Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭ്രമണപഥത്തിൽ എത്തിക്കാനായില്ല; ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു; പാളിയത് ക്രയോജനിക് ഘട്ടത്തിൽ; ഇഒഎസ്-3 ഉപഗ്രഹം ലക്ഷ്യത്തിൽ എത്താതെ പൊലിയുമ്പോൾ നിരാശയോടെ ഭാരതീയർ

ഭ്രമണപഥത്തിൽ എത്തിക്കാനായില്ല; ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു; പാളിയത് ക്രയോജനിക് ഘട്ടത്തിൽ; ഇഒഎസ്-3 ഉപഗ്രഹം ലക്ഷ്യത്തിൽ എത്താതെ പൊലിയുമ്പോൾ നിരാശയോടെ ഭാരതീയർ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഐഎസ്ആർഒയെയും ഇന്ത്യക്കാരെയും നിരാശരാക്കി ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു. ഇഒഎസ്-3 ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനായില്ല. ക്രയോജനിക്ഘട്ടത്തിൽ ദൗത്യം പാളി. രണ്ടുതവണ മാറ്റിവച്ച വിക്ഷേപണം ആറുമാസത്തിനുശേഷമാണ് നടത്തിയതെങ്കിലും ആ ദൗത്യവും വിജയിക്കാതെ വരികയായിരുന്നു. 2017ന് ശേഷം ആദ്യമായാണ് ഐഎസ്ആർഒയുടെ ഉപഗ്രഹ വിക്ഷേപണം പാളുന്നത്. ദൗത്യം പരാജയപ്പെട്ടതിന്റെ കടുത്ത നിരാശയിലാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ജിഎസ്എൽവി-എഫ് 10 റോക്കറ്റ് കുതിച്ചുയർന്നത്. 24 മണിക്കൂറും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഇഒഎസ് 03 ഉപഗ്രഹം വിക്ഷേപിക്കാൻ പദ്ധതിയിട്ടത്. ഈ നീക്കമാണ് ക്രയോജനിക് ഘട്ടത്തിൽ പരാജയപ്പെട്ടത്.

ബുധനാഴ്ച രാവിലെയാണ് ജിഎസ്എൽവി-എഫ് 10 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചത്. ജിയോ ഇമേജിങ് സാറ്റലൈറ്റ് -1 (ജിസാറ്റ് -1) എന്ന ഉപഗ്രഹത്തിന്റെ പേര് ഇഒഎസ് -03 എന്ന് പുനർനാമകരണം ചെയ്തതാണ്. 51.70 മീറ്റർ ഉയരവും 416 ടൺ ഭാരവുമുള്ളതാണ് ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ -എഫ് 10 (ജിഎസ്എൽവി -എഫ് 10).

2,268 കിലോഗ്രാം ഭാരമുള്ള ഇഒഎസ് -03 വിക്ഷേപിച്ച് 18 മിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ. പിന്നീട് ഉപഗ്രഹത്തിലെ ഓൺബോർഡ് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനായിരുന്നു പദ്ധതി. ജിഎസ്എൽവി ഒരു ത്രീ സ്റ്റേജ്, എൻജിൻ റോക്കറ്റ് ആണ്. ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാമത്തേതിൽ ദ്രാവക ഇന്ധനവും മൂന്നാമത്തേതിൽ ക്രയോജനിക് എൻജിനുമാണ് പ്രവർത്തിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി റോക്കോറ്റിന്റെ മുൻഭാഗം വെടിയുണ്ടയുടെ ആകൃതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കൂടുതൽ വേഗം ലഭിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതിയത്. എനന്ാൽ ക്രയോജനിക് ഘട്ടത്തിൽ തന്നെ വിക്ഷേപണം പരാജയമാകുകയായിരുന്നു.

ദിവസവും നാലോ അഞ്ചോ തവണ രാജ്യത്തിന്റെ സമഗ്രവും വ്യക്തവുമായ ചിത്രങ്ങൾ പകർത്തുക എന്നതായിരുന്നു ഇഒഎസ്3യുടെ പ്രധാന ജോലി. പ്രകൃതി ദുരന്തം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാനും ഈ ഉപഗ്രഹത്തിന് സാധിക്കും. ജലാശയങ്ങളുടെ സ്ഥിതി, കൃഷി, വനം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിക്കാനും സാധിക്കുമായിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 5 ന് വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്ന ഉപഗ്രഹമാണ് ഇഒഎസ്3. എന്നാൽ, വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുൻപ് ചില സാങ്കേതിക തകരാറുകൾ കാരണം ദൗത്യം മാറ്റിവെക്കുകയായിരുന്നു. തുടർന്ന് 2021 മാർച്ചിൽ വിക്ഷേപണം നടത്താൻ തീരുമാനിച്ചെങ്കിലും ഉപഗ്രഹത്തിന്റെ ബാറ്ററി പ്രശ്‌നങ്ങൾ കാരണം വീണ്ടും വൈകി. ബാറ്ററി മാറ്റി ഉപഗ്രഹവും റോക്കറ്റും ശ്രീഹരിക്കോട്ടയിൽ പറന്നുയരാൻ തയ്യാറെടുക്കുമ്പോഴാണ് കോവിഡ് -19 ന്റെ രണ്ടാം തരംഗം വരുന്നത്. റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലെ പലരെയും കോവിഡ് ബാധിച്ചിരുന്നു.

കോവിഡ് തരംഗം തന്നെയാണ് വിക്ഷേപണം നീണ്ടു പോകാനും തിരിച്ചടിയാകാനും ഇടയാക്കിയത്. ഇന്ത്യൻ ശാസ്ത്രലോകത്തിന് നിരാശ സമ്മാനിക്കുന്നതാണ് ഇ്‌പ്പോൾ വിക്ഷേപണം പാളിയപ്പോൾ ഉണ്ടായ തിരിച്ചടി. ഇനി ഇന്ത്യ എല്ലാം ഒന്നിൽ നിന്നും തുടങ്ങേണ്ട അവസ്ഥയിലയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP