Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഹുബലി ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുന്നത് തിങ്കളാഴ്‌ച്ച; വിക്ഷേപണത്തിന് 56 മിനിറ്റ് മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ തിങ്കളാഴ്‌ച്ച മാറ്റിവെച്ച ചാന്ദ്രയാൻ രണ്ട് വീണ്ടും സജ്ജമായത് ഹീലിയം ടാങ്കിലെ ചോർച്ച പരിഹരിച്ചതിനെ തുടർന്ന്; ത്രിവർണ്ണ പതാകയും അശോക സ്തംഭവുമായി ലാൻഡർ ചന്ദ്രനിലിറങ്ങുക സെപ്റ്റംബർ ഏഴിന്; രാജ്യം കാത്തിരിക്കുന്നത് ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യ വിജയത്തിനായി

ബാഹുബലി ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുന്നത് തിങ്കളാഴ്‌ച്ച; വിക്ഷേപണത്തിന് 56 മിനിറ്റ് മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ തിങ്കളാഴ്‌ച്ച മാറ്റിവെച്ച ചാന്ദ്രയാൻ രണ്ട് വീണ്ടും സജ്ജമായത് ഹീലിയം ടാങ്കിലെ ചോർച്ച പരിഹരിച്ചതിനെ തുടർന്ന്; ത്രിവർണ്ണ പതാകയും അശോക സ്തംഭവുമായി ലാൻഡർ ചന്ദ്രനിലിറങ്ങുക സെപ്റ്റംബർ ഏഴിന്; രാജ്യം കാത്തിരിക്കുന്നത് ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യ വിജയത്തിനായി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച നടക്കം. ചന്ദ്രയാൻ 2 വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണമായ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോർച്ച പരിഹരിച്ച സാഹചര്യത്തിലാണ് ഇത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45നാണ് വിക്ഷേപണം. അനുയോജ്യ സമയമായതിനാൽ ഈ മാസം 31-ന് മുമ്പായി ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനുള്ള ശ്രമത്തിലായിരുന്നു ഐ എസ് ആർ ഒ. എല്ലാ സാധ്യതയും വിലയിരുത്തിയാണ് തിങ്കളാഴ്ച വിക്ഷേപണം നിശ്ചയിച്ചത്.

വിക്ഷേപണ വാഹനമായ ജിഎസ്എൽവി. മാർക്ക്-മൂന്നിലെ ഹീലിയം ടാങ്കിലെ ചോർച്ച മൂലമാണ് വിക്ഷേപണം നീട്ടിവച്ചത്. ഫെയിലിയർ അസിസ്റ്റന്റ് കമ്മിറ്റി വിശദമായി വിലയിരുത്തി പരിഹരിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ ബഹിരാകാശ നിലയത്തിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 2.51-നായിരുന്നു ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനിരുന്നത്. 56 മിനിറ്റും 24 സെക്കൻഡും ബാക്കിയിരിക്കെയാണ് വിക്ഷേപണം മാറ്റിയത്. ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും വിക്ഷേപണം നടത്താനാകുന്നത് ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റെ കരുത്ത് കാരണമാണ്.

ഹീലിയം ടാങ്കിലെ ചോർച്ച മൂലം ക്രയോജനിക് എൻജിനിലേക്ക് ഇന്ധനം കൃത്യമായി എത്താതിരിക്കാൻ കാരണമാകും. സാധാരണനിലയിൽ വിക്ഷേപണ വാഹനം മുഴുവനായും അഴിച്ച് വേണം ചോർച്ച പരിഹരിക്കാൻ. എന്നാൽ, കണ്ടെത്തിയ തകരാർ പരിഹരിക്കാൻ വിക്ഷേപണ വാഹനം അഴിച്ചുപണിയേണ്ടി വരുന്ന തരത്തിലുള്ളതായിരുന്നില്ല. ദ്രവഎൻജിൻ ടാങ്കിന്റെയും ക്രയോജനിക് എൻജിന്റെയും ഇടയിലെ വിടവിലൂടെ തകരാർ പരിഹരിച്ചു. ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ പ്രകാരം ഈ മാസം 31 വരെ മികച്ച വിക്ഷേപണ ജാലകമാണ് (ലോഞ്ച് വിൻഡോ). ചന്ദ്രനിലെ പര്യവേക്ഷണത്തിന് പരമാവധി പകലുകൾ ലഭിക്കുക എന്നതും വിക്ഷേപണ പാതയിലെ തടസ്സങ്ങളും പരിഗണിച്ചാണ് വിക്ഷേപണജാലകം നിർണയിക്കുന്നത്.

ഈ മാസം 31 കഴിഞ്ഞാൽ 15 ദിവസം കൂടുമ്പോൾ വിക്ഷേപണ ജാലകം ലഭിക്കുമെങ്കിലും ഏറ്റവും മികച്ച സമയം പിന്നീട് സെപ്റ്റംബറിൽ മാത്രമേയുള്ളൂവെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ചന്ദ്രയാൻ ഉടൻ തന്നെ വിക്ഷേപണം നടത്തുന്നതും. 15നു വിക്ഷേപണം നടന്നിരുന്നെങ്കിൽ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബർ 6നാണു ചന്ദ്രയാൻ പേടകത്തിൽ നിന്നു ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങുമായിരുന്നത്. ഐഎസ്ആർഒ ശാസ്ത്രസംഘം 15നു പുലർച്ചെ മുതൽ വിശ്രമമില്ലാതെ നടത്തിയ പരിശോധനകൾക്കൊടുവിൽ രണ്ട് ദിവസം മുമ്പാണ് ഹീലിയം ടാങ്കിലെ ഇന്ധനച്ചോർച്ച പരിഹരിച്ചത്. റോക്കറ്റ് അഴിച്ചെടുക്കാതെയും ഇന്ധനം ഒഴിവാക്കാതെയും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞു.

ക്രയോജനിക് സ്റ്റേജ് ഇന്ധനമായ ദ്രവീകൃത ഹൈഡ്രജൻ താപനില - 253 ഡിഗ്രിയായും ഓക്‌സിഡൈസർ ആയ ദ്രവീകൃത ഓക്‌സിജൻ 183 ഡിഗ്രിയായും നിലനിർത്താനാണ് ഹീലിയം ഉപയോഗിക്കുന്നത്. ഓരോ ടാങ്കിലും 34 ലീറ്റർ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മർദം 12 ശതമാനത്തോളം കുറഞ്ഞതാണു പ്രശ്‌നമായത്. സാധാരണഗതിയിൽ വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടത്ര ഗൗരവമുള്ള പ്രശ്‌നമല്ല ഇതെങ്കിലും ചന്ദ്രയാൻ 2 ദൗത്യത്തിന്റെ സങ്കീർണതയും പ്രാധാന്യവും കണക്കിലെടുത്തായിരുന്നു അപ്രതീക്ഷിത തീരുമാനം. ചന്ദ്രയാൻ-1 പേടകം 24 ദിവസം കൊണ്ടാണു ചന്ദ്രോപരിതലത്തിലെത്തിയത്. 2008 ഒക്ടോബർ 22 നു രാവിലെ 6.22നു പിഎസ്എൽവി സി-11 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ച പേടകം നവംബർ 8നു ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. 12നു ചന്ദ്രന്റെ 100 മീറ്റർ അകലെ അന്തിമഭ്രമണപഥത്തിലെത്തി. 14നു രാത്രി 8.06ന് എംഐപിയെ (മൂൺ ഇംപാക്ട് പ്രോബ്) ചന്ദ്രന്റെ ഉപരിതലത്തിലേക്കയച്ചു. 8.31ന് എംഐപി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. കൂടുതൽ സങ്കീർണമായ ഘടകങ്ങൾ ഉള്ളതിനാലും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡറും റോവറും സുരക്ഷിതമായി ഇറക്കേണ്ടതിനാലുമാണു (സോഫ്റ്റ് ലാൻഡിങ്) ചന്ദ്രയാൻ 2 ദൗത്യത്തിന് ആദ്യദൗത്യത്തിന്റെ ഇരട്ടിയിലേറെ ദിവസങ്ങൾ നിശ്ചയിച്ചത്.

ബാഹുബലി എന്നു വിളിപ്പേരുള്ള ജിഎസ്എൽവി മാർക്ക്-3 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിക്കുന്ന ദൗത്യത്തിനായി 3.84 ലക്ഷം കിലോമീറ്റർ ദൂരമാണു ബാഹുബലി സഞ്ചരിക്കുക. ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിത്. ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്ന ചന്ദ്രയാൻ പേടകത്തിന്റെ നിർമ്മാണത്തിനു നേതൃത്വം നൽകിയത് യു.ആർ. റാവു സാറ്റലൈറ്റ് സെന്ററർ ഡയറക്ടറും മലയാളിയുമായ പി. കുഞ്ഞികൃഷ്ണൻ ആണ്. ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സ്ഥാനംപിടിക്കുന്ന ഓർബിറ്റർ ഉപരിതലത്തിലിറങ്ങുന്ന ലാൻഡർ, റോവർ എന്നിവയിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് നൽകും. ഇതോടൊപ്പം ചന്ദ്രനെക്കുറിച്ച് ഗവേഷണം നടത്തുന്ന എട്ട് പേലോഡുകളുണ്ടാകും. 2379 കിലോഗ്രാമാണ് ഭാരം. സൗരോർജത്തിലാണ് പ്രവർത്തനം. ഒരുവർഷമാണ് പ്രവർത്തന കാലാവധി.

ഓർബിറ്ററിൽനിന്ന് വേർപെട്ട് ചന്ദ്രന്റെ ഉപരിതലത്തിൽ റോവറിനെ സുരക്ഷിതമായി ഇറക്കുന്നത് ലാൻഡറാണ്. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയുടെ സ്മരണയ്ക്കായി ലാൻഡറിന് വിക്രം എന്നാണ് പേരിട്ടിരിക്കുന്നത്. പര്യവേക്ഷണത്തിനുള്ള 14 പേ ലോഡുകളുമായി ചന്ദ്രയാൻ 2 സെപ്റ്റംബർ 7നു പുലർച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഡയറക്ടർ എസ്. സോമനാഥിന്റെ നേതൃത്വത്തിലാണ് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിനു രൂപം നൽകിയത്. 4 ടൺ വരെ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്. ഒരു ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ 1 വിക്ഷേപിച്ചത്. ചന്ദ്രയാൻ 2ന്റെ അണിയറയിൽ പ്രവർത്തിച്ചവരിൽ മൂന്നിലൊന്നും സ്ത്രീകളാണ്. വെഹിക്കിൾ ഡയറക്ടർ എം. വനിത തമിഴ്‌നാട് സ്വദേശിയും മിഷൻ ഡയറക്ടർ ഋതു കൃതാൽ യുപി സ്വദേശിയുമാണ്. ജിഎസ്എൽവി മാർക്ക് 3ന്റെയും ചന്ദ്രയാൻ പേടകത്തിന്റെയും രൂപകൽപനയിൽ സഹായിച്ചവരിലും ഒട്ടേറെ വനിതകളുണ്ട്.

ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രന്റെ ഉപരിതലത്തിൽ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവർ, സുരക്ഷിതമായി ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാൻ-2 ദൗത്യം. ചന്ദ്രയാൻ ഒന്നിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു, ഇത്തവണ സോഫ്റ്റ് ലാൻഡിങ്ങിനാണ് ശ്രമിക്കുന്നത്. ഇതിൽ നേരത്തേ വിജയിച്ചിട്ടുള്ളത് അമേരിക്കയും റഷ്യയും ചൈനയുമാണ്. ലാൻഡറിനെ ചന്ദ്രനിലിറക്കുന്നത് ഏറെ ശ്രമകരമാണ്. വായുസാന്നിധ്യമില്ലാത്തതിൽ പാരച്യൂട്ട് സംവിധാനം പറ്റില്ല. അതിനാൽ എതിർദിശയിൽ എൻജിൻ പ്രവർത്തിച്ചായിരിക്കും വേഗം നിയന്ത്രിക്കുന്നത്. ഇതെല്ലാം കടുത്ത വെല്ലുവിളിയാണ്. വിക്ഷേപണം കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടർന്ന് ദിവസങ്ങൾ നീളുന്ന പ്രക്രിയയിലൂടെ ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ കുറഞ്ഞ അകലം 30 കിലോമീറ്ററും കൂടിയ അകലം 100 കിലോമീറ്ററുമാണ്.

ചന്ദ്രനിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തുമ്പോൾ ഓർബിറ്ററിൽനിന്ന് ലാൻഡർ വേർപെട്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങും. ഇതിന് നാലുദിവസംവരെ കാത്തിരിക്കേണ്ടിവരും. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതോടെ ത്രിവർണപതാകയും എത്തും. റോവറിൽ ദേശീയ പതാകയുടെ മൂന്ന് വർണങ്ങളും ചക്രങ്ങളിൽ അശോകസ്തംഭവുമുണ്ടാകും. ലാഡർ സാവധാനം ചന്ദ്രന്റെ ഉപരിതലത്തിലേക്കിറങ്ങുന്നതിന് വേണ്ടിവരുന്ന 15 മിനിറ്റാണ് നിർണായകം. ലാൻഡർ ഉപരിതലത്തിലിറങ്ങിയാൽ വാതിൽ തുറന്ന് റോവർ സാവധാനം പുറത്തിറങ്ങും. തുടർന്ന് ആറുചക്രത്തിൽ സഞ്ചരിച്ച് ഗവേഷണത്തിൽ ഏർപ്പെടും.

നാല് മണിക്കൂറിനുള്ളിൽ റോവർ പുറത്തെത്തും. ആദ്യം സെക്കൻഡിൽ ഒരു സെന്റീമീറ്റർ സഞ്ചരിക്കുന്ന റോവറിന്റെ വേഗം പിന്നീട് 500 മീറ്ററായി കൂടും. ആരും കടന്നുചൊല്ലാത്ത ദക്ഷിണ ധ്രുവത്തിലാണ് പര്യവേക്ഷണമെന്നതും പ്രത്യേകതയാണ്. ദക്ഷിണ ധ്രുവത്തിൽ കൂടുതൽ വെള്ളത്തിന്റെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP