Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രനിൽ വീണുറങ്ങിയ വിക്രം വീണ്ടും ഉണരുമോ? വിക്രം ലാൻഡറുമായി ഭൂമിയിലേക്കുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് എട്ടു ദിവസം കഴിഞ്ഞെങ്കിലും ഉണർത്താനുള്ള വഴികൾ തേടി ഇസ്രോ; അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ 65 കോടിയുടെ ഭീമൻ ആന്റിനയിൽ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ; ചന്ദ്രയാൻ -1നും മാർസ് ഓർബിറ്റർ മിഷനും ഉപയോഗിച്ച പടുകൂറ്റൻ ആന്റിന വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷ; ലാൻഡറിലെ ബാറ്ററി ചാർജ് തീർന്നു കൊണ്ടിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു

ചന്ദ്രനിൽ വീണുറങ്ങിയ വിക്രം വീണ്ടും ഉണരുമോ? വിക്രം ലാൻഡറുമായി ഭൂമിയിലേക്കുള്ള ബന്ധം നഷ്ടപ്പെട്ടിട്ട് എട്ടു ദിവസം കഴിഞ്ഞെങ്കിലും ഉണർത്താനുള്ള വഴികൾ തേടി ഇസ്രോ; അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ 65 കോടിയുടെ ഭീമൻ ആന്റിനയിൽ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ; ചന്ദ്രയാൻ -1നും മാർസ് ഓർബിറ്റർ മിഷനും ഉപയോഗിച്ച പടുകൂറ്റൻ ആന്റിന വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷ; ലാൻഡറിലെ ബാറ്ററി ചാർജ് തീർന്നു കൊണ്ടിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു

മറുനാടൻ ഡെസ്‌ക്‌

 ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ രണ്ട് ലോകം ആദരിക്കുന്ന ഒരു വിജയമാരുന്നു. അന്തിമ വിജയം നേടാൻ സാധിച്ചില്ലെങ്കിലും ശാസ്ത്രത്തിന്റെ കണ്ണിൽ അത് വലിയ നേട്ടമാണ്. ഈ വിജയം പൂർണമായും കൈവരിക്കാൻ സാധിക്കാതെ പോയത് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതു കൊണ്ടാണ്. ഈ ലാൻഡറിനെ വീണ്ടും ഉണർത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ഐഎസ്ആർഒ. കഴിഞ്ഞ ഒരാഴ്‌ച്ചയായി നഷ്ടമായ സിഗ്നൽ ബന്ധം എങ്ങനെ വീണ്ടെടുക്കാം എന്ന പരിശ്രമത്തിലാണ് ഇസ്രോയിലെ ശാസ്ത്രജ്ഞർ. അതിന് വേണ്ടി സുപ്രധാനമായ ഒരു ശ്രമം കൂടി നടത്താൻ ഒരുങ്ങുന്നുണ്ട്.

സെപ്റ്റംബർ 7 അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെയാണ് ലാൻഡറുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. എന്നാൽ അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാർക്കിന് വിക്രം ലാൻഡറെ ഉണർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32 മീറ്റർ വ്യാസമുള്ള ഒരു ആന്റിനയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാഭാ ആറ്റോമിക് റിസേർച്ച് സെന്ററും (ബാർക്ക്) ബെംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ്‌വർക്കിന്റെ ഭാഗമായ ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസിൽ) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ഥാപനം വിക്രം ലാൻഡറുമായി സിഗ്‌നൽ സ്ഥാപിക്കാൻ ഒരു പങ്കുവഹിക്കുമെന്നാണ് അറിയുന്നത്.

കാലിഫോർണിയയിലെ ഗോൾഡ്സ്റ്റോൺ, സ്പെയിനിലെ മാഡ്രിഡ്, ഓസ്ട്രേലിയയിലെ കാൻബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വർക്കുകൾക്കൊപ്പം ഇന്ത്യയിലെ ഭീമൻ ആന്റിനയും പ്രവർത്തിക്കും. ഇതുവഴി നഷ്ടമായ സിഗ്നൽ വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാർക്കിന്റെ വക്താവ് പറയുന്നതനുസരിച്ച് 32 മീറ്റർ ആന്റിനയ്ക്ക് ഒരു ടെന്നീസ് കോർട്ടിന്റെ അഞ്ചിരട്ടി വലുപ്പമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന്റിനകളിൽ ഒന്നാണിത്. 65 കോടി രൂപ ചെലവിട്ടാണ് ആന്റിന നിർമ്മിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -1, മാർസ് ഓർബിറ്റർ മിഷൻ എന്നിവയ്ക്കും ഇതേ ആന്റിന ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആന്റിന ബഹിരാകാശ പേടകത്തിൽ നിന്ന് സിഗ്‌നലുകൾ സ്വീകരിക്കുകയും ബഹിരാകാശ നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് ബഹിരാകാശ പേടകത്തിലേക്ക് കമാൻഡുകൾ കൈമാറുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ട് വഴികളുള്ള ആശയവിനിമയം പ്രവർത്തിക്കുന്നുണ്ട്. ചന്ദ്രയാൻ -2 ന്റെ ഓർബിറ്ററും നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് ലാൻഡറിലേക്കുള്ള വൺവേയുമാണത്.

അതേസമയം ലാൻഡറിൽ നിന്ന് സിഗ്‌നൽ ലഭിക്കാനുള്ള സാധ്യത ആന്റിന ഉപയോഗിച്ചുള്ള പരീക്ഷണത്തിലും നടക്കാതെ പോയാൽ മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്ത അവസ്ഥ വരും. എങ്കിലും അവസാന വട്ട പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം പരിശ്രമത്തിലാണ്. വിക്രം ലാൻഡറുമായി ബന്ധപ്പെടാൻ ഓർബിറ്ററിന് ഇതുവരെ സാധിച്ചിട്ടില്ല. ലാൻഡർ കിടക്കുന്ന സ്ഥലം നേരത്തെ തന്നെ കണ്ടെത്തിയെങ്കിലും ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. ഒരു ചാന്ദ്ര ദിവസമാണ് (ഭൂമിയിലെ 14 ദിവസങ്ങൾ) വിക്രം ലാൻഡറിന് ചന്ദ്രനിൽ ദൗത്യമുള്ളത്. ഇനി ഒരാഴ്ച മാത്രമേ ലാൻഡറിന് ആയുസ് ശേഷിക്കുന്നൊള്ളൂ. അതുകൊണ്ട് എത്രയും വേഗം സിഗ്നൽ വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ ഇതിനു ശേഷം ലാൻഡറുമായി ഒരിക്കലും ബന്ധം സ്ഥാപിക്കാൻ കഴിയില്ല.

ലാൻഡറിലെ ബാറ്ററി ചാർജ് തീർന്നുകൊണ്ടിരിക്കുകയാണ്. ദിവസം കഴിയുന്തോറും പ്രതീക്ഷ മങ്ങുകയാണെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഐഎസ്ആർഒ ട്രാക്കിങ് ആൻഡ് കമാൻഡിങ് നെറ്റ്‌വർക്കിലെ സംഘം ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. സോളാർ പാനലുകൾ ഉപയോഗിച്ച് ബാറ്ററികൾ റീചാർജ് ചെയ്യാനാകും. എന്നാൽ ആ പ്രതീക്ഷയും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. സിഗ്‌നലുകൾ സ്വീകരിക്കാൻ കഴിയാത്ത വിധം വിക്രം ലാൻഡറിന് പ്രശ്‌നങ്ങൾ സംഭവിച്ചിരിക്കുമോ എന്ന ആശങ്കയും ശക്തമായിരിക്കയാണ്.

സെപ്റ്റംബർ എട്ടിനാണ് ചന്ദ്രോപരിതലത്തിൽ വിക്രമിനെ കണ്ടെത്തിയതായി ഇസ്റോ അറിയിച്ചത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ പതിച്ചതായും തകർന്നിട്ടില്ലെന്നുമാണ് നിഗമനം. ഓർബിറ്റർ (2,379 കിലോഗ്രാം ഭാരം, എട്ട് പേലോഡുകൾ), 'വിക്രം' (1,471 കിലോഗ്രാം, നാല് പേലോഡുകൾ), 'പ്രജ്ഞാൻ' (27 കിലോഗ്രാം, രണ്ട് പേലോഡുകൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരുന്നു ചന്ദ്രയാൻ -2 ബഹിരാകാശ പേടകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP