Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

സൗദി അറേബ്യയുടെ അറബ്‌സാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ച് സ്‌പെയ്‌സ് എക്‌സിന്റെ ഫാൽക്കൺ ഹെവി; വിക്ഷേപണം പൂർത്തിയാക്കി റോക്കറ്റിന്റെ മൂന്നു ബൂസ്റ്ററുകളും കൃത്യമായി ഭൂമിയിൽ തിരിച്ചിറക്കുന്നത് ആദ്യം; സ്‌പെയ്‌സ് എക്‌സ് ലക്ഷ്യമിടുന്ന ചന്ദ്രനിലേക്കുള്ള വിനോദയാത്രയിലും ഹെവി നിർണായക പങ്കു വഹിക്കുമെന്നും സൂചന; ഭീമൻ ഉപഗ്രഹങ്ങളേയും വിക്ഷേപിക്കാൻ സാധിക്കുമെന്നും അവകാശപ്പെട്ട് കമ്പനി

സൗദി അറേബ്യയുടെ അറബ്‌സാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ച് സ്‌പെയ്‌സ് എക്‌സിന്റെ ഫാൽക്കൺ ഹെവി; വിക്ഷേപണം പൂർത്തിയാക്കി റോക്കറ്റിന്റെ മൂന്നു ബൂസ്റ്ററുകളും കൃത്യമായി ഭൂമിയിൽ തിരിച്ചിറക്കുന്നത് ആദ്യം; സ്‌പെയ്‌സ് എക്‌സ് ലക്ഷ്യമിടുന്ന ചന്ദ്രനിലേക്കുള്ള വിനോദയാത്രയിലും ഹെവി നിർണായക പങ്കു വഹിക്കുമെന്നും സൂചന; ഭീമൻ ഉപഗ്രഹങ്ങളേയും വിക്ഷേപിക്കാൻ സാധിക്കുമെന്നും അവകാശപ്പെട്ട് കമ്പനി

മറുനാടൻ ഡെസ്‌ക്‌

ബഹിരാകാശ ഗവേഷണ രംഗത്ത് നാഴികകല്ല് സൃഷ്ടിച്ച സ്ഥാപനമാണ് സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സ്. ഇലോൺ മസ്‌ക് ആരംഭിച്ച് കമ്പനിയുടെ ഏറ്റവും പുതിയ ദൗത്യം വിജയകരമായതോടെ ചരിത്രം കുറിച്ചത് സൗദി അറേബ്യയാണ്. സൗദി അറേബ്യയുടെ വാർത്താ വിനിമയ സാറ്റലൈറ്റായ അറബ്‌സാറ്റ് 6 എയാണ് കഴിഞ്ഞ ദിവസം സ്‌പെയ്‌സ് എക്‌സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്. മൂന്നു റോക്കറ്റുകൾ ഒന്നിച്ച് വച്ച് രൂപകൽപന ചെയ്തിരിക്കുന്ന ഫാൽക്കൺ നേരത്തെ തന്നെ പരീക്ഷണ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.

റോക്കറ്റ് വിക്ഷേപണം പൂർത്തിയാക്കിയ ശേഷം ബൂസ്റ്ററുകൾ കൃത്യമായി ഭൂമിയിൽ തിരിച്ചിറക്കുന്ന ആദ്യ സംഭവമുണ്ടായതും അറബ്‌സാറ്റിന്റെ വിക്ഷേപണത്തോടെയാണ് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പ്രാദേശിക സമയം 6.35ന് അമേരിക്കയിലെ ഫ്്‌ളോറിഡയുള്ള കെന്നഡി സ്‌പെയ്‌സ് സെന്ററിൽ നിന്നും വിക്ഷേപിച്ച് അറബ്‌സാറ്റ് 6എ 34 മിനിട്ടുകൾക്ക് ശേഷം കൃത്യമായ ഓർബിറ്റിലെത്തി. ഇതിന് പിന്നാലെ റോക്കറ്റ് ബൂസ്റ്ററുകൾ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ലാൻഡ് ചെയ്‌തെന്നും ഇവയിൽ രണ്ടെണ്ണം ഫ്‌ളോറിഡയിൽ തന്നെ കേപ്പ് കാനേവൽ എയർ ഫോഴ്‌സ് സ്‌റ്റേഷനിലാണ് ലാൻഡ് ചെയ്തതെന്നാണ് അധികൃതർ അറിയിച്ച വിവരം.

ഉപഗ്രഹമടക്കം 6.4 ടൺ ഭാരവുമായി വിക്ഷേപണം ആരംഭിച്ച ഫാൽക്കൺ ലിഫ്റ്റ് ഓഫ് ചെയ്ത് ഒൻപത് മിനിറ്റിൽ തന്നെ ആദ്യ ബൂസ്റ്റർ ലാൻഡിങ് പാഡിൽ സുരക്ഷിതമായി ഇറങ്ങി. ഫാൽക്കൺ ഹെവിയുടെ വിക്ഷേപണത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. ലോകത്തെ ശതകോടീശ്വരന്മാരിൽ ഒരാളായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണു സ്‌പേസ് എക്‌സ്. കമ്പനിയുടെ വിശ്വസ്ത റോക്കറ്റായ ഫാൽക്കൻ9ന്റെ പരിഷ്‌കൃത രൂപമാണു ഹെവി. 50 കോടി യുഎസ് ഡോളർ ചെലവിൽ നിർമ്മിച്ച ഹെവിയുടെ വിജയം അന്യഗ്രഹങ്ങളിലേക്കുള്ള മനുഷ്യന്റെ കുതിപ്പിന്റെയും കുടിയേറ്റത്തിന്റെയും തുടക്കമാകുമെന്നാണു വിലയിരുത്തൽ.

 

ഇക്കൊല്ലം ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കാനുള്ള കമ്പനിയുടെ പദ്ധതികൾക്കും 2020ലെ ചൊവ്വാ പര്യവേക്ഷണത്തിനും ഹെവി മുതൽക്കൂട്ടായേക്കും. ആദ്യ വിക്ഷേപണത്തിനിടെ സംഭവിച്ച ചെറിയ പോരായ്മകൾ പോലും രണ്ടാം ദൗത്യത്തിൽ പരിഹരിക്കാൻ സാധിച്ചു. റോക്കറ്റിലെ എല്ലാ ബൂസ്റ്ററുകളും ഭൂമിയിൽ തിരികെയെത്തിക്കാനായിരുന്നു ആദ്യ ദൗത്യത്തിലെ പദ്ധതി. എന്നാൽ, അന്ന് മധ്യഭാഗത്തെ ബൂസ്റ്റർ കടലിൽവീണു നശിക്കുകയായിരുന്നു. റോക്കറ്റിൽ പേ ലോഡായി വഹിക്കപ്പെട്ട 'ടെസ്ല റോഡ്സ്റ്റർ ' ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യവും പിഴച്ചിരുന്നു. അവസാനഘട്ട ജ്വലനത്തിന്റെ തീവ്രത കൂടിയതിനാൽ, കാർ ഭ്രമണപഥം കടന്നു ചൊവ്വയ്ക്കും വ്യാഴത്തിനും മധ്യേയുള്ള ഛിന്നഗ്രഹമേഖലയിലേക്കു പ്രവേശിക്കുകയായിരുന്നു.

സ്‌പേസ് ലോഞ്ച് സിസ്റ്റം എന്ന ഈ റോക്കറ്റിന്റെ ഒരു വിക്ഷേപണത്തിന് 100 കോടി ഡോളർ ചെലവ് വരുമെന്നു കരുതുന്നു. ഒരു വിക്ഷേപണത്തിന് ഒൻപതു കോടി യുഎസ് ഡോളറാണ് ഫാൽക്കൻ ഹെവിക്ക് ചെലവു വരുന്നത്. ഇത്രയ്ക്ക് ശേഷിയുള്ള മറ്റൊരു റോക്കറ്റിനു വിക്ഷേപണത്തിന് ചെലവാകുന്നതിന്റെ മൂന്നിലൊന്നു മാത്രമാണിത്. എന്നാൽ ഫാൽക്കൻ ഹെവിയുടെ നിർമ്മാണത്തിന് ചെലവു കുറവാണെന്ന് ഇതിനർഥമില്ല. സൗരയൂഥത്തിന്റെ ഏറ്റവും അറ്റത്തുള്ള പ്ലൂട്ടോയിലേക്കു പോലും ഫാൽക്കൻ ഹെവിക്ക് വിക്ഷേപണം സാധ്യമാണെന്നു മസ്‌ക് പറയുന്നു. ഭീമൻ ഉപഗ്രഹങ്ങളെയും ഇതു വഴി വിക്ഷേപിക്കാൻ സാധിക്കും.

 

യുഎസ് സൈന്യമായിരിക്കും ഫാൽക്കൻ ഹെവി പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഉയർന്ന വലുപ്പവും ശേഷിയുമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സൈന്യത്തിന് അവസരമൊരുങ്ങും. സ്‌പേസ് എക്‌സ് ലക്ഷ്യംവയ്ക്കുന്ന ചന്ദ്രനിലേക്കുള്ള വിനോദയാത്രയിൽ ഹെവി ഉപയോഗിക്കപ്പെടുമെന്നാണു സൂചന. ചൊവ്വയിലേക്കു വ്യക്തമായ പദ്ധതികളുള്ള കമ്പനിയാണു സ്‌പേസ് എക്‌സ്. 2020ൽ കമ്പനി തുടങ്ങുമെന്നു കരുതുന്ന ചൊവ്വയിലേക്കുള്ള മനുഷ്യന്റെ കുടിയേറ്റ പദ്ധതിയിലും ഫാൽക്കൻ ഹെവി നിർണായകമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP