചു; കാര്യക്ഷമത കൊണ്ട് ലോകത്തെ ഞെട്ടിച്ച് ഭാരതത്തിന്റെ ചൊവ്വാ മിഷൻ പേടകം ഇനി ഓർമ്മ

എം റിജു

ന്യൂഡൽഹി: ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം ആയിരുന്നു മംഗൾയാൻ എന്ന ചൊവ്വാ മിഷൻ പേടകം. അഞ്ചുവർഷം മാത്രം കാലവധി നിശ്ചയിക്കപ്പെട്ടിട്ടും എട്ടുവർഷത്തോളം പ്രവർത്തിച്ച് മംഗൾയാൻ ലോകത്തെ ഞെട്ടിച്ചു. ഭാരതത്തിന്റെ അഭിമാനമായ ഈ പേടകം പ്രവർത്തനം നിലച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ കാലയളവിനുള്ളിൽ നിരവധി പ്രപഞ്ചരഹസ്യങ്ങൾക്ക് ചുരുൾ അഴിക്കാൻ മംഗൾയാന് കഴിഞ്ഞു.

മംഗൾയാൻ പേടകത്തിന്റെ ഇന്ധനവും ബാറ്ററിയും തീർന്നതായി ഐസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഇന്ധനം ശേഷിക്കുന്നില്ലെന്നും പേടകത്തിന്റെ ബാറ്ററി തീർന്നെന്നുമാണ് റിപ്പോർട്ട്. തുടർച്ചയായി സംഭവിച്ച ഗ്രഹണങ്ങളാണ് ബാറ്ററി പണിമുടക്കാൻ കാരണം. മണിക്കൂറോളം നീണ്ടുനിന്ന ഗ്രഹണം കാരണം ബാറ്ററി വേഗത്തിൽ തീരാനിടയാക്കി. ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ടുനിൽക്കുന്ന ഗ്രഹണം വരെ മംഗൾയാന്റെ ബാറ്ററിക്ക് പ്രശ്മല്ല. എന്നാൽ ഗ്രഹണം നീണ്ടുപോയാൽ ബാറ്ററി പണിമുടക്കും. ഇതാണ് ഇപ്പോൾ സംഭവിച്ചതെന്നും ഐഎസ്ആർഒയിലെ വിദഗ്ദ്ധർ പറഞ്ഞു.

2013 നവംബർ അഞ്ചിനു തുടങ്ങിയ ദൗത്യം 3,200 ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് നിശ്ചലമായത്. കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടർന്ന മംഗൾയാൻ ലോകത്തെ ബഹിരാകാശ ഗവേഷകർക്ക് പോലും ഒരു അദ്ഭുതമായിരുന്നു. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയത്. 4,200 കിലോമീറ്റർ അകലത്തിൽ നിന്ന് ചൊവ്വയുടെ ചന്ദ്രനായ ഫോബോസിന്റെ ചിത്രം മാർസ് ഓർബിറ്റർ ക്യാമറ പകർത്തിയതും വാർത്താ പ്രാധാന്യം നേടിയിരുന്നു.

ഇസ്‌റോയുടെ ആദ്യത്തെ ഇന്റർപ്ലാനറ്ററി ദൗത്യത്തിന്റെ ഭാഗമായ മാർസ് ഓർബിറ്ററിലുള്ള മാർസ് കളർ ക്യാമറ (എംസിസി)യാണ് ചിത്രങ്ങൾ പകർത്തിയിരുന്നത്. ചൊവ്വയെ പരിക്രമണം ചെയ്യുന്ന രണ്ട് ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവ അന്വേഷിക്കുന്നതിനാണ് എംസിസി ക്യാമറ കോണ്ട് ലക്ഷ്യമിട്ടിരുന്നത്. ഇത് രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തആയിരുന്നു. 'ഫോബോസി'നെ ചൊവ്വയുടെ 'ഏറ്റവും വലുതും നിഗൂഢവുമായ ഉപഗ്രഹം' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. 1877-ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞരാണ് ഇവ കണ്ടെത്തിയത്. ഗ്രീക്ക് ദേവനായ ഫോബോസിന്റെ പേരാണ് ഉപഗ്രഹത്തിന് നൽകിയത്. ബഹിരാകാശ ഗവേഷണത്തിലെ നാഴികക്കല്ലയാണ് ഈ ചിത്രം വിശേഷിപ്പിക്കപ്പെട്ടത്.

എരിഞ്ഞടങ്ങുന്നത് അഭിമാനം ഉയർത്തി

ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. 2014 ഒക്ടോബർ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നത്. ആദ്യം ആറുമാസത്തെ പര്യവേക്ഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാനിൽ ഇന്ധനം ശേഷിച്ചതിനാൽ ദൗത്യം നീട്ടുകയായിരുന്നു.

ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേ ലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിരുന്നു.

ചൊവ്വയിലെ ഗർത്തങ്ങൾ, കുന്നുകൾ, താഴ്‌വരകൾ, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങൾ മംഗൾയാൻ അയച്ചു. പല സമയങ്ങളിലായി അയച്ചു ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞർ പഠനവിധേയമാക്കി. ചൊവ്വക്ക് പ്രതീക്ഷിച്ചതിലും വേഗത്തിൽ അന്തരീക്ഷം നഷ്ടപ്പെടുന്നുവെന്നാണ് കണ്ടെത്തിയതും മംഗൾയാൻ ആണ്. ഇന്ത്യയുടെ മാർസ് ഓർബിറ്റർ മിഷനും (മംഗൾയാൻ) നാസയുടെ മാവെനും അയച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങളാണ് ഗവേഷകരെ ഈ നിഗമനത്തിലേക്കെത്തിച്ചത്.

പക്ഷേ എരിഞ്ഞ് ഇല്ലാതവുമ്പോഴും മംഗൾയാൻ ഇന്ത്യയുടെയും ഐസ്ആർഒയുടെയും അഭിമാനം ഉയർത്തുകയാണ്്. മൂന്ന് വർഷം കാലവധി നീട്ടിക്കിട്ടിയ പേടകമാണിത്. ഇതുപോലെ കുറ്റമറ്റ ഒരു സാങ്കേതിക വിദ്യ ഇന്ത്യക്ക് കഴിയും എന്ന് ഈ വിജയം തെളിയിക്കുന്നു. വരുന്നകാലത്തെ ബഹിരാകാശ ദൗത്യങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ന്ത്യയ്ക്ക് കാൽവെക്കാനും ഇതുമൂലം കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP