Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർദാർ പട്ടേലിന്റെ പ്രതിമ നിർമ്മിക്കാൻ 2500 കോടി; ചൊവ്വയിൽ എത്തി ലോകം കീഴടക്കാൻ വെറും 450 കോടി മാത്രം; ഇനിയെങ്കിലും ഇന്ത്യൻ മുൻഗണനകൾ അടിമുടി മാറുമോ?

സർദാർ പട്ടേലിന്റെ പ്രതിമ നിർമ്മിക്കാൻ 2500 കോടി; ചൊവ്വയിൽ എത്തി ലോകം കീഴടക്കാൻ വെറും 450 കോടി മാത്രം; ഇനിയെങ്കിലും ഇന്ത്യൻ മുൻഗണനകൾ അടിമുടി മാറുമോ?

ബംഗളൂരു: രാജ്യത്തിന്റെ ചൊവ്വാപര്യവേഷണ ദൗത്യത്തിന് 450 കോടി മുടക്കുമ്പോൾ പലകോണുകളിൽ നിന്നുമുയർന്ന പ്രതിഷേധങ്ങളാണ് ചരിത്രവിജയത്തോടെ ഇല്ലാതായത്. വെറുതെ ഇത്രയും തുക പാഴാക്കിക്കളയുന്നത് എന്തിനെന്ന തരത്തിൽ ചാനലുകൾ വരെ ചർച്ചകൾ നടത്തി. എന്നാൽ, ജനങ്ങൾക്ക് പ്രയോജനംപോലുമില്ലാത്ത മറ്റു കാര്യങ്ങൾക്കായി ചെലവഴിക്കുന്ന തുകയുടെ പകുതി പോലും മംഗൾയാനുവേണ്ടി രാജ്യം ഉപയോഗിച്ചില്ല എന്നതാണ് സത്യം. രാജ്യത്ത് പുറത്തുവന്ന അഴിമതിയുടെ കണക്കുകൾ പരിശോധിച്ചാൽ ഇനിയുമൊരു നൂറ് മംഗൾയാൻ കൂടി പുറത്തിറക്കാൻ ഇതിന് മുമ്പേ നമുക്ക് കഴിയുമായിരുന്നു എന്ന് വ്യക്തമാകും.

രാജ്യത്ത് വിവിധ പദ്ധതികൾക്കായി മുടക്കുന്ന തുകയുടെ നാലിലൊന്നുപോലും മംഗൾയാന് വേണ്ടിവന്നിട്ടില്ല. പല പദ്ധതികൾക്കും അനുവദിച്ച തുകയുടെ കണക്കെടുത്താൽ തന്നെ ഇക്കാര്യം വ്യക്തമാകും. ബഹിരാകാശ ദൗത്യങ്ങൾക്ക് ലോകരാജ്യങ്ങൾ മുടക്കുന്ന തുകയുടെ കാര്യമെടുത്താലും മംഗൾയാനെ നമിക്കേണ്ടി വരും. അമേരിക്ക ചൊവ്വാദൗത്യത്തിനായി മുടക്കിയ തുകയുടെ ഒമ്പതിലൊന്നുമാത്രമാണ് ഇന്ത്യയുടെ ചെലവ്. ദൗത്യങ്ങൾ പരാജയപ്പെട്ടാലോ കടുത്ത എതിർപ്പാണ് നേരിടേണ്ടി വരിക. കോടികൾ പാഴാക്കിക്കളഞ്ഞല്ലോ എന്ന വിമർശനമാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്.

എന്നാൽ ഈ വാദഗതികളൊക്കെ പഴങ്കഥയാക്കിയാണ് മംഗൾയാൻ കുതിക്കുന്നത്. 450 കോടി രൂപമാത്രമാണ് മംഗൾയാനുവേണ്ടി ഇന്ത്യ മുടക്കിയത്. ബഹിരാകാശശക്തികളിലൊന്നായ അമേരിക്ക ചൊവ്വാദൗത്യത്തിനുവേണ്ടി മുടക്കിയ തുക എത്രയെന്നറിയുമ്പോഴാണ് ഇന്ത്യ ഇക്കാര്യത്തിൽ ചെലവ് എന്തുമാത്രം കുറച്ചുവെന്ന് മനസിലാകുന്നത്.

ചൊവ്വ പര്യവേഷണപദ്ധതിയായ മാവെനുവേണ്ടി അമേരിക്ക മുടക്കിയത് 67 കോടി ഡോളറാണ്. അതായത് 4085 കോടി രൂപ. ഇന്ത്യക്ക് ചൊവ്വാ ദൗത്യത്തിനായി വേണ്ടി വന്നതിലും ഏകദേശം ഒമ്പത് മടങ്ങ് അധികം. ഇനി രാജ്യത്തെ മറ്റു പദ്ധതികൾക്കായി ചെലവഴിച്ച തുകയെപ്പറ്റിക്കൂടി ഒരു താരതമ്യം നടത്തിനോക്കിയാലോ അതിലും മംഗൾയാൻ തന്നെയാണ് രാജ്യത്തിന് ലാഭകരമെന്ന് വ്യക്തമാകും.

ചൊവ്വാ ദൗത്യത്തിന് ചെലവഴിച്ചത് 450 കോടിയാണ്. ഇതിൽ ചെറുതല്ലാത്ത ഒരു ഭാഗം ട്രാക്കിങ് സ്റ്റേഷനുകൾ പോലെ, ഭാവി ദൗത്യങ്ങൾക്കുകൂടി ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ ഒരുക്കാനാണ് ചെലവഴിച്ചിരിക്കുന്നത്. അതേസമയം ഗുജറാത്തിൽ ഒരുങ്ങുന്ന സർദാർ പട്ടേലിന്റെ പ്രതിമയ്ക്ക് ഉദ്ദേശിക്കുന്ന ചെലവ് 2,500 കോടി രൂപയാണ്.

പഞ്ചാബിലെ പട്യാലയിൽ സ്പോർട്സ് കോച്ചുമാരെ പരിശീലിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പോർട്‌സിന് ഉദ്ദേശിക്കുന്ന ചെലവുതന്നെ 250 കോടി രൂപയാണ്. മംഗൾയാൻ പ്രഖ്യാപിച്ച 2013ൽ പ്രതിരോധ മേഖലയ്ക്ക് ബജറ്റിൽ നീക്കിവച്ചത് 2,02,999 കോടി രൂപയാണ്.

ശാസ്ത്രസാങ്കേതിക മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത് 6,270 കോടിയാണ്. പ്രതിരോധത്തിന് നല്കിയിരിക്കുന്നതിന്റെ 3% തുക. ശാസ്ത്രസാങ്കേതിക മേഖലയ്ക്ക് നൽകുന്ന തുകയുമായി മംഗൾയാൻ ചെലവ് താരതമ്യം ചെയ്താൽ ഏഴ് ശതമാനം മാത്രം.

ഇനി ഇന്ത്യയുടെ അഴിമതിക്കണക്കുകൾ നോക്കാം. കൽക്കരി ഇടപാട്: 1,85,591 കോടി രൂപ, കർണാടക വഖഫ് ബോർഡ് ഭൂമി: 2,00,000 കോടി രൂപ, 2 ജി സ്‌പെക്ട്രം : 1,76,000 കോടി രൂപ, ഉത്തർപ്രദേശ് ഭക്ഷ്യധാന്യ അഴിമതി : 35,000 കോടി. The Black Economy in India എന്ന പുസ്തകത്തിലെ കണക്ക് അനുസരിച്ച് ഇന്ത്യൻ പൗരന്മാരുടെ നികുതിവെട്ടിപ്പ് വഴി സർക്കാരിന് ഒരു വർഷം നഷ്ടമാകുന്ന തുക = 31,400 കോടി രൂപ. മംഗൾയാൻ പോലെ ഒരു നൂറ് ദൗത്യം വിജയകരമായി നടപ്പാക്കാനുള്ള പണമാണ് അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായത്.

ഇതൊന്നും നോക്കണ്ട. ബഹിരാകാശയാത്രയെക്കുറിച്ചുള്ള ഹോളിവുഡ് ചിത്രമായ 'ഗ്രാവിറ്റി'ക്ക് ചെലവായത് 600 കോടി രൂപയാണ്. മംഗൾയാന് ചെലവായതിലും 150 കോടി രൂപ അധികം. നാസയുടെ ചൊവ്വ പര്യവേഷണപേടകമായ ക്യൂരിയോസിറ്റിയുടെ ചെലവ് 2.5 ബില്യൺ ഡോളറാണ്. ഇന്ത്യൻ രൂപയിലിത് 15,000 കോടിയാണ്.

ദൗത്യത്തിൽ പരാജയപ്പെട്ട ചൈനയ്ക്കും ജപ്പാനുമെല്ലാം ചൊവ്വ പര്യവേഷണപദ്ധതിയിൽ കോടിക്കണക്കിന് രൂപയാണ് ചെലവായത്. റഷ്യയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും സംയുക്തമായി നടത്തുന്ന അടുത്ത ചൊവ്വ പര്യവേഷണ പദ്ധതിക്ക് 7380 കോടി രൂപയാണ് ചെലവാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP